കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ട വാര്‍ത്തയായിരുന്നു എമിറേറ്റ്സ് എല്ലാവര്ക്കും സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന്. എന്നാല്‍ ഇത് അപവാദ പ്രചാരണം മാത്രമാണെന്ന് വെളിപ്പെടുത്തി എയര്‍ലൈന്‍ തന്നെ രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എയര്‍ലൈന്‍ മുന്നറിയിപ്പ് നല്കി.
എമിറേറ്റ്സിന്റെ പേരിലുണ്ടാക്കിയ വ്യാജ വെബ് സൈറ്റിലാണ് വ്യാജ ഓഫര്‍ പോസ്റ്റ് ചെയ്തിരുന്നത്. 33–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്സ് യാത്രക്കാർക്ക് രണ്ട് ടിക്കറ്റ് വീതം നൽകുന്നു എന്നാണ് ഒരു വ്യാജ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാലാണ് അധികൃതർ പ്രസ്താവന ഇറക്കിയത്.
ഇനി ആകെ 196 ടിക്കറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും പ്രചാരണത്തില്‍ പറയുന്നുണ്ട് . ഇതേ തുടർന്ന് ആളുകൾ വ്യാപകമായി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെയും ഇത്തരത്തിൽ സൗജന്യ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്.
എന്നാൽ ഇത്തരം വ്യാജ വാർത്തകളിൽ ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇത്തരം ഓഫറുകളൊന്നും കമ്പനി നൽകുന്നില്ല. വ്യാജ വാർത്ത നൽകിയ കേന്ദ്രങ്ങളെക്കുറിച്ച് തങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
കടപ്പാട് – K Vartha.