ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.
കെഎസ്ആർടിസിയിലെ അധികമാരും അറിയാത്ത ചില രസകരമായ കാര്യങ്ങൾ ഒന്നറിഞ്ഞിരിക്കാം.
1. കണ്ണൂർ ഡീലക്സ് – കെഎസ്ആർടിസിയിലെ ഏറ്റവും പഴക്കമേറിയ സൂപ്പർ ഡീലക്സ് സർവ്വീസ് ആണിത്. 1967 ൽ തുടങ്ങിയ ഈ സർവ്വീസ് ഇന്നും മുടക്കമില്ലാതെ ഓടുന്നുണ്ട്.
2. കെഎസ്ആർടിസിയിലെ ഏറ്റവും ദൂരം ഓടുന്ന (From – to) ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് പത്തനംതിട്ട – തിരുനെല്ലി LSFP ആണ്.
3. ഇന്ത്യയിൽ ആദ്യമായി വോൾവോ എസി ബസ്സുകൾ സർവ്വീസ് നടത്തിയ സർക്കാർ ട്രാസ്പോർട്ട് കോർപ്പറേഷൻ നമ്മുടെ കെഎസ്ആർടിസിയാണെന്ന് എത്രയാളുകൾക്ക് അറിയാം?
4. ഏറ്റവും കുറവ് ദൂരം സഞ്ചരിക്കുന്ന ഇന്റർ സ്റ്റേറ്റ് സൂപ്പർ ഡീലക്സ് സർവ്വീസ് സുൽത്താൻ ബത്തേരിയിൽ നിന്നുള്ള ബെംഗളൂരു സൂപ്പർ ഡീലക്സ് ആണ്. ബത്തേരിയിൽ നിന്നും മൈസൂർ വഴി ബെംഗളൂരിവിലേക്ക് (ഒരു വശം) ഈ ബസ് ഏകദേശം 250 കിലോമീറ്റർ മാത്രമേ സഞ്ചരിക്കുന്നുള്ളൂ.
5. പാലക്കാട് – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവ്വീസ് തൻ്റെ ട്രിപ്പിന്റെ 95 ശതമാനവും കേരളത്തിനു പുറത്താണ് ഓടുന്നത്.
6. കഴിഞ്ഞയിടയ്ക്ക് ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം നിലവിൽ വരുന്നത് വരെ എറണാകുളം – ബെംഗളൂരു വോൾവോ സർവ്വീസിൽ സിംഗിൾ ഡ്രൈവർ ആയിരുന്നു. അതായത് എറണാകുളം മുതൽ ബെംഗളൂരു വരെയും അവിടുന്ന് തിരിച്ചും വണ്ടിയോടിക്കുവാൻ ഒരേയൊരു ഡ്രൈവർ മാത്രം. ഇന്ത്യയിൽ തന്നെ ഇത്രയും ദൂരം ഒരു ഡ്രൈവറെ വെച്ച് സർവ്വീസ് നടത്തുന്ന വേറെ ബസ്സുകൾ ഉണ്ടായിരുന്നില്ല.
7. കെഎസ്ആർടിസിയിൽ ഒരൊറ്റ ഓർഡിനറി സർവ്വീസ് പോലും ഓപ്പറേറ്റ് ചെയ്യാത്ത ഡിപ്പോ ഉണ്ടോ? ഇല്ലെന്നു പറയാൻ വരട്ടെ. അങ്ങനെയൊരു ഡിപ്പോയുണ്ട്. തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ) ഡിപ്പോയാണത്.
8. KLX 109 (D77) എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ചാലക്കുടി ഡിപ്പോയുടെ ഡിപ്പോ വാൻ ആണ് കെഎസ്ആർടിസിയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ ബസ്. അൻപത് വർഷത്തിലേറെ പഴക്കമുള്ള ഈ ടാറ്റാ ബസ് ഇന്നും പുലിക്കുട്ടിയായി ഡിപ്പോ ആവശ്യങ്ങൾക്കായി ഓടുന്നുണ്ട്.
9. പഴനിയ്ക്കും വേളാങ്കണ്ണിയ്ക്കും ഇടയിൽ ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് അല്ലാതെ മറ്റൊരു കെഎസ്ആർടിസി ബസ് നിങ്ങൾക്ക് കാണുവാൻ സാധിക്കില്ല.
10. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്നാർ ആണ് കെഎസ്ആർടിസിയുടെ ഏറ്റവും ഉയരത്തിലുള്ള ഡിപ്പോ. ഏറ്റവും കുറഞ്ഞ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡിപ്പോ ആലപ്പുഴയും ആണ്.
11. കടലിനോട് തൊട്ടടുത്തു കിടക്കുന്ന കെഎസ്ആർടിസി ഡിപ്പോ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞമാണ്. കടലിൽ നിന്നും 150 മീറ്ററോളം ദൂരമേയുള്ളൂ ഈ ഡിപ്പോയിലേക്ക്. കടലിനടുത്ത് സ്ഥിതി ചെയ്യുന്ന മറ്റു ഡിപ്പോകൾ തലശ്ശേരി (350 മീ.), പൂവാർ (400 മീ.), പൊന്നാനി (500 മീ.) എന്നിവയാണ്.
12. കുമളി, ആര്യങ്കാവ് (കൊല്ലം ജില്ല) എന്നിവയാണ് കെഎസ്ആർടിസിയുടെ കേരള അതിർത്തിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോകൾ. രണ്ടു ഡിപ്പോകളിൽ നിന്നും സംസ്ഥാന അതിർത്തിയിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരമേയുള്ളൂ.
13. വയനാട് ജില്ലയിലെ മാനന്തവാടി ഡിപ്പോയാണ് കർണാടകയോട് ഏറ്റവും അടുത്തു കിടക്കുന്ന കെഎസ്ആർടിസി ഡിപ്പോ. മാനന്തവാടിയിൽ നിന്നും കർണാടക അതിർത്തിയിലേക്ക് ഏകദേശം 18 കിമീ ദൂരമേയുള്ളൂ. സുൽത്താൻ ബത്തേരി സിപ്പോയിൽ നിന്നും കർണാടക അതിർത്തിയിലേക്ക് 20 കിലോമീറ്ററും തമിഴ്നാട് അതിർത്തിയിലേക്ക് 16 കിലോമീറ്ററും ആണ് ദൂരം.
14. കെഎസ്ആർടിസിയുടെ എറണാകുളം – മധുര സൂപ്പർ ഫാസ്റ്റ് സർവ്വീസിനായിരിക്കും ഏറ്റവും കൂടുതൽ വിശ്രമ സമയം ലഭിക്കുന്നത്. ഈ ബസ്സിന് എറണാകുളം ഡിപ്പോയിൽ 20 മണിക്കൂറോളം വിശ്രമം ലഭിക്കുന്നുണ്ട്.
15. ഊട്ടിയ്ക്കും മേട്ടുപ്പാളയത്തിനും ഇടയിൽ നിങ്ങൾക്ക് ഒരേയൊരു കെഎസ്ആർടിസി ബസ് മാത്രമേ കാണുവാൻ സാധിക്കൂ. സുൽത്താൻ ബത്തേരിയിൽ നിന്നും ഊട്ടി വഴി കോയമ്പത്തൂരിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സാണ് അത്.
കണ്ടില്ലേ? നമ്മൾ അറിയാത്ത എത്രയോ രസകരമായ കാര്യങ്ങളാണ് കെഎസ്ആർടിസിയെ ചുറ്റിപ്പറ്റി ഉള്ളതെന്നു നോക്കിക്കേ.