കെഎസ്ആർടിസി ബസ് യാത്രയിൽ യാത്രക്കാരിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം…

ബസ് യാത്രകളിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ചില ഞരമ്പ് രോഗികളുടെ ശല്യങ്ങൾ. മിക്കവാറും സ്ത്രീകളും വെറുതെ ഒരു പ്രശ്നമാക്കേണ്ട എന്നു കരുതി ശല്യത്തിൽ നിന്നും ഒഴിഞ്ഞു മാറി പ്രതികരിക്കാതെയിരിക്കുകയാണ് പതിവ്. എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കാതെ ഇരിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവേ നടന്ന ഒരു സംഭവം ബെബിന പ്രിൻസ് എന്ന യാത്രക്കാരി ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. യാത്രക്കാരി ഷെയർ ചെയ്ത ബസ് ടിക്കറ്റു പ്രകാരം സംഭവം നടന്നത് പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയുടെ ATA 270 എന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ്. ആദ്യം ബെബിനയുടെ പോസ്റ്റ് നമുക്കൊന്നു വായിച്ചു നോക്കാം.

“ഹലോ ഫ്രണ്ട്സ്,പരമാവധി ഷെയർ ചെയ്യുക. ഇനിയൊരിക്കലും നിങ്ങളുടെ ഭാര്യയോ, സഹോദരിയെ അങ്ങനെ ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ… ഇന്നലെ എന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരു ചേച്ചിക്ക് ഉണ്ടായ ഒരു ദുരനുഭവം പങ്കുവെക്കാൻ വേണ്ടി ആണ് ഞാൻ ഇത് എഴുതുന്നത്(ചേച്ചിയെ മുൻപരിചയം ഇല്ല)…  ഞാനും എന്റെ അനിയത്തിയും കൂടെ തൃശ്ശൂരിൽ നിന്നും മുവാറ്റുപുഴക്ക് യാത്ര ചെയ്തു വന്ന KSRTC ബസിൽ ഉണ്ടായ ഒരു ദുരനുഭവം….യാത്ര ആരംഭിച്ചു അങ്കമാലിയിൽ എത്തിയപ്പോളേക്കും ബസ്സിൽ നല്ല തിരക്കായിരുന്നു… രാത്രി ഏകദേശം 7 മണി കഴിഞ്ഞിട്ടുണ്ട്… നല്ല ബ്ലോക്ക്‌ കാരണം അങ്കമാലിയിൽ നിന്നു ബസ്സ് ഇഴഞ്ഞുആണ് പോയിരുന്നത്.

 

കാലടി എത്തിച്ചേർന്നുകൊണ്ടിരുന്ന സമയം,അടുത്ത് (സീറ്റിന്റെ അറ്റത്ത്‌) ഇരുന്ന ചേച്ചിയോട് മധ്യവയസ്‌കൻ കൂടി ആയ ആ ഞരമ്പ് രോഗി അങ്ങേയറ്റം മ്ലേച്ഛമായ രീതിയിൽ പെരുമാറി(പറയാൻ പോലും അറക്കുന്ന രീതിയിൽ)😢😓…നല്ല പ്രതികരണശേഷി ഉള്ള ചേച്ചി അപ്പോൾ തന്നെ പ്രതികരിച്ചു…പുറകിൽ നിന്ന അയാളോട് കായികമായി തന്നെ (സത്യത്തിൽ ഞങ്ങൾ പോലും അറിയുന്നില്ല കാര്യം എന്താണെന്ന്). ഏറ്റവും അഭിമാനകരമായ പ്രവർത്തി എന്തെന്നാൽ ബസിനകത്തുണ്ടായിരുന്ന പുരുഷന്മാരോ KSRTC ബസിന്റെ ഡ്രൈവറോ കണ്ടക്ടറോ,അങ്ങനെ ആരും,പ്രതികരിച്ച ചേച്ചിക്കൊ ഞങ്ങക്കൊ സപ്പോർട്ട് തന്നില്ല. പോലീസ് ജീപ്പ് അധികദൂരത്തിൽ അല്ലെങ്കിലും ഉണ്ടായിരുന്നു. കൂടാതെ ആ ഞരമ്പിനെ പിടിച്ചു ബസ്സിൽ നിന്നു ഇറക്കി വിടുകയാണ് ചെയ്തത്.

എല്ലാം കഴിഞ്ഞപ്പോൾ പുറകിൽ നിന്നു ഏകദേശം സമപ്രായത്തിൽ ഉള്ള ഒരു ചേട്ടന്റെ വക ഡയലോഗ് “ക്ഷമിച്ചു കളഞ്ഞേക്ക് മോളെ, അവനെന്തോ അസുഖമാണെന്ന്.” എന്ത് അസുഖം , അസമയത്ത് ഒരു സ്ത്രീയോട് പരസ്യമായി ഇങ്ങനെ പെരുമാറിയെങ്കിൽ,തനിച്ചു ആണെങ്കിൽ ആ സ്ത്രീയുടെ പുക എടുത്തേ അവൻ അടങ്ങു..ഇതൊന്നുമല്ല,ഒരു സ്ത്രീ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത്,ഇത് പോലുള്ള സന്ദർഭത്തിൽ മറ്റുള്ളവർ പറയുന്ന ഇത്പോലുള്ള വാക്കുകളിൽ ആണ്….ഞാൻ ഇത് ഷെയർ ചെയ്തത് എന്തെന്ന് വച്ചാൽ ഓരോ സംഭവം വരുമ്പോളും അല്ലാത്തപ്പോളും “ഒരു സ്ത്രീ എന്റെ അവസരം അല്ല ഉത്തരവാദിത്വം ആണെന്ന് വാതോരാതെ പറയുന്നവരും സ്റ്റാറ്റസ് ഇടുന്നവരും ആണ് എന്റെയും നിങ്ങളുടെയും ഫ്രണ്ട്‌സ്. ആ പറയുന്നതിൽ ചെറുതായിട്ട് എങ്കിലും സത്യം ഉണ്ടെങ്കിൽ ഇനി നിങ്ങളുടെ മുന്നിൽ ഒരു സംഭവം ഇത് പോലെ ഉണ്ടാവുമ്പോൾ പ്രതികരിക്കുന്നവരെ സപ്പോർട്ട് ചെയ്യുക…. ആളാകുവാനും ആണത്തം കാണിക്കാനും അല്ല… മറിച്ചു അവൾ തനിച്ചല്ല എന്ന് അവൾക്കു വിശ്വാസം വരാൻ. സ്ത്രീ പ്രതികരിക്കാത്തത് കൊണ്ടാണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത് എന്ന് പലരും പറഞ്ഞു ഞാനും നിങ്ങളും ഒക്കെ കേട്ടിട്ടുണ്ട്…പക്ഷെ പ്രതികരിച്ചിട്ടും ഒരു ഫലവുമില്ലാത്ത അവസ്ഥ ഇന്ന് നേരിട്ട് കണ്ടു… അങ്ങനെ ഒരു അവസ്ഥയിൽ അവളുടെ സ്ഥാനത്തു നിങ്ങടെ വേണ്ടപ്പെട്ടവർ ആയിരുന്നെങ്കിലോ…. ഒന്നു ഓർത്തു നോക്കുക.. സപ്പോർട്ട് ചെയ്യുക.”

കണ്ടില്ലേ? ഇപ്പോൾ മനസ്സിലായോ ശല്യക്കാർക്കെതിരെ പ്രതികരിക്കുവാൻ സ്ത്രീകൾ മടിക്കുന്നത് എന്തുകൊണ്ടാണെന്ന്. യാത്രക്കാർ പ്രതികരിക്കാതിരുന്നത് പോട്ടെ, ആ ബസ്സിലെ ജീവനക്കാരെങ്കിലും വേണ്ട വിധത്തിൽ പ്രതികരിച്ചിരുന്നെങ്കിൽ ഇന്ന് ഈ സഹോദരിയ്ക്ക് ഇങ്ങനെയൊരു പോസ്റ്റ് ഇടേണ്ടി വരുമായിരുന്നില്ല. ഇത്തരത്തിലുള്ള ഞരമ്പു രോഗികളെ കയ്യോടെ പിടിക്കപ്പെട്ടാൽ ബസ്സിൽ നിന്നും ഇറക്കി വിടുകയാണ് കണ്ടക്ടർ ചെയ്യേണ്ടത്. കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കണം. അതാണ് വേണ്ടത്. അല്ലാതെ ഇറക്കി വിട്ടാൽ ഇത്തരക്കാർ അടുത്ത ബസ്സിലും കയറി വീണ്ടും ഇതൊക്കെത്തന്നെ ആവർത്തിക്കും. കെഎസ്ആർടിസി ജീവനക്കാർ വനിതാ യാത്രക്കാർക്ക് ഒരു സംരക്ഷകരായി മാറിയ നിരവധി സംഭവങ്ങൾ വന്ന ഈ സമയത്താണ് ഇത്തരമൊരു ദുരനുഭവം യാത്രക്കാരിയായ യുവതി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. ഇനിയെങ്കിലും ഇത്തരം പ്രശ്നങ്ങൾ ബസ്സിൽ നടന്നാൽ ജീവനക്കാരും സഹയാത്രികരും വേണ്ടവിധത്തിൽ നടപടിയെടുക്കുവാൻ സഹകരിക്കണം. കാരണം ഇത് നാളെ നമ്മുടെ പെങ്ങന്മാർക്കും സംഭവിക്കരുത്…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply