Roads, voyages and tales of adventure എന്ന പേജിൽ ഷിംനിത്ത് എഴുതിയത്.
പലരോടും ചോദിച്ചു, ആർക്കും അറിയില്ല. പലയിടത്തും അന്വേഷിച്ചു, കണ്ടു പിടിക്കാൻ ആയില്ല. പറഞ്ഞു വരുന്നത് ചാർലിയിൽ വട്ടവടയായി കാണിച്ച സ്ഥലത്തെ കുറിച്ചാണ്. ആദ്യത്തെ കാഴ്ചയിൽ തന്നെ, ‘ഇത് എന്റെ വട്ടവടയല്ല, എന്റെ വട്ടവട ഇങ്ങനെയല്ല’ എന്ന് മനസ്സിലായിരുന്നു. കണ്ണെത്താതെ പരന്നു കിടക്കുന്ന തേയിലത്തോട്ടം, അതിനിടയിലൊരു കുളം. കുളത്തിന്റെ കരയിൽ ഉയർന്നു നിൽക്കുന്ന നാലഞ്ചു മരങ്ങൾ. തൊട്ടടുത്ത് കുന്നിൻ മുകളിൽ കോടമഞ്ഞുമൂടിയ വൃദ്ധസദനവും.തേടിപ്പോകാൻ ആരെയും പ്രേരിപ്പിക്കും വിധം, അതി മനോഹരമായ ഫ്രെയിം ആയിരുന്നത്.
അന്വേഷിച്ച് അന്വേഷിച്ച് എത്തിയത് പീരുമേട്ടിൽ. തൂത്തുക്കുടിയിൽ നിന്ന് ആനകളുടേയും, കരടിയുടേയും നടുവിലൂടെ അച്ചൻകോവിൽ – കോന്നി വഴി മുണ്ടക്കയം, മുണ്ടക്കയത്തു നിന്ന് മലമ്പാതയിലൂടെ, ചാർലിയിൽ തന്നെ മനോഹരമായി കാണിച്ച വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് (മുറിഞ്ഞപുഴ – നിന്നുമുള്ളിപ്പാറ) മുന്നിലൂടെ കുട്ടിക്കാനം എത്തുമ്പോൾ പത്ത് മണി കഴിഞ്ഞിരുന്നു. പീരുമേടിൽ താമസിക്കാനായിരുന്നു പ്ലാൻ, പക്ഷേ ഹോട്ടലുകളിലെല്ലാം റേറ്റ് 1000 രൂപക്ക് മുകളിൽ. അങ്ങനെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ കണ്ണിൽ പെട്ട അടച്ചിട്ട ഒരു ഹോട്ടലിന്റെ നമ്പറിൽ വിളിച്ചു. അഴുതയായിരുന്നു സ്ഥലം. ഓണർ വന്നു ഹോട്ടൽ തുറന്നു തന്നു, 400 രൂപക്ക് റൂമും കിട്ടി. മുകളിലെ നിലയിൽ എത്തിയപ്പോൾ ആണ് ആ സത്യം മനസ്സിലായത്.
ആ ഹോട്ടലിൽ അന്ന് താമസിക്കാൻ വേറെ ആരും ഇല്ല, ഞാൻ മാത്രം! ഓണർ റൂമിന്റെ ചാവിയും തന്ന്, തിരിച്ചുപോയി. ഒരു റിസപ്ഷനിസ്റ്റു പോലും ഇല്ലാതെ, ഒരു ഹോട്ടൽ മുഴുവൻ എനിക്ക്!! സുഖമായി ഉറങ്ങി എണീറ്റ്, രാവിലെ അവിടെ നിന്നു തന്നെ ഭക്ഷണവും കഴിച്ച് വീണ്ടും ചാർലിയെ തേടാൻ ഇറങ്ങി. പോകേണ്ടത് തെപ്പക്കുളത്തേക്കാണ്. അഴുതയിൽ നിന്ന് പാമ്പനാർ പാലം കഴിഞ്ഞ് ഇടത്തേക്കാണ് പോകേണ്ടതെന്നറിയാമായിരുന്നു. കട്ടപ്പന റോഡാണത്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ പ്രിൻസസ് മുന്നോട്ട് കുതിച്ചു. കഴിഞ്ഞ തവണ കൈക്ക് ( ഫ്രന്റ് ബ്രേക്ക് കഴിഞ്ഞ ട്രിപ്പിൽ വർക്കാവുന്നുണ്ടായിരുന്നില്ല) പറ്റിയ പരിക്ക്, ഇത്തവണ വലത്തേകാലിന്. ഫ്രന്റ് ഫോർക്ക് ഓയിൽ സീലിലൂടെ ഓയിൽ ലീക്കാവുന്നു. എന്നിട്ടും ഉത്സാഹത്തോടെ, വിശ്വസ്തതയോടെ എന്നെയും വഹിച്ച് അവൾ ഓടിക്കൊണ്ടിരുന്നു.
കുറച്ചു ദൂരം പോയപ്പോൾ വഴി തെറ്റിയത് പോലൊരു തോന്നൽ. അതെ, വഴി തെറ്റിയിരിക്കുന്നു. ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് കട്ടപ്പനയിലേക്കാണ്, തെപ്പക്കുളം പോകാൻ, പാമ്പനാർ പാലം കഴിഞ്ഞ ഉടനെ, കട്ടപ്പന റോഡിൽ കയറി, വലത്തേക്ക് തിരിയണമായിരുന്നു. വന്ന വഴിയിലൂടെ വീണ്ടും, തിരിച്ച് പാമ്പനാറിൽ വന്നു, തെപ്പക്കുളത്തേക്ക് തിരിഞ്ഞു. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിനിരുവശവും തേയില മാത്രം. തേയിലച്ചെടികൾക്കിടയിലൂടെ പ്രിൻസസ് മുന്നോട്ടേക്ക് മെല്ലെ ഒഴുകിക്കൊണ്ടിരുന്നു.
ചുറ്റും അതി മനോഹരമായ തേയിലത്തോട്ടം. തേയിലച്ചെടികൾക്കിടയിലൂടെ, ഒരു പാട് കുഞ്ഞു വെള്ളച്ചാട്ടങ്ങളേയും വഹിച്ച് ഒരു അരുവി ഒഴുകുന്നു. ഈ അരുവിയുടെ ഭാഗമാകാം ആ കുളം, മനസ്സു പറഞ്ഞു. അരുവിയുടെ പാത്ത് പിന്തുടർന്ന് പ്രിൻസസ് മുന്നോട്ട് കുതിച്ചു. ടാറിട്ട റോഡ് തീരുന്നു, തേയിലകൾക്കിടയിലെ കല്ലുപാകിയ റോഡിലൂടെ വീണ്ടും മുന്നോട്ട്. താഴെ അതി മനോഹരമായൊരു വെള്ളച്ചാട്ടം. ബൈക്ക് നിർത്തി, തേയിലച്ചെടികളെ പിടിച്ച് പിടിച്ച്, കുത്തനെയുള്ള മലഞ്ചെരിവിലൂടെ താഴേക്കിറങ്ങിയത്, മരവിപ്പിക്കുന്ന തണുപ്പുള്ള, തെളിഞ്ഞ അരുവിയിലേക്ക്, വെള്ളിച്ചില്ലു വിതറി, തുള്ളിത്തുള്ളി ഒഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക്.
മുഖം കഴുകി, മനസ്സും.
കുറച്ചു നേരം അവിടെ ചിലവഴിച്ച്, കുത്തനെ മല കയറി തിരിച്ച് റോഡിലെത്തിയപ്പോഴേക്കും തണുപ്പിലും കിതച്ചു പോയിരുന്നു. റോഡെന്ന് വിളിക്കപ്പെടുന്ന പൊളിഞ്ഞ മെറ്റലുകളുടെ കൂട്ടത്തിലൂടെ വീണ്ടും മുന്നോട്ട്. അവിടെയതാ, അരുവിയുടെ ഇരുകരകളിലുമായി ഒരു മനോഹരമായ റിസോർട്ട്. ഇനിയൊരിക്കൽ വന്നാൽ ഇവിടെ താമസിക്കണമെന്ന് ഉറപ്പിച്ച്, വഴിയിലെ വളവുകൾ താണ്ടി ഇറങ്ങിച്ചെന്നത് രണ്ടു കരിങ്കൽ പാളികൾ ചേർത്തുണ്ടാക്കിയ അരുവിയുടെ കുറുകെയുള്ള പാലത്തിലേക്ക്. വഴി അവിടെ തീരുന്നു, ചുറ്റും തേയില മാത്രം.
മെല്ലെ തിരിച്ചു കയറി പൊളിഞ്ഞ റോഡിലൂടെ മെയിൻ റോഡിലെ കോട്ടവാസൽ കോവിലിലെത്തി. വഴി ചോദിക്കാൻ പോലും ആരും ഇല്ല. മലഞ്ചെരുവുകളിൽ പ്രയോഗിച്ചപ്പോൾ മിക്കവാറും തെറ്റിയ ജ്യോഗ്രഫിക്കൽ അസംപ്ഷൻ വെച്ച്, അരുവിയിലെ വേറൊരു പാലം കടന്ന് ഇറങ്ങി ചെന്നത് ഒരു തേയില ഫാക്ടറിയിലേക്ക്. ഗേറ്റിൽ ആരെയും കണ്ടില്ല. ഫാക്ടറിക്കുള്ളിലൂടെ എല്ലാ വഴിക്കും വണ്ടി ഓടിച്ചിട്ടും ഒരൊറ്റ മനുഷ്യനേയോ, ഞാൻ തേടിയെത്തിയ കുളമോ കണ്ടില്ല. നിഗൂഡത നിറഞ്ഞതെന്ന് തോന്നിയ അവിടുന്ന് പെട്ടെന്ന് പുറത്തേക്ക് കടന്ന്, മെയിൻ റോഡിൽ തിരിച്ചെത്തി.
തിരിച്ച് പാമ്പനാറിലേക്ക് പോകുന്ന വഴിയിലാണ് ഇടത്തേക്കൊരു കോൺക്രീറ്റ് റോഡ് കണ്ടത്. റോഡിലൂടെ കുത്തനെയുള്ള കയറ്റം കയറിച്ചെന്നത്, ചിരപരിചിതമായ യൂത്ത് ഹോസ്റ്റലിലേക്ക്, അതേ കുഞ്ഞപ്പൻ ചേട്ടന്റെ വൃദ്ധസദനത്തിലേക്ക് തന്നെ. ലാഡ്രം എൽപി സ്കൂൾ ആണ് വൃദ്ധസദനമായി സിനിമയിൽ കാണിച്ചത്. ഞായറാഴ്ചയായതിനാൽ സ്കൂളിൽ ആരും ഇല്ലായിരുന്നു. സ്കൂൾ വരാന്ത നിറയെ ചാണകവും. സ്കൂളിന് ചുറ്റും നടന്ന് ഫോട്ടോകൾ എടുത്തു. സ്കൂൾ മുറ്റത്തിനപ്പുറം തേയിലത്തോട്ടമാണ്. നീല നിറത്തിൽ തെളിഞ്ഞ ആകാശവും പച്ച വിരിച്ചതേയിലത്തോട്ടവും, മനോഹരമായ കോമ്പിനേഷൻ ആണ്.
ഇനി അടുത്തത് ആ കുളം കണ്ടു പിടിക്കണം. ഇവിടെ തൊട്ടടുത്ത് എവിടെയോ ആണ്. സ്കൂൾ മുറ്റത്തു നിന്ന് തേയിലതോട്ടത്തിലേക്കിറങ്ങിയത് വനറോജ ചേച്ചിക്ക് മുന്നിലേക്ക്. 60 കഴിഞ്ഞെങ്കിലും, ചുറുചുറുക്കോടെ ചാർലിയെ പറ്റിയും, സിനിമാ ഷൂട്ടിങ് വിശേഷങ്ങളും പങ്കുവെച്ച അവർ, ആവേശത്തോടെ ആ രഹസ്യവും പറഞ്ഞു. ചാർലിയിൽ അവരും അഭിനയിച്ചിട്ടുണ്ടത്രെ. അവരാണ് ആ കുളത്തിലേക്കുള്ള വഴി കാണിച്ചു തന്നത്. സ്കൂളിൽ നിന്ന് നേരെ ഇറങ്ങി, തേയിലച്ചെടികൾക്കിടയിലൂടെ നടന്നാൽ എത്തുന്നത് കുളക്കരയിലാണ്. വണ്ടിയിലാണെങ്കിൽ, സ്കൂൾ മുറ്റത്ത് നിന്ന് ഇടത്തേക്ക് തിരിയുന്ന തേയിലകൾക്കിടയിലെ മൺപാത ഇറങ്ങി, മുന്നിലെ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞാലും അവിടെയെത്താം.
മൺപാതയുടെ ഇരുവശത്തും മനോഹരമായ മരങ്ങൾ, വലതു വശത്ത് നമ്മുടെ കുളവും, ചുറ്റും തേയിലയുടെ കടലും. പുല്ലു വളർന്നു കിടക്കുകയാണ് കുളത്തിലാകെ. യഥാർത്ഥത്തിൽ അതൊരു കുളമല്ല. വെള്ളം നിറഞ്ഞൊരു ചതുപ്പുനിലമാണത്. അതിന് തൊട്ടടുത്ത് കുറച്ചു കൂടി ആഴത്തിൽ കിണറിനേക്കാൾ വിസ്താരത്തിൽ മറ്റൊരു കുഞ്ഞു കുളവുമുണ്ട്. കുളത്തിന് ചുറ്റും നടന്ന് കാണാൻ കുറച്ച് ബുദ്ധിമുട്ടി. പലയിടത്തും കാൽ ചതുപ്പിലേക്കെന്ന പോലെ ആഴ്ന്നു പോകുന്നു. ഫോട്ടോകൾ എടുത്ത് തിരിച്ച് ബൈക്കിനരികിൽ എത്തി നോക്കിയപ്പോൾ കാലിൽ അട്ടയുടെ കൂട്ടം. പൊടിയുപ്പ് വിതറിയിട്ടും പോകാത്തതിനെ എഞ്ചിനിൽ കാല് ചേർത്ത് വെച്ച് കളഞ്ഞു.
അവിടെ നിന് പത്തിരുപത് മീറ്റർ മുന്നോട്ട് പോയാൽ ടെസ്സ വന്നിറങ്ങുമ്പോൾ കനിയും കുട്ടികളും ഒളിച്ചുകളിച്ച തേയിലത്തോട്ടവും, വലിയ കാറ്റാടിമരവും കാണാം. ഏകദേശം ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ചെങ്കിലും, ഒരാൾ കൂടി ആ വഴിയിലെങ്ങും വന്നില്ല. തിരിച്ചു പോകാൻ എന്തോ ഒരു മടി തോന്നിയെങ്കിലും ലക്ഷ്യങ്ങളിനിയും ബാക്കി നിൽക്കുന്നതിനാൽ, തേയിലക്കടലിലൂടെ സ്കൂളിന്റെ മുറ്റത്ത് കൂടെ തിരിച്ച് പാമ്പനാറിലേക്ക്, ഹൈവേയിലേക്ക് ഇറങ്ങി, വീണ്ടും തിരിച്ചുവരാനായി, യാത്ര തുടർന്നു.
വഴി : കുട്ടിക്കാനത്ത് നിന്ന് കുമളിയിലേക്ക് പോകുമ്പോൾ, പരുന്തുംപാറയിലേക്ക് തിരിയുന്ന വഴി കഴിഞ്ഞ് , പഴയ പാമ്പനാർ പാലം കടന്ന ഉടനെ, ഇടത്തേക്ക്, കട്ടപ്പന റോഡ് ആണ്. കട്ടപ്പന റോഡിൽ കയറിയ ഉടനെ വലത്തേക്ക് തിരിയുന്ന കുഞ്ഞു വഴി, നിങ്ങൾ ഇപ്പോൾ ലാഡ്രം ടീ എസ്റേറ്റിൽ ആണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അഞ്ചോ ആറോ കിലോമീറ്ററുകൾക്കപ്പുറം, റോഡിൽ നിന്ന്, വലത്തേക്ക് കുത്തനെ ഒരു കോൺക്രീറ്റ് റോഡ്. ഗവൺമെന്റ് എൽപി സ്കൂൾ ലാഡ്രം (തെപ്പക്കുളം നോർത്ത്. സ്കൂളിന്റെ മുറ്റത്താണ് നിങ്ങളിപ്പോൾ. ചാർലിയെ തേടിയെത്തിയ ടെസ്സയേയും, കനിയേയും, ഓടി നടക്കുന്ന കുഞ്ഞപ്പൻ ചേട്ടനേയും ചുറ്റും കാണാം. സ്കൂളിന്റെ മുറ്റത്ത് നിന്ന് ഇടത്തേക്ക്, താഴേക്ക്, തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നടന്നാൽ, ആ കുളം കാണാം.
പിൻകുറിപ്പ് : ഈ സ്ഥലത്തെ പറ്റി എഴുതണോ എന്ന് ഒരു പാട് തവണ ആലോചിച്ചതാണ്. മാലിന്യവിമുക്തവും സുന്ദരവുമായ ഇവിടം മറ്റൊരു മീശപ്പുലിമല ആകാതെ കാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാമെങ്കിൽ മാത്രം ഇവിടേക്ക് പോവുക. തിരിച്ചു വരുമ്പോൾ, ഓർമ്മകളും ചിത്രങ്ങളും മാത്രം അവിടുന്നെടുത്ത്, കാൽപാടുകൾ മാത്രം അവിടെ ബാക്കി വെക്കുക.