ഒരു വൈകുന്നേരം വീട്ടിൽ ചുമ്മാ കാറും കഴുകി ഇരിക്കുമ്പോഴാണ് സുഹൃത്തിന്റെ കോള് വരുന്നത്. ഒരു സിനിമക്ക് പോയാലോ എന്ന് ചോദിച്ചുകൊണ്ട്. ഇറങ്ങിയ സിനിമകളൊന്നും പിന്നേക്ക് വെക്കാതെ എല്ലാം കാണുന്ന ഒരാളായതുകൊണ്ട് എല്ലാ സിനിമകളും ഞാൻ കണ്ടതായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ പ്ലാൻ മാറ്റി ഒരു ചായ കുടിക്കാൻ പോയാലോ എന്ന് ചോദിച്ചു എന്തിനായാലും അവൻ റെഡി ആയിരുന്നു.
ഞങ്ങൾ കാറും എടുത്ത് വേറെ രണ്ട് ഫ്രണ്ട്സിനെയും കൂട്ടി ഒരു ഒരു ചെറിയ തട്ടുകട തപ്പി ഇറങ്ങി. ഇപ്പൊ നാട്ടിൽ ഉള്ളത് എല്ലാം ഈവനിംഗ് സ്നാക്സ് പോലെയുള്ള ടെന്റുകൾ ആണ് അതിൽ നിന്നും ചായകുടിച്ചാലൊന്നും ഒരു തൃപ്തി വരില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് കൂട്ടത്തിൽ ഒരുത്തന്റെ തലയിൽ ആ ഐഡിയ ഉദിക്കുന്നത്. നമുക്ക് ഊട്ടിയിൽ പോയി ചായ കുടിച്ചാലോ.. ? എല്ലാരും മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചെങ്കിലും പിന്നീട് അത് കാര്യമായി തന്നെ എടുത്തു പോരാത്തതിന് ഇന്നലെ വാട്സ്ആപ്പിൽ ഒരു ഫോട്ടോ വന്നിരുന്നു ഊട്ടിയിൽ 0° ആണ് തണുപ്പ് എന്നൊക്കെ പറഞ്ഞ്. പിന്നെ ഒന്നും നോക്കിയില്ല നേരെ വിട്ടു ഊട്ടിയിലേക്ക്.
ഏകദേശം പെരിന്തൽമണ്ണ എത്തിയപ്പോഴാണ് വണ്ടിയുടെ പൊലൂഷ്യൻ തെറ്റി കിടക്കുകയാണെന്ന് മനസ്സിലാക്കിയത്. പിന്നെ ആ നേരത്ത് എവിടുന്ന് പൊലൂഷ്യൻ എടുക്കാനാ പോകുന്ന വഴി വഴികടവിൽ നോക്കിയെങ്കിലും അവിടെയൊക്കെ 6:00 PM ക്ലോസ് ചെയ്തിരുന്നു പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്ന് വിചാരിച്ചു നേരെ ചുരം കയറി ആദ്യത്തെ ചെക്പോസ്റ്റിൽ വണ്ടിയുടെ പേപ്പർ കാണിച്ചെങ്കിലും പൊലൂഷ്യൻ ചോദിച്ചില്ല. അപ്പൊ മനസ്സിൽ വിചാരിച്ചു (ഇതൊക്കെ എന്ത് 😎) അഹങ്കാരംകൊണ്ടാണെന്നു തോന്നുന്നു അടുത്ത ജംഗ്ഷനിൽ പിന്നേം പോലീസ് ഇത്തവണ പെട്ടു. ഒരുപാട് വിനയം അഭിനയിച്ചെങ്കിലും ഫലമുണ്ടായില്ല 300 ഫൈനും കൊടുത്ത് യാത്ര തുടർന്നു.
രാത്രിയുള്ള യാത്ര വളരേ പ്രയാസമുള്ളതായിരുന്നു റോഡിൽ ഒന്നും കാണാൻ പറ്റാത്ത അത്രക്കും കോട ഇറങ്ങിയിരുന്നു. പുലർച്ചെ 3:00 am ആയി ഊട്ടിയിൽ എത്താൻ എങ്ങനെയൊക്കെയോ ഊട്ടിയിൽ എത്തിച്ചു എന്നുവേണം പറയാൻ. അവിടെ ഒരു ഹോട്ടലിൽ റൂമെടുത്തു. കിടന്നതേ ഓർമ്മയൊള്ളു പിന്നെ എഴുന്നേൽക്കുന്നത് രാവിലെ 10:00 Am ന് ആണ്. എന്നിട്ടും കൂടെ ഉള്ളവന്മാർ ഒന്നും എഴുന്നേറ്റിട്ടില്ല തണുപ്പ് ആയതുകൊണ്ട് നല്ല സുഖമായി ഉറങ്ങുകയാണ് .എല്ലാത്തിനെയും ചവിട്ടി എഴുന്നേൽപ്പിച്ചു.
11:30 ആവുമ്പോഴേക്കും റൂമിൽ നിന്നും ഇറങ്ങി അവിടെനിന്നുതന്നെ ബ്രേക്ഫാസ്റ്റും കഴിച്ച് നേരെ കൂനൂർ വെച്ച് പിടിച്ചു. അവിടെ ടൈഗർ ഹിൽസിലെ സെമിത്തേരിയും ഡോൾഫിൽ നോസും ആയിരുന്നു ലക്ഷ്യം. കൂനൂർ എത്തി ആദ്യം ഡോൾഫിൻ നോസിൽ പോയി.അതി മനോഹരമാണ് ഡോൾഫിൻ നോസിലേക്കുള്ള റൂട്ട് ഇടുങ്ങിയ റോഡ് എതിരേ ഒരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻപോലും വളരേ ബുദ്ധിമുട്ടാണ് എന്നാലും അതി മനോഹരമാണ് ആ റൂട്ടുകൾ. അങ്ങനെ ഡോൾഫിൻ നോസിൽ എത്തി അവിടെ കുറച്ചു നേരം സ്പെൻഡ് ചെയ്ത് പിന്നെ അവിടുന്ന് തിരിച്ചു.
പിന്നീട് ലക്ഷ്യം ടൈഗർ ഹിൽസിലെ സെമിത്തേരി ആയിരുന്നു. വഴി ചോദിക്കാൻ വേണ്ടി ഒരു ചെറിയ കടയുടെ മുന്നിൽ വണ്ടി സൈഡ് ആക്കി അവിടെ ഉണ്ടായിരുന്ന ഒരു പ്രായമായ മനുഷ്യനോട് പുറകിൽ നിന്നും എന്റെ സുഹൃത്ത് ചോദിച്ചു അണ്ണാ ഈ സെമിത്തേരി… അത്രയും ചോദിച്ചതേ ഒള്ളു അയാളുടെ മുഖം ആകെ മാറി. അങ്ങോട്ട് എന്തിനാണ് പോകുന്നത് അങ്ങോട്ട് പോകാനൊന്നും പാടില്ലാ…അയാൾ ശബ്ദം കനപ്പിച്ചുകൊണ്ടു പറഞ്ഞു പിന്നെ അവിടെ നിന്നില്ല അവിടുന്ന് വണ്ടി എടുത്തു എന്നാലും സെമിത്തേരി കാണാതെ മടങ്ങില്ല എന്ന് മനസ്സിൽ ഉണ്ടായിരുന്നു.
കുറച്ചു അപ്പുറത്ത് പോയി അവിടെ ഒരു ഓട്ടോ ഡ്രൈവർ ഉണ്ടായിരുന്നു അയാളോട് ചോദിച്ചു അയാൾ കറക്റ്റ് സ്ഥലം പറഞ്ഞു തന്നു പോകുന്ന വഴിയിൽ കുറേ പ്രായമായ സ്ത്രീകൾ വിറക് കീറുന്നുണ്ടായിരുന്നു അവരുടെ നോട്ടത്തിൽ എനിക്കെന്തോ ഒരു പന്തികേട് തോന്നി നമ്മൾ വല്ല അപകടത്തിലേക്കും പോകുന്നതുപോലെ. അങ്ങനെ സെമിത്തേരിയുടെ മുന്നിലെത്തി വളരേ അതികം കാലപ്പഴക്കമുള്ള ഒരു സെമിത്തേരി. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിടീഷുകാരുടെ വേനൽ കാല വസതികൾ കൂനൂരിലെ ടൈഗർ ഹിൽസിൽ ആയിരുന്നു അന്ന് നിർമിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബക്കാരെയും അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. പൂർവികരെ തേടി ഇപ്പോഴും ഒരുപാട് പേര് കയ്യിൽ ഒരു പൂവുമായി ഇവിടെ എത്താറുണ്ടത്രെ. ഞങ്ങളും ഒരു കാട്ടുപൂവ് ഒരു കല്ലറയിൽ വെച്ചുകൊണ്ട് കരിയിലകൾ നിറഞ്ഞ ആ നടപ്പാതയിലൂടെ തിരിച്ചു നടന്നു.
നേരം ഒരുപാട് വൈകിയിരുന്നു ഞങ്ങൾക്ക് ഇനി തിരിച് ഊട്ടിയിൽ പോയിട്ട് വേണം മസ്നഗുഡി വഴി ഇറങ്ങാൻ മസ്നഗുഡി ചുരം ഇറങ്ങി ബന്ദിപ്പൂർ കാടും കണ്ടിട്ട് മുത്തങ്ങ വഴി ഇറങ്ങാനായിരുന്നു പ്ലാൻ. അങ്ങനെ അവിടുന്ന് തിരിച്ചു മസ്നഗുഡിയിലേക്കുള്ള റോട്ടിൽ പോലീസ് വാഹനം ക്രോസ് ചെയ്ത് ഇട്ടിരിക്കുന്നു ഞങ്ങളോട് ചുരം ഇറങ്ങാൻ പറ്റില്ല തിരിച്ചു പോകണം പറഞ്ഞു കാരണം ചോദിക്കേണ്ട താമസം ജീപ്പിന്റെ പുറകിൽ നിന്നും ഒരു പോലീസുകാരൻ ഒരു ചാട്ടം വല്ല കൊലയാളികളോട് പെരുമാറുന്നതുപോലെ. അല്ലെങ്കിലും മലയാളികളെ കാണുമ്പോൾ അവന്മാർക്ക് ഉള്ളതാണ് ഈ ചൊറിച്ചിൽ.
മസ്നഗുഡിയിലേക്കുള്ള മറ്റൊരു റൂട്ട് ഞങ്ങൾക്ക് അറിയാമായിരുന്നു വണ്ടി അതുവഴി തിരിച്ചു വിട്ടു. കുറച്ച് അങ്ങ് പോയപ്പോഴേക്കും വീണ്ടും അടുത്ത കുരിശ് വേറെയും ഒരു ജീപ്പ് നിറയേ പോലീസുകാർ. പിന്നെ അങ്ങോട്ട് പോകാൻ നിന്നില്ല കുറേ ദൂരത്തു നിന്നുതന്നെ വണ്ടി തിരിച്ചു. എന്തായാലും ഇനി മസ്നഗുഡി ചുരം ഇറങ്ങാൻ പറ്റില്ല എന്ന് മനസ്സിലായതോടു കൂടെ വണ്ടി നേരെ നാട്ടിലേക്കുതന്നെ തിരിച്ചു.
കടപ്പാട് – ഷാഹിദ് ഒമര്.