“പരാശർ തടാകത്തിലേയ്ക്ക് പോയാലോ???ഇപ്പോ ഓഫ് സീസണാണ്,ഇപ്പോ പോയാലേ ആ ഒരിത് കിട്ടൂ…”-അശുതോഷാണ് പ്ലാൻ മുന്നോട്ട് വെച്ചത്…യാത്രയ്ക്കുള്ള സംഘവും രൂപരേഖയും തയ്യാറായത് പ്രകാശവേഗത്തിലായിരുന്നു.കൽക്കത്തയിൽ നിന്ന് ഞാനും,അശുതോഷും,അനിരുദ്ധും ഷിംലയിലേക്ക് പുറപ്പെടുന്നു,അവിടെ വെച്ച് തരുണും,വിജയും മൂവർ സംഘം അഞ്ചായി വികസിക്കുന്നു..തുടർന്ന് പരാശർ തടാകത്തിലേയ്ക്ക്.ഇതാണ് കരടുരൂപം.ഹിമാലയത്തിൽ,2730 മീറ്റർ ഉയരത്തിൽ ഒന്നര കി.മീ ചുറ്റളവിൽ ഒരു തടാകം,അതിനുള്ളിൽ വളരെ ചെറിയൊരു തുരുത്തും,പരാശരമുനിയുടെ പ്രതിഷ്Oയുള്ളൊരു ക്ഷേത്രവും..ഇത്രയാണ് കാണേണ്ടത്..ഹൈന്ദവ വിശ്വാസപ്രകാരം ഈ തടാകത്തിലെ കടത്തുകാരി ആയിരുന്ന സത്യവതിയോട് പരാശരമഹർഷിക്ക് ആസക്തി തോന്നുകയും,പ്രാപിക്കുകയും,വേദവ്യാസൻ ജനിക്കുകയും ചെയ്തു..ദ്വീപിൽ ജനിച്ചതിനാൽ കൃഷ്ണദ്വൈപായനൻ എന്നാണ് വ്യാസനെ നാമകരണം ചെയ്തത്..ഇതെല്ലാം കിനാവുകണ്ട് ഇരിക്കുന്നതിനിടെയാണ് ചോദ്യം വന്നത്
“താമസിക്കാനെന്തുണ്ട്”????
“പി ഡബ്ല്യു ഡി ഗസ്റ്റ് ഹൗസ്”-അശുതോഷ് മറുപടി പറഞ്ഞു..നേരത്തെ ബുക്ക് ചെയ്താലെ മുറി കിട്ടൂ എന്നതിനാൽ സിംലയിലെ സുഹൃത്തുക്കൾ അവിടത്തെ പി ഡബ്ള്യു ഡിഓഫീസ് വഴി ബുക്കിംഗിന് ശ്രമിച്ചുവെന്കിലും നിരാശയായിരുന്നു ഫലം.”ഏപ്രിൽ മാസം ഓഫ് സീസണാണ്,അതിശൈത്യം ആയിരിക്കും അവിടെ..അതിനാൽ ഗസ്റ്റ് ഹൗസുകൾ അടഞ്ഞുകിടക്കുകയാണ്..തന്നെയുമല്ല സീസണിൽപ്പോലും വനിതാ തീർത്ഥാടകരോ സഞ്ചാരികളോ അങ്ങനെ വരാറുമില്ല”-ഇതായിരുന്നു അവിടുന്നു കിട്ടിയ മറുപടി.പിന്മാറാൻ തയ്യാറായിരുന്നില്ല,എയ്തുവിട്ടശരം പോലെ തന്നെ അതിയായ ആഗ്രഹത്തെയും തടഞ്ഞ് വെയ്ക്കാനാവില്ലല്ലോ..ജമ്മു താവി എക്സ്പ്രസിലെ യാത്ര ആമ്പലയിൽ അവസാനിപ്പിച്ചും പിന്നെ ബസിൽ കേറിയും ഒക്കെ സിംലയിൽ എത്തി…
2013 ഏപ്രിൽ മാസമായിരുന്നു അത്…മിതമായ തണുപ്പ് മാത്രം..മുൻപൊന്നു രണ്ട് തവണ സിംലയിൽ കറങ്ങിയിട്ടുള്ളതിനാൽ ഇവിടെ അധികം പരിപാടിയില്ല..പിറ്റേന്ന് തന്നെ അഞ്ചംഗസംഘം യാത്രയ്കായി കോപ്പുകൂട്ടി-ഫുൾസർവീസിങ്ങ് കഴിഞ്ഞിറങ്ങിയ ടൊയോട്ട ക്വാളിസ്,അതിശൈത്യത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ,ലഘുഭക്ഷണം,പിന്നെ അവശ്യവസ്തുവായി ധൈര്യം,ഇത്രയേ വേണ്ടുള്ളൂ.സിംലയിൽ നിന്ന് മാണ്ടി-കദിൻഡി-കാമണ്ടി-സാൽഗി-നാണ്ടലി-കടോല-ഭാഗി എന്നീ ഗ്രാമങ്ങളിലൂടെയുള്ള 230 കി.മീ യാത്രയ്ക്ക് ശേഷം ആൾപ്പാർപ്പില്ലാത്ത വനത്തിലൂടെ 27 കി.മീ യാത്രാനന്തരമേ നമുക്ക് പരാശര തടാകത്തിലെത്തൂ…
മുകളിൽ പറഞ്ഞ എവിടെയെന്കിലും ഹോട്ടലുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇറങ്ങിത്തിരിച്ചത്.രാവിലെ 9 മണിയോടെയാണ് സിംലവിട്ടത്..അഞ്ച് പേർക്കും ലൈസൻസും,ഹിമാലയൻ റോഡുകളിലൂടെ തന്നെ ഡ്രൈവ് ചെയ്തുള്ള എക്സ്പീരിയൻസും ഉള്ളതിനാൽ ഡ്രൈവിങ്ങ് ക്ലേശകരമായിരുന്നില്ല.റൊട്ടേഷൻ പോളിസിയിൽ ആസ്വദിച്ചായിരുന്നു ഓടിച്ചത്,ഉച്ചയോടെ കദിൻഡിയിലെത്തി.ഗ്രാമീണമായ ചെറുകിട ഭോജനശാലകളല്ലാതെ മറ്റൊന്നുമില്ല..റൊട്ടിയും,സ്വാദിഷ്ടമായ ദാൽകറിയും കഴിച്ച്,യാത്ര തുടർന്നു.പിന്നീടങ്ങോട്ടുള്ള റോഡ് ഗട്ടറുകളുടെ സമ്പന്നതയാൽ ബുദ്ധിമുട്ട് സമ്മാനിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.ഗോതമ്പ്-ചോളപ്പാടങ്ങളുടെ ഭംഗിയും അകലെ ഹിമവാൻറെ ഗാംഭീര്യവും ആസ്വദിച്ച് ദൂരം താണ്ടി..





ഭാഗിയിലോ,നാണ്ടലിയിലോ താമസസൗകര്യങ്ങൾ ഉണ്ടെന്കിൽ അവിടെത്തങ്ങാമെന്നായിരുന്നു ധാരണ.നാലേകാലോടെ നാണ്ടലിയിലെത്തുകയും ചെയ്തു,ചായ കുടിക്കുന്നതിനിടെ ചായക്കടക്കാരനോട് താമസസൗകര്യങ്ങളെപ്പറ്റി അഭിപ്രായം ചോദിച്ചു.”ഇവിടെ കർഷകരാണ് താമസം,അവർക്ക് നിങ്ങളെ സംരക്ഷിക്കാൻ വലിപ്പമുള്ള വീടുകളുണ്ടാവില്ല..ഭാഗിയിൽ ഇവരുടെ ജന്മിമാരുണ്ട്..അവിടെത്തങ്ങൂ,ആ തണുപ്പുമായി പൊരുത്തപ്പെട്ടാലേ പർവതം കേറാൻ പറ്റൂ…പിന്നെ ഏപ്രിൽ മാസം നിങ്ങളല്ലാതെ ആരും ഇവിടെ കാലുകുത്തില്ല,ഭീകരമായ തണുപ്പു മഴയും കാറ്റുമാണ് നിങ്ങളെ മുകളിൽ കാത്തിരിക്കുന്നത്,ഭാഗിയിൽ എൻറെയൊരു ബന്ധുവുണ്ട്,അവിടെത്തങ്ങിക്കോളൂ അഡ്രസ് ഞാൻ തരാം”…കടക്കാരൻ പറഞ്ഞു.. അനുകൂല കാലാവസ്ഥയെന്കിൽ മാത്രം മല കയറുക എന്നുകൂടി അദ്ദേഹം ഉപദേശിച്ച്,അഡ്രസും തന്ന് വിട്ടു.ഭാഗി എത്തുന്ന വരെ താഴ്ത്തിയിട്ട ഗ്ലാസിലൂടെ കുളിരുമായി ഇളം തെന്നലായിരുന്നു. എന്നാൽ ഭാഗിയിലെത്തുമ്പോൾ കുത്തനെ താപനില ഇടിഞ്ഞുതാഴുന്നത് പോലെയൊരു തോന്നൽ..അകലെ തലയുയർത്തി നിൽക്കുന്ന ഹിമവാൻറെ ഗിരിശൃ൦ഗങ്ങളുടെ മനോഹരദൃശ്യം കാമറയിൽ പകർത്താൻ മടി കാണിച്ചില്ല..
ഗ്രാമത്തിൽ നിന്ന് തെല്ലകന്ന് വനാതിർത്തിയിലായിരുന്നു വീട്,വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല.കിഷൻലാൽ എന്ന കുടുംബനാഥനും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത് ഒരു വലിയ കിടപ്പറയും,ഒരു അടുക്കളയും,ചെറിയൊരു ഡൈനിങ്ങ്ഹാളും,വരാന്തയുമടങ്ങുന്ന ചെറിയൊരു വീട്ടിൽ.അഞ്ച് പേരെക്കൂടി താങ്ങാനുള്ള ശേഷി ആ വീടിനുണ്ടോ എന്ന സന്ദേഹം ഉണ്ടായിരുന്നു.ഞങ്ങളോട് കിടപ്പറ ഉപയോഗിക്കുവാൻ പറഞ്ഞുകൊണ്ട് ചൗക്കാളവുമായി കുടുംബം വരാന്തയിലേക്ക് പോയി.
പത്തോ പന്ത്രണ്ടോ തോന്നിക്കുന്ന കുഞ്ഞുങ്ങൾ പുറത്തുകിടക്കുന്നത് മനുഷ്യത്വരഹിതമാണെന്നതിനാൽ ഞങ്ങൾ നിർബന്ധിപ്പിച്ച് അവരെ അകത്തേയ്ക്ക് തന്നെ കയറ്റി.ബാഗേജുകൾ വരാന്തയിൽ വെച്ചു,തണുത്ത വെള്ളത്തിൽ ഒന്നാന്തരമൊരു കുളിയും പാസ്സാക്കി,ചൂട് ചായയും കുടിച്ച് കിഷൻജിയോട് പരാശർ ക്ഷേത്രത്തെയും, തടാകത്തെയും, മലകയറ്റത്തെയും കുറിച്ചാരാഞ്ഞു.
“അത്യധികം അപകടകരമാണ് നിബിഡവനത്തിലൂടെയുള്ള യാത്ര,രൂക്ഷമായ മഴ,കാറ്റ്,മലയിടിച്ചിൽ,ഹിമപാതം ഇതൊക്കെ സർവസാധാരണമാണ്.സീസണിൽപ്പോലും ഇവിടെ തീർത്ഥാടകർ കുറവാണ്.ശ്രദ്ധ വേണംഎവിടെയും ഒരു ദുരന്തം പതിയിരിക്കുന്നുണ്ട്”.അപ്രതീക്ഷിതമായി മഴ ഇരമ്പിയെത്തി,തണുപ്പും കൂടി..രാത്രി ഭക്ഷണവും കഴിച്ച്,ചൗക്കാളത്തിനുമുകളിൽ കമ്പിളികളും ചാക്കും വിരിച്ച് കമ്പിളികളും പുതച്ച് ആറുമണിക്ക് അലാറവും സെറ്റ് ചെയ്ത് പരാശര തടാകവും കിനാവ് കണ്ട് ഉറങ്ങി.
==============================
==============================
ആ കുളിരിനിടയിൽ , അലാറത്തിൻറെ അലർച്ചയെത്തുടർന്ന്,മൂടൽമഞ്ഞ് മൂടിക്കിടന്നിരുന്ന പ്രഭാതത്തിലേക്ക് കണ്ണ്തുറന്നെഴുന്നേറ്റു.മുൻപെന്നോ ഭാവനയിൽ മാത്രം കണ്ടൊരു ദൃശ്യം.. മൂടൽമഞ്ഞിനിടയിലൂടെഎത്തിനോൽക്കാൻ ശ്രമിക്കുന്ന അരുണകിരണങ്ങൾ..മനസ്സിൽ ഒതുക്കാൻ മാത്രമേ സാധിച്ചുള്ളൂ.മഞ്ഞ് മാറാതെ യാത്ര തുടരാൻ പറ്റില്ല.
9 മണിവരെ അലഞ്ഞുതിരിഞ്ഞും,ആ കുട്ടികളോട് വർത്തമാനം പറഞ്ഞും,ആവോളം ചായ കുടിച്ചും നേരം നീക്കി.മാനം തെളിഞ്ഞതോടെ ഫ്രഷ് ആയി യാത്രയ്ക്കൊരുങ്ങിയതോടെ പ്രാതൽ തയ്യാർ. ആലു ബജിയും,ഒരു തരം ചട്നിയും..ആസ്വദിച്ച് കഴിച്ച് അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.ആദ്യത്തെ പതിമൂന്ന് കിലോമീറ്ററോളം അതിയായ ആഗ്രഹം കൊണ്ട് ഞാനാണ് വണ്ടിയോടിച്ചത്.പരുക്കൻ റോഡും,കുത്തനെയുള്ള കയറ്റവും പ്രതിബന്ധങ്ങളായിരുന്നു. അശ്രദ്ധയോ,അലംഭാവമോ,അഹന്തയോ ഉണ്ടെന്കിൽ ഓടിക്കാതിരിക്കുന്നതാവും നല്ലത്.ആ കയറ്റം ഒന്നാം ഗിയറിന് മാത്രം അർഹതപ്പെട്ടതായിരുന്നു,ഒച്ചിഴയും വേഗത്തിൽ വണ്ടി മുന്നോട്ട് നീങ്ങി.പിന്നെ ഞാൻ പിൻസീറ്റിലേക്ക് പിൻവലിഞ്ഞു. തൊട്ട് പിന്നാലെ സംഹാരതാണ്ഡവത്തിൻറെ മുന്നറിയിപ്പുമായി പേമാരി വന്നു.
ഇന്നലത്തെ മഴയ്ക്കിടയിൽ കിഷൻജി പറഞ്ഞിരുന്നു
“എല്ലാ മാസവും മഴയുണ്ടാകും”.പതിനാല് കി.മീ താണ്ടേണ്ടതുണ്ടായിരുന്നു മഴ കനത്തതോടെ വണ്ടി വഴിയിലൊതുക്കി..ഭയം കൂട്ടുന്ന വിധത്തിൽ അല്പം മുകളിലായി പാറക്കല്ലുകളും, മണ്ണും വീഴുന്നത് കണ്ടു.മലയിടിച്ചിലാണ്.മുൻപോട്ടുള്ള പാത ഏറെക്കുറെ അടഞ്ഞുകഴിഞ്ഞു,ഇതേ സാഹചര്യത്തിൽ തിരിച്ചിറക്കം അതികOിനം.മുന്നോട്ട് പോകുമ്പോൾ വീണ് കിടക്കുന്ന പാറകൾക്കിടയിലൂടെ ഏറെ ബദ്ധപ്പെട്ടാണ് കാറോടിച്ചത്.ദുരിതപർവം പിന്നിട്ട്,ഇരുളിനെ മാറിലൊളിപ്പിച്ച നിബിഡവനം കടന്നു വന്നു.പൈൻ,ദേവദാരു,റോഡെൻഡെൻട്രൺ മരങ്ങൾക്കൊപ്പം ചെറിയ സസ്യങ്ങളും കൂടി ചേർന്നതോട് ഘോരാന്ധകാരത്തിലകപ്പെട്ട പ്രതീതി.റോഡിലാണെന്കിൽ ഏതോ ശീതനിരുറവയിലെ പ്രവാഹവും,ചെളിയും കൂടി ചേർന്ന നീരൊഴുക്കും.അത് പിന്നിട്ടതോടുകൂടി പരന്ന പർവതഭാഗങ്ങളാണ് വരവേറ്റത്.താരതമ്യേന സുഖകരമായൊരു യാത്ര.പാത അവസാനിക്കുന്നത് നേരത്തെ സൂചിപ്പിച്ച പി ഡബ്ല്യു ഡി ഗസ്റ്റ് ഹൗസിന് മുൻപിൽ.അപ്പോഴാണ് പുറത്തിറങ്ങുന്നത്.കാറ്റിൻറെ ബലമെന്തെന്ന് ബോധ്യമായത് ഇവിടെ ഇറങ്ങിയപ്പോഴാണ്.പണ്ടെന്നോ ഒരു കൊടുന്കാറ്റ് കൽക്കത്തയിൽ നിലംതൊട്ടപ്പോൾ അനുഭവിച്ചതല്ലാതെ മറ്റനുഭവങ്ങൾ ഒന്നുമില്ല.പറന്നുപോകുമെന്ന് തോന്നി.ഗസ്റ്റ് ഹൗസിൽ നിന്ന് ഒരു മനുഷ്യജീവി നിലത്ത് കിടക്കാൻ ആജ്ഞാപിച്ചുകൊണ്ട് ഇറങ്ങി വന്നു.ഞങ്ങൾ അനുസരിച്ചു,തീവ്രത കുറഞ്ഞ പോലെ.ഒന്ന് കുറഞ്ഞപ്പോൾ എഴുന്നേറ്റ് നിന്നു.അയാൾ ഗസ്റ്റ് ഹൗസിലെ കാവൽക്കാരനാണ്.കാറ്റിനെ പ്രതിരോധിക്കേണ്ടത് ഇങ്ങനെയാണത്രേ.അല്ലെന്കിൽ പറത്തിക്കൊണ്ടുപോകും ചണ്ഡമാരുതൻറെ ദൃഢമായ കരങ്ങൾ.ഗസ്റ്റ് ഹൗസ് അടച്ചിരുന്നുവെന്കിലും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും,വാഹനം പാർക്ക് ചെയ്യാനും,രാവിലെ പൊതിഞ്ഞെടുത്ത ആലൂ ബജി കഴിക്കാനും ആയി വാതിലുകൾ തുറന്നു തന്നു.എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മഫ്ലറും,മറ്റും ധരിച്ച് അദ്ദേഹവും മലകയറാൻ തയ്യാറായി.ഞങ്ങളും ഇയർഡ്രം പ്രൊട്ടക്റ്ററും,മഫ്ളറുകളും ധരിച്ച് മലകയറാൻ തയ്യാർ.റക്സാക്കുകൾ പുറത്തിട്ട് നടക്കാൻ തയ്യാറായ ഞങ്ങളെ അദ്ദേഹം വിലക്കി,”ജീവനിൽ കൊതിയുള്ളവർ നടക്കില്ല”.
“പിന്നെ??”.
“മുട്ടിലിഴഞ്ഞേ പോകാൻ പറ്റൂ,അല്ലെന്കിൽ കാറ്റ് നിങ്ങളെ കൊണ്ട് പോകും”.
പുതിയൊരനുഭവത്തിൻറെ ആകാംക്ഷയിൽ ഞങ്ങൾ തയ്യാറായി.മുട്ടിലിഴയുന്നത് ചെളിവെള്ളത്തിലൂടെയാണ്.ചുറ്റും രണ്ടോ മൂന്നോ അടിക്കനത്തിൽ മഞ്ഞ്.സാഹസികതയെ കൊഴുപ്പിക്കാനായി കൂട്ടിന് മഴയും വന്നു.രണ്ട് കിലോ മീറ്ററോളം മുട്ടിലിഴഞ്ഞ് മലകയറുന്നതിനിടെ കാവൽക്കാരൻ സ്വയം പരിചയപ്പെടുത്തി.
ഗോപാൽ എന്നാണ് പേര് സിംലയ്ക്കടുത്താണ് വീട്.
കിടുകിടെ വിറയ്ക്കുന്ന ഞങ്ങളെ കണ്ട് ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു”-9 ഡിഗ്രീ സെൽഷ്യസാണ്,ശീലമുണ്ടാവില്ല”..
“-9ഓ ” ഞെട്ടിത്തരിച്ചുപോയി.
അഞ്ചേ കാലോടെ മുകളിൽ ക്ഷേത്രത്തിനും,തടാകത്തിനുമരികിലെത്തപ്പെട്ടു.നിവർന്ന് നിന്നപ്പോഴാണ് ആ സൗന്ദര്യത്തെ പൂർണമായും ആസ്വദിക്കാനായത്.10000ത്തോളം അടി ഉയരെ നിന്നു കൊണ്ടുള്ള കാഴ്ച.ഹിമഗിരിശൃംഗങ്ങളുടെയും,തടാകങ്ങളുടെയും,നിബിഡവനങ്ങളുടെയും നിശ്ചലദൃശ്യം.ക്ഷേത്രമാകട്ടെ ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.മൂന്നു നില,ആർഷഭാരത ശിൽപ്പകലയ്ക്കു പുറമേ ടിബറ്റിൻറെ കൂടെയൊരു വിരൽസ്പർശം.മരത്തടികളിലും,കല്ലുകളിലും കൊത്തുപണികൾ പൂർണത നൽകിയിരിക്കുന്നു.അന്കണം ചെന്കല്ലോ മറ്റോ കൊണ്ട് മൃദുവാക്കിയിരിക്കുന്നു.അനുപമമായൊരു വശ്യതയായിരുന്നു തടാകത്തിന്,തെളിഞ്ഞ ജലത്തിൽ പുല്ല് നിറഞ്ഞ തുരുത്തും ഉണ്ട്.ഒറ്റ നോട്ടത്തിൽ അലന്കരിച്ച ചങ്ങാടം പോലെ.ആ മനോഹാരിതയിൽ ലയിച്ചുനിൽക്കവെ ദീപാരാധന തുടങ്ങിയതായി അറിഞ്ഞു.വിശ്വാസിയല്ലെന്കിൽ കൂടി ആ സ്വച്ചതയിൽ ധ്യാനിക്കാം എന്ന് കരുതി മണ്ഡപത്തിലേക്ക് കയറി.തൊട്ടുപിന്നാലെ ഒഴിഞ്ഞു നിന്ന മഴ തിരികെയെത്തി.കൂടി നിന്ന സന്ന്യാസിമാരും,പൂജാരി ജഗന്നാഥ് ജിയും സംസാരിക്കാനായെത്തി.ഈ ക്ഷേത്രത്തിൻറെയോ,മൂലക്ഷേത്രത്തിൻറെയോ വിഗ്രഹത്തിൻറെ കാലപ്പഴക്കം നിർണയിക്കാനായിട്ടില്ല.തെല്ലൊരു തിളക്കത്തോടെ അഞ്ചടിയോളം ഉയരത്തിൽ പരാശരമഹർഷിയുടെ പൂർണകായ പ്രതിമയാണ് പ്രതിഷ്O.മാണ്ഡി രാജവംശത്തിൻറെ കീഴിൽ ആയിരുന്നപ്പോൾ പലതവണ ക്ഷേത്രം പുതുക്കിപ്പണിതിട്ടുണ്ട്.പരാശരപ്രതിഷ്Oയും,ആ കൊച്ചു തുരുത്തുമാണ് മുഖ്യാകർഷണങ്ങൾ.രസകരമായ വസ്തുതയെന്തെന്നാൽ തുരുത്ത് നിർമിക്കപ്പെട്ടിരിക്കുന്നത് മണ്ണ് കൊണ്ടാണ്,മാത്രമല്ല ദ്വീപ് തടാകത്തിൽ ഒഴുകിനടക്കുകയും ചെയ്യുന്നുണ്ട്,ഇന്ന് കാണുന്നയിടത്തല്ല നാളെ..എന്നാൽ വ്യാസപൂർണിമ നാളിൽ പരാശരപ്രതിഷ്Oയ്ക്കു പിന്നിൽ തുരുത്ത് നിലയുറപ്പിക്കുമത്രേ..കടത്തിനിടയിൽ സത്യവതിയാൽ ആകർഷിക്കപ്പെട്ട പരാശരമുനി അവരെ പ്രാപിക്കുന്നതിനായി തപോശക്തി കൊണ്ട് ദ്വീപ് നിർമിച്ചു എന്നതാണ് വിശ്വാസം.ദിവ്യത്ത്വത്താൽ വേദവ്യാസൻ വളരെ പെട്ടെന്ന് തന്നെ ജനിച്ചുവീഴുകയും ചെയ്തു.ജഗന്നാഥ് ജി ഇതൊക്കെ പറഞ്ഞ് ഏറെ നേരം ചെലവഴിച്ചു.ഇന്നലെ തന്നെ കിഷൻജി പറഞ്ഞിരുന്നു ജഗന്നാഥ്ജി താമസം അനുവദിക്കുമെന്ന്..ഭക്ഷണത്തിനായി ക്ഷണം വന്നതോടെ അതിൽ മുഴുകി.വലിയ തീക്കുണ്ഡത്തിനരികിൽ തീകാഞ്ഞ് ആഹാരം അകത്താക്കി.ഞങ്ങൾക്കായി ഒരു കുടുസ്സുമുറി നൽകി.മറ്റുള്ളവർ വലിയൊരു മുറിയിൽ തീകുട്ടി അങ്ങിങ്ങായി ശയിക്കുന്നു.ശുഭനിദ്ര ആശംസിക്കാൻ വന്ന ഗോപാൽ ജി -14 ഡിഗ്രീ താപനിലയാണെന്ന് പറഞ്ഞു.ശരിയാകാം തീകായുന്നത് കൊണ്ടോ കമ്പിളി പുതച്ചതു കൊണ്ടോ വലിയ കാര്യമൊന്നുമില്ലായിരുന്നു…അഞ്ചോ ആറോ കമ്പിളിയും പുതച്ച്,സ്വെറ്ററുകളും മറ്റും ധരിച്ച് ഉറങ്ങാൻ കിടന്നതേ ഓർമയുള്ളൂ..എന്നാൽ എങ്ങനെയോ രാത്രിയെപ്പോഴോ ഉണർന്നു,സമയം രണ്ട് മണി..മഴയുടെ ശബ്ദമില്ല.കാറ്റിൻറെ സീൽക്കാരമില്ല..ശാന്തത..ദ്വീപിൻറെ സ്ഥാനചലനം കാണാനായി മറ്റുള്ളവരെ വിളിച്ചുണർത്തി.ഉറക്കച്ചടവിനിടെ നിനക്ക് ഭ്രാന്താണെന്ന വാക്ക് മാത്രം തെളിഞ്ഞ് കേട്ടു..മരക്കതവ് ശബ്ദരഹിതമായി തുറന്നത് താപസന്മാരോ ഗോപാൽജിയോ അറിയേണ്ട എന്നതിനാലായിരുന്നു.കടുത്ത തണുപ്പിലും കൂരിരുട്ടിലും ഊളിയിട്ടു,കത്തിക്കൊണ്ടിരുന്ന കുണ്ഡത്തിലെ വെട്ടതിൽ ദ്വീപ് ചെറുതായി കണ്ടു..സ്ഥാനചലനം ഉണ്ട്,ചെറിയ നിലാവിലൂടെ ചുറ്റും നോക്കി തിരികെ വന്ന് കിടന്നു..
============================
ഉണർന്നപ്പോൾ എട്ടുമണി.-5ഡിഗ്രിയെ വരെ താങ്ങാൻ കെൽപ്പുള്ള രണ്ട് വാച്ചുകളുടെ സർക്യൂട്ട് മരവിച്ചുപോയിരിക്കുന്നു..ചായയ്ക്ക് പകരം ആട്ടിൻപാൽ കുടിച്ച്,പ്രാതൽ കഴിച്ച് തിരിച്ചിറങ്ങാൻ തയ്യാറായപ്പോൾ ഗോപാൽ ജി പറഞ്ഞു..
“സീസണിൽ വീണ്ടും വരണം,അന്ന് നിങ്ങളെ ട്രെക്കർമാരുടെ സ്വർഗമായ പാർവതിത്താഴ്വരയിൽ കൊണ്ട് പോകും”..എല്ലാവരോടും യാത്ര പറഞ്ഞ് മലയിറങ്ങുമ്പോൾ മൂകതയോടെ കാറ്റും മഴയും മാറിനിന്നു..വഴിയിലെങ്ങും മലയിടിഞ്ഞതിൻറെ അംശങ്ങൾ..അവയ്ക്കിടയിലൂടെ ഡ്രൈവ്ചെയ്ത് ഭാഗിയിൽ കിഷൻജിയുടെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ച് സിംലയിലേക്ക് മടങ്ങി….
വരികളും ചിത്രങ്ങളും : S W Aaruni
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog