നമ്മുടെ കൊച്ചു കേരളത്തിലെ വാഹന പ്രേമികള്‍ക്ക് ബീച്ചുകളിലും വാഹന ജൈത്രയാത്ര നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും അതിനു പറ്റിയ സ്ഥലങ്ങള്‍ വളരെ കുറവാണ്. എന്നാല്‍, വാഹന പ്രേമീ നിങ്ങള്‍ കണ്ണൂര്‍ വഴി പോകുന്നെങ്കില്‍ വണ്ടിയോടിച്ച് രസിക്കാന്‍ പറ്റിയ ഒരു ബീച്ച് അവിടെയുണ്ട്! കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ് . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തിലാണ് ഉള്ളത്.
നാല് കിലോമീറ്റർ ദൈർഘ്യം വരെ മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാൻ (ഡ്രൈവ്-ഇൻ-ബീച്ച്) കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. താരതമ്യേന ആഴം കുറവായതിനാൽ സുരക്ഷിതമായി കടലിൽ ഇറങ്ങാൻ സാധിക്കുന്നു.
ഇവിടേക്ക് വാഹനങ്ങളുമായി വരുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ : 1) വണ്ടി വെള്ളത്തിൽ ഇറക്കാതിരിക്കുന്നതാണു നിങ്ങൾക്കും വണ്ടിക്കും നല്ലത്. 2) വെള്ളത്തിലിറക്കാതെ തന്നെ ബീച്ചിലൂടെ വണ്ടി നന്നായി ഓടിക്കാൻ കഴിയും. 3) വെള്ളത്തിൽ ഇറക്കിയാലും ഇല്ലെങ്കിലും കഴിവതും പെട്ടന്ന് തന്നെ ഒരു വാട്ടർ സർവ്വീസ് നടത്തുക.. 4) 20 KMPH നു മുകളിൽ ബീച്ചിലൂടെ വണ്ടിയോടിക്കുന്നത് നിങ്ങളുടെ വണ്ടിക്കും പോലീസിനും ഇഷ്ടപ്പെടില്ല. 5) മദ്യപിച്ച് വണ്ടി ഓടിച്ചാൽ പണി കടൽ വെള്ളത്തിൽ കിട്ടും.6) വെള്ളം കയറുന്ന ഭാഗത്ത് വണ്ടി പാർക്ക് ചെയ്താൽ പൂണ്ടു പോകുകയും പിന്നീട് ക്രെയിനോ ലോക്കൽസിന്റെ സഹായമോ തേടേണ്ടി വരികയും അവർ പറയുന്ന പൈസ കൊടുക്കേണ്ടി വരികയും ചെയ്യും.. 7) സായാഹ്നങ്ങൾ മികച്ച സമയം. മഴക്കാലം ഒഴിവാക്കുക.
ശാന്ത സുന്ദരമായ ഈ കടല്‍തീരത്തെ കുറിച്ച് കേട്ടറിഞ്ഞ് വിദേശികള്‍ ഉള്‍പ്പടെയുള്ള നിരവധി വിനോദ സഞ്ചാരികള്‍ ഇവിടേയ്ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. ഇവിടെ അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെടുക്കള്‍ക്കിടയിലൂടെ രൂപപ്പെട്ട ചെറു അരുവികളും മുഴപ്പിലങ്ങാടിക്ക് അപൂര്‍വ്വ സൌന്ദര്യം സമ്മാനിക്കുന്നു. കടല്‍ തീരത്തെ പനന്തോപ്പുകളും ഈ മനോഹരതീരത്തിന്റെ മിഴിവ് കൂട്ടുന്നു.
ഏതാനും വർഷങ്ങളായി ഏപ്രിൽ – മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്. നിരവധി റിസോർട്ടുകളും ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളിൽ ധാരാളം കല്ലുമ്മക്കായ (ഒരിനം കക്ക) ഉണ്ട്. ശൈത്യകാലങ്ങളിൽ ധാരാളം ദേശാടന പക്ഷികൾ ഇവിടെ വിരുന്നു വരാറുണ്ട്.
കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കുന്നു. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് സാഹസിക വിനോദയാത്രയ്ക്ക് യോജിച്ച സ്ഥലമാണ്. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാൻ സാധിക്കും. സ്വകാര്യ സ്വത്തായ ഈ ദ്വീപിൽ പ്രവേശിക്കുവാൻ അനുവാദം ആവശ്യമാണ്.