കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും A/C യിൽ..

കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. മെട്രോയും ലുലു മാളും ഒക്കെ വന്നതോടെ കൊച്ചി ഇപ്പോൾ വേറെ ലെവലായി മാറിയിരിക്കുകയാണ്. ഒരു മെട്രോ നഗരത്തോട് കിടപിടിക്കുന്ന ഈ കൊച്ചിയിൽ ഒരു ദിവസം താമസിക്കുവാൻ റൂമിന് എത്ര രൂപ വാടക കൊടുക്കേണ്ടി വരും? അത് എസി റൂം ആണെങ്കിലോ? പിന്നെ പറയുകയേ വേണ്ട. എന്നാൽ ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം വന്നിരിക്കുകയാണ്. വാടക കേട്ടാൽ അന്തം വിട്ടു പോകും. വെറും 395 രൂപ.. അതും എസിയിൽ കിടക്കുവാൻ. എന്താ അത്ഭുതം തോന്നുന്നില്ലേ? ഇത് എവിടെയാണെന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. പറഞ്ഞുതരാം.

 

കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഡോർമിറ്ററി തുടങ്ങിയിരിക്കുന്നത്. പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോർമിറ്ററി ആണിത്.

 

താമസക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു പീറ്റേഴ്‌സ് ഇൻ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കുന്ന ഡോർമെട്രികളിൽ പ്രദാനം ചെയ്കയെന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു. ഈ സംവിധാനം മറ്റുള്ള സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. വിവാഹ ആവശ്യങ്ങൾക്കായും യാത്രാ പരിപാടികൾക്കുമായും എത്തുന്നവർക്കു ചെലവ് കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ഒരുക്കും.

രാത്രി ഏഴിനു ചെക്ക് ഇൻ ചെയുന്ന ഒരാൾക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാർട്മെന്റ് മുറികളും ഉണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. ഈ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും ആലോചനയിലുണ്ട്. എംഎൽഎമാരായ എസ്. ശർമ, പി.ടി. തോമസ്, ഡൊമനിക് പ്രസന്റേഷൻ, വി.ഡി. സതീശൻ, മേയർ സൗമിനി ജയിൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണ് എം.ജി. റോഡ് മെട്രോയിലെ പീറ്റേഴ്‌സ് ഇൻ എന്ന എസി ഡോർമെട്രി സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്ന മറിയ ഏജൻസീസിനാണു നടത്തിപ്പു ചുമതല. ഫോൺ: 77366 66181.

കടപ്പാട് – മലയാള മനോരമ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply