എല്ലാവര്ക്കും ഉപകാരപ്രദമായ ഈ ലേഖനം എഴുതിയത് – Jithin Joshy.
ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗ്ഗമുള്ള യാത്രയിലാണ്.. സമയം ഏതാണ്ട് രാത്രി ഒരുമണി കഴിഞ്ഞുകാണും.. മധ്യപ്രദേശ്-മഹാരാഷ്ട്ര അതിർത്തി പ്രദേശത്തെ എതോ വനപ്രദേശത്തുകൂടി വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. വണ്ടി ഓടിക്കുന്ന ഞാൻ ഒഴികെ ബാക്കിയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്..
സാധാരണയായി ഒരാൾ വഴി പറഞ്ഞുതരാൻ മുൻപിൽ ഉറങ്ങാതിരിക്കാറുള്ളതാണ്.. എന്നാൽ അടിച്ച സാധനത്തിന്റെ വീര്യം കൊണ്ടായിരിക്കും ആ സീറ്റിൽ നിന്നുമാണ് ഏറ്റവും ഉച്ചത്തിലുള്ള കൂർക്കംവലി കേൾക്കുന്നത്..
അത്യാവശ്യം മോശമല്ലാത്ത സ്പീഡിൽ ആണ് വണ്ടി.. എങ്കിലും ഇരുവശത്തും പൊങ്ങിനിൽക്കുന്ന കുറ്റിക്കാടുകളിൽ ഒരു ശ്രദ്ധ എപ്പോളുമുണ്ട്.. മൃഗങ്ങൾ ഏതുസമയത്തും റോഡ് മുറിച്ചു കടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.. പെട്ടെന്നാണ് വണ്ടിക്കൊരു സൈഡ് വലിവ് പോലെ അനുഭവപ്പെട്ടത്.. എത്ര ശ്രമിച്ചിട്ടും വണ്ടി ഒരുവശത്തേക്ക് ഒഴിഞ്ഞുമാറുന്നു.. വണ്ടിയുടെ ഇടതു മുൻപിലെ ടയർ പഞ്ചർ ആയിരിക്കുന്നു… വണ്ടി നിർത്താതെ വേറെ നിർവാഹമില്ല.. മെല്ലെ സൈഡാക്കി.. ഇത്രയും നേരം യാത്ര ചെയ്തിട്ടും ഒരു വാഹനം പോലും ഓവർടേക്ക് ചെയ്തു പോവുകയോ എതിരെ വരികയോ ചെയ്തിട്ടില്ല എന്ന് ഞാൻ ഓർത്തു.. ഗൂഗിൾ മാപ്പിൽ കാണിച്ചതുകൊണ്ടു മാത്രം കയറിയതാണ്.. അതുകൊണ്ട്തന്നെ വേറൊരു വാഹനം വരുന്നത് നോക്കിനിൽക്കുന്നതിൽ വലിയ കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല..

കൂടെയുള്ളവരെ വിളിച്ചുനോക്കി.. ഒരു രക്ഷയുമില്ല.. എല്ലാം പൂണ്ട ഉറക്കത്തിലാണ്.. വണ്ടിയിൽ നിന്നും ഒറ്റയ്ക്ക് പുറത്തിറങ്ങാനും പേടി.. കാരണം മഹാരാഷ്ട്ര-മധ്യപ്രദേശ് കാടുകളാണ്.. രാത്രി കൊള്ളക്കാരുടെ വിഹാര കേന്ദ്രങ്ങളാവാം ഈ കാടുകൾ.. മറ്റ് വാഹനങ്ങൾ റോഡിൽ കാണാത്തതും പേടി വർധിപ്പിച്ചു.. കൂടെയുള്ളവരെ ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് മനസിലായി.. പേടിയും സങ്കടവും ഒക്കെ വന്ന് ഇനിയെന്ത് ചെയ്യും എന്നാലോചിച്ച നിമിഷങ്ങൾ.. ഞങ്ങൾ നാലാളുകളും പിറകിലും മുകളിലും കുത്തിനിറച്ച ലഗേജ്ജും.. അവസാനം എന്തു സംഭവിച്ചാലും സാരമില്ല മുന്നോട്ട് ഓടിച്ചുതന്നെ പോകാം എന്ന് തീരുമാനിച്ചു.. വളരെ സാവധാനം വണ്ടി എടുത്തു..
എല്ലാ ഡോറും വിൻഡോസും ലോക്ക് ചെയ്തിട്ടുണ്ട് എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി..
ദൈവം സഹായിച്ചു ഒത്തിരി ദൂരം പോകേണ്ടിവന്നില്ല.. കാട് ഇത്തിരിയൊന്ന് തെളിഞ്ഞ ഒരു പ്രദേശമെത്തിയപ്പോൾ ഒരു ചെറിയ ചായക്കട.. ചെറിയ ഒരു ബൾബ് കത്തുന്നുണ്ട്.. കടയുടെ മുറ്റത്തു ഒരു നാഷണൽ പെർമിറ്റ് ലോറിയും കിടപ്പുണ്ട്.. ഞാൻ വണ്ടി മെല്ലെ അങ്ങോട്ട് തിരിച്ചു കയറ്റി നിർത്തി.. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ലോറിക്കടിയിൽ പായ വിരിച്ചു കിടന്നുറങ്ങുന്ന ഡ്രൈവറെയും കിളിയെയും കണ്ടപ്പോളാണ് ശ്വാസം നേരെ വീണത്.. ഹെഡ്ലൈറ്റ് ഓഫ് ചെയ്യാതെ അവരെ വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞു.. അവരാണ് ആ വഴിയെക്കുറിച്ചു കൂടുതൽ പറഞ്ഞത്.. രാത്രിയിൽ ആരും അധികം സഞ്ചരിക്കാത്ത വഴിയാണത്രെ.. ലോറിക്കാർ കൂട്ടമായി പോലും പോകാൻ മടിക്കുന്ന വഴി.. വഴിയിൽ ഇറങ്ങി ടയർ മാറ്റാൻ നിൽക്കാതിരുന്നത് നന്നായി എന്നവർ പറഞ്ഞു.. അവരുടെ സഹായത്തോടെ ടയർ മാറ്റിക്കഴിഞ്ഞപ്പോൾ സമയം ഏതാണ്ട് 3. 30- 4.00 മണി ആയിരുന്നു..
മുന്നോട്ടും കാടുതന്നെ ആണെന്ന് അവർ പറഞ്ഞു.. വഴിയും മോശം.. സ്റ്റെപ്പിനി ടയർ പോലുമില്ലാതെയുള്ള യാത്ര വേണ്ട എന്ന അവരുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് പിന്നെ ഞങ്ങൾ നേരം വെളുക്കുവോളം ഒരു ചെറിയ മയക്കത്തിലേക്ക്…

ഇതുപോലെ പരിചയമില്ലാത്ത സ്ഥലത്തുകൂടി രാത്രിയിൽ_യാത്ര_ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.
1. ബൈക്കിൽ യാത്ര ചെയ്യുന്നവർ കഴിവതും ഇരുട്ട് വീഴുന്നതിനുമുന്നെ യാത്ര അവസാനിപ്പിക്കുക..
2. ഹിമാചൽ / പഞ്ചാബ് ഭാഗങ്ങളിലെ പോലെയാവില്ല മധ്യ-നോർത്ത് ഇന്ത്യയിലെ യാത്രാ അനുഭവങ്ങൾ..
അത്ര സുഖകരമാവില്ല രാത്രി യാത്രകൾ എന്ന് ചുരുക്കം..
3. രാത്രിയിൽ ആര് കൈ കാണിച്ചാലും (പ്രിത്യേകിച് സ്ത്രീകൾ) ഒരു കാരണവശാലും വാഹനം നിർത്തരുത്..
നിങ്ങൾ ഉറപ്പായും ആക്രമിക്കപ്പെടും.
4. വാഹനത്തിന്റെ ടയർ പഞ്ചർ ആയതായി ബോധ്യപ്പെട്ടാൽ രാത്രിയിൽ ഉടനെ ചാടി ഇറങ്ങാതെ വാഹനം പതുക്കെ മുന്നോട്ട് തന്നെ ഓടിക്കുക.. ആളുകൾ ഉള്ള സ്ഥലത്തെത്തിയാൽ മാത്രം ടയർ മാറ്റുക..
5.യാത്രയ്ക്കിടയിൽ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലെ ഗ്ലാസ്സിൽ മുട്ടയോ മറ്റെന്തെങ്കിലും വസ്തുക്കളോ പതിച്ചാൽ ഒരു കാരണവശാലും വൈപ്പർ ഉപയോഗിക്കരുത്.. ഇത് നിങ്ങളുടെ ഗ്ലാസിൽ ഒരു ആവരണം ഉണ്ടാക്കുകയും വാഹനം നിർത്തി നിങ്ങൾ പുറത്തിറങ്ങാൻ നിര്ബന്ധിതരാകുകയും ചെയ്യും..
6.ഓടുന്ന വാഹനത്തിൽ ഏറു കിട്ടിയതായി ബോധ്യപ്പെട്ടാൽ രാത്രിയിൽ ഉടനെ ചാടിയിറങ്ങി നോക്കരുത്..
7.ബൈക്കിൽ പോകുന്നവർ ടെന്റ് അടിക്കുവാൻ ആളൊഴിഞ്ഞ സ്ഥലം തിരഞ്ഞെടുക്കരുത്.. ATM കൌണ്ടർ (സെക്യൂരിറ്റി ഉള്ളത്), പെട്രോൾ പമ്പ്, പോലീസ് സ്റ്റേഷന് സമീപം ഇവയൊക്കെ സുരക്ഷിതം..
അപ്പോൾ എല്ലാവർക്കും ശുഭയാത്ര..
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog