പൊന്മുടിയിലേയ്ക്ക് ഒരു യാത്ര പോകാമെന്ന് കരുതിയാണ് ഞായറാഴ്ച്ച രാവിലെ ഭക്ഷണവും കഴിച്ച് ഇറങ്ങിയത്. ഞായറാഴ്ച്ചയായതുകൊണ്ടുതന്നെ ഗ്രാമങ്ങളെ നഗരങ്ങവുമായി ബന്ധിപ്പിയ്ക്കുന്ന കെ എസ് ആർ റ്റി സി ബസുകൾ പലതും ട്രിപ്പുകൾ കുറവായിരുന്നു. അതുകൊണ്ട് വട്ടിയൂർക്കാവ് നിന്നും ഇരുമ്പ മഞ്ച അരുവിക്കര വഴി നെടുമങ്ങാട് എത്താമെന്ന പ്ലാൻ ഞാൻ ഉപേക്ഷിച്ചു. പകരം വട്ടിയൂർക്കാവിൽ നിന്ന് പേരൂർക്കടയിലേയ്ക്ക് വണ്ടി കയറി. അവിടെ നിന്നു ഉടനെ അടുത്ത ബസിൽ നെടുമങ്ങാട് എത്തുകയും ചെയ്തു. പക്ഷേ അപ്പോഴേയ്ക്കും വർക്കലയിൽ നിന്നുള്ള പൊന്മുടി ബസ് അവിടെനിന്നും സ്ഥലം വിട്ടിരുന്നു. ഇനി അവനെ പിടിച്ചാൽ കിട്ടില്ല.
തിരുവനന്തപുരത്തെ എന്റെ സഹയാത്രികൻ ഹാഷിം ഇക്ക ഒരു ആവശ്യത്തിനുവേണ്ടി നെടുമങ്ങാട്ട് ഉണ്ടായിരുന്നു. അദ്ദേഹവും ഫ്രീയായിരുന്നതുകൊണ്ട് ഇനിയുള്ള യാത്ര ഒരുമിച്ചാകാമെന്നു തീരുമാനിച്ചു. പേപ്പാറ വനത്തിലെ പൊടിയക്കാല ആയിരുന്നു ആദ്യ ലക്ഷ്യം. മുൻപ് മൂന്ന് നാല് തവണ പോയിട്ടുണ്ടെങ്കിലും കലുങ്ക് നിർമ്മാണം കഴിഞ്ഞ് ബസ് പൊടിയക്കാല സെറ്റിൽ മെന്റ് വരെ ബസ് പോകുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് അവിടം വരെയൊന്ന് പോയി കാണാമെന്ന് തീരുമാനിച്ചു.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 11.20 ന് പുറപ്പെടുന്ന പൊടിയക്കാല ബസ് വിതുരയിൽ ഉച്ചയ്ക്ക് 1 മണിയോടെ എത്തും. സമയം ധാരാളമുണ്ടതുകൊണ്ട് ഞങ്ങൾ നേരെ പേപ്പാറ ഡാം വരെ പോയി. ഹാഷിം ഇക്കയുടെ ബൈക്കിൽ ആയിരുന്നു യാത്ര. പേപ്പാറ ഡാം റിസർവോയറിന്റെയും കെട്ടിന്റെയും ഭാഗത്ത് കുറച്ചുദിവസമായി ഒരു ഒറ്റയാൻ കറങ്ങി നടപ്പുണ്ടെന്ന് വിവരം കിട്ടിയിരുന്നു. ഡാമിൽ മീൻ പിടിയ്ക്കാൻ വന്ന കാണിക്കാരെയും ദാം കാണാൻ വന്ന ടൂറിസ്റ്റുകളെയും അവൻ പറപ്പിച്ചെന്നാണ് കേട്ടത്. രക്ഷപ്പെടാൻ വെള്ളത്തിൽ ചാടിയ കാണിക്കാർക്കൊപ്പം കൊമ്പനും വെള്ളത്തിൽ ചാടി അവരെ അക്കരെ വരെ നീന്തിച്ച അവൻ അല്പം അപകടകാരിയാണെന്ന് ഗാർഡുമാർ പറഞ്ഞു.
ഡാം കാണാൻ ധാരാളം കുടുംബങ്ങൾ അവിടെയെത്തുന്നുണ്ട്. ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ ആന അങ്ങ് ഉൾക്കാട്ടിലാണെന്ന് പറഞ്ഞു. ഡാം കാണാൻ നില്ക്കാതെ ഞങ്ങൾ നേരെ കുട്ടപ്പാറ ചെക്ക് പോസ്റ്റിലേയ്ക്ക് വന്നു. ഫോറസ്റ്റ് വാച്ചറുമായി അല്പനേരം കമ്പനിയടിച്ച് അവിടെയിരുന്നു. ഇരുട്ടുമൂടുമ്പോൾ ഫോറസ്റ്റ് ഓഫീസിന്റെ നേരെ മുന്നിൽ, റോഡ് സൈഡിൽ തന്നെയുള്ള മൊട്ടക്കുന്നിലേയ്ക്ക് ടോർച്ചടിച്ച് നോക്കിയാൽ കുറേ പച്ചക്കണ്ണുകൾ തിളങ്ങുന്നത് കാണാമത്രേ – കാട്ടുപോത്തുകൾ!
ഒന്നേ കാലോടെ പൊടിയക്കാല ബസ് എത്തി. നിറയെ കാണി വിഭാഗക്കാരാണ് ബസിൽ. പൊടിയക്കാലയിലേയ്ക്ക് ടിക്കറ്റ് നിരക്ക് 8 രൂപ. ഡാം റോഡിൽ നിന്ന് പൊടിയക്കാലയിലേയ്ക്ക് ഇറങ്ങുന്നതിന്റെ ഭാഗത്ത് ഒരു ചെക്ക് പോസ്റ്റ് പണിയുന്നുണ്ട്. ഒറ്റപ്പെട്ട വനമേഖലയിലേയ്ക്ക് മദ്യപിയ്ക്കാൻ എത്തുന്നവരെ തടയാനാണ് അവിടെ ചെക്ക് പോസ്റ്റ് പണിയുന്നത്. ബസ് വനത്തിലൂടെ. മൺപാതയിലൂടെ ആടിയുലഞ്ഞ് യാത്ര തുടർന്നു. രാവിലെയും വൈകിട്ടും ഉള്ള ട്രിപ്പുകളിൽ ഈ വഴി ധാരാളം കാട്ടുപോത്തുകളെ ഇപ്പോൾ കാണാമെന്ന് പറയുന്നു. ഇടയ്ക്കിടെ ആനകളും.
ബസ് പൊടിയക്കാലയിൽ എത്തിയ ശേഷം ഞങ്ങൾ സെറ്റിൽ മെന്റ് ഏരിയയിലൂടെ നടന്നു. ബസ് ഇനി 2.20 ആകും തിരിച്ചെടുക്കുമ്പോൾ. ഞങ്ങൾ നേരെ ഡാം തീരത്തിറങ്ങി. അപ്പോഴേയ്ക്കും തിരിച്ചുപോകുന്ന ബസിൽ പോകാനായി അമ്മച്ചിമാരും കുട്ടികളുമൊക്കെ സ്റ്റോപ്പിൽ എത്തിത്തുടങ്ങി. 2.20 കഴിഞ്ഞതോടെ ബസ് തിരികെ പുറപ്പെട്ടു. തിരികെ ഞങ്ങൾ കുട്ടപ്പാറ ചെക്ക് പോസ്റ്റിൽ ഇറങ്ങി. പിന്നീട് ഞങ്ങൾ നേരെ വിട്ടത് ചാത്തൻകോട് സെറ്റിൽ മെന്റിലേയ്ക്കായിരുന്നു.
വിതുരയിൽ നിന്ന് ബോണക്കാട് റൂട്ടിൽ ജേഴ്സി ഫാം കഴിഞ്ഞാണ് പേപ്പാറ വനംവകുപ്പ് ചെക്ക് പോസ്റ്റ്. അവിടെ നിന്ന് ബോണക്കാടിലേയ്ക്കും ചാത്തൻകോടിലേയ്ക്കും തിരിയാം. ബോണക്കാടിലേയ്ക്ക് പുറത്തുനിന്നുള്ളവർക്ക് പ്രൈവറ്റ് വാഹങ്ങളിൽ യാത്ര തടഞ്ഞിരിയ്ക്കുകയാണ് (കെ എസ് ആർ റ്റി സി ബസിൽ പോകാം). ചാത്തൻ കോടിലേയ്ക്ക് അനുവാദം വാങ്ങി വേണം പോകാൻ. വാഴ്വന്തോൾ വെള്ളച്ചാട്ടത്തിൽ പോകില്ല എന്ന് ഉറപ്പുനല്കിയ ശേഷം ഞങ്ങൾ ചാത്തൻ കോടിലേയ്ക്ക് എത്തി.
ഒരുപാട് പേരുടെ ജീവനെടുത്ത സ്ഥലമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. ചാത്തൻകോട് നിന്നും വനത്തിലൂടെ 2 കിലോ മീറ്ററോളം നടന്നുവേണം അങ്ങോട്ടെത്താൻ. ഞങ്ങൾ ചാത്തൻ കോടെത്തിയശേഷം അവിടെ നിന്നും ഡാമിന്റെ തീരത്തേയ്ക്കിറങ്ങി. ഡാമിലും ഡാമിലേയ്ക്കൊഴുകുന്ന അരുവികളിലും ധാരാളം പേർ കുളിയ്ക്കുന്നുണ്ട്. ഉഴമലയ്ക്കൽ സ്കൂളിൽ നിന്നെല്ലാം കുട്ടികൾ സ്കൂൾ ബസിൽ അങ്ങോട്ടെത്തിയിരിയ്ക്കുന്നു. മഴ പൊടിയുന്നുണ്ട്. കൂടുതൽ പെയ്യുന്നതിനു മുൻപ് ഞങ്ങൾ അവിടെ നിന്ന് തിരികെ പുറപ്പെട്ടു.
ഇനി ലക്ഷ്യം മൊട്ടമൂട് എന്ന സ്ഥലമാണ്. പൊന്മുടി റൂട്ടിലാണ് ഈ സ്ഥലം. ചെക്ക് പോസ്റ്റും കടന്ന്, ഏകദേശം പൊന്മുടിയുടെ മടിത്തട്ട് എന്ന് പറയാം. പുറമേ നിന്നുള്ളവർക്ക് പ്രൈവറ്റ് വാഹങ്ങളിൽ അങ്ങാട്ട് പ്രവേശനമില്ല. വിഷ ചികിത്സ ചെയ്യുന്നവരും കല്ലിനുള്ള ചികിത്സ ചെയ്യുന്ന വൈദ്യന്മാരും ഒരുപാടുണ്ട് ഈ ഉൾപ്രദേശത്ത്. ആ പേര് പറഞ്ഞാൽ അങ്ങോട്ട് കടത്തിവിട്ടേക്കുമെന്ന് പറഞ്ഞെങ്കിലും അങ്ങനെയൊരു ഉദ്യമത്തിന് ഞങ്ങൾ മുതിർന്നില്ല.
വിതുരയിൽ നാലരയ്ക്ക് എത്തുന്ന മൊട്ടമൂട് ബസിൽ പോകാമെന്ന് തീരുമനിച്ചു. എന്നാലല്ലേ ബസിന്റെ അഭ്യാസം നമുക്ക് കാണാൻ പറ്റൂ. ഞങ്ങൾ നേരെ വിതുരയിൽ വന്ന് ബസ് ഡിപ്പോയിൽ കാത്തിരുന്നു. നാലര കഴിഞ്ഞതോടെ മൊട്ടമൂടിലേയ്ക്കുള്ള കുട്ടി ബസ് എത്തി. ബസിൽ യാത്രക്കാരായി ഞങ്ങൾ രണ്ടുപേർ മാത്രം! 11 രൂപയാണ് മൊട്ടമൂട് ടിക്കറ്റ് നിരക്ക്. ബസ്, കല്ലാറും പേപ്പാറ ചെക്ക് പോസ്റ്റും കടന്ന് പൊന്മുടി ചുരം കയറാൻ തുടങ്ങി. കോടമഞ്ഞ് ഇറങ്ങിയിരിയ്ക്കുന്നു. ചുരത്തിനു താഴെ സ്ഥിതി ഇതാണെങ്കിൽ പൊന്മുടിയിൽ എന്തായിരിക്കും സ്ഥിതി!
ചുരം കയറി ആദ്യത്തെ ഹെയർപിൻ വളവിനു മുൻപ് ബസ് ഇടത്തേയ്ക്കുള്ള കാട്ടുവഴിയിലേയ്ക്ക് ചെക്ക് പോസ്റ്റും കടന്ന് കയറി. ഇടുങ്ങിയ വഴിയാണ്. കുറച്ചുദൂരം വരെ ടാറിംഗ് അതുകഴിഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് കല്ലുപത്തിപ്പിച്ച റോഡ്. രണ്ട് കൊടും വളവുകളും കുത്തനെ കയറ്റവും. രണ്ടു വശങ്ങളിലും ഇടതൂർന്ന വനം. ചില ഭാഗത്ത് ചെളിയിൽ വഴുക്കി ബസ് കയറാതെ വന്നു. അപ്പോഴൊക്കെ ബസ് പിന്നൊട്ടിറക്കി ക്രോളിംഗ് ഗിയറിൽ അടിച്ചുമിന്നിച്ച് കയറ്റിയെടുത്തു. ബസിന് കഷ്ടിച്ച് പോകാൻ മാത്രം ഇടമുള്ള ഒരു കൊച്ചു കലുങ്ക് ഇത്രയും പാട് സഹിച്ച് ബസ് മൊട്ടമൂട് സെറ്റിൽ മെന്റിൽ എത്തി.
ചുറ്റും കോടമഞ്ഞിറങ്ങിയിരിയ്ക്കുന്നു. മഴപെയ്താൽ ഇതിലും കോടയിറങ്ങുമെന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞു. പുള്ളിയും ബസ് നിർത്തിയിറങ്ങി ഞങ്ങൾക്കൊപ്പം ബസിന്റെ ചിത്രമെടുത്തു. മൂവാറ്റുപുഴക്കാരൻ ഡ്രൈവറാണ് അദ്ദേഹം. സ്ഥലം മാറി വന്ന ശേഷം ആദ്യത്തെ ട്രിപ്പ് ആയിരുന്നു. മൊട്ടമൂട് പ്രയാസമുള്ള റൂട്ട് ആണെന്ന് പറഞ്ഞ് പലരും പേടിപ്പിച്ചിരുന്നെന്ന് പറഞ്ഞു. ‘പിന്നെ നമുക്ക് ധൈര്യമുണ്ടേൽ എവിടെ വേണേലും ബസ് കൊണ്ടുപോകാമെന്നേ’ എന്ന് പുള്ളി അഭിപ്രായപ്പെട്ടു. ബസ് ഉടനെ തന്നെ മടക്കയാത്രയാരംഭിച്ചു. ആ വരവിൽ ബസ് പാലത്തിൽ കയറുന്ന വീഡിയോ എടുക്കാൻ അദ്ദേഹവും കണ്ടക്ടർ ചേട്ടനും സഹകരിച്ചു. കാരണം ആ ബസിൽ ആകെ ഞങ്ങളല്ലേ ഉള്ളൂ യാത്രക്കാരായിട്ട്.
ആ വീഡിയോയും ചിത്രങ്ങളും ഡ്രൈവർ ചേട്ടന് അയച്ചുകൊടുക്കലായിരുന്നു വിതുര എത്തുന്നതുവരെ എന്റെ പണി. വിതുരയിൽ എത്തി, ഞങ്ങൾ ബൈക്കിൽ നേരെ നെടുമങ്ങാട് എത്തി. എനിയ്ക്ക് തിരിച്ച് പോകാനുള്ള ബസ് നോക്കി നടക്കുന്നതിനിടയിൽ മൊട്ടമൂട് ബസിനെയും സ്റ്റാഫിനെയും വീണ്ടും കണ്ടു. മടക്കയാത്രയിൽ പേരൂർക്കടയിൽ എത്തിയതോടെ ഒരു മഴയും കിട്ടി.
ചിത്രങ്ങള് , വിവരണം : വിമല് മോഹന്