വിവരണം – Sharafudeen Mullapally.
സംഗീതത്തെ സ്നേഹിക്കുന്നവരും, സംഗീതപ്രേമികളും, അത്രമേൽ ഇഷ്ടത്തോടെയും, സ്നേഹബഹുമാനങ്ങളോടെയും മാത്രം എക്കാലത്തും ഓർമിക്കുന്ന ഒരു നാമമാണ് സൈഗാൾ എന്നത്. കുന്ദൻ ലാൽ സൈഗാൾ എന്നാണ് മുഴുവൻ പേര്.ഒരേ സമയം നടനും ഗായകനുമായി ഇന്ത്യൻ സിനിമാ ലോകം അടക്കി ഭരിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം ചിലരിൽ ഏറ്റവും മുകളിലാണ് സൈഗാളിന്റെ സ്ഥാനം.
ഹിന്ദിയും ഉറുദുവും ബംഗാളിയും തമിഴുമടക്കം 36 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.സിനമഗാനങ്ങളും സിനിമാഇതരഗാനങ്ങളുമടക്കം 188 ഗാനങ്ങളും അദ്ദേഹം സ്വന്തം പേരിലാക്കി. ഇതൊക്കെ വെറും 15 വർഷക്കാലം മാത്രം നീണ്ടു നിന്ന കാലയളവിലായിരുന്നു എന്നോർക്കുമ്പോഴാണ് മണ്മറഞ്ഞു പോയ ആ പ്രതിഭയുടെ കഴിവിന്റെ ആഴം മനസ്സിലാവുകയുള്ളൂ.
ജമ്മുവിലെ നവ സഹാറെന്ന ഒരു സാധാരണ ഗ്രാമത്തിൽ 1904 ഏപ്രിൽ 11നാണ് സൈഗാൾ ജനിച്ചത്.ചെറുപ്പം തൊട്ടേ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും കടുത്ത ദാരിദ്ര്യം മൂലം ആഗ്രഹങ്ങൾക്കെല്ലാം കടിഞ്ഞാണിടേണ്ടി വന്നു. ദാരിദ്ര്യം അതിന്റെ പൂർണ്ണ രൂപത്തിൽ ആക്രമണമഴിച്ചു വിട്ടപ്പോൾ ഒരുനേരത്തെ വിശപ്പടക്കാനായി സൈഗാൾ റെയിൽവേയിൽ ടൈം കീപ്പറായി ജോലിക്ക് ചേർന്നു.പിന്നീട് ടൈപ് റൈറ്റർ സെയിൽസ് മാനേജരായും ഹോട്ടൽ മാനേജരായും പലവിധ വേഷപ്പകർച്ചകൾ നടത്തുമ്പോഴും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സംഗീതത്തോടുള്ള അഭിനിവേശത്തെ സൈഗാളിന് അടക്കി നിർത്താനായില്ല.
1930ൽ അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദം കേൾക്കാനിടയായ കൽക്കത്ത ന്യൂ തീയേറ്റർ ഉടമ ബി.എൻ സിർക്കാർ സൈഗാളിനെ അങ്ങോട്ട് ക്ഷണിച്ചു.അൽപം ബിസ്സിനെസ്സ് കണ്ണോടു കൂടിയാണ് ആ ക്ഷണമെങ്കിലും സൈഗാളത് സ്വീകരിച്ചു.അതൊരു വഴിത്തിരിവായിരുന്നു. സൈഗാളിന്റെ മാസ്മരിക ശബ്ദം ന്യൂ തീയേറ്ററിലൂടെ പുറം ലോകമറിയാൻ തുടങ്ങി.ന്യൂ തീയറ്ററിന്റെയും സൈഗാളിന്റെയും വളർച്ച അവിടെ ആരംഭിക്കുകയായിരുന്നു.
അവിടെ വെച്ചു അന്നത്തെ പ്രശസ്ത സംഗീത സംവിധായകരായ ആർ.സി ബോറൽ,പങ്കജ് മല്ലിക്ക്,കെ.സി ഡേ, പഹാഡി സന്യാൽ തുടങ്ങിയവരുമായുണ്ടായ ഹൃദ്യമായ ബന്ധം അദ്ദേഹത്തിന് അവസരങ്ങളുടെ പെരുമഴ തന്നെ പെയ്യാൻ കാരണമായി.ഇന്ത്യൻ സിനിമകളുടെ വാതിലുകൾ സൈഗാളിനുമുന്പിൽ ഓരോന്നായി തുറക്കപ്പെട്ടു.
അവിടുന്നങ്ങോട്ട് സൈഗാൾ അക്ഷരാർത്ഥത്തിൽ ഹിന്ദി സിനിമാലോകം അടക്കി ഭരിക്കുകയായിരുന്നു.ഗായകനായും നടനായും അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. 1932ൽ പുറത്തിറങ്ങിയ ഉറുദു സിനിമ “മുഹബ്ബത്ത് കെ ആൻസു” ആണ് അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്ത ആദ്യ ചിത്രം.അതിനുശേഷം 1934ൽ പുറത്തിറങ്ങിയ “പുരാണ് ഭഗത് ” എന്ന ചിത്രത്തിൽ അദ്ദേഹം ആലപിച്ച നാല് ഭജനുകൾ അദ്ദേഹത്തിന്റെ ജനപ്രീതി ഇരട്ടിക്കാൻ കാരണമായി.
അതിനടുത്ത വർഷം ഇറങ്ങിയ ദേവദാസി എന്ന ചിത്രത്തിലെ ദേവദാസി എന്ന കഥാപാത്രത്തെ ജനം ആവേശത്തോടെയാണ് എതിരേറ്റത്.ഒരു നടൻ എന്ന നിലയിൽ ഗംഭീര പ്രകടനമാണ് സൈഗാൾ കാഴ്ചവെച്ചത്.ന്യൂ തീയറ്ററിന്റെ ബംഗാളി സിനിമകളിൽ സ്ഥിരം നായകനാവാൻ ഇതൊരു നിമിത്തമായി.”തെരുവുഗായകൻ” എന്ന ഹിന്ദി സിനിമയിലെ ബാബുൽ മോറ എന്നഗാനം പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.
ഗായകനും നടനുമെന്നാൽ സൈഗാൾ മാത്രമാണെന്ന ചിന്ത ജനങ്ങളിൽ ഉറച്ചു.ഈ അമിത പ്രശസ്തി അദ്ദേഹത്തെ തികഞ്ഞ മദ്യപാനിയാക്കി.ഒരുഭാഗത്ത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ രേഖ മുകളിലേക്ക് കുതിക്കുമ്പോൾ അമിത മദ്യപാനം മൂലം ആരോഗ്യസ്ഥിതി താഴേക്ക് വന്നു കൊണ്ടിരുന്നു. ഒരിക്കൽ കൈപിടിച്ചുയർത്തിയവർക്ക് തന്നെ അദ്ദേഹത്തെ തള്ളിപ്പറയേണ്ട അവസ്ഥ വന്നു.പ്രഖ്യാപിച്ച പല ചിത്രങ്ങളിൽ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. ഉപദേശങ്ങൾക്കോ സ്നേഹപൂർവമായ ശാസനകൾക്കോ സൈഗാളിന്റെ മദ്യാപാന ശീലത്തെ തടയാനായില്ല.
ഒടുവിൽ ചുറ്റുമുള്ള സുഹൃത്തുക്കളുടെ എണ്ണം കുറയാൻ തുടങ്ങി.നേടിയ സമ്പത്തുകളും കുറയാൻ തുടങ്ങി.പുറന്തള്ളപ്പെടൽ അദ്ദേഹത്തെ നിരാശനാക്കിയെങ്കിലും മദ്യപാനം അവസാനിപ്പിക്കാൻ തയ്യാറായില്ല.ഈ അവസ്ഥയിൽ അദ്ദേഹത്തെ സഹകരിപ്പിക്കാൻ ആരും തയ്യാറായതുമില്ല. അങ്ങനെ ഒരിക്കൽ തന്റെ കഴിവുകളെല്ലാം പുറത്തെടുക്കാൻ വേദികളൊരുക്കിത്തന്ന ന്യൂ തീയറ്ററിനോട് തന്നെ അദ്ദേഹത്തിന് വിട പറയേണ്ടി വന്നു.
പിന്നീടദ്ദേഹം 1941ൽ ബോംബെയിലേക്ക് പോയി.രഞ്ജിത്ത് മൂവി ടോൺ എന്ന നിർമാണ കമ്പനി അദ്ദേഹത്തെ സഹകരിപ്പിക്കാൻ തയ്യാറായി.അങ്ങനെ അദ്ദേഹത്തിന് “ഭക്ത് സൂർദാസ്” “താൻസെൻ” എന്നീ ചിത്രങ്ങളിൽ അവസരം കിട്ടി.എന്നാൽ ആ ചിത്രങ്ങളൊന്നും പഴയപോലെ ജനങ്ങളെ ആകർഷിക്കാൻ കഴിയാതെ പോയി. ഈ പരാജയം അദ്ദേഹത്തെ കടുത്ത മാനസിക സംഘർഷത്തിനിടമയാക്കി. തനിക്കു മുൻപിൽ തുറന്നിട്ടിരിരുന്ന വാതായനങ്ങൾ പലതും കൊട്ടിയടക്കപ്പെടുന്നത് അദ്ദേഹത്തെ നൊമ്പരപ്പെടുത്തി. പതിയെ വിഷാദരോഗം അദ്ദേഹത്തെ പൂർണ്ണമായും കീഴ്പ്പെടുത്തി.
എന്നാൽ തന്റെ ഭാഗത്തുള്ള തെറ്റ് തിരുത്താനോ, വീഴ്ചകൾ അംഗീകരിക്കാനോ അദ്ദേഹം തയ്യാറായില്ല. കടുത്ത മാനസിക സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം മദ്യത്തിൽ അഭയം തേടി. എല്ലാ സങ്കടങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും വിഷാദത്തിൽ നിന്നും മോചിതനാവാനുള്ള ഏക മാർഗം മദ്യമാണെന്ന് സൈഗാൾ ഉറച്ചു വിശ്വസിച്ചു. ഒടുവിൽ മദ്യത്തിന്റെ നീരാളി കയ്യിൽ അദ്ദേഹത്തിന്റെ ആരോഗ്യം പൂർണ്ണമായും അകപ്പെട്ടു. ക്ഷീണിതനായ അദ്ദേഹം പരസഹായം വേണ്ട അവസ്ഥയിലെത്തി.
അദ്ദേഹം സിനിമാലോകത്ത് നിന്നു തന്നെ പതിയെ നിഷ്കാസിതനായി.ഒടുവിൽ അതിമനോഹരമായ കുറച്ചു പാട്ടുകൾ ബാക്കി വെച്ചു 1947 ജനുവരി 18ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 42 വയസ്സായിരുന്നു പ്രായം.മരണത്തിന് കീഴടക്കാൻ പ്രായം ഒരു തടസ്സമല്ല എങ്കിലും,മരണത്തെ തേടി സൈഗാൾ പോവുകയായിരുന്നു എന്ന് പറയുന്നതാകും ശരി. ഒന്നര പതിറ്റാണ്ടു മാത്രം നീണ്ട സംഭവബഹുലമായ സംഗീത ജീവിതത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.