എഴുത്ത് – Manjesh S.
KL25C57 ഫോർഡ് ഫിഗോ , അതായിരുന്നു എന്റെ ആദ്യ വാഹനം . ഏറ്റവും പ്രിയപ്പെട്ട ചില ഓർമ്മകളോടൊപ്പവും, കണ്ണിൽ നിന്ന് രക്തം വീഴ്ത്തിയ മറ്റു ചിലതിനോടൊപ്പവും നിശബ്ദ സാക്ഷിയായ എന്റെ പ്രിയപ്പെട്ട വാഹനം.
എന്റെ മകൾ ആമിയെ ആദ്യമായി വീട്ടിൽ കൊണ്ടുവന്നത് ആ കാറിലായിരുന്നു. മനസ്സ് ഏറ്റവും ശൂന്യമായിപ്പോയ മറ്റൊരുനാൾ എങ്ങോട്ടെന്നില്ലാത്ത ഒരു യാത്രയ്ക്ക് എനിയ്ക്കു കൂട്ടുവന്നതും അവൻ തന്നെ, എന്റെ ഫോർഡ് ഫിഗോ. ആ കാറിനെക്കുറിച്ച് മുന്നേ ഇംഗ്ലീഷിൽ എഴുതിയപ്പോൾ കുറച്ചുപേരെന്നോട് അത് മലയാളത്തിൽക്കൂടെ എഴുതിക്കൂടെ എന്നു ചോദിച്ചിരുന്നു. ആ കഥയാണ് ഈ കഥ .
എഞ്ചിനീയറിംഗ് തോറ്റു തോറ്റു ജയിച്ച് ഒരു ജോലിക്കു വേണ്ടി അലഞ്ഞു തിരഞ്ഞു നടന്ന കുറേക്കാലത്തിനു ശേഷം കിട്ടിയ ഒരു ജോലി. ശമ്പളം നാട്ടിൽ ജീവിക്കാൻ അന്നതു മതിയായിരുന്നു. അപ്പോഴാണ് ഒരു കാറ് എന്ന ഏറെ നാളത്തെ ആഗ്രഹം ഒന്നു പൊടിതട്ടിയെടുത്തത് .
മാരുതി വാഗണർ ആണ് അപ്പൊ ബഡ്ജറ്റിനു പറ്റിയ വണ്ടി. കൈയ്യിൽ പത്തു ക്യാഷ് തികച്ചെടുക്കാനില്ല അതാണ് ഹൈലൈറ്റ്. EMI ഞാൻ അടയ്ക്കാം , എന്നാലും വേണമല്ലോ കുറച്ചു റെഡി ക്യാഷ് . അങ്ങനെ ആലോചിച്ചു തലപുകഞ്ഞിരുന്നപ്പോളാണ് നമ്മുടെ അനിയൻ ചെക്കൻ ദാ വരുന്നു ഐഡിയയും കൊണ്ട്. “ അതു ഞാൻ അമ്മയുടെ കൈയ്യിൽനിന്നു വാങ്ങിത്തരാം.“
ഈ ഞാൻ പണ്ടേ ഈഗോയിസ്റ്റായതു കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾക്കല്ലാം അവനെ കുരുതി കൊടുക്കാറാണു പതിവ്. അവൻ അമ്മയോടു കാര്യം അവതരിപ്പിച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ ഒരു പൊട്ടിത്തെറി, അമ്മ ഫോം ആയി.
ഏഴാം ക്ലാസ്സിൽ വച്ചു ഞാൻ കൊടുത്ത ലൗ ലെറ്റർ മുതൽ, ഡിപ്ലോമക്ക് കൈയ്യിൽനിന്നു വീണു പൊട്ടിയ ലയിത്തിന്റെ ഫൈൻ മുതൽ, എഞ്ചിനീയറിംഗിനു കിട്ടിയ മുപ്പത്തിരണ്ട് സപ്പ്ളി വരെ ഒരു വ്യാഴവട്ടക്കാലത്തെ പരാതിയുടെ ഭാണ്ഡം കെട്ടഴിച്ചിട്ടു.
അതിലും നിർത്താതെ പിന്നെപ്പോയി ഒരു കെട്ട് ഡയറിയുമെടുത്തോണ്ടു വന്നു. അന്നുവരെ ചിലവാക്കിയ തുക അണപൈസ കുറയാതെ ആളെഴുതി വച്ചിട്ടുണ്ട്. അതിൽ സാധാരണ ഞാൻ വീഴാറുണ്ട് എന്നു മനസ്സിലാക്കിയ ചെക്കൻ എന്നെ ബോധവൽക്കരിച്ചു. “അതേ ഇയാള് ഒരു സ്ട്രോങ്ങ് സ്റ്റാൻഡ് എടുത്തില്ലേ നടക്കൂല്ല.”
ബോൺവിറ്റ കുടിച്ച പോലെ വീണ്ടും എന്റെ അവതരണം . “അമ്മേ , കാര്യമൊക്കെ ശരി തന്നെ. പക്ഷേ എനിക്കൊരു കാറു വേണം. “ കിട്ടി അപ്പൊത്തന്നെ കൈ നീട്ടിയൊന്ന്. ആ അടിയിൽ എന്റെ ആഗ്രഹം തത്ക്കാലം അവസാനിച്ചു . പക്ഷെ അനിയൻ ചെറുക്കൻ വിടുന്ന മട്ടില്ല. “അതേ, നമുക്ക് വേറെ വഴി നോക്കാം. നമുക്ക് എല്ലാരേം കൊണ്ട് പറയിപ്പിയ്ക്കാം”.
അങ്ങനെ അവൻതന്നെ മുൻകൈയെടുത്തു ചേച്ചിമാരേയും, മാമിമാരേയും, വല്യമ്മമാരേയും ഒക്കെ സോപ്പിട്ട് അമ്മയെ സ്വാധീനിയ്ക്കാനായി പറഞ്ഞിളക്കി വിട്ടു. ഒടുവിൽ അമ്മയുടെ വക ഒരു അർദ്ധസമ്മതം കിട്ടി .
അങ്ങനെ പോയി വാഗണർ ടെസ്റ്റ് ഡ്രൈവ് ഒക്കെ എടുത്തു. ഏതാണ്ട് അതുതന്നെ എടുക്കാമെന്നുറപ്പിച്ചു റെഡിയായിരുന്നപ്പോ എന്റെ അനിയൻ ചെക്കൻ ഒരുച്ചക്ക് ഒരു റെഡ് കളർ ഫിഗോയുമായി വന്നു. “അണ്ണാ , നമുക്കൊരു ടെസ്റ്റ് ഡ്രൈവ് നോക്കിയാലോ?“
വന്നു കണ്ടു കീഴടക്കി എന്നൊക്കെ കേട്ടിട്ടില്ലേ അതുപോലൊരു ഫീലായിരുന്നു. ആകെ മാരുതി 800 മാത്രം ഓടിച്ചിട്ടുള്ള എനിക്ക് ഒരു വിമാനം ഓടിക്കുന്ന ഫീലായിരുന്നു അന്ന് . ചെക്കൻ ഒറ്റ ചോദ്യം “ഇഷ്ടായോ ഇല്ലയോ?” ബാക്കി അവൻ ഏറ്റുപോലും !!!! ഉത്തരം “എസ്”.
ചെക്കൻ പോയി അമ്മയേം കയറ്റി ഒരു റൌണ്ടടിച്ചു വന്ന് അമ്മയേയും വീഴ്ത്തി ഡൗൺപേയ്മെന്റ് കാശും വാങ്ങി വന്നു നിൽക്കുവാ മുന്നിൽ. ഒരു മാസം മുന്നേ കിട്ടിയ അപമാനം സഹിയ്ക്കാൻ പറ്റുവോ? എന്നാലും ഉള്ളിലെ ഈഗോയിസ്റ്റ് ആ കാറിനു മുന്നിൽ കീഴടങ്ങി .
അങ്ങനെ കാറെത്തി. ഒന്നര വർഷം മുടക്കമില്ലാതെ ഞാൻ EMI അടച്ചു. അങ്ങനെയിരുന്നപ്പോൾ പണി തെറിച്ചു. നോ ജോലി, നോ ശമ്പളം. പിന്നെയും ഒരു രണ്ടു വർഷമെടുത്തു ശമ്പളമൊക്കെയായി വരാൻ. ഇതിനിടയിൽ വീണ്ടും എന്റെയുള്ളിലെ ഈഗോയിസ്റ്റ് തല പൊക്കി. അമ്മയോട് വണ്ടി വിറ്റോട്ടെ എന്നു ചോദിച്ചു. ഉത്തരം ‘നോ’ . അമ്മ അടച്ചു ബാക്കി ഒന്നര വർഷത്തെ EMI. എനിയ്ക്കു വീണ്ടും ഒരു സ്റ്റിക്കർ കൂടെ പതിച്ചുകിട്ടി – “ മുടിയനായ പുത്രൻ”.
ഇടയ്ക്കിടയ്ക്ക് ഗൾഫിലൊക്കെപ്പോയി മുടിഞ്ഞ ക്യാഷുമായി വരുന്ന കൂട്ടുകാരൻ ചെക്കൻ വന്നു നല്ല കുത്തിത്തിരുപ്പുണ്ടാക്കിയിട്ടു പോകും. പിന്നെയൊരാറുമാസം നമുക്കു കുശാൽ . പോകുന്നോനും വരുന്നോനുമൊക്കെ ഓരോ സ്റ്റിക്കറൊട്ടിച്ച്, അല്ലെങ്കിൽ അതിനു വളം വച്ച് പോകും.
ഒരു കുഞ്ഞു ജീവിതവും നമ്മുടെയാ കുഞ്ഞു കാറും – കാര്യം ഇതൊക്കെയായിരുന്നെങ്കിലും, എനിക്കാ കാർ ജീവനാരുന്നു. അമ്മയ്ക്കും ആ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ട്ടമാണവനെ . പക്ഷേ എന്നെപ്പോലുള്ള ഒരു മിഡിൽക്ലാസ്സുകാരനായ ഒരാൾക്ക് താങ്ങാനാവാത്ത പണിയും ഇടക്കൊക്കെ തന്നിട്ടുണ്ടവൻ, (വാറണ്ടി മാമന് നന്ദി). എന്നാലും ആക്സിഡന്റ് ഒന്നും ഉണ്ടാക്കിയിട്ടില്ല.
പാട്ടൊക്കെക്കേട്ട് ഒരു പുകയും ഊതി അങ്ങനെ കുറേ പോയിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തി അമ്പതിനായിരം കിലോമീറ്റർ. കണ്ണിൽക്കാണുന്ന, മത്സരിക്കാൻ റെഡി ആയുള്ള എല്ലാറ്റിനോടും വലിപ്പച്ചെറുപ്പമില്ലാതെ മത്സരിച്ചിട്ടുണ്ട്. അതിൽ പിന്നെ തോൽവി ജയം എന്നൊന്നും അല്ല, എപ്പോ ആയാലും ഒരു മത്സരത്തിന് ഞങ്ങൾ രണ്ടും റെഡിയായിരുന്നു.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ, വെയിലെന്നോ മഴയെന്നോ ഇല്ലാതെ ഞങ്ങൾ അങ്ങനെ കറങ്ങി നടന്നു. തമിഴ്നാട് പോണ ഹൈവേയിൽ തെന്മലയ്ക്കടുത്തൊരു സ്ഥലമുണ്ട്. പേര് മറന്നിരിക്കുന്നു. നല്ല കാറ്റുള്ള, ഒരു വയലിന്റെ സൈഡിലായുള്ള ഒരിടം. ഒരു സായാഹ്നത്തിൽ അവിടെനിന്നു കൊണ്ട മഴയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മഴ .
ആദ്യമായി കടുത്ത പ്രണയം ഒരാളോടുതോന്നിയതും അവിടെ വച്ചാണ്, അന്നാണ്. ഒരിക്കലൂം പ്രതീക്ഷിക്കാതെ വന്ന പ്രണയം. മാനസീകമായും ശാരീരികമായും ഒരാളോട് ഇത്ര അടുപ്പം അതിനു മുൻപും പിൻപും ഉണ്ടായിട്ടില്ല. അധികം ആയുസ്സില്ലാതെപോയൊരു ബന്ധം .
ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും ജീവിതത്തിലേയ്ക്ക് ഏറ്റവും മോശമായ ദിവസങ്ങളുടെ കുത്തൊഴുക്ക്. ഇനിയൊട്ടും മോശമാവാനില്ല എന്നപോലെ, ജീവിക്കണോ മരിക്കണോ എന്നു പോലും അറിയാത്ത ദിവസങ്ങൾ.
പരിചയമുള്ള മുഖങ്ങളെ പേടിയായിത്തുടങ്ങി. ഒളിച്ചോട്ടമായിരുന്നു എല്ലാരിൽ നിന്നും. വീട്ടിൽ മറ്റുള്ളവർ എഴന്നേൽക്കും മുന്നേ തുടങ്ങുന്ന യാത്ര എല്ലാവരും ഉറങ്ങിക്കഴിഞ്ഞു മാത്രം മടങ്ങി വന്നിരുന്ന ദിനങ്ങൾ. ആർക്കും മുഖം കൊടുക്കാതെ , ആരോടും മിണ്ടാതെ.
അന്നും ആ കാർ ഒരു കൂടപ്പിറപ്പിനെപ്പോലെ എന്റെ പുലമ്പലെല്ലാം കേട്ടു കേട്ടിരുന്നു. 20 km/hr കൂടുതൽ വേഗം പോകില്ല. കാർ ചുമ്മാ ഓടിക്കൊണ്ടിരിക്കും, പാട്ടും കേട്ട് അങ്ങനെ പോകും. എവിടേക്കെന്നോ എന്തിനെന്നോ ഒന്നും അറിയാതെ. ഒരു ലക്ഷ്യവുമില്ലാതെ ഓടിക്കൊണ്ടിരുന്ന കാലം.
ഡിപ്രഷൻ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഒരു രാവിലെ ട്രിവാൻഡ്രം പോകുന്ന വഴി , അന്ന് വല്ലാത്ത സ്പീഡിലായിരുന്നു കാറോടിക്കൊണ്ടിരുന്നത്. ഒരു ഓട്ടോച്ചേട്ടൻ പണി തന്നു. ഞാൻ പെട്ടെന്ന് വണ്ടി വെട്ടിച്ചു മാറ്റി. കാറിന്റെ കണ്ണാടി പൊട്ടി കൈപ്പത്തി മുറിഞ്ഞ് ചോര ഒലിയ്ക്കുന്നുണ്ടായിരുന്നു, മറ്റൊന്നും പറ്റിയില്ല. അതുപോലൊരു ചെറിയ കാർ പെട്ടെന്ന് ബ്രേക്കൊന്നും ചെയ്താൽ നിൽക്കില്ല. എന്തോ ഭാഗ്യത്തിനാണന്ന് രക്ഷപ്പെട്ടത്.
അപ്പോൾ മറ്റൊന്നും തോന്നിയില്ല. ഓർക്കാനും വിഷമിയ്ക്കാനുമായി അതിനേക്കാളേറെ പലതും ഉണ്ടായിരുന്നന്ന് . പിന്നീടെപ്പോഴോ അതെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നപ്പോ മനുഷ്യൻ കാണിക്കാത്ത ഒരു സ്നേഹം ആ കാറിന് എന്നോടുണ്ടെന്നു തോന്നി. വെറുത്താലും വഴക്കുണ്ടാക്കിയാലും അവസാനം ഒന്നു ചേർത്തു പിടിക്കുന്ന ഒരു കരുതൽ.
എവിടെയോ അവനു ഞാൻ തിരിച്ചു വരണം എന്നുള്ളത് പോലെ അനുഭവപ്പെട്ടിട്ടുണ്ട് . ആ കരുതൽ പോലും ഞാൻ എന്ന മനുഷ്യന് ഒരു തിരിച്ചു വരവിനു മതിയായിരുന്നില്ല എന്നതാണ് സത്യം. ഒന്നു കരയാനോ കലഹിയ്ക്കാനോ ആവാതെ, ചിരിയൊക്കെ മറന്ന്, ആരെയും കാണാതെ, ഒന്നും ചിന്തിയ്ക്കാനാവാതെ, എന്തിനു ജീവിക്കുന്നോ എന്നുപോലും നിശ്ചയമില്ലാതെ. എന്റെ വെപ്രാളമൊക്കെ കണ്ടിട്ടാവണം അമ്മ എന്നോട് ഈ നാടു വിട്ട് എങ്ങോട്ടേലും പോയി ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പറഞ്ഞു.
അങ്ങനെ വീടു വിടാൻ തീരുമാനിച്ചു . ആ കാർ എനിക്കൊരു വീടുപോലായിരുന്നു. അതിൽ ഇല്ലാത്ത സാധങ്ങൾ കുറവാണ്. എനിയ്ക്കു വേണ്ടതെല്ലാം അതിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതിൽ ഏറ്റവും പ്രിയപ്പെട്ടതെല്ലാം എടുത്തു പാക്ക് ചെയ്തു. കുറേ നേരം അതിലിരുന്നു കരഞ്ഞു. കാർ കീ അമ്മയെ ഏൽപ്പിച്ചു. ഒരു തിരിച്ചു വരവ് പ്ലാൻ ഇല്ല. ഒരു അവസാന യാത്ര പോലാ അന്ന് വീട്ടീന്ന് ഇറങ്ങിയേ.
അധികം പിന്നെ നാട്ടിൽ വന്നിട്ടില്ല . ഏറെനാൾ കഴിഞ്ഞു വന്നപ്പോഴും ആ കാറൊന്നു സ്റ്റാർട്ട് ചെയ്യാൻ പോലും മനസ്സ് അനുവദിച്ചില്ല. അത്ര മാത്രം ഓർമ്മകൾ, നൊമ്പരങ്ങൾ, എനിക്കും അവനും ദൈവത്തിനും മാത്രം അറിയാവുന്ന കുറേ കാര്യങ്ങൾ.
അമ്മ ഇടയ്ക്കിടെ കഴുകിയിടും എന്നല്ലാതെ ഞാൻ പോയ ശേഷം അതാരും ഉപയോഗിച്ചിട്ടില്ല. ഇത്തവണ നാട്ടിൽ വന്നപ്പോൾ വെറുതെ അവനെയൊന്നു തുറന്നു നോക്കി. ഫുൾ പൂപ്പൽ കേറി നശിച്ചിരിക്കുന്നു. ചെറുതായി തുരുമ്പും. കീ ഒക്കെ തപ്പിപ്പിടിച്ച് ഒന്നു സ്റ്റാർട്ടു ചെയ്യാൻ ഒരു ശ്രമമൊക്കെ നടത്തി. കഴിയുന്നതും സഹകരിക്കാൻ നോക്കി അവൻ. പക്ഷേ അതിനോളം ജീവൻ ശേഷിച്ചിട്ടില്ലായിരുന്നു അവനിൽ.
നീണ്ടനാളത്തെ അവഗണന അവനെ ഏതാണ്ട് മൃതപ്രായനാക്കിയിരുന്നു. മനുഷ്യനായാലും യന്ത്രങ്ങളായാലും അവഗണന അവരെ നിശ്ശബ്ദരാക്കും. ഏതാണ്ട് ഒരു മരണത്തോടടുത്ത അവസ്ഥ.
കാർ വിൽക്കാം എന്നൊരു അഭിപ്രയം പൊതുവെ എല്ലാരും പറഞ്ഞു. അമ്മയോട് ഒന്നു ചോദിച്ചു. അപ്പോൾത്തന്നെ മറുപടി കിട്ടി. “വേണ്ട“ . കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അന്നു തന്നെ റിപ്പയർ ചെയ്യാനായി വർക്ഷോപ്പിൽ ഏൽപ്പിച്ചു.
മൂന്നു ദിവസത്തെ പണി.. ആളുണർന്നു ചിരിച്ചു. ഒന്ന് ചാടിപ്പൊങ്ങി സ്റ്റാർട്ട് ആയി. അവനെയൊന്ന് ഓടിക്കാൻ കഴിയുന്നതിനു മുന്നേ എനിക്കു മടങ്ങേണ്ടിവന്നു. എങ്കിലും എന്റെ മോശം സമയത്തെല്ലാം എന്റെ കൂടെ നിന്ന ഒരു കൂട്ടുകാരന്റെ തിരിച്ചു വരവുപോലെ തോന്നി.
ഇപ്പോൾ വല്ലപ്പോഴുമൊക്കെ ഒരു ചെറിയ ഓട്ടമൊക്കെ ഓടി എന്നെയും കാത്തിരിപ്പുണ്ടവൻ. ഇനിയും യാത്രകൾ പോണം അവനോടൊപ്പം. അന്നത്തെ കണ്ണീരോർമ്മകളെ , ഇന്നൊരു ചിരിയോടെ ഓർക്കാൻ ശീലിച്ചു കഴിഞ്ഞിരിയ്ക്കുന്നു ഞാൻ.
ഞാനറിയാത്തൊരെന്നെ എനിയ്ക്കു കാട്ടിത്തന്ന ആ ദിനങ്ങളെ ഞാൻ എന്തിനു വെറുക്കണം? ഓർമ്മകൾ എന്നും പ്രിയപ്പെട്ടതായിരിയ്ക്കട്ടെ. ഈ ചെറിയ ജീവിതത്തിൽ ചില ബന്ധങ്ങൾ, ചില ഓർമ്മകൾ അങ്ങനെയൊക്കെയാണ്. മരണം വരെയും ഹൃദയത്തോടു ചേർത്തു നിർത്തേണ്ടവ.