മൂന്നാറിനടുത്ത രാജമല വിനോദയാത്രികര്‍ക്ക് എന്നും ഒരു അത്ഭുതമാണ്. വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ നേര്‍ക്കു നേര് കാണാമെന്ന അപൂര്‍വ്വ ഭാഗ്യവും ഇവിടെ എത്തുന്നവര്‍ക്ക് ലഭിക്കും.ഇരവികുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ് രാജമലയും. രാജമലയില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിരുകള്‍ വിട്ട് കാടിനുള്ളിലേക്ക് കയറാതിരിക്കാന്‍ ഇവിടെ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
മൂന്നാര്‍ ടൌണില്‍ നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജമലയില്‍ എത്താം. മറയൂര്‍ റോഡില്‍ കന്നിമലയ്ക്ക് ശേഷമാണ് ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ രാജമല. പെട്ടിമുടി റോഡില്‍ 2 കിലോമീറ്റര്‍ യാത്രചെയ്താല്‍ വരയാടുകളുടെ കേന്ദ്രത്തില്‍ എത്താം. ഇരവികുളം-രാജമല പ്രദേശങ്ങളില്‍ വരയാടുകളുടെ ചെറിയ കൂട്ടങ്ങളെ നമുക്ക് കാണാം. സംരക്ഷിത ഇനത്തിലുള്ള ഇവ ഇപ്പോള്‍ ഏകദേശം 1317 എണ്ണമായി ചുരുങ്ങിയിരിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തിലുള്ള ഈ ഹില്‍ സ്റ്റേഷന് സഞ്ചാരികള്‍ക്ക് കൌതുകവും മല നിരകളുടെ സൌന്ദര്യവും പകര്‍ന്ന് നല്കുന്നു.
രാജമലയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജമല ജംഗ്ഷനില്‍ നിന്നും പാസ്സ് എടുക്കുന്നവരെ ഡിറ്റിപിസി യുടെ വാഹനങ്ങളില്‍ രാജമലയിലും സന്ദര്‍ശനത്തിന് ശേഷം തിരികെയും എത്തിക്കും. രാജമലയിലേക്ക് പ്രവേശനത്തിനുള്ള പാസുകള്‍ ഇനിമുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. രാജമലയില്‍ ടിക്കറ്റ് കൌണ്ടറിലെ തിരക്ക് കുറയ്ക്കാനാണ് പുതിയ സംവിധാനം. സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പ് ടിക്കറ്റ് ബുക്ക്ചെയ്യാം. സന്ദര്‍ശനത്തിനെത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. http://munnarwildlife.com/ എന്ന വെബ്സൈറ്റില്‍ ഇരവികുളം എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.
പ്ലാസ്റ്റിക് നിരോധിത മേഖലയായ ഇവിടെ ആഹാര സാധനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രാജമലയിൽ സീസൺ സമയത്ത് ദൈനംദിനം 2800 നും 3000ത്തിനും ഇടയില്‍ സന്ദര്‍ശകരെത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേര്‍ എത്തുന്നു. രാജമലയിലെ വരക്കെക്കട്ടുകളില് നിന്നുള്ള വീദൂര കാഴ്ച്ചകളും, സുഖ ശീതള കാലാവസ്ഥയും ഇളം കാറ്റുമെല്ലാം സഞ്ചാരികള്‍ക്ക് ഉന്മേഷം പകരും. രാജമലയിലൂടെ കാല്‍നടയായി സഞ്ചരിച്ചാല്‍ കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെത്താം. രാജമലയില്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും വരയാടുകളുടെ കണക്കെടുപ്പും നടക്കുന്നു. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രമാണ് ഇവരികുളം നാഷണല്‍ പാര്‍ക്കും രാജമലയും.
വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് വരയാട്. ഈ വരയാടുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന രാജമലയിലാണ്. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. വരയാടുകളുടെ പ്രജനനം കണക്കിലെടുത്ത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉദ്യാനം അടച്ചിടുന്നതിനാല്‍ ബുക്കിങ് ഇല്ല. എസ്ബിടി മൂന്നാര്‍ ശാഖയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വനംവകുപ്പിന്റെ മൂന്നാര്‍ ഓഫീസ് വഴി നേരിട്ടുള്ള ബുക്കിങ് തുടരുമെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു. ഫോണ്‍: 8547603222, 8547603199.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.