വിവരണം – ഉമർ മുഖ്താർ.
യാത്രകളോടും എഴുത്തിനോടും പ്രണയം തോന്നിയ കാലം തൊട്ട് ,പുതു മേച്ചിലുകൾ തേടിയുള്ള സഞ്ചാരമാണ്. കാണാ കാഴ്ചകൾ തേടി, പുതു അറിവുകൾ തേടി. ഈ യാത്രകളിൽ നമ്മെ പല അനുഭവങ്ങളും തേടിവരും. ലോകത്തിന് മുന്നിൽ കാണിക്കപ്പെടാൻ അർഹതയുള്ള എന്നാൽ ലോകം അറിയാതെ പോയ പല സ്ഥലങ്ങളും വ്യക്തികളും സംഗതികളുമുണ്ടാകും. അത്തരത്തിൽ നാം അറിഞ്ഞിരിക്കേണ്ട ഒന്നാണ് *’മൻജറാബാദ് കോട്ട’*. ഒരുപക്ഷേ കാലമറിഞ്ഞ് കൊണ്ട് ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന, അതല്ലെങ്കിൽ അതിൻറെ വിധി കൊണ്ട് നാശത്തിന്റെ തുടക്കത്തിൽ എത്തി നിൽക്കുന്ന ഒരു അതി മഹത്തായ ചരിത്ര സ്മാരകം. അറിഞ്ഞ കാലം മുതൽ കാണാനാഗ്രഹിച്ച ഒന്നാണെങ്കിലും, അതിനെപ്പറ്റി ഇങ്ങനെ ഒരു കുറിപ്പ് എഴുതുമെന്ന് ഞാൻ കരുതിയിരുന്നില്ല.
ബാംഗ്ലൂരിൽ നിന്ന് ഏതാണ്ട് 230 കിലോമീറ്റർ ദൂരം പോയാൽ ഒരു നഗരം ഉണ്ട്. *സക്ലേഷ്പുർ*. ഒരു കൊച്ച് വിനോദസഞ്ചാരമേഖല. യാദൃശ്ചികമായിട്ടാണ് ഞാൻ സക്ലേഷ്പുരും അവിടെയുള്ള മൻജറാബാദ് കോട്ടയേയും. കുറിച്ചറിയുന്നത്. 1792 ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച നക്ഷത്ര ആകൃതിയിലുള്ള ഒരു കോട്ട. അത്ര മാത്രമേ അതിനെക്കുറിച്ച് എനിക്കറിയൂ. ടിപ്പു പണ്ടുതൊട്ടേ എനിക്ക് ഒരു വികാരമായതുകൊണ്ട് തന്നെ ഒരിക്കൽ ആ കോട്ട നേരിട്ട് കാണണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു. (ടിപ്പു വിനോടുള്ള ആരാധനയെക്കുറിച്ചും മറ്റും ഞാനെന്റെ അണപൊട്ടിയ ആവേശം എന്ന കഥയിൽ വിവരിച്ചിരുന്നു). സക് ലേഷ്പൂരിലേക്ക് ബൈക്ക് തിരിക്കുമ്പോൾ ഇതൊന്നു മാത്രമായിരുന്നു മനസ്സിൽ. മൻജറാബാദ്.
നഗരഹൃദയത്തിൽ നിന്ന് 5 കിലോമീറ്റർ മാറി ഈ ചരിത്ര കെട്ടിടം നിലനിൽക്കുന്നു. നൂറ്റമ്പതിൽ പരം ചവിട്ടു പടികൾ കയറി വേണം ഇവിടെയെത്താൻ. മറ്റ് കോട്ടകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ആകൃതി തന്നെയാണ്. അഷ്ടഭുജാകൃതിയിൽ ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഉള്ള ഒരേ ഒരു കോട്ട ഇത് ഇതായിരിക്കും. ടിപ്പു സുൽത്താൻ മൈസൂർ ആസ്ഥാനമാക്കി ഭരണം തുടങ്ങിയ കാലം, ബ്രിട്ടീഷുകാർക്ക് ഒപ്പം മാറാത്തകളും ഹൈദരാബാദ് നിസ്സാമുദീൻമാരും അണിചേർന്നു. ടിപ്പുവിന്റെ ഭരണ വികസനത്തിന് കുടകിനും മംഗലാപുരത്തിന്നുമിടക്ക് ഒരു ഹൈവേ നിർമ്മിക്കേണ്ടി വരികയും അതിന്റെ ഫലമായി ഒരു കോട്ട നിർമ്മാണം സക്ലേഷ്പുരിൽ അനിവാര്യമായി തീരുകയും ചെയ്തു. നാട്ടിൽ കണ്ട് ശീലിച്ച കോട്ടകളിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ രൂപം നിർമിക്കാൻ പോകുന്ന കോട്ടക്ക് വേണമെന്ന് നിർബന്ധം ടിപ്പുസുൽത്താനുണ്ടായി. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഫ്രാൻസുമായി സഖ്യം ചേർന്ന കാലമാണ്.
ടിപ്പുവും ഫ്രാൻസും തമ്മിലുള്ള ആയുധ വ്യാപാരം അവർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചു. അങ്ങനെ ഇന്ത്യയിൽ എങ്ങും ഇല്ലാത്ത ഒരു ആകൃതിയിൽ കോട്ട നിർമ്മിക്കാൻ ഫ്രാൻസിലെ പേരുകേട്ട സൈനിക എൻജിനീയറും ലൂയി പതിനാറാമന്റെ കോട്ട നിർമാണ ചുമതല വഹിച്ചിരുന്നതുമായ ‘സെബാസ്റ്റ്യൻ വാബന്റെ ‘ നിർമ്മിതികളിൽ പെട്ട ഒന്നിന്റെ രൂപം കടമെടുത്ത് ടിപ്പു ഇവിടെ കോട്ട കെട്ടുകയായിരുന്നു എന്നതാണ് ചരിത്രം. അഷ്ടഭുജാകൃതിയിൽ ഗ്രാനൈറ്റ് കല്ലുകളും ചുണ്ണാമ്പ് മിശ്രിതവും ചേർത്തു നിർമ്മിച്ച പുറം ചുമരുകൾ. സൈനിക വെടിക്കോപ്പുകളും ആയുധങ്ങളും സൂക്ഷിച്ചുവെക്കാൻ ചുട് കട്ട കൊണ്ട് നിർമ്മിച്ച ആയുധപ്പുര, ഒത്ത നടുക്ക് കുരിശാകൃതിയിൽ നാലു വശത്ത് നിന്നും ഇറങ്ങാൻ കഴിയുന്ന ഒരു കുളം.
എത്ര കടുത്ത വേനലിലും വെടിമരുന്ന് സൂക്ഷിക്കാൻ തണുപ്പ് നില നിർത്തുന്ന ആയുധപ്പുര. ഇതൊക്കെ മതി നിർമ്മിതിയിലെ വൈവിധ്യമറിയാൻ. അർദ്ധവൃത്താകൃതിയിലോ ചതുരാകൃതിയിലോ നിർമിതമായ ഇന്ത്യയിലെ മറ്റു കോട്ടകളിൽ നിന്നു വ്യത്യസ്തമായി ഈ കോട്ട സൈനികർക്ക് ശത്രുക്കൾക്ക് നേരെ നിറയൊഴിക്കാൻ ഒരുപാട് സഹായകരമായി എന്നാണ് രേഖപ്പെടുത്തലുകൾ. ഈ ചരിത്രം തപ്പിയെടുക്കാൻ എനിക്ക് ഗൂഗിളിനെ തന്നെ ആശ്രയിക്കേണ്ടി വന്നത് തന്നെയാണ് ഇതിന്റെ ഇന്നത്തെ ഗതികേട്. കോട്ടയിൽ പോലും ചരിത്രം സൂചിപ്പിക്കുന്ന സൂചികകളില്ല. പാഠപുസ്തകങ്ങളിലും ടിപ്പുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇങ്ങനെ ഒരു കോട്ടയെ പറ്റിയുള്ള പരാമർശങ്ങൾ നാമമാത്രമാണ്. ഇല്ലെന്ന് തന്നെ പറയാം.
ഇന്നിത് പുരാവസ്തു വകുപ്പിന്റെ കീഴിൽ ആണെങ്കിലും അത് കേവലം ഔപചാരികതക്ക് വേണ്ടി മാത്രമാണെന്ന് മനസ്സിലായി. അങ്ങനെയാണ് ഇതിന്റെ കിടപ്പ്. ചുറ്റും കാടുപിടിച്ച് ഓരോ ഭാഗങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച് …അതിനെയെല്ലാം അതിജീവിച്ച് നിൽക്കുന്ന മൻജറാബാദ് കോട്ടയും. ഇവിടെ നിന്ന് ശ്രീരംഗപട്ടണത്തേക്ക് തുരങ്ക പാതയും ഉണ്ടായിരുന്നുവത്രെ. രാജ്യശത്രുക്കൾക്കെതിരെ നെഞ്ചുവിരിച്ചു നിന്ന കോട്ട ഇന്ന് ക്ഷയിച്ച് തലതാഴ്ത്തി നിൽക്കുന്ന കാഴ്ച ഹൃദയംഭേദകം തന്നെ. സക്ലേഷ്പൂരിൽ ഈ കോട്ടയെ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും കണ്ടില്ല എന്നതും ശ്രദ്ധേയം. കയറുന്നിടത്താകട്ടെ ഏതോ കാലത്ത് വച്ച മങ്ങിയ ഒരു കന്നഡ ഫ്ലക്സ് ബോർഡും. നോക്കുവാനും വികസിപ്പിക്കാനും നിലനിർത്താനും, ഒരു വരുമാനമാർഗ്ഗമായി മാറ്റാനും സർക്കാരും തയ്യാറാവുന്നില്ല എന്നതാണ് സത്യം.
സിറ എന്ന പട്ടണത്തിൽ ഹൈദരലി നിർമ്മിച്ച ഒരു കോട്ട ഇന്ന് കുട്ടികൾ ക്രിക്കറ്റ് കളിക്കാനും സാമൂഹികവിരുദ്ധർ അവരുടെ താവളമാക്കിയും ഉപയോഗിക്കുകയാണിപ്പോൾ. ഇതും സമാന അവസ്ഥയിലേക്ക് മാറുമോ എന്ന ഭയം എന്നിലുണ്ട്. ടിപ്പുവിന്റെ ചരിത്രങ്ങളിൽ അധികമൊന്നും ഈ കോട്ടയുടെ പേരു വായിച്ച ഒരു ഓർമ പോലുമില്ല. ഫ്രഞ്ച് സൈനിക താവളത്തിന്റെ ആകൃതിയിൽ നിർമിച്ച ഈ സൗധം പണി പൂർത്തിയായതിന് ശേഷം ടിപ്പുസുൽത്താൻ വന്ന് സന്ദർശിച്ചപ്പോൾ ഈ കോട്ട മഞ്ഞിൽ മൂടി കിടക്കുകയായിരുന്നു വത്രെ, കന്നടയിൽ മഞ്ഞിൽ മൂടിക്കിടക്കുന്ന എന്നർത്ഥം വരുന്ന Manjara എന്ന വാക്കിൽ നിന്ന് Manjarabad എന്ന് നാമകരണം ചെയ്യുകയായിരുന്നു.
അധികാരികൾ ഇതിനെതിരെ കണ്ണടച്ചാൽ നഷ്ടപ്പെടുന്നത് ഒരു വലിയ പൈതൃകമാണ്. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഏതാണ്ട് ഒന്നരമണിക്കൂർ ചിലവഴിക്കാൻ ഇത് ധാരാളം. മഴക്കാലത്ത് സന്ദർശിക്കുന്നതായിരിക്കും കൂടുതൽ നന്നാവുക. പച്ചപ്പ് കോട്ടക്ക് കൂടുതൽ മിഴിവേകാൻ സാധ്യതയുണ്ട്. മൻജറാബാദ് അറിയപ്പെടാതിരിക്കാൻ പാടില്ല. അറിയപ്പെടാതിരുന്നാലും എനിക്ക് പറയാതിരിക്കാൻ കഴിയില്ല .മൈസൂർ കടുവയുടെ ഒരു വലിയ സ്വപ്നം.. രാജ്യത്തെ ബ്രിട്ടീഷുകാരിൽ നിന്ന് സംരക്ഷിച്ച് ഒരു കോട്ട. മൻജറാബാദ് മുങ്ങി കിടക്കേണ്ടത് മഞ്ഞിലല്ല. നാമോരോരുത്തരുടെയും നെഞ്ചിലാണ്. ഫ്രഞ്ച് എൻജിനീയറായ സെബാസ്റ്റ്യൻ വോബനും നക്ഷത്ര ആകൃതിയിലുള്ള കോട്ടയും പുതുതലമുറ അറിയട്ടെ. അർഹമായ പരിഗണന നൽകി കൊണ്ട് ഈ കോട്ട സംരക്ഷിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.