ജന്റം ബസുകള്‍ക്കുമാത്രമായി രൂപീകരിച്ച കെ.എസ്.ആര്‍.ടി.സിയുടെ സബ്‌സിഡറി സ്‌ഥാപനമായ കെ.യു.ആര്‍.ടി.സിയെ പ്രത്യേക കമ്പനിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി.ഇ.എ.( സി.ഐ.ടി.യു) നേതാക്കള്‍ പറഞ്ഞു.
കെ.യു.ആര്‍.ടി.സി. പ്രത്യേക കമ്പനിയാക്കാനുള്ള നീക്കം കഴിഞ്ഞദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു തൊഴിലാളി സംഘടനാ നേതാക്കള്‍.കേന്ദ്ര സര്‍ക്കാരില്‍നിന്നു ജന്റം ബസുകള്‍ ലഭ്യമാകണമെങ്കില്‍ എസ്.പി.വി. കമ്പനി (സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ കമ്പനി) രൂപീകരിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമാക്കിയതോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പൂര്‍ണ നിയന്ത്രണത്തിലും അധികാരത്തിലുമുള്ള കെ.യു.ആര്‍.ടി.സി. കമ്പനി രൂപീകരിച്ചത്.
കെ.എസ്.ആര്‍.ടി.സിയുടെ നിയന്ത്രണത്തില്‍ നിന്നെടുത്തുമാറ്റി കെ.യു.ആര്‍.ടി.സിയെ പ്രത്യേക കമ്പനിയാക്കി മാറ്റിയാല്‍ കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പിനെതന്നെ പ്രതികൂലമായി ബാധിക്കും. ട്രേഡ് യൂണിയനുകളും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ സബ്‌സിഡിയറിയായി കെ.യു.ആര്‍.ടി.സിക്കു രൂപം നല്‍കിയത്. ഇതിനു വിരുദ്ധമായുള്ള ഒരുനീക്കവും അംഗീകരിക്കാനാകില്ല.
എറണാകുളത്ത് തേവര ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജന്റം കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് എറണാകുളത്തും അഡ്‌മിനിസ്‌ട്രേഷന്‍ കെ.എസ്.ആര്‍.ടി.സിയുടെ ആസ്‌ഥാന മന്ദിരമായ ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ പ്രവര്‍ത്തിക്കണമെന്നും യൂണിയനുകളുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനിച്ചിട്ടുള്ളതുമാണ്. ഈ തീരുമാനങ്ങള്‍ക്കു വിരുദ്ധമായ നടപടികളുമായി മുന്നോട്ടുപോയാല്‍ സി.എം.ഡിയോ ബോര്‍ഡ് അംഗങ്ങളോ കെ.എസ്.ആര്‍.ടി.സിയുടെ കേമ്പൗണ്ടില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലായെന്നു കെ.എസ്.ആര്‍.ടി.ഇ.എ. ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്‌ണന്‍ പറഞ്ഞു.
News: Mangalam