വിവരണം – രേഷ്മ രാജൻ.
ചെറുപ്പത്തിലേ ഞാൻ കളിച്ചു വളർന്ന നാട്ടിലേക്ക് , 15 വർഷങ്ങൾക്കു ശേഷം ഞാനും അമ്മയും ഒറ്റക്കൊരു യാത്ര നടത്തി. അപ്പൂപ്പനും അമ്മുമേം താമസിച്ച ക്വാട്ടേഴ്സും , അമ്മ പഠിച്ചു വളർന്ന നാടും ഒക്കെ കാണാനായിരുന്നു ആ യാത്ര. 2016 ജൂലൈ 17 : അന്ന് കേരള എക്സ്പ്രസ്സിൽ ഞങ്ങൾ മഹാരാഷ്ട്രയിൽ നാഗ്പുരിനടുത് ‘ബല്ലാർഷ ‘ എന്ന സ്ഥലത്തേക്കു യാത്ര ആരംഭിച്ചു.. വളരെ നാളുകൾക്കു ശേഷം ആ നാടിനെയും നാട്ടുകാരെയും കാണാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ 2 പേരും.

അടുത്ത ദിവസം ഏകദേശം 5 മണിയോടുകൂടി ട്രെയിൻ ബല്ലാർശയിൽ എത്തി.. അവിടുന്ന് ഞങ്ങൾക്കു ചന്ദ്രപൂരിലെ ‘ബാന്ദഖ് ‘ എന്ന സ്ഥലത്തുള്ള ഡിഫെൻസ് ക്വാട്ടേഴ്സിൽ ആണ് എത്തി ചേരേണ്ടത്. അവിടെ എത്തിയതിനു ശേഷം അടുത്ത ദിവസം ഞാൻ പോയ ഒരു സ്ഥലത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.. തെക്കിനി.. ബുദ്ധിസ്റ്റു മതക്കാർ തിങ്ങി വസിക്കുന്ന മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമം ആണ് ബന്ധക്. 13-ആം നൂറ്റാണ്ടിൽ സത്വർണ്ണ രാജാക്കന്മാരുടെ കാലത്തു കൊത്തപെട്ട ഗുഹകൾ ആണിവ. നാഗ്പ്ർ – ചന്ദ്രപ്ർ ഹൈവേയിൽ ഭദ്രാവതി എന്ന സ്ഥലത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ കൂടുതലും അംബേദ്കർ, ബുദ്ധ വിശ്വാസികൾ ആണ്.

ഈ മലയുടെ മുകളിലായി അവർ ഒരു ബുദ്ധന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 3 ഗുഹകൾ ആണ് ഇവിടെ ഉള്ളത്. മഹാരാഷ്ട്രയിൽ ഉടനീളം ഇങ്ങനത്തെ ബുദ്ധന്റെ ഗുഹകൾ സർവസാധാരണമാണ്. പക്ഷെ നമ്മുടെ പുരാവസ്തുവകുപ് മുൻകൈ എടുത്ത് ഇതൊന്നും സംരക്ഷിക്കുന്നില്ല എന്നുള്ളതാണ്.. തെക്കിനി, അത് ഒരു ചെറിയ മലയാണ്.. ബാന്ദഖ് എന്ന റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതി ചെയുന്നത്.. എന്റെ കൂടെ വന്ന ദീദി എന്നെയും വിളിച്ചോണ്ട് അവിടേക്കു ചെന്നു. അധികം ആളുകൾ ഒന്നും ഇല്ലാത്ത ശാന്തമായ അന്തരീക്ഷം ആണ് അവിടെ.
ഞാൻ നോക്കിയപ്പോൾ ഈ മലയുടെ താഴെ അകത്തേക്ക് കയറാൻ ഒരു കവാടം ഉണ്ട്.. അതിലെ ഞങ്ങൾ ഉള്ളിലേക്ക് കയറി.. അകത്തു ഭയങ്കര ഇരുട്ടാണ്. മുന്നിൽ എന്താണെന്നോ, ഒന്നും അറിയാൻ കഴിയില്ല അത്രയ്ക്കു ഇരുട്ടാണ്.. ഉള്ളിലേക്ക് ചെന്നപ്പോൾ ഞാൻ മൊബൈലിന്റെ ടോർച്ച ഓൺ ചെയ്തു. അതിന്റെ വെളിച്ചത്തിൽ ഞങ്ങൾ വീണ്ടും മുന്നിലേക്ക് നടന്നു. അവസാനം എത്തി ചേർന്നത് ഇരുട്ടിന്റെ മറവിൽ ഇരിക്കുന്ന ഒരു ബുദ്ധന്റെ പ്രതിമയുടെ മുന്നിൽ ആണ്.

തൊട്ടടുത്ത എത്തിയപ്പോൾ ആണ് അത് കാണാൻ സാധിച്ചത്. അൽപനേരം അവിടെ നിന്നതിനു ശേഷം ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ ആ മലയുടെ മുകളിലേക്ക് ചെന്ന്. അവിടെ ബുദ്ധന്റെ ഒരു വല്യ പ്രതിമയുണ്ട്. അവിടെ നിന്നാൽ ആ ഗ്രാമത്തിന്റെ ഭംഗി മുഴുവൻ ആസ്വദിക്കാൻ സാധിക്കും.. ഇടക്കൊക്കെ ട്രെയിനുകൾ പോകുന്നതും കാണാമായിരുന്നു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog