വിവരണം -യദുകുൽ കെ.ജി.
ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഉത്രാടത്തലേന്നും പണിത്തിരക്കായിരുന്നു….അങ്ങനെ പണിയൊക്കെ കഴിഞ്ഞു എട്ടുമണിയോടുകൂടി വീട്ടിലെത്തി കുളിച്ച് കഴിക്കാന്‍ എടുത്തപ്പോഴാണ് വിവേകിൻ്റെ വിളി. പലതവണ മാറ്റിവച്ച സ്വപ്നയാത്ര ധനുഷ്കോടി. നാളെ തിരുവോണം വീട്ടിലിരുന്നില്ലെങ്കിൽ അഛനും അമ്മയും എന്തുപറയും എന്നാലോചിച്ച് ഞാൻ തിരിച്ചുവിളിക്കാമെടാ എന്ന് പറഞ്ഞു ഫോൺ വച്ചു…പ്രതീക്ഷിച്ചതുപോലെ അഛൻ്റെ ചോദ്യം വന്നു. “ആരാ വിളിച്ചത്?”…. “വിവേകാണ്.” “എന്താ?”… “ധനുഷ്കോടി പോവണമെന്നുണ്ട് പക്ഷേ നാളെ ഓണമല്ലേ….” “അത് നോക്കി പോവാതിരിക്കണ്ട…ഇത്രയും പേര് വെള്ളത്തില്‍ പെട്ടുകിടക്കുമ്പോ ആരാ ഓണം ആഘോഷിക്കാൻ….” ആ മറുപടി അനുവാദമായിരുന്നു… അമ്മയ്ക്കും എതിരഭിപ്രായം ഇല്ല…
വിവേകിനെ വിളിച്ചു എടാ അരമണിക്കൂറിനുള്ളിൽ ഞാന്‍ പാലായെത്തും… പായ്ക്ക് ചെയ്തോ…പത്തുമണിയോടുകൂടി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി കയ്യില്‍ കാശുണ്ടോ എന്ന് ചോദിക്കാന്‍ അമ്മ മറന്നില്ല … വേണ്ടെന്നു പറഞ്ഞാലും പേഴ്സിന്റെ മൂലയ്ക്ക് കുറച്ചു നോട്ടുകള്‍ ഇടംപിടിക്കും..കാഞ്ഞിരപ്പളളിയിൽ നിന്നും യാത്ര തുടങ്ങി പാലായെത്തി ജിഷ്ണുവിൻ്റെ വീട്ടില്‍ കയറി വിവേകിനെയും കൂട്ടി യാത്ര പറഞ്ഞിറങ്ങി …..പിന്നീട് എല്ലാം ശടപടേന്നായിരുന്നു….
പാലായിൽ നിന്ന് ഈരാറ്റുപേട്ട കയറി മുണ്ടക്കയം കൂടി കുട്ടിക്കാനം വഴി കുമളിയെത്തി…കുമളിയിൽ വച്ച് പട്രോളിംഗിനിറങ്ങിയ പോലീസ് ജീപ്പ് വട്ടം വെച്ച് ഏമാൻമാർ യാത്രാമംഗളങ്ങൾ നേർന്നു…..
പിന്നീട് ലക്ഷ്യം വച്ചത് കംമ്പം-തേനി ഹെെവേയാണ്…. സ്പീഡോമീറ്ററിൽ മൂന്നക്കസംഖ്യങ്ങൾ കിലോമീറ്ററുകളോളം നീണ്ടു…. വിജനമായ വഴികളില്‍ പലയിടത്തും നിർത്തേണ്ടിവന്നു… ഹെൽമെറ്റിൻ്റെ വെെസറിനെ ചുംബിച്ച പ്രാണികളെ നീക്കി യാത്ര തുടർന്നു ഇടയ്ക്കിടെ ഓരോ ചായയും കാപ്പിയും ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടിരുന്നു….. പുലർച്ചെ മൂന്നരയോടെ മധുരമീനാക്ഷിയുടെ മണ്ണിലെത്തി… മധുര ചന്തയിലൂടെ വണ്ടിയോടിച്ചു ക്ഷമയുടെ നെല്ലിപ്പലക വിണ്ടുകീറി….. ഉറക്കം വീഴാന്‍ തുടങ്ങിയപ്പോള്‍ മുറി തേടി അലച്ചില്‍ തുടങ്ങി എവിടെ കിട്ടാന്‍ …കുറേ തേരാപ്പാരാ ചുറ്റിത്തിരിഞ്ഞ് ഒരു ജൂവലറിയുടെ മുന്നില്‍ നിർത്തിയപ്പോൾ സെക്യൂരിറ്റി അണ്ണൻ വന്ന് കാര്യം തിരക്കി…. റൂം കിട്ടുന്ന സ്ഥലവും പറഞ്ഞുതന്നു…. രാജാ ലോഡ്ജ്.. നല്ല കിടുക്കാച്ചി പേര്… 850 രൂപയ്ക്ക് അടിപൊളി ഡബിൾ ബെഡ്റൂം… വിത്ത് അറ്റാച്ച്ഡ് ബാത്രൂം.., led tv… മൊത്തത്തില്‍ ലാവിഷ്…
നല്ല ഉറക്കം ഉറങ്ങി രാവിലെ എണീറ്റ്…കുളിക്കാന്‍ നോക്കിയപ്പോള്‍ തോർത്തില്ല എന്നാല്‍ ഒരു തോർത്തും വാങ്ങി ചായയും കുടിക്കാന്‍ വെളിയിലേക്കിറങ്ങി… കുറച്ചുനേരം ചുറ്റിക്കറങ്ങി….ബെെക്കുകൾ രണ്ടും അടിമുടി പരിശോധിച്ച് റൂമിൽ തിരിച്ചെത്തി കുളിയും പാസ്സാക്കി ഞങ്ങൾ കെട്ടിപ്പെറുക്കി റൂം വെക്കേറ്റ് ചെയ്ത് തിരിച്ചിറങ്ങി. മധുരമീനാക്ഷിയെ കാണാന്‍ നല്ല തിരക്കാണ് മുൻപൊരിക്കൽ കണ്ടിട്ടുണ്ട് .. അതുകൊണ്ട് ക്ഷേത്രകലകൾക്ക് കണ്ണുകൊടുത്ത് അവിടം ചുറ്റി ഞങ്ങള്‍ മധുരയോട് വിട പറഞ്ഞു രാമേശ്വരം ലക്ഷ്യമാക്കി ആക്സിലേറ്റർ തിരിച്ചു. ഇടയ്ക്ക് വച്ച് വഴിതെറ്റി കന്യാകുമാരി റൂട്ടിൽ കയറി …ഏർവാടി എന്ന സ്ഥലത്തെത്തി പട്ടണത്തോട് ചേർന്നൊരു കടലോരം… വലിയൊരു വ്യാപാരമേഘല….ചിത്രകഥകളിൽ കണ്ടുപരിചയമുള്ള ബാഗ്ദാദിൻ്റെ മുഖമുളള നഗരം…
അവിടെ നിന്നു അവിടെ വച്ചാണ് കുടിവെള്ളടാങ്കറും കൊണ്ടു വരുന്ന ബാഷയെ കാണുന്നത് കേരളാ രജിസ്ട്രേഷന് വണ്ടി കണ്ട് കക്ഷി വണ്ടിയൊതുക്കി….
സംസാരിച്ചു ….കേരളത്തിലെ പ്രളയത്തിൻ്റെ അവസ്ഥകളെപ്പറ്റി ഒരുപാട് ചോദിച്ചു ഒടുവില്‍ യാത്ര ഭംഗിയാവാൻ പ്രാർത്ഥിക്കാം എന്നു പറഞ്ഞു യാത്രയായി… ഞങ്ങള്‍ തിരിച്ച് ശരിയായ വഴിയില്‍ യാത്ര തുടർന്നു….മണ്ഡപം എന്ന സ്ഥലം കഴിഞ്ഞ് പാമ്പൻ പാലത്തിൽ കയറി യാത്ര തുടര്‍ന്നു തലയ്ക്കു മുകളില്‍ തൊട്ടുരുമ്മി പറക്കുന്ന പരുന്തുകൾ അത്ഭുതം തന്നെയായിരുന്നു … അങ്ങനെ വഴിയില്‍ നിർത്തി ചായയൊക്കെ കുടിച്ച് രാമേശ്വരം…എത്തി. നിറങ്ങളാൽ വിസ്മയം തീർത്ത വഴിയോരക്കാഴ്ചകൾ കൊത്തുപണികളുടെ മനോഹാരിത വിളിച്ചോതുന്ന അമ്പലഗോപുരങ്ങൾ….പലനാട്ടിൽ നിന്നെത്തിയ കാഷായവേഷധാരികൾ നഗരത്തില്‍ റോന്തുചുറ്റുന്നു… കണ്ണിൽ മായക്കാഴ്ചകൾ അത്ഭുതം നിറച്ചതുപോലെ ഒരു ചുറ്റുപാട് ഒന്നിനെപ്പറ്റിയും വേവലപ്പെടാതെ കുറേ മനുഷ്യക്കോലങ്ങൾ 😊
അവിടെ കുറേനേരം ചുറ്റി ഞങ്ങള്‍ ധനുഷ്കോടിക്ക് വണ്ടിവിട്ടു ചുറ്റിനും പൊടിമണൽ നിറഞ്ഞ വിജനമായ കിലോമീറ്ററുകൾ നീളുന്ന വഴി. വഴിക്കിരുവശവും ഓലപ്പുരകൾ കണ്ടുതുടങ്ങി കടലെടുത്തവയും….ആൾപ്പാർപ്പുള്ളവയുമായ കുടിലുകൾ ദെെന്യത നിറയ്ക്കുന്ന കാഴ്ചയാണ്…… ധനുഷ്കോടിക്കു കിട്ടിയ ഓമനപ്പേര് അന്വർത്ഥമാണ് പ്രേതനഗരം…. സുനാമിത്തിരകളെ അതിജീവിക്കാന്‍ കടൽ വിട്ടുനൽകിയ മണൽപ്പരപ്പാണിത്…. കണ്ണുനീർത്തുള്ളികളെപ്പോലെ പരിശുദ്ധമായ കടൽജലമാണ് ഇവിടുത്തേത്…കടലിൻ്റെ നിറം ആകാശത്തിൻ്റെ നീലനിറത്തിന് സമം…. വഴിയിൽ കണ്ടുമുട്ടിയ തമിഴ്സഹോദരങ്ങളെല്ലാം കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ചോദിച്ചു പുഞ്ചിരിച്ചുകൊണ്ട് കേരളം തിരുമ്പി വരുവേൻ എന്ന് പറഞ്ഞപ്പോള്‍ അവരും സന്തോഷിക്കുകയായിരുന്നു…
അങ്ങനെ കുറച്ചു നേരം കടലിന് കമ്പിനി കൊടുത്ത് ഞങ്ങള്‍ ആറരയോടെ കേരളമണ്ണിലേക്ക് രാത്രിയാത്ര തിരിച്ചു …. വഴിയില്‍ ഉറക്കം ഒരു സഹയാത്രികനായി കൂടെ കൂടിയപ്പോള്‍ തേനിക്കിപ്പുറം ഒരു ബസ്സോപ്പിൽ വണ്ടി കയറ്റിവച്ച് കണ്ണുകളച്ച് ഉറക്കത്തിന് തിരികൊളുത്തി…എത്രനേരം കിടന്നു എന്നറിയില്ല വിവേക് തട്ടിവിളിച്ചപ്പോഴാണ് കണ്ണുതുറക്കുന്നത്. ഡാ പോവാം എന്ന് പറഞ്ഞ് അരക്കുപ്പി വെള്ളം നീട്ടി അവൻ നിൽക്കുന്നു. വെള്ളം വാങ്ങി മുഖം കഴുകി…വണ്ടിയെടുത്തു വിവേക് ശരിക്കും തളർന്നു…. മൂക്കടപ്പ് അവനെ നല്ലതുപോലെ ദ്രോഹിച്ചുകൊണ്ടിരുന്നു….. വഴിയില്‍ നിർത്തിയും വർത്തമാനം പറഞ്ഞും വെളുപ്പിനെ മൂന്നുമണിയോടെ കുട്ടിക്കാനം എത്തി ഒരു കട്ടൻ കുടിച്ചു…. ഒരു ബ്രഡ്റോസ്റ്റും തട്ടി … മുണ്ടക്കയത്തിനുള്ള വഴി നശിച്ചിരിക്കുകയാണ് വെള്ളം കുത്തിയൊഴുകി വഴി നിറയെ ഗർത്തങ്ങളും… ഒരു പ്രത്യേക സ്ഥലത്ത് മൂന്ന് കാറുകൾ ഒരേ ദിശയില്‍ പല സമയങ്ങളില്‍ കത്തിക്കരിഞ്ഞ നിലയിൽ കാണുമ്പോൾ ഭയത്തിലുപരി ഒരു ആകാംക്ഷ നിറയും …
മുണ്ടക്കയത്തുനിന്നും ഞാനും വിവേകും വിടപറഞ്ഞു… വീണ്ടുമൊരു പന്ത്രണ്ടു കിലോമീറ്റർ താണ്ടി ഞാന്‍ വീടെത്തി….ഓണം കൂടാന്‍ വന്ന ബന്ധുജനങ്ങളുടെ ചോദ്യശരങ്ങൾക്ക് ചെവികൊടുക്കാതെ ഞാന്‍ ഗാഢനിദ്രയെ പ്രണിയിക്കാനായി ബെഡ്ഡിലേക്ക് വീണു….