ഒടുവിൽ നാട്ടുകാരുടെ വിരട്ട് ഫലിച്ചു. പാലോട് നിന്ന് കല്ലറ ഭാഗത്തേക്കുള്ള ബസ് സർവീസ് പുനരാംഭിക്കാമെന്ന് കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോ അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി. ബസ് സർവീസ് മുടങ്ങിയതിക്കുറിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ പാലോട് ഡിപ്പോയിൽ സത്യാഗ്രഹത്തിനെത്തുകയും തുടർന്ന് പാലോട് എസ്.ഐ. ഹരിലാലിന്റെ മദ്ധ്യസ്ഥതയിൽ ഡിപ്പോ അധികൃതരും ബി.ജെ.പി പ്രവർത്തകരുമായി നടന്ന ചർച്ചയിൽ ബസ് സർവീസ് പുനരാരംഭിയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ വർഷങ്ങളായി മലയോരത്തെ നാട്ടുകാർ അനുഭവിച്ചിരുന്ന യാത്രാക്ളേശത്തിന് പരിഹാരമായി.
രാത്രി എട്ട് കഴിഞ്ഞാൽ ഇവിടെ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് ബസില്ലാതായിട്ട് വർഷങ്ങളായി. മുമ്പ് പാലോട് ഡിപ്പോയിൽ നിന്ന ഇവിടേയ്ക്ക് രാത്രി എട്ടിന് ശേഷം സർവീസുകളുണ്ടായിരുന്നു. ക്രമേണ അവയെല്ലാം നിന്നു. നിലവിൽ രാത്രി എട്ടിന് ശേഷം പാലോട് എത്തുന്നവർക്ക് ടാക്സികൾ വിളിച്ച് വീട്ടിലെത്തേണ്ട അവസ്ഥയാണുള്ളത്.
അന്തർസംസ്ഥാന പാതയായ തിരുവനന്തപുരം-ചെങ്കോട്ട റോഡിനേയും, തിരുവനന്തപുരം-കോട്ടയം മെയിൻ സെന്റർ റോഡിനേയും ബന്ധിപ്പിക്കുന്ന റൂട്ടിലാണ് ഈ അവസ്ഥ. ഈ സമയം പാലോട് നിന്ന് കിളിമാനൂർ ഭാഗത്തേക്ക് സ്വകാര്യബസ് സർവീസ് നടത്തുന്നുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഇതുണ്ടാകാറില്ല.
പാലോട് ഡിപ്പോയിൽ നിന്ന് കിളിമാന്നൂർ ഭാഗത്തേക്ക് രാത്രികാലങ്ങളിലുണ്ടായിരുന്ന ബസ് സർവീസുകൾ പുനഃരാംഭിക്കുന്നതിനായി മുമ്പും നാട്ടുകാർ നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല. വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ നിരവധി തവണ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇവയെല്ലാം ഡിപ്പോ അധികൃതർ അവഗണിക്കുകയായിരുന്നു.
News : Kerala Kaumudi