കെഎസ്ആര്‍ടിസി ജീവനക്കാരുടെ കാര്യം വളരെ കഷ്ടത്തിലാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ. മിക്ക ഡിപ്പോകളും പണയത്തിലായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന അവസ്ഥ. ഡ്രൈവറുടെയും കണ്ടക്ടറുടെയും ഒക്കെ കഥകളാണ് പുറംലോകം സാധാരണയായി അറിയുന്നത്. എന്നാല്‍ ആരും അറിയാതെ.. ആരാലും ശ്രദ്ധിക്കപ്പെടാതെ കരിയിലും പുകയിലും പണിയെടുക്കുന്ന ചിലര്‍ കൂടിയുണ്ട് കെഎസ്ആര്‍ടിസി എന്ന ഈ മഹാ പ്രസ്ഥാനത്തില്‍. മെക്കാനിക്ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ കാര്യമാണ് പറഞ്ഞ് വരുന്നത്.

കെഎസ്ആര്‍ടിസി ഡിപ്പോകള്‍ വികസിച്ചാലെ ഇവരുടെ തൊഴിലിടം ഒന്നു വൃത്തിയാകൂ. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ ചിത്രങ്ങള്‍ പറയും ഇവരുടെ കഷ്ടപ്പാടുകളുടെ കഥ. കൊല്ലം ജില്ലയിലെ പുനലൂര്‍ കെഎസ്ആര്‍ടിസി ഗാരേജിന്റെ ഇന്നത്തെ അവസ്ഥയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. തെങ്കാശിയിലേക്കുള്ള അന്തര്‍സംസ്ഥാന റൂട്ടിലെ ഒരു പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുന്ന പുനലൂര്‍ ഡിപ്പോയുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ മറ്റു ചെറിയ ഡിപ്പോകളുടെ അവസ്ഥ പറയണോ?

പുനലൂര്‍ ഡിപ്പോയ്ക്ക് പിന്നില്‍ വെറുതെ കിടക്കുന്ന സ്ഥലംകൂടി ഉള്‍പ്പെടുത്തി ഡിപ്പോയും ഗാരേജും നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇന്നാള്ക്കുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ചില അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിനേക്കാള്‍ കഷ്ടമാണ് ഇവിടത്തെ കാഴ്ചകള്‍. ഇപ്പോള്‍ വേനലായത് കൊണ്ടാണ് ഇങ്ങനെയെങ്കിലും കാനാന്‍ കഴിയുന്നത്. മഴക്കാലം ആയാല്‍ പിന്നെ പറയുകയേ വേണ്ട. ചെളിയും കരിഓയിലും കലര്‍ന്ന വെള്ളത്തില്‍ നിന്നും ഇരുന്നും കിടന്നുമൊക്കെ പണിയെടുക്കേണ്ടി വരുന്ന മെക്കാനിക്കുകളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.

ഇതിനെക്കുറിച്ച് ജീവനക്കാര്‍ പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമില്ല. കെഎസ്ആര്‍ടിസി പുനലൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രങ്ങള്‍ പുറത്തു വന്നത്. ബഹുമാനപ്പെട്ട എംപി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഇത് ഷെയര്‍ ചെയ്യൂ എന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.


ഈ ചിത്രങ്ങള്‍ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? നിങ്ങള്‍ പറയൂ.. ഇവിടെ പണിയെടുക്കുന്നവര്‍ മനുഷ്യരല്ലേ? ഇതു നന്നാക്കി കൊടുക്കേണ്ടത് ആരുടെ കടമയാണ് ?? ഞങ്ങള്‍ക്കും നിങ്ങളോട് ഒന്നേ പറയാനുള്ളൂ.. ബന്ധപ്പെട്ട അധികാരികളില്‍ ഇത് ഷെയര്‍ ചെയ്ത് എത്തിക്കുക. ആ പാവം ജീവനക്കാരെ ഓര്‍ത്തെങ്കിലും…
ചിത്രങ്ങള്‍ക്ക് കടപ്പാട് – KSRTC PUNALUR FB PAGE.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog