നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിർത്തിയിടുന്ന ബസുകൾ ബാറുകളാകുന്നുവെന്നു പരാതി. ഇന്നലെ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലിരുന്നു മദ്യപിച്ചതിനു ജീവനക്കാരെയും ഇവർക്കു മദ്യവുമായെത്തിയ യുവാവിനെയും പൊലീസ് പിടികൂടി.
സ്റ്റാൻഡിലെ വിവിധ ഭാഗങ്ങളിലായി അടുത്ത ട്രിപ്പിനുള്ള സമയം ആകുന്നതുവരെ കാത്തുകിടക്കുന്ന ചില സ്വകാര്യ ബസുകളാണു പലപ്പോഴും മദ്യശാലയായി മാറുന്നത്. ചില ബസ് ജീവനക്കാരും അവരുടെ സുഹൃത്തുക്കളുമാണു ബസുകളെ ബാറുകളാക്കി മാറ്റുന്നത്.
ബസ് സ്റ്റാൻഡിൽ എത്തുന്ന സമയമാകുമ്പോഴേക്കും മദ്യവും ടച്ചിങ്സും മറ്റു ഭക്ഷണവുമായി അവധിയിലുള്ള ബസ് ജീവനക്കാർ എത്തും. ബസിന്റെ വശങ്ങളിലെ ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം ബസിനുള്ളിൽ ഇരുന്നു മദ്യപിക്കുന്നതു പതിവാണ്. നല്ലവരായ ബസ് ജീവനക്കാര്‍ക്കു കൂടി ചീത്തപ്പേരു കേള്‍പ്പിക്കുകയാണ് ഇത്തരം ആളുകള്‍.
ബസ് സ്റ്റേഷൻ പരിസരത്തു ശുചിമുറി സൗകര്യമുണ്ടെങ്കിലും മിക്ക ബസിലെയും ജീവനക്കാർ സ്റ്റേഷൻ പരിസരത്തു മതിലിനോടു ചേർന്നു പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതു യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഇതു സംബന്ധിച്ചു പലതവണ പരാതികൾ പറഞ്ഞിട്ടും ബന്ധപ്പെട്ടവർ വേണ്ട നടപടി സ്വീകരിച്ചില്ലായെന്നും ആക്ഷേപമുണ്ട്.
News : ManoramaOnline