ലേഖകൻ – ജൂലിയസ് മാനുവൽ (Website – https://bit.ly/2RGWLR1)
ചിത്രത്തിൽ കാണുന്നതുപോലൊരു സ്ഥലം ഭൂമിയിൽ ഉണ്ടായിരുന്നു . സഞ്ചാരികൾ എട്ടാമത്തെ അത്ഭുതം അല്ലെങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള പടവുകൾ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഈ സ്ഥലം നൂറ് വർഷങ്ങൾക്ക് മുൻപ് ന്യൂസിലൻഡിലെ വടക്കൻ ഐലൻഡിലെ Tarawera അഗ്നിപർവ്വതത്തിനടുത്തായിരുന്നു സ്ഥിതിചെയ്തിരുന്നത് . ഒന്നല്ല , ഇത്തരം രണ്ടു പ്രകൃതി ദൃശ്യങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് . തൊട്ടടുത്ത് Rotomahana എന്നൊരു ചെറുതടാകവും ഉണ്ടായിരുന്നു . ഒന്നരകിലോമീറ്റർ ദൂരവ്യത്യാസത്തിൽ സ്ഥിതിചെയ്തിരുന്ന ഈ രണ്ടു പ്രകൃതി നിർമ്മിതികളിൽ ഒന്നിന്റെ നിറം പിങ്കും , രണ്ടാമത്തേതിന്റെ കളർ വെള്ളയും ആയിരുന്നു . ന്യൂസിലൻഡിലെ ആദ്യമനുഷ്യരായ മാവോറികളുടെ ഭാഷയിൽ Te Otukapuarangi (“The fountain of the clouded sky”) എന്നായിരുന്നു ഇവയുടെ നാമം .
ജിയോതെർമൽ ആക്ടിവിറ്റിയുള്ള പ്രദേശമാകയാൽ ഇവ രണ്ടും ചൂട് നീരുറവകൾ ആയിരുന്നു . 1859 ൽ ഇവിടം സന്ദർശിച്ച ജർമൻ ജിയോളജിസ്റ്റ് Ferdinand von Hochstetter ഇവയെക്കുറിച്ച് വിശദമായി തന്നെ ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു . ഇരുപത് ഏക്കറോളോളം വിസ്താരമുണ്ടായിരുന്ന വെള്ള പടവുകൾക്കായിരുന്നു വലിപ്പം കൂടുതൽ ഉണ്ടായിരുന്നത് . എന്നാൽ പിങ്ക് പടവുകളിൽ കുളിക്കുവാനായിരുന്നു സഞ്ചാരികൾക്ക് ഏറെ താൽപ്പര്യം . 1841 ൽ ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്യനായ Ernst Dieffenbach എഴുതിയ “Travels in New Zealand” എന്ന പുസ്തകത്തിലെ പരാമർശമാണ് ഈ സ്ഥലത്തെ യൂറോപ്പിലെമ്പാടും പ്രശസ്തമാക്കിയത് . പിന്നീടങ്ങോട്ട് അറിയപ്പെടുന്ന പല സഞ്ചാരികളും , എഴുത്തുകാരും ഇവിടം സന്ദർശിക്കുകയുണ്ടായി . മൈലുകളോളം നടന്നും , വഞ്ചി തുഴഞ്ഞും പിന്നീട് കുതിരപ്പുറത്തും സഞ്ചരിച്ചായിരുന്നു ആളുകൾ ഇവിടെ എത്തിയിരുന്നത് .
എന്നാൽ 1886 ജൂൺ പത്തിന് Tarawera അഗ്നിപർവ്വതം ഉയർത്തെഴുന്നേറ്റു . 1884 ൽ തന്നെ സർവേയർ ആയിരുന്ന Charles Clayton , മലമുകളിൽ വോൾക്കാനിക് ഡിപ്രഷൻ കണ്ടെത്തിയിരുന്നു . പതിനേഴ് കിലോമീറ്ററോളം ദൂരത്തേക്ക് ചൂട് മണ്ണും പൂഴിയും പാറകളും കശക്കിയെറിഞ്ഞ Tarawera, ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയാകെ തകർത്തെറിഞ്ഞു . ആ ഒറ്റ രാത്രിയിൽ പത്തുതവണയാണ് Terawera പൊട്ടിത്തെറിച്ചത് . പടവുകൾ നിന്നിരുന്ന സ്ഥലം നൂറുമീറ്ററോളം ആഴമുള്ള ഒരു വൻഗർത്തമായി മാറിപ്പോയി . അങ്ങിനെ കമനീയമായ രണ്ടു പ്രകൃതി ദൃശ്യങ്ങളെ അടിത്തട്ടിലാക്കി പഴയതിനേക്കാൾ പത്തിരട്ടി വലിപ്പത്തിൽ Rotomahana തടാകം വീണ്ടും ഉടലെടുത്തു . പ്രകൃതി വീണ്ടും ശാന്തമായി. പക്ഷെ പഴയ പടവുകൾ ഇന്നും നവ സഞ്ചാരികളുടെ മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നു . അതൊന്നുകൂടി കാണാൻ പലരും കൊതിക്കുന്നു .
പഴയ സഞ്ചാരികൾ പലരും ചിത്രങ്ങൾ എടുക്കുകയും , വരയ്ക്കുകയും ചെയ്തത് സത്യത്തിൽ ചരിത്രത്തിന് ഒരു മുതൽക്കൂട്ടായി മാറുകയായിരുന്നു . എന്നാൽ കളർ ഫോട്ടോഗ്രാഫി വ്യാപകമാകുന്നതിനു മുൻപുള്ള കാലമായിരുന്നതിനാൽ ഇന്ന് കണ്ടെടുത്തിട്ടുള്ള എല്ലാ ഫോട്ടോകളും ബ്ലാക്ക്&വൈറ്റ് ചിത്രങ്ങളാണ് . അതിനാൽ സ്ഥലത്തിന്റെ ഭംഗി വിവരണങ്ങളിൽ നിന്നും ഊഹിക്കാനേ നമ്മുക്ക് കഴിയൂ . പണ്ട് ഇവിടം സന്ദർശിച്ചിരുന്ന , കലാകാരൻ കൂടിയായിരുന്ന Charles Blomfield വരച്ച ചിത്രങ്ങളാണ് ഇന്ന് നമ്മുടെ ഏക ആശ്രയം . താഴെക്കാണുന്ന ചിത്രവും അദ്ദേഹത്തിന്റേത് തന്നെ .
എന്നാൽ പോയത് പോട്ടെ എന്ന് പറഞ്ഞു കാര്യങ്ങൾ തള്ളിക്കളയാൻ ചിലർ തയ്യാറായില്ല . രണ്ടു പ്രകൃതി നിർമ്മിതികളും തടാകത്തിനടിയിലോ ഭൂമിക്കടിയിലോ ഉണ്ടാവാം എന്നാണു പലരും കരുതുന്നത് . അത് ചികഞ്ഞു കണ്ടെത്താൻ പലരും തുനിഞ്ഞിറങ്ങുകയും ചെയ്തു . എന്നാൽ മാറിയ ഭൂപ്രകൃതിയിൽ ഇവ നിന്നിരുന്ന ശരിയായ സ്ഥലം കണ്ടെത്താനാവാതെ അവർ കുഴഞ്ഞു. തടാകത്തിനടിയിൽ മറ്റൊരു മാഗ്മാ ചെയ്മ്പർ ഉണ്ടെന്നുള്ള കണ്ടെത്തൽ കൂടുതൽ ഗവേഷങ്ങൾക്ക് തടയിട്ടു . മേഖലയിലെ കുഴിക്കൽ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം ! അപ്പോഴാണ് ചരിത്രപരമായ ഒരു വമ്പൻ കണ്ടുപിടുത്തം വേറൊരു കൂട്ടർ നടത്തിയത് . Ferdinand von Hochstetter ന്റെ പഴയ ഡയറി 2010 ൽ സ്വിറ്റ്സർലൻഡിൽ നിന്നും കണ്ടെത്തി ! അതിൽ നിന്നും ലഭ്യമായ റോ ഡേറ്റകൾ ഉപയോഗിച്ച് , റിവേഴ്സ് എൻജിനീയറിങ് നടത്തി പടവുകളുടെ യഥാർത്ഥ ലൊക്കേഷൻ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് .
നേരത്തെ വിചാരിച്ചതുപോലെ തടാകത്തിനടിയിൽ അല്ല , മറിച്ച് തടാകതീരത്ത് അൻപത്തടി കീഴെ മണ്ണിനടിയിലാണ് പ്രകൃതി ഈ അത്ഭുതങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് ! ഇത് ചികഞ്ഞെടുക്കാൻ ഒരു വമ്പൻ ഗവേഷക സന്നാഹം ഇപ്പോൾ ഒരുങ്ങിക്കഴിഞ്ഞു . പഴയ വെള്ളചാട്ടമോ , ചൂട് നീരുറവയിലുള്ള കുളിയോ ഇനി പ്രതീക്ഷിക്കേണ്ട . റോമിലെ കൊളോസിയമോ , ബേക്കൽ കോട്ടയോ കാണും പോലെ ഗതകാല സ്മരണകൾ ഉണർത്തുന്ന ഒരു ചരിത്രസ്മാരകം അത്ര തന്നെ . പക്ഷെ ഇത് സാധിച്ചെടുത്താൽ മനുഷ്യന്റെ ഇച്ഛാശക്തിയുടെ മറ്റൊരു തെളിവുകൂടി ആകും ഇത് .