യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ ഓർക്കുന്ന പേരാണ് മസിനഗുഡി. ഒരു പാടു തവണ പ്ലാനിംങ്ങിൽ മാത്രം ഒതുങ്ങിയപ്പോൾ കാണണമെന്ന ആഗ്രഹം സ്വപ്നമായി നിന്നു. തലെ ദിവസം പ്ലാൻ ചെയ്തതു കൊണ്ട് നടക്കുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടായിരുന്നു. ഡിസംബർ മാസമായതിനാൽ നല്ലതണുപ്പും മഞ്ഞും കാരണം പുലർച്ചെ എണീക്കുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ആദ്യം ബുള്ളറ്റിൽ പോകാൻ തീരുമാനിച്ച ഞങ്ങളെ യാത്രയിലെ അംഗമായ Rashi QUE പിന്തിരിപ്പിച്ചു.

മഴയുള്ളതിനാൽ ഫോർ വീൽ ഡ്രൈവ് ആണ് കൂടുതൽ സേഫ് എന്നതിനാലും കാറിൽ തന്നെ യാത്ര തീരുമാനിച്ചു. ഗൂഡല്ലൂർ, മസിനഗുഡി,മുതുമലെ, ബന്ദിപൂർ വഴി ഊട്ടിയാണ് ലക്ഷ്യം.
രാവിലെ 4 മണിക്ക് കാറിൽ ഞങ്ങളിറങ്ങി 8 മണിക്ക് ഞങ്ങൾ ഗൂഡല്ലൂരെത്തി. ഇനി ലക്ഷ്യം പ്രകൃതി ഭംഗിയും, കാലാവസ്ഥയും പ്രധാന ആകർഷണമായ മസിനഗുഡിയാണ്.

9 മണിയോടടുത്ത് സംരക്ഷിത വനത്തിനകത്തുള്ള, വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണെന്ന് പ്രതീതി ജനിപ്പിക്കുന്ന മസിനഗുഡി എന്ന ഗ്രാമത്തിലെത്തി.അവിടെ സ്വീകരിക്കാൻ ട്രക്കിംങ്ങ് ജീപ്പിന്റെ ഡ്രൈവർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. കേരള രജിസ്ട്രേഷൻ വണ്ടി കാണുമ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുന്ന അവരുടെ മുന്നിൽ വണ്ടി നിർത്തി.

400 രൂപക്ക് 24 കി.മി കാട്ടിലൂടെ യാത്ര.. ജീപ്പിൽ കയറി യാത്ര തുടങ്ങി ,ആന, സിംഹവാലൻ ,കുരങ്ങ്, മാൻ എന്നിവയെ കണ്ടാസ്വദിച്ചു. ക്യാമറക്കണ്ണുകൾ അവ ഒപ്പിഴെടുക്കാൻ മത്സരിച്ചു. യാത്ര അവസാനിച്ചു തിരികെയെത്തി. ഒരു പക്ഷേ അതിരാവിലെ എത്തിയിരുന്നെങ്കിൽ മൂടൽമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വനം കാണാൻ സാധിച്ചേനെ.

റോഡിനെ പ്രണയിച്ച് വീണ്ടും യാത്ര തുടർന്നു. ഇടക്ക് കാടിന്റെ നിശബ്ദത ഭേദിച്ച് ആനയുടെ ചിന്നം വിളി കേൾക്കാം. വഴിയിലുടനീളം ‘ക്യാമറക്കണ്ണുകൾ ….. രണ്ടു മണിക്കൂർ യാത്രക്കപ്പുറം ബന്തിപ്പൂരെത്തി. വന്യമൃഗങ്ങളേറെയുള്ളവനമാണ് ബന്തിപ്പൂർ. ആനയും, കടുവയും, പുലിയും, മാനും, മയിലുമൊക്കെ ധാരാളമുള്ള വനം. വനയാത്ര ഏറെ ആസ്വദിക്കാനാഗ്രഹിക്കുന്നവർക്കായി സഫാരിയുമുണ്ട്

സമയക്കുറവുമൂലം ഞങ്ങൾ ബന്തിപ്പൂരുമാസ്വദിച്ച് മുതുമലെ വഴി ഊട്ടിയിലെക്ക് വണ്ടി വിട്ടു. വഴിയിൽ കാഴ്ചകളുടെ വസന്തം. ആവോളം ആസ്വദിച്ചു, ഊട്ടിയിലെക്ക് പോകും വഴി പതിനെട്ടാൻ ഹെയർ പിന്നിൽ ഞങ്ങളെ സ്വീകരിക്കാൻ കാട്ടു കൊമ്പൻ നിൽക്കുന്നുണ്ടായിരുന്നു. ഊട്ടിയിലെ തണുപ്പ് പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. അവസാനം 6 മണിയോടുകൂടി ഊട്ടിയിൽ നിന്നും യാത്ര തിരിച്ചു.
വിവരണം – ഖാലിദ് അരീക്കാടന്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog