മുമ്പൊക്കെ നിരത്തുകളില്‍ നൂറു ബൈക്കുകളില്‍ രണ്ടോ മൂന്നോ എണ്ണം മാത്രമായിരുന്നു ബുള്ളറ്റുകള്‍. എന്നാല്‍ ഇന്ന് ബുള്ളറ്റുകള്‍ മുട്ടി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരവധി പേര് ഈ രാജകീയ വാഹനത്തിന്റെ ഉടമകളായി അനുദിനം മാറുന്നു. എന്നാല്‍ ഇവര്‍ അറിയാത്ത നിരവധി കാര്യങ്ങള്‍ ബുള്ളറ്റിനുണ്ട്. കേവലമൊരു ബൈക്കാണ് ബുള്ളറ്റെന്നു കരുതിയെങ്കില്‍ തെറ്റി. സാധാരണ ബൈക്ക് പോലെയല്ല ബുള്ളറ്റ്. അതിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പുതിയ ബുള്ളറ്റിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍..
1. കിക് സ്റ്റാര്‍ട്ട് : ഒരു ദിവസം ആദ്യമായി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കിക് സ്റ്റാര്‍ട്ട് മാത്രം ഉപയോഗിക്കുക. ഇത് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ട് ചെയ്ത് 30 സെക്കന്‍ഡ് കാത്തുനില്ക്കുക. ശേഷം മാത്രം ബുള്ളറ്റ് മുന്നോട്ടെടുക്കുക.
2. എഞ്ചിന് വിശ്രമം : ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ എന്‍ജിനു വിശ്രമം നല്‍കുക. 500 കിമീ വരെ ആക്സിലറേറ്റര്‍ പകുതി വരെയേ കൊടുക്കാവൂ. 500-2000 കിമീ വരെ 80 കിമീ/ മണിക്കൂറില്‍ താഴെ വേഗമാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍ദ്ദേശിക്കുന്നത്.
3. വേഗം 50 കിമീ മാത്രം : ആദ്യത്തെ 500 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ വേണം ഓടിക്കാന്‍ . എന്ജിന് തണുക്കാനും ക്ലിയറന്‍സ് ശരിയാക്കുന്നതിനും വേണ്ടിയാണിത്. അമിത വേഗമെടുത്താല്‍ എന്ജിന് അമിതമായി ചൂടാകും. പാര്‍ട്സുകള്‍ക്ക് ക്രമരഹിതമായ തേയ്മാനം ഉണ്ടാകും.
4.തുരുമ്പിനെ സൂക്ഷിക്കുക : ബുള്ളറ്റിന്റെ ബോഡിക്ക് എളുപ്പം തുരുമ്പ് പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുടങ്ങാതെ കഴുകി തുടച്ച് വണ്ടി സൂക്ഷിക്കുക. കവര്‍ ഉപയോഗിച്ച് വണ്ടി മൂടി വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. Classic 350 മോഡലിന്റെ ഉടമസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുക
5. റേസിങ്ങ് അരുത്
മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗത്തിലും ബുള്ളറ്റ് ഓടിക്കാം. പക്ഷേ ഇതൊരു സ്പോര്‍ട്സ് ബൈക്കല്ല എന്ന കാര്യം ഓര്മ വേണം. ആദ്യത്തെ 2,000 കിലോമീറ്ററിനു ശേഷം പോലും ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്ത് തുടര്‍ച്ചയായി ബുള്ളറ്റ് ഓടിക്കരുതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഓടിച്ചാല്‍ എന്‍ജിന്റെ ആയുസ് കുത്തനെ കുറയും.
6. ഇരപ്പിക്കല്‍ അരുത് : ബുള്ളറ്റിന്റേത് എയര്‍ കൂള്‍ഡ് എന്‍ജിനാണ്. ഓടുമ്പോള്‍ എന്‍ജിന്റെ ബാഹ്യഭാഗത്ത് പതിക്കുന്ന കാറ്റാണ് എഞ്ചിനെ തണുപ്പിയ്ക്കുന്നത്. അതുകൊണ്ടു സ്റ്റാര്‍ട്ട് ചെയ്ത് ക്ലച്ച് പിടിച്ചോ ന്യൂട്രലിലിട്ടോ വെറുതെ ആക്സിലറേറ്റര്‍ കൊടുത്ത് ഇരപ്പിക്കരുത്. ഇത് എന്ജിലെ പാര്‍ട്സുകള്‍ക്ക് അമിതമായ തേയ്മാനം അതുണ്ടാക്കും.
7.ബ്രേക്ക് : സാധാരണ ബൈക്കുകളുടെതിനു സമാനമല്ല ബുള്ളറ്റിന്റെ ബ്രേക്കുകള്‍. പെട്ടെന്നു വേഗമെടുക്കാത്തതുപോലെ ബ്രേക്കിട്ടാല്‍ പെട്ടെന്നു ബുള്ളറ്റ് നില്‍ക്കില്ല. അതു മനസിലാക്കി തുടക്കക്കാര്‍ ബുള്ളറ്റ് കൈകാര്യം ചെയ്യുക.
8. ഫോര്‍ക്ക് : ബുള്ളറ്റിന്റെ മുന്‍ഭാഗം ഇടിച്ചാല്‍ ഫോര്‍ക്ക് സസ്പെന്‍ഷനു കോട്ടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. അവ മാറുന്നത് പണച്ചിലവുള്ള കാര്യമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക
അതുപോലെ ബുള്ളറ്റ് പാര്‍ക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കുക. ഭാരം കൂടുതലുള്ളതിനാല്‍ നല്ല ഉറപ്പുള്ള പ്രതലത്തില്‍ വേണം പാര്‍ക്ക് ചെയ്യാന്‍.
9. വള്ളിച്ചെരിപ്പ് ഇട്ട് ബുള്ളറ്റ് ഓടിക്കരുത് : ബുള്ളറ്റ് ഉപയോഗിക്കുമ്പോള്‍ വള്ളിച്ചെരിപ്പുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും പൊക്കം കുറഞ്ഞവര്‍. മണലോ ചെളിയോ നിലത്തുണ്ടെങ്കില്‍ ചവിട്ടുമ്പോള്‍ വള്ളിച്ചെരിപ്പ് തെന്നി ബുള്ളറ്റുമായി മറിഞ്ഞേക്കും. ഷൂസോ ബാക്ക് സ്ട്രാപ്പ് ഇട്ട് മുറുക്കാവുന്ന തരം ചെരിപ്പുകളോ മാത്രം ഉപയോഗിക്കുക.
10. മോഡിഫിക്കേഷന് : എക്സോസ്റ്റിലും മറ്റുമുള്ള മോഡിഫിക്കേഷന് പുതിയ ബുള്ളറ്റിന്റെ എന്ജിന് വാറന്റി ഇല്ലാതാക്കുമെന്നറിയുക. ഒരു വര്‍ഷം അല്ലെങ്കില്‍ 10,000 കിലോമീറ്ററാണ് കമ്പനി നല്കുന്ന വാറന്റി. റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന കസ്റ്റമൈസേഷന് പാര്‍ട്സ് ഉപയോഗിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം. കൃത്യമായ ഇടവേളകളില്‍ ബുള്ളറ്റ് സര്‍വീസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വാഹനത്തോടൊപ്പം ലഭിക്കുന്ന കൈപ്പുസ്തകം ശ്രദ്ധയോടെ വായിക്കുക.
Source – http://www.asianetnews.com/automobile/10-tips-for-new-bullet-owners