കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാണ്ഡ്യ സ്വദേശി അബ്ദുള്ളയാണ് അറസ്റ്റിലായത്. കൊള്ളയടിക്കപ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞു. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. പ്രദേശത്ത് വാഹനങ്ങൾ കൊള്ളയടിക്കുന്ന വൻ സംഘത്തിലെ കണ്ണിയാണ് അബ്ദുള്ളയെന്നാണു പോലീസ് നൽകുന്ന സൂചന.
ബുധനാഴ്ച വൈകിട്ട് കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസാണ് കൊള്ളയടിക്കപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ മൈസുരുവിനും ബംഗളുരുവിനും ഇടയിലെ ചിന്നപട്ടണയ്ക്കു സമീപമായിരുന്നു സംഭവം. മൂത്രം ഒഴിക്കാനായി ഡ്രൈവർ ബസ് റോഡരികിൽ നിർത്തി പുറത്തിറങ്ങിയപ്പോൾ നാലംഗം കൊള്ളസംഘം ബസിലേക്ക് ഇരച്ചുകയറുകയായിരുന്നു.
യാത്രക്കാരുടെ കഴുത്തിൽ അരിവാൾവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു. ഡ്രൈവർ ഓടിയെത്തി ബസെടുക്കാൻ ശ്രമിച്ചപ്പോൾ കവർച്ചക്കാർ ബസിൽനിന്ന് ഇറങ്ങിയോടി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. രണ്ടു ബൈക്കുകളിലായാണ് കൊള്ളസംഘം എത്തിയത്. പുലർച്ചെയായതിനാൽ ബൈക്ക് നന്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് യാത്രക്കാർ മൊഴി നൽകി.
Source – http://www.deepika.com/News_latest.aspx?catcode=latest&newscode=213309