ശക്തനില്‍ കെഎസ്ആര്‍ടിസി ‘മിനി സ്റ്റാന്‍ഡ്’ നിര്‍മാണം തുടങ്ങി

തൃശ്ശൂര്‍ ദിവാന്‍ജിമൂലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കെഎസ്ആര്‍ടിസി വിട്ടുകൊടുത്ത സ്ഥലത്തിന് പകരം ലഭിച്ച ഭൂമിയില്‍ ‘മിനി സ്റ്റാന്‍ഡ്’ നിര്‍മാണം തുടങ്ങി. ശക്തന്‍ സ്റ്റാന്‍ഡില്‍ ലഭിച്ച  25 സെന്റ് സ്ഥലത്ത് സെക്യൂരിറ്റിജീവനക്കാരുടെ ഓഫീസാണ് പുതുതായി നിര്‍മിക്കുന്നത്.  അന്തര്‍സംസ്ഥാന റൂട്ടിലോടുന്ന ബസുകള്‍ക്ക് പാര്‍ക്കിങ് സ്ഥലവും ഇവിടെ ഒരുക്കുന്നുണ്ട്.  ഇവിടെനിന്ന് സിറ്റിസര്‍വീസ് നടത്താനും പദ്ധതിയുണ്ട്. ഇതോടെ മിനി സ്റ്റാന്‍ഡായിമാറും.
ശൌച്യാലയത്തിന്റെ നിര്‍മാണവും ബസുകള്‍ പാര്‍ക്ക്ചെയ്യുന്നതിനായി നിലം ഒരുക്കലും പുരോഗമിക്കുന്നുണ്ട്. എന്നാല്‍, ലഭിച്ച സ്ഥലം ഉപയോഗിക്കുന്നതിന് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക്  തടസ്സങ്ങള്‍ നേരിട്ടിരുന്നു. കോര്‍പറേഷന്‍ നല്‍കിയ സ്ഥലത്തിനുമുന്നില്‍ തൃശൂര്‍ നഗരവികസന അതോറിറ്റിയുടെ (ടിയുഡിഎ) മൂന്ന് സെന്റ് ഭൂമിയുണ്ട്. ഈ ഭൂമി വിട്ടുകിട്ടിയാലേ  പ്രയാസമില്ലാതെ ബസുകള്‍ കയറാനാവൂ.  ഈ ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ടിയുഡിഎ അധികൃതര്‍ക്ക് കത്തുനല്‍കിയിരുന്നു. അനുകൂല തീരുമാനം ഉണ്ടായതോടെയാണ് പണി തുടങ്ങിയതെന്ന് അറിയുന്നു.
അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് പാര്‍ക്കിങ്ങിന് ഒരുക്കുന്ന സ്ഥലത്ത് പിന്നീട് സിറ്റിസര്‍വീസ് നടത്താനും പദ്ധതിയുണ്ട്. നഗരത്തിലും സമീപപ്രദേശങ്ങളിലേക്കും സര്‍വീസ് തുടങ്ങുകയാണ് ലക്ഷ്യം.  ഇതിന് അനുമതി ലഭിച്ചാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ തിരക്കിന് പരിഹാരമാവും.
ദിവാന്‍ജിമൂലയിലെ കുപ്പിക്കഴുത്ത് നിവര്‍ത്താന്‍ മൂന്നുവര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി അധികൃതര്‍ കോര്‍പറേഷന് 9.22 സെന്റ് വിട്ടുനല്‍കിയിരുന്നു. ഡിപ്പോ ഗ്യാരേജ് പ്രവര്‍ത്തിക്കുന്ന തെക്കുഭാഗത്തെ സ്ഥലമാണ് വിട്ടുനല്‍കിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കു മുന്നിലെ റോഡ് ഇഷ്ടികവിരിച്ച് നവീകരിച്ചു. ഇതിനു പകരമായി ശക്തന്‍ സ്റ്റാന്‍ഡിന് സമീപം 25 സെന്റ് നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍, വിട്ടുകൊടുത്ത സ്ഥലത്തിന് പകരം ഭൂമി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നല്‍കിയിരുന്നില്ല. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയശേഷമാണ് കഴിഞ്ഞ നവംബറില്‍ ഭൂമി നല്‍കാന്‍ ധാരണയായത്.
വാര്‍ത്ത  : ദേശാഭിമാനി

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply