കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്. ദക്ഷിണമലബാറിലും തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളിയിലും പിട്ട് എന്നും തൃശൂർ ജില്ലയിലെ മറ്റു ചിലയിടങ്ങളിൽ പൂട്ട് എന്നും അറിയപ്പെടുന്നുണ്ട്. കേരളത്തെ കൂടാതെ ശ്രീ ലങ്കയിലും പുട്ട് കണ്ടുവരുന്നുണ്ട്. നനച്ച അരിപ്പൊടി ആവിയിൽ പുഴുങ്ങിയാണ് സാധാരണ പുട്ടുണ്ടാക്കുന്നത്. അരിപ്പൊടി കൂടാതെ ഗോതമ്പ് പൊടിയും റവയും റാഗിയും (പഞ്ഞപ്പുൽപ്പൊടി) മരച്ചീനിപ്പൊടിയും ഉപയോഗിയ്ക്കാറുണ്ട്.
പുട്ടുകുറ്റിയിൽ ചെറുതായി വെള്ളം ചേർത്തു കുഴച്ച (കുഴമ്പു പരുവത്തിലാവാതെ ശ്രദ്ധിക്കണം} അരിപ്പൊടിയും ചിരകിയ തേങ്ങയും ഒന്നിടവിട്ട അടുക്കുകളായി നിറക്കുന്നു. ചിരകിയ തേങ്ങ നേരിയ അടുക്കായാണ് നിറക്കുന്നത്. പുട്ടുകുറ്റിയിലെ വെള്ളം ആവിയായി ഈ അടുക്കുകളിലൂടെ പ്രവഹിക്കുകയും പുട്ടു വേവുകയും ചെയ്യുന്നു. പുട്ടുകുറ്റി നിലവിൽ വരും മുമ്പ് , ഗ്രാമപ്രദേശങ്ങളിൽ വലിയ കണ്ണൻ ചിരട്ട ഉപയോഗിച്ചിരുന്നു. ഇത്തരം പുട്ടിനെ ‘ചിരട്ടപുട്ട്’ എന്നു പറയുന്നു.
പാലി ഭാഷയിലെ പിട്‍ഠാ എന്ന പദത്തിൽ(അർത്ഥം ധാന്യപ്പൊടി) നിന്നാണ് പിട്ട് രൂപം കൊണ്ടത്. പുട്ട് എന്നത് മറ്റൊരു രൂപാന്തരം.സംസ്കൃതത്തിലെ പിഷ്ഠാ എന്ന പദത്തിൽ നിന്നാവണം പാലിയിലെ പദം നിഷ്പന്നമായത് . എന്നാൽ പുട്ടിന്റെ പ്രധാന ഉറവിടം പോർച്ചുഗൽ ആണെന്നാണ് പറയപ്പെടുന്നത്.
പുട്ടും കടലയും, പുട്ടും പയറും, പുട്ടും പപ്പടവും, പുട്ടും മീൻകറിയും, പുട്ടും ഇറച്ചിക്കറിയും, പുട്ടും പനങ്കള്ളു വാറ്റിയുണ്ടാക്കുന്ന പാനിയും, പുട്ടും പഴവും, പുട്ടും പഞ്ചസാരയും എന്നിവ മലയാളികൾക്കു പ്രിയങ്കരമായ ചേരുവകളാണ്. പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്. തമിഴ്നാട്ടിൽ ഇത് ചിരകിയ നാളികേരവും ശർക്കരയും ചേർത്തോ മധുരം ചേർത്ത നാളികേരപ്പാലു ചേർത്തോ വിളമ്പാറുണ്ട്.
ഗോതമ്പുപൊടി, ഉണക്കക്കപ്പ പൊടി, ചോളപ്പോടി, പുല്ലുപൊടി എന്നിവകൊണ്ടും, കാരറ്റ്, ചീര, ചക്കപ്പഴം എന്നിവ ചേർത്തും ഉണ്ടാക്കാറുണ്ട്. അരിപ്പൊടിയിൽ അല്പം ഉപ്പും കുറച്ച് ചിരകിയ നാളികേരവും ചേർത്ത് വെള്ളം ചേർത്ത് കുഴമ്പുപരുവത്തിലാക്കി ഗോലി വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുന്നതാണ് മണിപ്പുട്ട്. പലരുടേയും പരാതിയാണ് പുട്ട് കല്ലു പോലെ ഉണ്ട് എന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഇതിനായി പുട്ടിന്റെ പൊടി ചൂടുവെള്ളത്തില്‍ കുഴച്ച് ഇത് മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക. ഇത് കൊണ്ട് പുട്ട് ചുട്ടു നോക്കൂ. ഇത് പുട്ടിന് മാര്‍ദ്ദവവും രുചിയും വര്‍ദ്ധിപ്പിക്കുന്നു.
ദേശീയ തലത്തിൽ ഒരു സ്വകാര്യ ടിവി ചാനൽ നടത്തിയ സർവേയിൽ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി തിരഞ്ഞെടുത്തതു പുട്ടും കടലക്കറിയും ആയിരുന്നു. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നു ന്യൂട്രീഷന്മാർ പറയുന്നു. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് ഒന്നാമതായി.
കേരളത്തിലെ മിക്ക നാടൻ ഭക്ഷണശാലകളിലും പുട്ട് ഒരു പ്രധാന വിഭവമാണു്.പുട്ടിനു മാത്രമായും ചില റെസ്റ്റോറന്റുകൾ കേരളത്തിലെ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. നടൻ ദിലീപിന്റെ ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് ഇത്തരമൊരു സ്ഥാപനമാണ്.