വിവരണം – Ignatious Enas
കെനിയയുടെ തെക്കു-കിഴക്കു ഭാഗത്തായുള്ള വളരെ മനോഹരമായ ഒരു തീരദേശ പട്ടണം ആണ് മോംബാസ. ഒരു കാലത്തു ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയുടെ തലസ്ഥാനം ആയിരുന്ന മോംബാസ ഇന്ന് കെനിയയിലെ രണ്ടാമത്തെ വലിയ നഗരം ആണ്. അതി മേനോനോഹരങ്ങളായ, പഞ്ചാര മണലുകൾ നിറഞ്ഞ അനേകം ബീച്ചുകളാൽ അനുഗ്രഹീതമാണ് ഇവിടം. തീരദേശമില്ലാത്ത ഉഗാണ്ട, റുവാണ്ട , കോംഗോ പോലുള്ള പല രാജ്യങ്ങളിലേക്കും ചരക്കുകൾ എത്തുന്നത് ഇവിടെയുള്ള തുറമുഖത്താണ്. അവിടെനിനിന്നും വലിയ ട്രൈലെറുകളിലും ട്രെയിനിലുമായി അതാതു രാജ്യങ്ങളിൽ എത്തിക്കുന്നു.കെനിയയുടെ തലസ്ഥാനമായ നൈറോബിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ ദൂരമുള്ള ഇവിടേക്ക് , ബസ്, ഫ്ലൈറ്റ്, ട്രെയിൻ എന്നിവ വഴി അവിടെ എത്താൻ കഴിയും. റോഡുകൾ വളരെ നല്ലതാണെങ്കിലും ചരക്കു വണ്ടികളുടെ ആധിക്യം മൂലം ട്രാഫിക് ബ്ലോക്കുകൾ സാധാരണം ആണ്.
2010 ൽ ആണ് ആദ്യമായി ഞാനും ഭാര്യയും സുഹൃത്തുക്കളും (സുശിന് & പ്രശാന്ത് ) കൂടി മൊബാസയിൽ പോകുന്നത്. വളരെ ഇക്കണോമിക് ആയതിനാൽ ബസിനു പോകാനാണ് പ്ലാൻ ചെയ്തത്. നാല് ടിക്കറ്റും ബുക്ക് ചെയ്തു. ശ്രീദേവി 4 മാസം ഗർഭിണി ആയിരുന്നതിനാൽ ഡോക്ടറോട് ഒന്ന് ചോദിച്ചേക്കാം എന്ന് വച്ചു. ഇത്രയും ദൂരം ബസിൽ പോകുന്നത് ശരിയാകില്ല എന്നായി ഡോക്ടർ. ദേവി ആണെങ്കിൽ മോംബാസ പോകാനുള്ള ദിവസങ്ങൾ എണ്ണി ഇരിക്കുന്നു. എന്തായാലും പോയേക്കാം എന്ന തീരുമാനത്തിൽ ഞങ്ങക്ക് രണ്ടു പേർക്കും ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. ആ വകയിൽ ഒരു 200 USD കൂടുതൽ പൊട്ടി.
ഇന്റർനെറ്റ് വഴി ദിയാനി എന്ന സ്ഥലത്തുള്ള കോറൽ ബീച്ച് കോട്ടജ് ആണ് ഞങ്ങൾ ബുക്കു ചെയ്തിരുന്നത്.ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു ബ്രാഞ്ച് മൊബാസയിൽ ഉള്ളതിനാൽ ഒരു വണ്ടിയും ഡ്രൈവറും തരപ്പെടുത്താൻ കഴിഞ്ഞു. അങ്ങിനെ ഞാനും ഭാര്യയും ഫ്ലൈറ്റിലും പ്രശാന്തും സുശിനും ബസിലുമായി മോംബാസയിൽ എത്തിച്ചേർന്നു. ആദ്യം സുശിന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിഞ്ഞു നേരെ നമ്മുടെ കമ്പനിയിൽ പോയി വണ്ടി എടുത്തു. താമസിക്കുന്ന കോട്ടേജിലേക്കു കുറച്ചു ദൂരം ഉണ്ട്. അടുത്തുള്ള കാഴ്ചകൾ കണ്ടതിനു ശേഷം വൈകുന്നേരത്തോടെ കോട്ടജിലേക്കു പോകാമെന്നു തീരുമാനിച്ചു.
ആദ്യമായി പോയത് ഓൾഡ് സിറ്റിയിൽ ഉള്ള ഫോർട്ട് ജീസസ് ലേക്ക് ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ പണിത ഒരു കോട്ടയാണിത്. വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ പെട്ട ഒന്നാണ് ഇത്. ഇവിടെ ഇന്ത്യയിൽ നിന്നും ഉള്ള പല സാധനങ്ങളും കാണുവാൻ കഴിഞ്ഞു. ചോള രാജാക്കന്മാരുടെ കാലത്തുതന്നെ ഇന്ത്യയുമായി പല വാണിജ്യ ബന്ധങ്ങളും ഉണ്ടായിരുന്നതായി മനസിലാക്കാൻ കഴിഞ്ഞു. നന്നായി പരിപാലിച്ചു പോരുന്ന ഒരു പഴയ കോട്ടയാണിത്.
ഫോർട്ടിലെ കാഴ്ചകളെല്ലാം കഴിഞ്ഞു ഓരോ ഇളനീരും കഴിച്ച ശേഷം നേരെ പോയത് “mamba village and crocodile farm” ലേക്ക് ആണ് . ഇവിടെയാണ് ബിഗ് ഡാഡി എന്ന പേരിൽ അറിയപ്പെടുന്ന ഭീമാകാരനായ മുതല ഉള്ളത്. ഇതു ഈസ്റ്റ് ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ മുതല ഫാം ആണ്. മുതലക്കുഞ്ഞുങ്ങളെയും, മുതല മുട്ടയും , പാമ്പുകളെയും കാണാനും കൈയിൽ എടുത്തു ഫോട്ടോ എടുക്കാനുമുള്ള സൗകര്യം ഇവിടെ ഉണ്ട്. ഈ പരിപാടിക്ക് ഒരു ചെറിയ ഫീസ് ഉണ്ട് കേട്ടോ. ശ്രീദേവിയും സുശിനും മുതലകുഞ്ഞിനെയും പെരുമ്പാമ്പിനെയും എടുത്തു പലതരത്തിൽ ഫോട്ടോക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പഠിക്കുന്ന പ്രശാന്തിനും എനിക്കും ഇതിൽ കൂടുതൽ എന്ത് അവസരം കിട്ടാനാണ് 🙂
വിശപ്പിന്റെ വിളി ആരംഭിച്ചുതുടങ്ങി. നല്ലൊരു ഹോട്ടൽ കണ്ടുപിടിച്ചു ഊണ് കഴിച്ചശേഷം നേരെ ഹല്ലെര് പാർക്കിലേക്ക് വിട്ടു. ഇതൊരു പഴയ ക്വാറി ആയിരുന്നു. ഇന്ന് ഇതൊരു ടൂറിസ്റ്റ് കേന്ദ്രം ആണ്.ഇവിടെ ധാരാളം മൃഗങ്ങളും നാനാജാതി വര്ഗങ്ങളിൽ പെട്ട മരങ്ങളും ചെടികളും വളരുന്നു. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നതും കാണാൻ കഴിഞ്ഞു. വളരെ വലിയ ആമകളും ഹിപ്പോകളും ഇവിടുത്തെ ഒരു ആകർഷണം ആണ്. ഇവിടെ ഉണ്ടായിരുന്ന “Owen and Mzee” ഹിപ്പോയുടെയും ആമയുടെയും സുഹൃത്ബന്ധത്തിന്റെ കഥ വളരെ പ്രശസ്തമാണ്.
ലികോണി ഫെറി സെർവീസ്സ് ആണ് മോംബാസ mainland നെയും സൗത്ത് കോസ്റ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. വൈകുന്നേരം ഞങ്ങൾ ഫെറി കടന്നു ബുക്ക് ചെയ്ത കോറൽ ബീച്ച് കോട്ടജിൽ എത്തിച്ചേർന്നു. ചെന്നപ്പോഴാണ് പണി പാളിയ വിവരം മനസിലാകുന്നത്. പഞ്ചാര മണൽ നിറഞ്ഞ ബീച്ച് പ്രതീഷിച്ചു ചെന്ന ഞങ്ങൾക്ക് മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന പവിഴപ്പുറ്റുകൾ നിറഞ്ഞ ബീച്ച്. എന്തായാലും പെട്ടത് പെട്ടു. നല്ല ബീച്ചിലേക്ക് പോകാൻ അധികദൂരമില്ല (10 കിലോമീറ്ററിൽ താഴെ) എന്ന വാർത്ത സന്തോഷം തന്നു. എല്ലാവരും നന്നായി മടുത്തിട്ടുണ്ട്.നേരെ സ്വിമ്മിങ് പൂൾ ലക്ഷ്യമാക്കി നടന്നു. അപ്പോഴാണറിയുന്നതു 6 മണിക്കു ക്ലോസ് ചെയ്യുമെന്ന്. എന്തായാലും പൂൾ നോക്കുന്ന ചേട്ടനെ “നന്നായി ഒന്ന് കണ്ടപ്പോൾ” നിങ്ങൾ എത്ര മണിവരെ വേണേലും കുളിച്ചോ എന്നായി. പ്രശാന്തിന്റെ വക കുറച്ചു സ്വിമ്മിങ് ക്ലാസ് അറ്റൻഡ് ചെയ്തെങ്കിലും കാര്യമായി ഒന്നും പഠിച്ചില്ല.
അടുത്തദിവസം രാവിലെ തന്നെ ഞങ്ങൾ ഫോർട്ടി തീവ്സ് എന്ന ബീച്ച് ബാറിലേക്കാണ് പോയത്. അതി മനോഹരമായ പഞ്ചാര മണൽ ബീച്ച് ആണ് ഇവിടെ ഉള്ളത്.അവിടെ ചെന്നപ്പോഴാണ് ഒരു ബോട്ടുകാരൻ അടുത്ത് ഒരു ചെറിയ ഐലൻഡ് ഉണ്ടെന്നും താല്പര്യമുണ്ടെങ്കിൽ പോകാമെന്നും പറയുന്നത്. അങ്ങിനെ ഞങ്ങൾ റോബിൻസൺ എന്നറിയപ്പെടുന്ന ആ ഐലൻഡ് ലക്ഷ്യമാക്കി യാത്രയായി . വേലിയെറക്കം വരുമ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ മനോഹരമായ ദ്വീപ് ആണ് ഇത്. “galss bottom” ബോട്ടിലുള്ള യാത്രയും ഫിഷിനെ ഫീഡ് ചെയ്യുന്നതും എല്ലാം വളരെ രസകരമാണ്. ധാരാളം പവിഴ പുറ്റുകൾ കൊണ്ട് അനുഗ്രഹീതാണ് ഈ പ്രദേശം. സ്നോർക്കലിംഗ് വളരെ അനുയോജ്യമായ സ്ഥലമാണിത്.നല്ല ക്രിസ്റ്റൽ ക്ലിയർ ആയിട്ടുള്ള വെള്ളം. നീന്തൽ അറിയാത്തതിന്റെ കുറവ് ശരിക്കും മനസിലായി. ദ്വീപിൽ സമയം പോകുന്നതേ അറിയില്ല. ഉച്ചയോടു കൂടി തിരിച്ചു കോട്ടേജിൽ എത്തി. അടുത്തദിവസം രാവിലെതന്നെ നൈറോബിയിലേക്കു തിരിച്ചു.
രണ്ടാമത് 2013 ലാണ് മോംബാസ പോകുന്നത്. ഇത്തവണ നോർത്ത് ഭാഗത്തുള്ള അമാനി ട്വിവി എന്ന ബീച്ച് റിസോർട്ടാണ് ബുക്ക് ചെയ്തത്. ഇത്തവണത്തെ യാത്രയിൽ സുശിന്, അശ്വതി,അവരുടെ മകൾ ഗീതി , സിജോ, ബീനച്ചേച്ചി അവരുടെ കുട്ടികൾ, തോമസ് ചേട്ടൻ, പിന്ന്നെ ഞാനും, ശ്രീദേവിയും, മകൾ സോഫിയും ആണ് ഉണ്ടായിരുന്നത്. ഞങ്ങൾ മോംബാസയിലേക്കു പോകുമ്പോൾ നല്ല മഴ പെയ്യുകയായിരുന്നു. ബസിൽ അവിടെയും ഇവിടെയുമെല്ലാം ചോരാൻ തുടങ്ങി. കുളിക്കാൻ പൊതുവെ മടിയുള്ളവർ വരെ അന്ന് കുളിച്ചു 🙂
രാവിലെ തന്നെ ഞങ്ങൾ മോംബാസയിൽ എത്തിച്ചേർന്നു. ടാക്സി വിളിച്ചു നേരെ ഹോട്ടലിലേക്ക്.വളരെ മനോഹരമായ പ്രൈവറ്റ് ബീച്ച് ആണ് ഇവിടെ ഉള്ളത്. വിശാലമായ സ്വിമ്മിങ് പൂള്, ധാരാളം റീക്രീഷൻ ആക്ടിവിറ്റീസ് എല്ലാം ഇവിടെ ഉണ്ട്. മൂന്ന് ബാറുകളും. കോക്റ്റൈൽസ് എല്ലാം പാക്കേജിൽ ഉൾപ്പെട്ടതാണ്. ഇതിൽ കൂടുതൽ എന്ത് വേണം 🙂 ബീചിനോടു ചേർന്ന് ഉള്ള ധാരാളം തെങ്ങുകൾ തണലിനെ കൂടാതെ ആവശ്യമുള്ളവർക് ഇളനീരും തരുന്നു (ഓസ് അല്ല കേട്ടോ, കാശു കൊടുക്കണം).
അതിവിശാലമായ പൂളിൽ ഓരോ കോക്റ്റൈലും കഴിച്ചു കിടക്കുമ്പോൾ ആണ് വാട്ടർ പോളോ കളി ആരംഭിക്കുന്നത്.ഞങ്ങളും കൂടി. ശ്രീദേവി സോഫിയുടെയും ആഷിന്റെയും കൂടെ ഒരു സൈഡിൽ കളിക്കുന്നുണ്ട്. കളികണ്ടു ഹരം കേറിയ ശ്രീദേവി സോഫിയെ കരക്കിരുത്തി കൂടെ കൂടി. കുറച്ചു നേരത്തിനു ശേഷം ഒരു ഒച്ചയും ബഹളവും. നോക്കുമ്പോൾ വെള്ളത്തിൽ വീണു പൊങ്ങുകയും താഴുകയും ചെയ്യുന്ന സോഫിയെ പൊക്കി എടുക്കുന്ന ഒരു നോർത്തിന്ത്യൻ ചേച്ചി. അടുത്ത് കിടന്ന റിങ് എടുക്കാൻ ശ്രമിച്ചതാണ് .ദൈവാനുഗ്രഹം കൊണ്ട് കുറച്ചു വെള്ളം കുടിച്ചു എന്നല്ലാതെ ഒന്നും പറ്റിയില്ല. ചേച്ചിക്ക് ആയിരം നന്ദി പറഞ്ഞു നേരെ റൂമിലേക്ക്. ശ്രീദേവിയുടെ കാര്യം പറയണ്ടല്ലോ :).
രാവിലെ കടൽ ഉൾവലിയുന്നതിനാൽ ബീച്ചിൽ കൂടി നടന്നാൽ സൂര്യോദയം കൂടതെ വിവിധ തരം ജല ജീവികളെ കാണുവാനും സാധിക്കും star fish, sea urchin, sea cucumber, sea hourse, പവിഴ പുറ്റുകൾ ഇവയൊക്കെ അതിൽ ചിലതു മാത്രം. ഇത്തവണയും റോബിൻസൺ ഐലണ്ടിലേക്കു ഗ്ലാസ് ബോട്ടിൽ ഒരു യാത്ര നടത്തിയെങ്കിലും വെള്ളം കൂടുതൽ ആയിരുന്നതിനാൽ ഫ്ലോപ്പ് ആയിപ്പോയി. കൂടെ ഉണ്ടായിരുന്ന ഒരു മദാമ്മ ചേച്ചി കടൽ ചൊരുക്കിനാല് വാളുവച്ചു ബോട്ട് കുളമാക്കിയത് മാത്രം മിച്ചം.
ക്രിസ്തുമസ് രാത്രിയിൽ ധാരാളം അക്രോബാറ്റിക് ആക്ടിവിറ്റീസും പിന്നെ ട്രഡീഷണൽ ആഫ്രിക്കൻ ഡാന്സുകളും ഉണ്ടായിരുന്നു. ഫുട്ബോളും ഡാൻസും മിക്ക ആഫ്രിക്കാരുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒന്നാണ്. മോംബാസയിൽ സ്കൂബാ ഡൈവിംഗ് , ഡീപ് സീ ഫിഷിങ്, സ്കൈ ഡൈവിംഗ് തുടങ്ങി ഞങ്ങൾക്ക് ചെയ്യാൻ കഴിയാതെ പോയ പലവിധ അഡ്വെഞ്ചർ ആക്ടിവിറ്റികളും ഉണ്ട്. അതുപോലെ കാണാൻ കഴിയാത്ത മനോഹരങ്ങളായ അനേകം ബീച്ചുകളും. അടുത്ത ദിവസം മനസില്ലാ മനസോടെ എല്ലാവരും മോംബാസയോട് വിടപറഞ്ഞു നൈറോബിയിലെ ജോലിത്തിരക്കിലേക്കു ചേക്കേറി.
കെനിയയെക്കുറിച്ചു ചില കാര്യങ്ങൾ കൂടി പറഞ്ഞു നിർത്തുന്നു. എന്റെ സുഹൃത്തുക്കളിൽ തന്നെ പലർക്കും ആഫ്രിക്ക എന്ന് കേട്ടാൻ തന്നെ പുഛവും, നൈറ്റ് ക്ലബ്ബുകളുടെയും, എയ്ഡ്സിന്റെയും, യാതൊരു സുരക്ഷയും ഇല്ലാത്ത, അധികൃതരായ കറുത്ത വർഗക്കാരുടെ നാടാണ്. എന്നാൽ ഏഴു വര്ഷം ജോലിചെയ്തതിൽ നിന്നും ഞാൻ മനസിലാക്കിയത് നേരെ മറിച്ചാണ്. ഇതിന്റെ അർഥം ഇവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നല്ല, (ഇപ്പോൾ രാഷ്ട്രീയപരമായി മോശം അവസ്ഥയാണ്) എങ്കിലും ചെന്നൈയും ബാംഗ്ലൂരും പോലുള്ള സിറ്റികളിൽ വർഷങ്ങൾ താമസിച്ച എനിക്ക് , ഇവിടം അതിലും സേഫ് ആയാണ് തോന്നിയിട്ടുള്ളത്. ഇവിടെയുള്ള മിക്ക മലയാളികളും കുടുംബത്തോടൊപ്പം ആണ് താമസിക്കുന്നത്.
പിന്നെ പരിസ്ഥിതി ബോധത്തിന്റെ കാര്യത്തിലും പൊതുമുതൽ സംരക്ഷിക്കുന്നതിലും, ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലും വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവർ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ പലതും പഠിക്കേണ്ടിയിരിക്കുന്നു. ഇവിടെ ഒരു പ്ലാസ്റ്റിക് ബോട്ടിലോ കവെറോ പോലും റോഡിലോ മറ്റു പൊതു സ്ഥലങ്ങളിലോ എറിയുന്നത് കുറ്റകരമാണ്. അതുപോലെ റോഡ് സൈഡിൽ ഒന്ന് തുപ്പിയാൽ പോലും ഫൈൻ അടയ്ക്കേണ്ടിയതായി വന്നേക്കാം. ഇവിടെ വണ്ടികൾ അനാവശ്യമായി overtake ചെയ്യുന്നതും ഹോൺ അടിക്കുന്നതും വളരെ വിരളം ആണ്.ഗേറ്റ് തുറക്കാൻ പോലും ഹോൺ അടിക്കാൻ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. പൊതുവെ മാധ്യമങ്ങളും സിനിമകളും ഇവിടെയുള്ള ചേരികളിലേക്കു കൂട്ടികൊണ്ടു പോകുന്നതിനാൽ പുറം ലോകം നല്ലവശങ്ങൾ അറിയാറില്ല.
ട്രാവൽ ടിപ്സ് : വിസ : കഴിഞ്ഞ വര്ഷം വരെ ഓൺ അറൈവൽ ആയിരുന്നു. ഇപ്പൊ ഇവിസ ആക്കി മാറ്റി.അത് “http://evisa.go.ke/” എന്ന വെബ്സൈറ്റ് വഴി ചെയ്യണം . 50 ഡോളർ ആണ് ഫീസ്. വാക്സിനേഷൻ: Yellow Fever വാക്സിനേഷൻ നിർബന്ധം ആണ്. കുറഞ്ഞത് യാത്രയുടെ 10 ദിവസം മുൻപ് എടുക്കണം. കാലാവസ്ഥ : കുറച്ചു ചൂടു കൂടുതൽ ഉണ്ട്. കോട്ടൺ ഡ്രെസ്സും സൺ ക്രീമും മറ്റും കരുതുന്നത് നല്ലതാണ്.
ട്രാൻസ്പോർട് : കെനിയ ഐർവേസ് നു മുംബൈയിൽ നിന്നും ഡയറക്റ്റ് നൈറോബിക്ക് ഫ്ലൈറ്റ് ഉണ്ട്.
പിന്നെ, എമിരേറ്റ്സ്, എത്തിഹാദ്, ഖത്തർ, എത്യോപ്യൻ , എയർ അറേബ്യ ഓക്കേ സർവീസ് ഉണ്ട്. ഇതിൽ എയർ അറേബ്യ ഇക്കോണമി ആണ്. നെയ്റോബിയിൽ നിന്നും ബസ്, ട്രെയിൻ, ഡൊമസ്റ്റിക് ഫ്ലൈറ്റ് എന്നിൻവാ വഴിയെല്ലാം മോംബാസയിലെത്താം. ഫുഡ്: ധാരാളം സീ ഫുഡ്സ് കിട്ടും. പിന്നെ ഇന്ത്യൻ, കോണ്ടിനെന്റൽ എല്ലാം ധാരാളം.
ഭാഷ : ഇംഗ്ലീഷ്, സ്വാഹിലി.