പി.സി ഷാനവാസ് – കേട്ടിട്ടുണ്ടോ നിങ്ങൾ ഈ പേര്? കേട്ടിട്ടുണ്ടെങ്കിലും മിക്കയാളുകളും മറന്നുകാണും. പക്ഷേ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും ആദിവാസികള്‍ക്കും നിരാംലബര്‍ക്കും വേണ്ടി ജീവിതമുഴിഞ്ഞുവെച്ച് മരണത്തോട് കീഴടങ്ങിയ ‘പാവങ്ങളുടെ ഡോക്ടര്‍’ എന്നറിയപ്പെട്ട ഒരു മനുഷ്യസ്നേഹിയായിരുന്ന പി.സി ഷാനവാസിനെ. ആശുപത്രി-മരുന്ന് മേഖലകളിലെ മാഫിയാവൽക്കരണത്തെയും ചൂഷണത്തെയും എതിർത്ത് പോരുകയും അഴിമതിക്കെതിരെ താക്കീത് നൽകുകയും അതിന് അരികുനിൽക്കുന്ന അധികാരികളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
നിലമ്പൂർ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടെയും കെ ജമീല ഹജ്ജുമ്മയുടെയും മകനായ ഷാനവാസ് അവിവാഹിതനായിരുന്നു . ഡോ. ഷിനാസ് ബാബു, ഡോ. ഷമീല എന്നിവരാണ് സഹോദരങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഷാനവാസ് നിരവധി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്ത ശേഷം സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജനായി പ്രവേശിച്ചു.
മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ ആദിവാസി ഊരുകളിലായിരുന്നു ഷാനവാസിന്റെ പ്രധാന പ്രവർത്തന കേന്ദ്രം. നിലമ്പൂർ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ആദിവാസി മേഖലകളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളും വിവിധ മരുന്നു കമ്പനികളും ഷാനവാസിനെതിരേ എതിർപ്പുമായി രംഗത്തെത്തി. സ്വകാര്യ ആശുപത്രി ലോബിയുടെ കടുത്ത എതിർപ്പിനെ അതിജീവിച്ചാണ് ഷാനവാസ് നിലമ്പൂരിലെ പൊതുജനാരോഗ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചത്. ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും മരുന്നും ഭക്ഷണവും എത്തിക്കാനുള്ള ഡോ. ഷാനവാസിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.
ആദിവാസി ഊരുകളിലെ ആതുര സേവന പ്രവർത്തനങ്ങൾക്കായി മരുന്നു കമ്പനികളെ ആശ്രയിക്കാതെ സാമ്പിൾ മരുന്നുകൾ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവർത്തനങ്ങൾ. സാമ്പിൾ മരുന്നുകൾ കമ്പനികളിൽനിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നുകളായതിനാലാണ് താൻ അവ ഉപയോഗിക്കുന്നതെന്നായിരുന്നു ഇതിനു ഷാനവാസിന്റെ മറുപടി പറഞ്ഞത്. മുമ്പു ജോലി ചെയ്ത ചില ആശുപത്രികളും സാമ്പിൾ മരുന്നുകൾ ഷാനവാസിനു നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ മരുന്നുകമ്പനികൾ ചില രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെ ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റി.
ചുങ്കത്തറ ഗവൺമെന്റ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ.ഷാനവാസ് ഒഴിവുസമയങ്ങളിൽ ആദിവാസി കോളനികളിൽ സൗജന്യ ചികിത്സ നടത്താൻ സമയം കണ്ടെത്തിയിരുന്നു. ഡിസ്പൻസറിയിലേക്ക് ഷാനവാസിനെ തേടിയെത്തുന്ന രോഗികൾക്ക് സൗജന്യമരുന്നുകളും മറ്റു സഹായങ്ങളും സ്വന്തം ചെലവിൽത്തന്നെ നൽകിയിരുന്നു. ഇതോടെ ഗവൺമെന്റ് ആശുപത്രിയുടെ മുഖച്ഛായ മാറുന്ന കാഴ്ചയായിരുന്നു. സ്വകാര്യ ആശുപത്രികളിൽനിന്നുമെല്ലാം ഷാനവാസിനെ തേടി എത്തുന്ന രോഗികളുടെ എണ്ണം ദിനേന കൂടിത്തുടങ്ങി. ഇത് പരിസരത്തുള്ള ക്ലിനിക്കുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭീതിയായപ്പോൾ ഷാനവാസിനെതിരെ കള്ളക്കേസ് ചമയ്ക്കുകയായിരുന്നു. ഗവൺമെന്റ് ഡോക്ടർമാരും ഒപ്പം സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നവരും രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ചുനടത്തിയ നാടകമായിരുന്നു ഷാനവാസിന് വിനയായത്. 2013-ൽ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന പേരിൽ ഷാനവാസിനെതിരെ കള്ളകേസ് ഉണ്ടായിരുന്നു. മദ്യപിച്ചിട്ടില്ല എന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2015 ഫെബ്രുവരി 09-ന് നിലമ്പൂർ സി.ജെ.എം. കോടതി ഷാനവാസിനെ കുറ്റവിമുക്തനാക്കി.താൻ മെഡിക്കൽ ലോബികൾക്കെതിരെ നിന്ന് പ്രവർത്തിക്കുന്നതുകൊണ്ടാണ് കള്ളക്കേസ് കെട്ടിച്ചമച്ചതെന്നാണ് ഷാനവാസിന്റെ ആരോപണം.
സോഷ്യൽ മീഡിയകളിൽ സജീവസാന്നിദ്ധ്യമായിരുന്ന ഷാനവാസ് തൻറെ വിശേഷങ്ങൾ പുറത്ത് വിട്ടിരുന്നത് അതിലൂടെയായിരുന്നു. മരണശേഷം സോഷ്യൽ മീഡിയകളിൽ ഇദ്ദേഹത്തിന് പിന്തുണ നൽകിയും ഇദ്ദേഹം ഉന്നയിച്ചിരുന്ന പോരാട്ടങ്ങൾ ഏറ്റെടുത്തം സോഷ്യൽ മീഡിയയിലെ പ്രവർത്തകർ രംഗത്ത് വന്നു. സർക്കാർ ആരോഗ്യ വകുപ്പിൽ ജോലിയിലിരിക്കേയാണ് ഷാനാവാസ് ആരും കടന്നു ചൊല്ലാത്ത ആദിവാസി മേഖലകളിലേക്ക് തന്റെ സേവനം വ്യാപിപ്പിച്ചത്. അതിനിടെയുണ്ടായ സ്ഥലം മാറ്റത്തിനെതിരെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തിൽ അധികാരികൾക്കെതിരെ പോരാട്ടത്തിലായിരുന്നു. മരണത്തിന് മുമ്പ് കടുത്ത മാനസിക സംഘർഷങ്ങളിലായിരുന്ന അദ്ദേഹം അക്കാര്യം ഫേസ്ബുക്കിലൂടെ വിവരിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് കമൻറുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനുള്ള ബുദ്ധിമുട്ടായിരുന്നു സ്ഥലംമാറ്റത്തിൽ ഷാനവാസിനെ ബുദ്ധിമുട്ടിച്ച കാര്യം. അതുകൊണ്ടാണ് നീതിലഭിക്കാനായി നിയമത്തിന്റെ വഴിയിലേക്ക് അദ്ദേഹം നീങ്ങിയതും.
സർവീസിൽ പ്രവേശിച്ച് ആദ്യ മൂന്നു വർഷം തികയും മുമ്പാണ് ചട്ടങ്ങൾ ലംഘിച്ച് ഷാനവാസിന് ജില്ലാ മെഡിക്കൽ ഓഫീസർ പോലും അറിയാതെ സ്ഥലം മാറ്റമുണ്ടായത്. ഇതിനെതിരെ നിയമപ്പോരാട്ടത്തിനോരുങ്ങുകയായിരുന്ന ഡോക്ടർ ഷാനവാസ് ഫെബ്രുവരി 13 രാത്രി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി. 2015 ഫെബ്രുവരി 13-ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്് യാത്ര പോയ ഷാനവാസിന് തിരികേ വീട്ടിലേക്ക് വരുമ്പോഴാണ് മരണം സംഭവിച്ചത്. ഷാനവാസ് കാറിന്റെ പുറകിൽ ഇരിക്കുകയായിരുന്നു. സുഹൃത്ത് അനീഷായിരുന്നു ഡ്രൈവ് ചെയ്തത്. ഇതിനിടെ ഷാനവാസിനെ വിളിച്ച്പപോൾ ആൾ എണീച്ചില്ല. തുടർന്ന് ഉടനെ തന്നെ എടവണ്ണ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഷാനവാസിനെ ശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് പിതാവ് മുഹമ്മദ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രക്തസമർദവും ഛർദിയിൽ ഭക്ഷണാവശിഷ്ടം അന്നനാളത്തിൽ കുരുങ്ങിയതുമാണു മരണകാരണമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്.
മരണവാര്‍ത്തയറിഞ്ഞതോടെ സോഷ്യല്‍ മീഡിയകളില്‍ സജീവമായ നൂറുകണക്കിന് മലയാളികള്‍ തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോമാറ്റി ഡോക്ടറുടെ ഫോട്ടോ ഇടുകയായിരുന്നു. വിവിധ ഗ്രൂപ്പുകളിലും ഡോക്ടറുടെ സേവനമായിരുന്നു പിന്നെ ചര്‍ച്ച. ഡോ. ഷാനവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുംരൂപീകരിച സോഷ്യല്‍ മീഡിയ ഇൻവെസ്റ്റ്ഗേഷൻ എന്ന പേജിന് വലിയ സ്വീകാര്യമാണ് ലഭിച്ചത്..
അതിനിടെ ഷാനവാസിന്റെ മരണത്തിലെ ദുരൂഹതകളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.ശ്രീജിത്ത് പെരുമന രംഗത്തെത്തി. ഷാനവാസ് മരണപ്പെട്ടു എന്ന് പറയുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയിലെ പ്രകടമായ വൈരുദ്ധ്യവും ഒപ്പം മരിച്ചു കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിലുണ്ടായ സമയ താമസവും ആണ് പ്രധാനമായും ഈ സംശയത്തിനു ഹേതുവാകുന്നത്. അവശ നിലയിലായ ഷാനവാസിനെ ഏടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും, മരണം സ്ഥിരീകരിച്ച ഹോസ്പിറ്റലിൽ നിന്നും, ഡോക്ടരുടെ അടുത്ത സുഹ്രുത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികളിൽ ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പല വട്ടം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ എടുത്ത നടപടികളെ വിമർശിക്കുകയും കോടതിയിൽലൂടെ താൻ കുറെ വിഷയങ്ങൾ പുറത്തു കൊണ്ട് വരും എന്ന് സൂചിപ്പിക്കുകയും ചെയ്ത ഷാനവാസ് തനിക്ക് എന്തെങ്ങിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആരാണെന്ന് വരെ സൂചിപ്പിച്ചിരുന്നു. എന്തൊക്കെയോ അപായങ്ങൾ പ്രതീക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ മരണം അസ്വാഭാവികമായിരുന്നിട്ടു കൂടി വേണ്ടത്ര ജനശ്രദ്ധ നേടിയില്ല എന്ന് പറയാതെ വയ്യ.
അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിൽ ജനിച്ച മധുവിന്റെ ദാരുണ മരണത്തിൽ കേരളം ഞെട്ടിയപ്പോൾ ഒരു പക്ഷെ അറിയാതെ മനസ്സിൽ പറഞ്ഞുപോയ ഒരു പേരുണ്ട്… ഡോ. പി. സി. ഷാനവാസ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ”കള്ളന് മധു”വെന്ന് വിളിച്ച് അവർ മധുവിന്റെ അരികിൽ എത്തില്ലായിരുന്നു. ഇന്നും തന്റെ പ്രിയപ്പെട്ടവർക്കൊപ്പം മധു കല്ല് ഗുഹയിൽ സമാധാനത്തോടെ ജീവിച്ചെനെ.
ആദിവാസികള്‍ക്കും നിരാംലബര്‍ക്കും വേണ്ടി ജീവിതമുഴിഞ്ഞുവെച്ച് മരണത്തോട് കീഴടങ്ങിയ പി.സി ഷാനവാസ് ഇന്നും ഫേസ്ബുക്കിലൂടെ ജീവിക്കുന്നു. ‘നിങ്ങളുടെ ഷാനുവിന്റെ ഉപ്പ’ എന്ന് പരിചയപ്പെടുത്തി ഷാനവാസിന്റെ പിതാവാണ് ഇപ്പോള്‍ പ്രസ്തുത ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത്. ഷാനവാസ് ചെയ്യാൻ ബാക്കിവെച്ച കാര്യങ്ങൾ ചെയ്തു തീർക്കുവാനായാണ് അദ്ദേഹത്തിൻ്റെ മരണശേഷവും ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.