ഒരു ചെറിയ അനുഭവക്കുറിപ്പ്: കഴിഞ്ഞ ആഴ്ച ഞാൻ ബാംഗ്ലൂരിൽ നിന്നും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്നു വണ്ടിയിറങ്ങി. എന്താണെന്നറിയില്ല, എന്നും വൈകി വരാറുള്ള തീവണ്ടി അന്ന് നിശ്ചിത സമയത്തു തന്നെ സ്റ്റേഷനിൽ എത്തി. ഭാഗ്യം എന്നു പറയാം, ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ കെ എസ് ആർ ടി സി ബസ് വന്നു. മുൻപും ഞാൻ ഇതേ ബസിൽ യാത്ര ചെയ്തിട്ടുണ്ട്.
സമയം 6.50am. ആ ബസിൽ കയറിയാൽ നേരെ വന്നു എനിക്ക് കൊപ്പം ടൗണിൽ ഇറങ്ങാം. ഷൊർണൂരിൽ നിന്നും യാത്ര തുടർന്നു. ബസ് കുളപ്പുള്ളി വഴി പട്ടാമ്പിയിലോട്ട് ഓടിത്തുടങ്ങി. നേരം വെളുക്കുന്നെ ഉള്ളു. വഴിയിൽ എല്ലാം ഒരുപാട് പേർ ബസ് കാത്തു നിൽക്കുന്നു. കൈ കാണിച്ചു. എന്റെ ബസ് എവിടെയും നിർത്തുന്നില്ല.
എന്താണെന്നറിയില്ല, എനിക്ക് ആ ഡ്രൈവറോട് ദേഷ്യം തോന്നി. ഒന്നുമില്ലെങ്കിൽ സർക്കാർ ശമ്പളം കൊടുത്തിട്ടല്ലേ അവരെ ജോലിക്കു വച്ചിരിക്കുന്നത്!. ആ ഒരു നന്ദി അവർക്കു തിരിച്ചു കാണിച്ചുടെ! ഇങ്ങനെയൊക്കെ സർക്കാരിന്റെ പൈസ വാങ്ങി സർക്കാരിനെ സേവിക്കാൻ തുടങ്ങിയാൽ എങ്ങനെ കെ എസ് ആർ ടി സി ബസ് നഷ്ടത്തിൽ ആകാതിരിക്കും?

അതു അവിടെ നിൽക്കട്ടെ. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു വൃദ്ധൻ എണീറ്റിട്ടു ആൾ ഇറങ്ങാനുണ്ട് എന്നും പറഞ്ഞിട്ടു വാതിൽക്കലെക്ക്. ഇതു കേട്ടതും കണ്ടക്ടർ “ഇവിടെ സ്റ്റോപ് ഇല്ല, അടുത്ത സ്റ്റോപ്പിൽ ഇറക്കാം” എന്നു വല്ല ശത്രുക്കളോട് പറയുന്ന പോലെ. ആ വൃദ്ധൻ ഒന്നും പറഞ്ഞില്ല. അടുത്ത സ്റ്റോപ് വരെ വാതിൽക്കൽ നിന്നു. അയാളുടെ മനസ്സിൽ ദേഷ്യമാണോ അതോ ഇനി എത്ര ദൂരം പുറകോട്ടു നടക്കണം എന്ന ചിന്തയാണോ ഉണ്ടായതെന്നൊന്നും ഉഹിച്ചെടുക്കാൻ പറ്റിയില്ല. ഒന്നുമില്ലെങ്കിലും ആ യാത്രക്കാരന്റെ പ്രായത്തെ മാനിച്ചെങ്കിലും അവർക്കു ഒന്നു നിർത്തി കൊടുക്കാമായിരുന്നു. തല പോകുന്ന കാര്യമൊന്നും അല്ലല്ലോ.
ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ഇങ്ങനെയൊക്കെയുള്ള ജീവനക്കാരെ വച്ചിരുന്നാൽ പിന്നെ എങ്ങനെ കെ എസ് ആർ ടി സി നഷ്ടത്തിലാകാതിരിക്കും?
വേറൊരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. ഇതു പോലെ കെ എസ് ആർ ടി സി ബസുകൾ സേവനം നടത്തുന്ന ഒരു സംസ്ഥാനമാണ് കർണാടക. അവിടെ കേരളത്തിന് പകരം കർണാടകം ആണെന്ന് മാത്രം. കർണാടകയിലും കെ സ് ആർ ടി സി നഷ്ടത്തിലാണ് എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ, അവർക്കു അഭിമാനത്തോടെ പറയാൻ ഒരുപാട് കാരണങ്ങൾ ചൂണ്ടി കാണിക്കാൻ പറ്റും. അവിടെ വൃദ്ധർക്കു യാത്ര ചെയ്യാൻ ഇളവുകൾ, വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ ഇളവുകൾ, ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാൻ പ്രത്യേക ഇളവുകൾ, ഒരു മാസം മുഴുവൻ യാത്ര ചെയ്യാൻ ഇളവുകൾ എന്നു വേണ്ട, പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രം പോകാനായി പ്രത്യേക ഇളവുകൾ ഇതെല്ലാം സർക്കാർ കൊടുക്കുന്നു.
ഇതെല്ലാം വച്ചു നോക്കുമ്പോൾ നമ്മുടെ നാട്ടിലെ കെ എസ് ആർ ടി സി ബസുകൾക്ക് മാത്രം എങ്ങനെ നഷ്ടം സംഭവിക്കുന്നു? അതു കഴിവ് കേടു കൊണ്ടല്ലേ, അല്ലെങ്കിൽ ഇതൊക്കെ മതി എന്നുള്ള ഒരു അലംഭാവം കൊണ്ടല്ലേ?

ഇന്ന് വരെ ഒരൊറ്റ കെ എസ് ആർ ടി സി ജീവനക്കാരനും സ്വന്തം തൊണ്ട കീറി ഒരാളെ ബസിൽ വിളിച്ചു കേറ്റുന്നത് ഞാൻ കേട്ടിട്ടില്ല. വേണമെങ്കിൽ കേറിക്കോളൂ, യാത്ര ചെയ്തോളൂ, എനിക്കുള്ളത് മാസം തികഞ്ഞാൽ എന്റെ അക്കൗണ്ടിൽ വന്നോളും എന്നുള്ള ഒരു രീതി. രണ്ടു ദിവസം മുൻപ് സ്വകാര്യ ബസ് ജീവനക്കാർ അവർക്കുള്ളത് കിട്ടണം എന്നും പറഞ്ഞു അടിപിടി കൂടുന്നത് നമ്മൾ കണ്ടു. നമുക്ക് അവരോടു ദേഷ്യം തോന്നി, എന്നാൽ മറുവശം ചിന്തിക്കുമ്പോൾ അവർ അവരുടെ കഷ്ടപ്പാടുകൾ തീർകാനല്ലേ അതു പറഞ്ഞതു?
സാധാരണക്കാരായ ജനങ്ങൾ സമയം ആകുമ്പോൾ പോളിംഗ് ബൂത്തിൽ പോയി വോട്ടു ചെയ്യാൻ മാത്രമുള്ള ഒരു ഉപകരണം മാത്രമായി മാറിയിരിക്കുന്നു. ആ ദിവസം കഴിഞ്ഞാൽ അവർക്ക് പട്ടിക്ക് കിട്ടുന്ന വില പോലുമില്ല. ഇതിനെല്ലാം മാറ്റം വരണം. വോട്ടു ചെയ്തു വിജയിപ്പിച്ചു ഖജനാവ് മുടിപ്പിക്കാൻ വിടുന്നപോലെ, ഭരണം പാളിയാൽ അവനെ ചവിട്ടി താഴെ ഇറക്കാനുള്ള അവകാശവും അധികാരവും ഒരു പൗരന് കിട്ടണം. വേണ്ടേ?
വിവരണം – Nandan Madaparambil.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog