ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ വായിൽ കപ്പൽ ഓടിക്കാൻ മാത്രം വെള്ളം നിറയുന്നവരേ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ സംസ്കരണ കമ്പനിയായ ബാരി കാൾബാട്ട് ചോക്ലേറ്റിനായി പുതിയ സ്വഭാവിക നിറം വികസിപ്പിച്ചിരിക്കുന്നു.
പിങ്ക് നിറത്തിൽ വരുന്ന ചോക്ലേറ്റിന് സ്വിറ്റ്സർലാൻ്റിലെ സൂറിച്ച് ആസ്ഥാനമായ കമ്പനി റൂബി ചോക്ലേറ്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
പ്രത്യേക ഇനം കൊക്കോ പരിപ്പിൽ നിന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. പഴങ്ങളുടെ രുചിയിലും പുളിയിലും മധുരത്തിലുമുള്ള ചോക്ലേറ്റുകൾ ഇതുപയോഗിച്ച് വികസിപ്പിക്കാനാകും. ഇരുണ്ട നിറത്തിലും വെള്ള നിറത്തിലും പാൽ നിറത്തിലും മാത്രം ചോക്ലേറ്റ് വിപണി ഒതുങ്ങിനിൽക്കുമ്പോഴാണ് ഈ രംഗത്തെ മുന്നേറ്റത്തിന് വഴിവെക്കുന്ന പുതിയ കണ്ടെത്തൽ.
നെസ്ലെ 80 വർഷം മുമ്പ് വെള്ള നിറത്തിലുള്ള ചോക്ലേറ്റ് വികസിപ്പിച്ചതിന് ശേഷമുളള സുപ്രധാമായ കുതിപ്പാണിത്.
പ്രതിസന്ധി നേരിടുന്ന ചോക്ലേറ്റ് നിർമാണ കമ്പനികൾക്ക് തിരിച്ചുവരവിനുള്ള അവസരം കൂടി ഒരുക്കുന്നതായിരിക്കും കണ്ടുപിടുത്തം. അടുത്ത വാലൻ്റൈൻസ് ദിനത്തിൽ പുതിയ ചോക്ലേറ്റ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് പ്രത്യേക ഇനം കൊക്കോ പരിപ്പിൽ നിന്ന് പുതിയ കളർ വികസിപ്പിച്ചെടുത്തതെന്ന് കമ്പിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻ്റോണി ഡി സെയിൻ്റ് ആഫ്രിക്ക് പറയുന്നു. ഹർഷെ, കാഡ്ബറി ഉൾപ്പെടെയുള്ള മുഴുവൻ പ്രധാന കമ്പനികൾക്കും ചോക്ലേറ്റ് നിർമാണത്തിനായി ഇത് കൈമാറിയിട്ടുണ്ട്.
Source – http://www.asianetnews.com/life/dont-call-it-pink-chocolate