“ഹൈദരാബാദ് ബിരിയാണി ജീവിതത്തിലൊരിക്കലെങ്കിലും കഴിക്കണം’ സുഹൃത്തുക്കളായ ഇഫ് ലു വിദ്യാർത്ഥികളുടെ കൊതിയൂറും വർണ്ണനകൾ കേട്ടാണ് ഹൈദരാബാദിയോടുള്ള പ്രേമം മുളപൊട്ടുന്നത്. ഇന്നത് വളർന്ന് വലുതായി പനയോളമെത്തിയിരിക്കുന്നു.
കൺകുളിക്കെ കാണണം, പള്ളന്നിറച്ചുണ്ണണം… അങ്ങകലെ ഹൈദരാബാദ് തീൻമേഷയിലെ ബിരിയാണിയുണ്ണാൻ ഈ കേരളക്കാരന് അടങ്ങാത്ത മോഹം…
ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായിരിക്കെ സഹപാഠികളിലൂടെയാണ് ആ വാർത്ത കാതിലെത്തുന്നത്, ഹൈദരാബാദ് ഇഫ് ലു യൂണിവേഴ്സിറ്റിയിൽ ഉപരിപഠനമാഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ നൽകേണ്ട സമയമാണത്രെ, ഹൈദരാബാദിയോടുള്ള അടക്കാനാവാത്ത നുണ ഒരെടുത്തുചാട്ടത്തിനെന്നെ പ്രേരിപ്പിച്ചു സമയമവസാനിക്കും മുമ്പേ അപേക്ഷ സമർപ്പിച്ചു…
ആഗ്രഹങ്ങൾക്കെല്ലാം വിലങ്ങായാണ് ഡിഗ്രി ലാസ്റ്റ് സെമസ്റ്റർ പരീക്ഷാ പ്രഖ്യാപനമെത്തിയത്, ഇഫ് ലുവിൽ പരീക്ഷനടക്കുന്നതിന്റെ രണ്ടുന്നാൾ മുമ്പ് വൈകിട്ടഞ്ചുമണിക്കാണ് കോളജിൽ പരീക്ഷ അവസാനിക്കുക…(സമയത്തെത്തുന്ന ട്രെയിൻ ഇല്ല എന്ന് കേട്ടു) ആശിച്ചതെല്ലാം പാഴായി… പോട്ടെ എനിക്ക് ‘തൊള്ളഭാഗ്യ’മില്ലെന്നുകരുതി സമാധാനിക്കാം…
സെമസ്റ്റർ പരീക്ഷ അവസാനിക്കുന്നതിന്റെ തലേന്നാണ് സാഹസികരായ മുഹമ്മദും മുബാറക്കും ചേർന്ന് ഒരു തീരുമാനത്തിലെത്തിയത്, ബസ്സിൽ പോകാമെന്നുവെച്ചാൽ സമയത്തെത്തില്ല, പരീക്ഷ കഴിഞ്ഞ് പുറപ്പെട്ടെത്താനനുയോജ്യമായ ട്രെയിനുമില്ല അത് കൊണ്ട് ഒരു സാഹസിക കാർയാത്രക്ക് നമുക്കൊരുങ്ങാം… കേട്ടപ്പോ തന്നെ ഒരു കടുത്ത തീരുമാനമാണ് പഹയമ്മാരെടുത്തതെന്ന് തോന്നി… വേറെ വഴിയില്ലാഞ്ഞിട്ടല്ലെ മനമില്ലാ മനസ്സോടെ ഞാനുമൊന്നു മൂളി.
ബഡായിക്കാരൻ അനൂഫുമൊത്ത് പരീക്ഷയവസിനിക്കുന്നതിന്റെ തലേന്ന് രാത്രി കാര്യത്തെ കു്റിച്ച് ചർച്ചയാരംഭിച്ചു… ജിബ്റാൻ തന്റെ ഭാവനയിൽ പ്രണയത്തിന്റെ വിസ്മയം കുറിച്ചിട്ട ‘ഒടിഞ്ഞ ചിറകുകൾ’ എന്ന പുസ്തകത്തിന്റെ അറബി പദിപ്പാണ് കലക്കി കുടിക്കേണ്ടത്. കലാശക്കൊട്ടായത്കൊണ്ട് തന്നെ ഏറെ നേരം ഉറക്കമൊഴിക്കേണ്ടിയിരുന്നു. എന്നിലൂടെയാണ് അനൂഫ് ഈ തീരുമാനമറിയുന്നത്, കേട്ടപ്പോൾ തന്നെ അവൻ ഊരാൻ ഗ്യാപ്പ് തിരഞ്ഞു. ഹൈദരാബാദ് ബിരിയാണിയെ കുറിച്ചും ഉല്ലാസയാത്രയെ കുറിച്ചുമുള്ള എന്റെ വെള്ളമൂറും വർണ്ണനകൾക്കേട്ട് മൂപ്പരവസാനം കീഴടങ്ങി.
കൃത്യം രണ്ട് മണിക്ക് പരീക്ഷ തുടങ്ങി. ആൻസർ പേപ്പറിൽ മൂന്ന് മണിക്കൂർ കുത്തിക്കുറിച്ച് ശേഷം സഹപാഠികളോട് യാത്ര ചോദിച്ച് തീരുമാനത്തിലുറച്ച് പടച്ചോനിൽ ഭരമേൽപ്പിച്ച് എട്ടാളുകളെ വഹിച്ച ഇന്നോവാ കാർ ഹൈദരാബാദിലേക്ക്… രാത്രിയുടെ വിജനതയിൽ കാടിന്റെ ഭീതി നിറഞ്ഞ വന്യതയനുഭവിച്ച് ആനയുടെ അലർച്ചകേട്ട് നാടുകാണിയിലൂടെ വളഞ്ഞും പുളഞ്ഞും അന്തിപ്പാതിരക്ക് ‘തണുപ്പൻ’മാരുടെ നാടായ ഊട്ടിയിലെത്തി… മൈസൂരിന്റെ വനാന്തരങ്ങൾ മുറിച്ചുകടന്ന് വേണം ലക്ഷ്യത്തിലെത്താൻ…! പോവുകതന്നെ… ദൃഢ നിശ്ച്ചയത്തോടെ മൈസൂർ കാടുകളെ ലക്ഷ്യമാക്കി വാഹനം കുതിച്ചു…
അപ്രതീക്ഷിതമായാണ് ഞങ്ങളുടെ മുന്നിൽ ഗെയ്റ്റടഞ്ഞത്, സൂര്യ വെളിച്ചം കാണാതെ തുറക്കില്ല, ക്ഷമിക്കുക തന്നെ… പ്രതീക്ഷയുടെ കണ്ണുകൾ മൈസൂർ കാട്ടിലേക്ക് തിരിച്ചു വെച്ച് ഞാനിരുന്നു… അറിയാതെ ഉറക്കമെന്നെ പ്രാപിച്ചു… സുന്ദരമായ ബാങ്കൊലി കേട്ടാണുണർന്നത്, പ്രഭാത പ്രാർത്ഥന കഴിഞ്ഞ് സൂര്യ വെളിച്ചം നിലം തൊട്ടതോടെ തടസ്സങ്ങൾ നീങ്ങി, ചരക്കു വാഹിനികളായ ലോറികളെ മറികടന്ന് ഗർവ്വ് കാട്ടി ഏറ്റവും മുന്നിൽ ഞങ്ങൾ കുതിച്ചു…
വാഹനങ്ങളുടെ ശല്യമില്ലാത്തതു കൊണ്ടാവാം മാൻപേടകൾ മഞ്ഞു തുള്ളികളാൽ ആഭരണമണിഞ്ഞ ഇളം പുല്ലുകൾ തിന്നുകൊണ്ടിരിക്കുന്നു, കണ്ണിലെ കൗതുകവും നാണം കുണുങ്ങിയ നോട്ടവും ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. ഞാൻ വിലക്കിയെങ്കിലും രണ്ടുപേരിറങ്ങി പടമെടുത്തു ഉൾക്കാട്ടിൽ ഈ കളി അത്ര നന്നല്ലന്ന് താക്കീത് ചെയ്തു…
പിന്നീട് ആനക്കൂട്ടത്തെ കണ്ടപ്പോഴും അവർ തനി സ്വഭാവമാവർത്തിച്ചു ശക്തമായഭാഷയിൽ വിലക്കിയെങ്കിലും ചെവികൊണ്ടില്ല… അരിശമടക്കി ഞാൻ വാഹനത്തിൽ തന്നെയിരുന്നു… അപകട സാധ്യതയുള്ളിടത്തുന്നിന്ന് മാറി നിന്നാണെന്റെ ശീലം ‘നാശത്തിൽ കൈയിടരുതല്ലൊ’ (അല്ലാതെ പേടികൊണ്ടൊന്നുമല്ല?).
ഒന്നുറങ്ങിയുണർന്നപ്പോൾ ബാംഗ്ലൂരിൽ ഹൈദരാബാദ് വഴിയറിയാതെ തപ്പിത്തടയുകയായിരുന്നു, അവസാനം ഗൂഗിൾ മാപ്പാണ് ആ വിശാലമായ വഴി ഞങ്ങൾക്കു മുന്നിൽ തുറന്നിട്ടത്. കേരളത്തിലെ ഇടുങ്ങിയ റോഡുകളോട് പരമ പുച്ചം തോന്നും വിധം അതി വിശാലമായ റോഡ്. ഇരുവശത്തും മരുഭൂ കണക്കെ വന്ധ്യമായ ചെറു കുന്നുകൾ, വെയിലാണെങ്കിലും വിയർപ്പുറ്റാത്ത അന്തരീക്ഷം. മണിക്കൂറുകൾ നീണ്ടതായിരുന്നു യാത്ര, ഇടക്കിടെ മനുഷ്യരെ ഊറ്റിപ്പിഴിയും വിധമുള്ള ടോൾ പിരിവുകൾ. കാറ്റിന്റെ ഗതിക്കൊത്ത് കറങ്ങുന്ന കാറ്റാടികൾ, മനോഹരമായ മുന്തിരി പാടങ്ങൾ.ഇടക്കിടെ സൂര്യഗാന്ധിയും മാമ്പഴവും തുടങ്ങി വൈവിധ്യമാർന്ന കൃഷികൾ കണ്ണിലുടഞ്ഞുകൊണ്ടിരുന്നു.
പെട്ടൊന്നാണ് ഞങ്ങളാ കാഴ്ച കണ്ടത്! വിജനമായൊരിടത്ത് പൊരിവെയിലത്ത് ഒരാൾ…! വൃദ്ധനാണ്, കൈയിലിരിക്കുന്ന ചെറു കുട്ട യാചനാ ഭാവേന നീട്ടിക്കൊണ്ടിരിക്കുന്നു…
വെയിലേറ്റുവാടിയ ചെടി പൊലെ ക്ഷീണിതനാണ്, ഞങ്ങൾ വണ്ടി നിർത്തി, ഇളം പച്ച നിറത്തിലുള്ള വിളഞ്ഞ പേര…പറഞ്ഞവില അൽപ്പം കൂടിപ്പോയെന്ന് തോന്നി,എന്തൊ വിലപേശാൻ തോന്നിയില്ല,കുട്ടയോടെ വാങ്ങി യാത്ര തുടർന്നു…
ഉച്ചയായിക്കാണും വയറിനുള്ളിൽ വിശപ്പ് നൃത്തം തുടങ്ങി. ഹോട്ടൽ എന്ന ബോർഡ് കണ്ട് വാഹനം നിർത്തി എ സിയുടെ തണുപ്പിൽ നിന്ന് പൊരിവെയിലത്തിറങ്ങിയപ്പൊ എന്തൊ വറവു ചട്ടിയിൽ വീണപോലെ അസഹ്യമായിരുന്നു ചൂട്. ഹോട്ടലിന് ചുറ്റിലും തെരുവ് പട്ടികൾ നാവു നീട്ടിയിരിക്കുന്നു, അകത്ത് നിറയെ ഈച്ച,ആകെ വൃത്തിഹീനം, അറപ്പോടെ തലതിരിച്ചു… തൊട്ടപ്പുറത്തെ വെച്ചുകെട്ടിയുണ്ടാക്കിയ തട്ടുകടയിൽ കയറി നന്നായി തട്ടി. വണ്ടി വീണ്ടും ഹൈദരാബാദ് സിറ്റിയെ തിരഞ്ഞ് മുന്നോട്ട്…
ഞങ്ങൾ ഹൈദരാബാദെത്തി അപ്പോഴേക്കും സൂര്യൻ അസ്തമയ ശോഭയിൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഇഫ് ലു യൂണിവേഴ്സിറ്റിയിലെത്തിയ ഞങ്ങളെ സ്വീകരിക്കാൻ അൻസാർ അറബിക് കൊളജിൽ നിന്നും ഉപരിപഠനത്തിനെത്തിയ സുഹൃത് നിരതന്നെ ഉണ്ടായിരുന്നു. രാത്രി അവരുടെ റൂമിൽ തങ്ങി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷയെഴുതാൻ ആളുകളെത്തിയിരുന്നു. ആൻസർ ഷീറ്റിലെ ശരിയെന്ന് തോന്നിയ കള്ളികളിൽ മഷി പുരട്ടി ഉച്ചയ്ക്ക് മുമ്പേ മടക്കയാത്രയാരംഭിച്ചു…
എന്റെ നിർബന്ധത്തിനു വഴങ്ങി നഗരമദ്ധ്യത്തിലെ വലിയ ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി, നാളേറെയായി കാത്തുവെച്ച ആഗ്രഹം സാക്ഷാത്കരിക്കപ്പെടാൻ പോകുന്നു…! അവിശ്വസനീയം!ഹൈദരാബാദ് ബിരിയാണി” അതിന്റെ രുചി ഒന്ന് വേറെത്തന്നെയാണ്, ഒരു ചിരകാല സ്വപ്നം പൂവണിഞ്ഞവനെ പോലെ നിറഞ്ഞ മനസ്സോടെ നാട്ടിലേക്ക്.
അക്കരെ പച്ചതേടിയായിരുന്നു യാത്രയെങ്കിലും ഒരു കേരളക്കാരനായി പിറക്കാനായത് വലിയ സൗഭാഗ്യമാണെന്ന് മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. വഴിയരികിൽ സൈക്കിളിൽ ഒരാൾ ഐസ്ക്രീം വിൽക്കുന്നു, മുന്തിയതുതന്നെ വാങ്ങിക്കഴിച്ചു. ബിരിയാണിയും മധുരവും… ക്ഷീണം എല്ലാവരേയും ബാധിച്ചു എന്ന് തോന്നുന്നു, ചിരിയും സംസാരവുമെല്ലാമടങ്ങി… എല്ലാവരും ഉറക്കിലാണ്ടു, കാതടപ്പിക്കുന്ന നിശബ്ദത എന്നെ ബോറടിപ്പിക്കാൻ തുടങ്ങി, മുൻസീറ്റിലേക്ക് കാല് നീട്ടി ഞാനുമിരുന്നു, ഉറക്ക് കൺപോളകളെ അടക്കുമാറായി. വാഹനം വിശാലമായ റോഡിലൂടെ അതിവേഗം മുന്നോട്ട്…
പെട്ടൊന്നാണാ കാഴ്ച കണ്ടത്…!? ഞങ്ങളുടെ വാഹനം ഒരു കണ്ടയ്നറിന് പിന്നിലേക്ക് വളരെ വേഗം കുതിക്കുന്നു, ഡ്രൈവ് ചെയ്യുന്നവന് യാതൊരു കുലുക്കവുമില്ല! ഞാൻ പരമാവധി ശബ്ദമുയർത്തി എന്തൊക്കെയോ പറഞ്ഞു അവൻ സ്റ്റയറിങ്ങ് പരമാവധി തിരിച്ചു, ഇല്ല ഒരു രക്ഷയുമില്ല! നിയന്ത്രിക്കാനാവുന്നതിലപ്പുറമാണ് വേഗത മരണം മുന്നിൽ കണ്ടവന്റെ നിലവിളി ഇടിമുഴക്കം പോലെ ഉയർന്ന് പൊങ്ങി, ഡ്രൈവിങ് സീറ്റിലിരുന്ന് സുഹൃത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു, വാഹനത്തിന്റെ നിയന്ത്രണം കൈവിട്ടുവെന്ന് അവനുറപ്പിച്ചു, കണ്ടയ്നറിന്റെ ടയറിനുള്ളിലേക്ക് അതിഘോര ശബ്ദത്തോടെ വാഹനം ഇടിച്ചുകയറി…!
കണ്ടയ്നർ ഡ്രൈവർ അറിഞ്ഞത്പോലുമില്ല…! എങ്ങനെ അറിയാൻ… വലിയ വണ്ടിയല്ലെ
വാഹനത്തിൽ നിന്ന് മരണമുറച്ചവരുടെ വിളിയാർപ്പുകളുയർന്നു…
വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് എടുത്തു ചാടാനുറച്ച് ഞാൻ ഡോർ തുറന്നു… മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു… ഒന്നുകിൽ മരണത്തിലേക്കുള്ള എടുത്തു ചാട്ടമാകാം അതല്ലെങ്കിൽ പുതുജീവിതത്തിലേക്കും. ഏതായാലും വാഹനത്തിനുള്ളിൽ മരണം മാത്രമാണുള്ളതെന്ന് ഉറപ്പായിരുന്നു…! ദൈവത്തിന് സ്തുതി…!!! ടയർ പഞ്ചറായന്നറിഞ്ഞ് വാഹനം നിർത്തി… ഞാൻ ചാടിയിറങ്ങി കൈകാലുകൾ ഇളക്കി ഇല്ല ഒന്നും സംഭവിച്ചിട്ടില്ല. കൂട്ടുകാരെ തിരഞ്ഞു അല്ല എണ്ണിനോക്കി, ഇല്ല ആരും മരിച്ചിട്ടില്ല. ചിലർക്കൊക്കെ ചെറിയ പരിക്കുകളുണ്ട്, ആളുകുടി പൊലീസെത്തി കണ്ടവർ കണ്ടവർ വിവരങ്ങളാരായുന്നുണ്ട്, ഹിന്ദിയിലാണ്,എത്രയാളാണ് മരിച്ചത് എന്നാണ് തിരക്കുന്നത്…! ആരും അങ്ങനെ ചോദിച്ചു പോകും കാരണം വാഹനം അത്രമേൽ തകർന്നിരുന്നു. ഞാൻ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിലേക്ക് കൺകളുയർത്തി നന്ദിയുടെ സ്തുതിവാക്കുകൾ മൊഴിഞ്ഞു.
ഞങ്ങളുടെ പേരും അഡ്രസും രേഖപ്പെടുത്തി ആംമ്പുലൻസിൽ മുറിവേറ്റവരോടൊപ്പം ഹോസ്പിറ്റലിലേക്ക്. ആംമ്പുലൻസ് സൈറൺ മുഴക്കി പക്ഷെ വേഗത വളരേ കുറവായിരുന്നു, മുന്നിലുള്ള വാഹനങ്ങൾ ഈ സൈറൺ മുഴക്കം കേട്ടതായെ ഭാവിച്ചില്ല… ഹോസ്പിറ്റലിൽ സൗകര്യങ്ങളൊന്നുമില്ല. മുറിവ് കണ്ട് നഴ്സുമാർ ഭയന്നുവിറച്ചു “ആനക്ക് മതമിളകിയാൽ ചങ്ങലക്കിടാം പക്ഷെ ചങ്ങലക്കു മതം പൊട്ടിയാലൊ” എന്ന പഴമൊഴിയെ ഓർത്തുപോയി. ഒരാളുടെ കാലിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു, വേദനിക്കാതിരിക്കാൻ ഇഞ്ചക്ഷൻ നൽകി പക്ഷെ ഫലിച്ചില്ല… പച്ചക്ക് തുന്നുമ്പോൾ വേദനയടക്കി സുഹൃത്ത് എന്റെ കഴുത്തിലിറുക്കിപ്പിടിച്ചത് ഇന്നും മറക്കാൻ കഴിയുന്നില്ല.
ഹോസ്പിറ്റലിൽ നിന്നും അപകടം നടന്ന മഹ്മൂദ് നഗറിലെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴേക്ക് വളരെ വൈകിയിരുന്നു. പൊലീസുകാർ ഞങ്ങളോട് അടുത്തുള്ള പള്ളിയിൽ അന്തിയുറങ്ങാൻ പറഞ്ഞു. വളരെ ചെറിയ പള്ളി, ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത വിധം പുരാതനമായ ടോയ്ലറ്റ് സൗകര്യം, പകൽ കരന്റുണ്ടാവില്ല.
മൂന്ന് ദിവസം അവിടെ തങ്ങേണ്ടി വന്നു. മൂന്ന് ദിവസമെങ്കിലും മുന്നൂറ് ദിവസംപോലെ തോന്നി. പണമെന്തെങ്കിലും കിട്ടാൻ വേണ്ടി വിദ്യാർത്ഥികളോടുപോലും ഇരക്കാൻ മടിയില്ലാത്ത അധികാരികളെ കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നുന്നു. വാഹനത്തിനും മറ്റുമായി ഭാരിച്ച ചിലവു വന്നു ആളോഹരി ഏകദേശം 30000 രൂപ. എല്ലാം ദൈവനിശ്ചയം. പോയത് പോയി… എങ്കിലും ഹൈദരാബാദ് ബിരിയാണിയുടെ രുചിയറിഞ്ഞല്ലൊ… അധികമാർക്കും ലഭിക്കാത്ത സൗഭാഗ്യം ലഭിച്ചവനാണെന്ന അഭിമാനം മാത്രം ബാക്കി…
ഒരിക്കൽ നാടിനടുത്തുള്ള അരീക്കോട് ടൗണിലെത്തിയപ്പോൾ ഒരു ഹോട്ടൽ കണ്ടു പേര് “ഹോട്ടൽ ഹൈദരാബാദി” ഹൈദരാബാദ് വിഭവങ്ങളുടെ ലിസ്റ്റ് കണ്ട് ഒന്ന് കേറിനോക്കാമെന്ന് വച്ചു. ബിരിയാണി തന്നെ ഓർഡർ ചെയ്തു… അത്ഭുതം…!? അന്ന് ഹൈദരാബാദിൽ നിന്ന് തിന്ന അതേ സാധനം അതേ രുചി…!!! വന്നുപോയ അപകടത്തെ കുറിച്ചോത്ത് ഒരിറ്റ് കണ്ണീർ പൊഴിഞ്ഞത് അന്നായിരുന്നു.
Courtesy : ശരീഫ് വാവൂർ