ചില കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍മാരുടെ മുഖത്ത് നിറയെ ദേഷ്യവും പുച്ഛവും ഒക്കെയായിരിക്കും. ചിലപ്പോള്‍ അവരുടെ ജോലിഭാരവും മറ്റു പ്രശ്നങ്ങളും കൊണ്ടാകാം. പക്ഷേ നിങ്ങള്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കുമ്പോള് ഒരു ചെറുപുഞ്ചിരി മുഖത്ത് വരുത്തി നോക്കൂ. പിന്നീട് നിങ്ങളുടെ ഓരോ ട്രിപ്പുകളും ഓരോ ദിനങ്ങളും നല്ല ഓര്‍മ്മകള്‍ കൊണ്ട് നിറയ്ക്കുവാന്‍ സാധിക്കും. അത്തരത്തില്‍ ഒരു ബസ് കണ്ടക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പരിചിതനാണ്. നന്മനിറഞ്ഞ ഒത്തിരി കാര്യങ്ങള്‍ ചെയ്ത് യാത്രക്കാരുടെയും മറ്റുല്ലവരുടെയും പ്രശംസ പിടിച്ചുപറ്റിയ എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഷെഫീക് ഇബ്രാഹിമിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. യാത്രക്കാരോട് വളരെ മാന്യമായി ഇടപെടാറുള്ള ഷെഫീക് തന്റെ ജോലിക്കിടെ സംഭവിക്കുന്ന കാര്യങ്ങളും ഓര്‍മ്മകളും ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരനുഭവം വായിക്കാം.
” ഇന്നലെ ഡ്യൂട്ടിക്കിടയില്‍ പറവൂര്‍ നിന്നും തോപ്പുംപടിയിലേക്ക് സഞ്ചരിച്ച മിടുക്കി.രണ്ടു വയസ്സേയുളളു.അവള്‍ക്ക് ടിക്കറ്റ് വേണമെന്ന്. ഒരു പേപ്പര്‍ നല്കി അവളുടെ അച്ഛനും ഞാനും ചേര്‍ന്ന് പറ്റിച്ചു. മോളൂസ് ഷേക്ക് ഹാന്‍ഡ് ഒക്കെ നല്കി. ഒരു പുഞ്ചിരിയും. ഇത്തരം നിമിഷങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്.ഇടക്ക് ബഹളമായിരുന്നു. കരച്ചിലും പാസ്സാക്കി.അവള്‍ക്ക് കുറച്ച് വലിപ്പമുളള ടിക്കറ്റ് നല്‍കിയപ്പോഴാണ് അടങ്ങിയത്.
വാല് കഷ്ണം.- കഴിഞ്ഞ ഒരു ദിവസം ഡ്യൂട്ടിക്കിടയില്‍ കയറിയ ഒരു അപ്പൂപ്പന് കൊച്ചുമക്കള്‍ 12 വയസ്സുകഴിഞ്ഞിട്ടും ഹാഫ് ടിക്കറ്റ് മതിയെന്ന്. കുട്ടികളോട് പഠിക്കുന്ന ക്ളാസ്സുകള്‍ ചോദിച്ചു. പിളള മനസ്സില്‍ കളളമില്ല എന്നല്ലേ…അവര്‍ കൃത്യമായി പറഞ്ഞു. തോപ്പുംപടിയില്‍ നിന്നും മൂന്നു തുറവൂര്‍ ടിക്കറ്റ് ആയിരുന്നു .അപ്പുപ്പന് ഒരു ഡയലോഗ് പറയുകയും ചെയ്തു. “ഇങ്ങനെയൊക്കെ ചെയ്തിട്ടും KSRTC രക്ഷപ്പെടുന്നില്ലല്ലോ” എന്ന്. മറുപടി ഉടന്‍ ആവശ്യമായിരുന്നു എന്ന് മനസ്സിലാക്കി. “ഇതുപോലെ ഫുള്ടിക്കറ്റുകള് ഹാഫ് ടിക്കറ്റ് ആയി സഞ്ചരിക്കുന്നവര്‍ വളരെയധികം ഉണ്ട് നമ്മുടെ കേരളത്തിലെന്ന്” ഞാനും…
ഇനി യാത്രക്കാരോടുള്ള ഒരു അപേക്ഷയാണ്. ആധാര്‍ കാര്‍ഡോ, മറ്റ് തിരിച്ചറിയല്‍ രേഖകളോ ഹാഫ് ടിക്കറ്റ് നല്കുമ്പോള് രക്ഷക്കര്‍ത്താക്കളോ കുട്ടികളോ കൈയ്യില്‍ കരുതണം. KSRTC ക്ക് ഹാഫ് ടിക്കറ്റ് ഇനത്തില്‍ എത്ര ലക്ഷം രൂപയാണ് ഒരു ദിനം നഷ്ടപ്പെടുന്നത്. വരുമാന ചോര്‍ച്ച തടയണം. അതുപോലെ പാസ്സുകള്‍ക്ക് അടിസ്ഥാനമായ വിവരങ്ങള്‍ വ്യക്തത വരുത്തുവാന്‍ കൂടി ശ്രമിക്കണം. പലപ്പോഴും ഒരു സര്‍ട്ടിഫിക്കേറ്റ് അറേഞ്ച് ചെയ്താല്‍ പാസ്സ് തരപ്പെടുത്തുവാന്‍ കഴിയുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ ആണ് ഇതെല്ലാം കുറിച്ചിടാന്‍ കാരണമാകുന്നത്.”
വരികള്‍ – ഷെഫീക്ക് ഇബ്രാഹീം, എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍.