ആംബുലൻസായി സ്വകാര്യ ബസ്സ് വീണ്ടും.. സ്വകാര്യ ബസ്സുകാരെക്കുറിച്ച് എല്ലാവര്ക്കും പരാതികളാണ്. ചിലർ ചെയ്യുന്ന പ്രവർത്തികൾക്ക് മുഴുവൻ ജീവനക്കാരെയും കുറ്റപ്പെടുത്തുന്ന സമൂഹത്തിന്റെ സ്വഭാവഗുണങ്ങളുടെ ഇരകളിൽ ഒരു വിഭാഗമാണ് സ്വകാര്യ ബസ് ജീവനക്കാരും. കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങാവുന്നതും വയ്യാത്തവരെ ഒരു ആംബുലൻസ് എന്ന പോലെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച സംഭവങ്ങളും നിരവധിയാണ്. ഇവയൊക്കെ നമ്മളെല്ലാം പല മാധ്യമങ്ങളിലൂടെയും അറിയാറുമുണ്ട്. എന്നാൽ ഇതുപോലെ പ്രൈവറ്റ് ബസ്സുകാർ ചെയ്ത നല്ല പ്രവർത്തികൾ അധികമാരും അറിയപ്പെടാതെ പോകുകയാണ് പതിവ്. അത്തരത്തിൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഒരു സംഭവമാണ് ഇനി പറയുവാൻ പോകുന്നത്.
കോഴിക്കോട് – പയ്യന്നൂർ റൂട്ടിലോടുന്ന ജാനവി എന്ന പ്രൈവറ്റ് ബസ്സിലായിരുന്നു സംഭവം നടന്നത്. കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ബസ്. യാത്രയ്ക്കിടയിൽ കണ്ണൂരിനും തളിപ്പറമ്പിനുമിടയിൽ ധർമ്മശാലയ്ക്കടുത്ത് വെച്ച് ബസിലെ യാത്രക്കാരനു നെഞ്ചുവേദന അനുഭവപ്പെട്ടു. ഇത് അറിഞ്ഞയുടൻ സഹയാത്രികരിലൊരാൾ ഈ കാര്യം കണ്ടക്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കണ്ടക്ടർ സുനിൽ ഉടൻ തന്നെ ഡ്രൈവർ ഗോപന്റെ അടുത്തു ചെന്ന് കാര്യം അറിയിച്ചു. ഒപ്പംതന്നെ മറ്റു യാത്രക്കാരോടും വിവരം ധരിപ്പിച്ചു. എല്ലാവരും തളിപ്പറമ്പിലെ ലൂർദ്ദ് ഹോസ്പിറ്റലിലേക്ക് ബസ്സ് എത്തിക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി.

പോകുന്ന വഴിയിൽ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെല്ലാം വാശിപിടിക്കാതെ രോഗിയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് കൂടെ നിന്നത് എടുത്തു പറയേണ്ട കാര്യമാണ്. തകർന്നു തുടങ്ങിയ ദേശീയ പാതയും മഴയും വേഗതയിലുള്ള യാത്രയ്ക്ക് വെല്ലുവിളി ഉർത്തിയെങ്കിലും സുരക്ഷിതമായിത്തന്നെ കുറഞ്ഞ സമയം കൊണ്ട് ആശുപത്രിയിൽ എത്താനായത് ബസ് ജീവനക്കാരുടെ അവസരോചിതമായ മനസ്സാന്നിധ്യം കൊണ്ടു മാത്രമാണ്. യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വേണ്ടകാര്യങ്ങൾ ചെയ്തശേഷം ബസ് യാത്രക്കാരുമായി തിരികെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലേക്ക് വരികയും അവിടെ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെ ഇറക്കിയ ശേഷം വീണ്ടും പയ്യന്നൂരിലേക്ക് യാത്ര തുടരുകയും ചെയ്തു.
ഒരു ജീവൻ രക്ഷിക്കാൻ കൈ – മെയ് മറന്നു പ്രവർത്തിച്ച ജാനവി ബസ്സിലെ കണ്ടക്റ്റർ സുനിൽ പുളുക്കനാട്ട്, ഡ്രൈവർ ഗോപൻ കരുവഞ്ചാൽ, പിന്നെ ഒന്നിച്ചു നിന്ന യാത്രക്കാർ എന്നിവരും മനുഷ്യത്വം എന്തെന്ന് സമൂഹത്തിനു കാണിച്ചുകൊടുത്ത് മാതൃക യാവുകയായിരുന്നു. എല്ലാവർക്കും വാക്കുകളിൽ എഴുതിത്തീർക്കാനാവാത്ത നന്ദി അറിയിക്കുന്നു.
വാർത്തയ്ക്ക് കടപ്പാട് – സുമി നാരായൺ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog