വിവരണം – Joe Kudakallumkal.
മൂന്നാർ എത്ര തവണ പോയതാടാ നീ, ഒരു മടുപ്പുമില്ലേ നിനക്ക് അതും ഒറ്റക്ക് !!! ‘”യാത്രകൾക്ക് പോയ സ്ഥലം എന്നൊന്നില്ല കുട്ടിയേ”‘ എന്ന് പ്രിയമാതാവിനോട് മറുപടി പറഞ്ഞിറങ്ങി… പലവട്ടം വന്ന വഴികളിൽ കണ്ട മലമുകളിൽ ചവിട്ടിക്കയറി നിന്ന് ഹൃദയ ഭിത്തികളിൽ എന്നോ കുറിച്ചിട്ട ഇരയെ സ്വന്തമാക്കിയ വേടന്റെ അട്ടഹാസം പോലെ തൊണ്ടപൊട്ടി കൂവാൻ ഒരിക്കലെങ്കിലും കൊതിക്കാത്ത സഞ്ചാരികളുണ്ടാവുമോ…!!! ഉണ്ടാവാൻ വഴിയില്ല. ഒറ്റക്കുള്ള യാത്രകൾക്ക് പറയാൻ കഥകൾ ഒരുപാടുണ്ടാവും, കൂടെ ആളെ കൂട്ടിയാൽ ചില കാഴ്ചകൾ കാണാൻ പറ്റിയെന്ന് വരില്ല, സ്വാതന്ത്ര്യം പങ്കിട്ടെടുക്കേണ്ടി വരും. തൽക്കാലം ഈ യാത്രയെ വീതം വെക്കാൻ ഉദ്ദേശിച്ചിട്ടില്ല…
അടിമാലി അടുക്കാറായപ്പോൾ 300 കൊടുത്തൊരു ഓവർസ്പീഡ് രസീത് വാങ്ങി പേഴ്സിൽ വെച്ചു എത്രാമത്തെയാണോ എന്തോ, ഇര പിടിയന്മാരെ കണ്ണിൽ പെടണ്ടേ പറ്റിയസ്ഥലത്താ കിടക്കുന്നത്… മൂന്നാർ ടൗണിലെ തിരക്കുകളിൽ പെട്ടപ്പോൾ മാത്രമാണ് അല്ല ഇനി എങ്ങോട്ടാ പോകണ്ടതെന്ന് ചെവിയിലെ പാട്ടിനൊപ്പം ചോദ്യം എത്തിയത്… ടോപ് സ്റ്റേഷൻ പോകാം എന്ന് ഉടനെ മറുപടിയും കിട്ടി, മൂന്നാർ യാത്രയിൽ ടോപ് സ്റ്റേഷൻ സന്ദർശിച്ചില്ലെങ്കിൽ യാത്ര പൂർണമാവില്ല എന്ന ചിന്ത എന്നിൽ എന്നോ കയറിക്കൂടിയതാണ്… പോയവഴികളിൽ മാട്ടുപെട്ടിയും, സേതുപാര്വതിയും അല്ല കുണ്ടള ഡാമും ഞാൻ വണ്ടിയിൽ ഇരുന്ന് തന്നെ കണ്ട് തീർത്തു, (1945-ല് തിരുവിതാംകൂറിലെ സേതുലക്ഷ്മി പാര്വ്വതി തമ്പുരാട്ടിയാണു ഈ അണകെട്ടിനു തറക്കല്ലിടുന്നത്, അതുകൊണ്ടാണു ഈ ഡാമിനു സേതുപാര്വ്വതി ഡാം എന്നും കൂടി പേരുകിട്ടിയിരിക്കുന്നത്)…
മുന്നോട്ടുള്ള വഴിയിൽ എന്റെ കണ്ണുടക്കിയത് കുണ്ടള ഡാം തീരത്ത് നിന്ന കുറച്ചു സുന്ദരികളിലാണ്, വെയിലേറ്റ് വാടുന്നതിനു മുൻപ് വിരിഞ്ഞു നിൽക്കുന്ന പുൽക്കൊടികളെ വാരിപിടിച്ച് മുൻകാലുകളിലടിച്ചു മണ്ണ് കളഞ്ഞ് ആഹാരമാക്കുന്ന ഒരുപറ്റം പിടിയാനകൾ… ചിലത് മണ്ണുവാരിയെറിഞ്ഞു വിശപ്പില്ലന്നറിയിച്ചു നിൽക്കുന്നു, രാത്രികാലങ്ങളിൽ വഴിയിൽ കയറി വണ്ടി തടയുമെങ്കിലും വാല്പാറയിലും വയനാട്ടിലും ഉള്ള ആനകളെ വച്ച് നോക്കിയാൽ ഉപദ്രവങ്ങൾ കുറവാണ്… ഇവരിടക്ക് വഴിയിൽ കയറി ഓടിയാൽ പുറകെ ഓടിയെത്തി തിരിച്ചു പറഞ്ഞു വിടാൻ സമയമെടുക്കും അതുകൊണ്ട് വഴിയിൽ കയറാനനുവദിക്കാതെ കാവൽ നിൽക്കുന്നുണ്ട് കുറച്ചു ഫോറെസ്റ്റ് ഉദ്യോഗസ്ഥകർ, ഒപ്പം സഞ്ചാരികളുടെ സെൽഫി ഘോഷയാത്ര ചുറ്റും നടക്കുന്നുമുണ്ട്…
മൂന്നാറിന്റെ രാജാവ് “പടയപ്പയെ” കാണണം എന്നുള്ള ആഗ്രഹം ഇന്നും എവിടോ ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഞാൻ ഓർത്തെടുത്തു… അത്രക്കുണ്ട് മറയൂർ കാട്ടിൽ നിന്നും നാടകാണാനിറങ്ങുന്ന ഈ ചില്ലിക്കൊമ്പനായ ഒറ്റയാൻ സമ്പാദിച്ചു കൂട്ടിയ പേരുകൾ, വല്ലപ്പോഴുമേ ദർശനം കൊടുക്കാറുള്ളെങ്കിലും വന്നാൽ പിന്നെ നാട് മുഴവൻ വിരട്ടി സകല കടകളും കയറി ഇറങ്ങി തന്റെ വരവ് നാടറിയിച്ചേ തിരിച്ചു പോകാറുള്ളൂ… കാട്ടാനകളിൽ ഏറ്റവും അപകടകാരി ചല്ലികൊമ്പൻ ഇനത്തിൽ പെട്ട ഒറ്റയന്മാരാണ്… എന്നെങ്കിലും കണ്ട് മുട്ടമെന്നു കരുതാം… ഞാൻ യാത്ര തുടർന്നു, ടോപ് സ്റ്റേഷനിൽ ടിക്കറ്റ് എടുത്തപ്പോൾ ഞാൻ പറഞ്ഞു ട്രെക്കിങ്ങിനാണ് വന്നത്, എനിക്ക് താഴെ ഇറങ്ങി പോകണം….!!! പറ്റില്ലെന്ന് കാവൽക്കാർ ഒന്നടങ്കം പറഞ്ഞപ്പോൾ ഞാൻ വീണ്ടും പറഞ്ഞു ഇവിടുന്ന് കൊളുക്കുമല വരെ നിങ്ങൾ ട്രെക്കിങ്ങിന് ആളെ കൊണ്ടുപോകാറുള്ളതല്ലേ ഞാൻ ഒന്ന് താഴെ വരെ ഇറങ്ങിക്കേറി വരുന്നതിൽ എന്താ കുഴപ്പം… “ഡെയ് റൊമ്പ കഷ്ടമാരുക്കും പോയി വരതുക്ക് നി ഒരാൾ താനാ അതാണ്ടാ പോകവേണ്ടാന്നു സൊന്നത്, സെരി ഉനക്ക് അവളോം ദില്ലിരുന്താൽ പോയിട്ട് വാ 4hrs ടൈം ഇറുക്ക് ഭദ്രമാ പോയി വാ” എന്നായി അവസാനം… ലോട്ടറി അടിച്ചിട്ടുണ്ടോ നിങ്ങൾക്ക് ആർക്കേലും… എന്നാൽ അപ്പോളെനിക്ക് അങ്ങനൊരു മുഖഭാവമായിരുന്നു എന്നേ പറയാനൊള്ളൂ…
ടോപ് സ്റ്റേഷൻ ടെന്റുകൾ പലതും സഞ്ചാരികളെ കാത്ത് കാലിയായി കിടക്കുന്നു, ഇറങ്ങി തുടങ്ങിയപ്പോൾ മനസ്സിലായി അത്ര എളുപ്പമല്ല സമയമെടുക്കും… എങ്കിലും ആവേശം ചോർന്നുപോയില്ല, ടോപ് സ്റ്റേഷൻ പോയിട്ടുള്ളവർക്ക് അറിയാം വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ കാണുന്ന മലനിരകളിൽ എത്തണമെങ്കിൽ ചെങ്കുത്തായ മലകൾ ഇറങ്ങി കയറണം… അനുഭവം കൊണ്ട് പറയട്ടെ കയറുന്നതിലും പേടിക്കേണ്ടത് ഇറങ്ങുന്നത് തന്നെയാണ് ധൈര്യം അളക്കുന്ന സമയം… ചവിട്ടുന്ന മണ്ണ് അടർന്നുപോയാൽ ഒപ്പം ഞാനും പോകും അളക്കാനാവാത്ത ആഴങ്ങളിലേക്ക്… Never Give Up എന്ന Sia സോങ് ട്രാക്ക് തെറ്റിയെത്തിയത് പെട്ടന്നായിരുന്നു എവിടെന്നോ കുറച്ച് ഊർജം പാട്ടിനൊപ്പം ഞരമ്പുകളിലേക്കോടിയെത്തി, ഇറങ്ങി ചെല്ലുംതോറും ആവേശം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല പാതിവഴിയിൽ എത്തിയപ്പോൾ വല്ലാത്തൊരു ബഹളം ചെവിയിലുടക്കി…
കഥാനായകൻ കുരങ്ങനാണ്, ആദ്യം കാര്യം മനസ്സിലായില്ല ഒരുപാട് കുരങ്ങുകൾ ഉണ്ടാവും അവർ തമ്മിലുള്ള വല്ല ആഭ്യന്തര പ്രശ്നവും ആയിരിക്കും എന്നാണ് ആദ്യം കരുതിയത്… അടുത്തെത്തിയപ്പോളാണ് മനസ്സിലായത് അവൻ എന്റെ വരവറിഞ്ഞിട്ടാണ് ബഹളം വെക്കുന്നതെന്ന്… ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചാടി അവൻ കൊഞ്ഞനം കുത്തുന്നു കോപ്രായങ്ങൾ കാട്ടുന്നു കൊലവിളി കൂട്ടുന്നു… കുരങ്ങുകളെ പലയിനം പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഇവൻ എന്തിനാണ് ഇത്ര മാത്രം എന്നോട് ശത്രുത കാണിക്കുന്നതെന്ന് മനസ്സിലാക്കാൻ കുറച്ചുകൂടി അടുത്തെത്തേണ്ടി വന്നു… സ്വന്തം കുഞ്ഞുങ്ങളെയും കുടുംബത്തെയും ഓർത്തുള്ള പേടിയായിരുന്നു ആ ബഹളത്തിന് കാരണം എന്ന് കരുതാം. കുടുംബത്തിന്റെ സംരക്ഷണം അവന്റെ ഉത്തരവാദിത്തം ആയതുകൊണ്ടോ, മുൻപെന്നോ ഇരുകാലികളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളോ ആവാം എന്നെ അവൻ ഭയന്നതിനുള്ള കാരണം, അതല്ലങ്കിൽ സ്വന്തം രാജ്യത്ത് വന്ന അഥിതി ആരെന്നറിയാനുള്ള ഉൽഘണ്ഠയുമാവാം…
എന്തുതന്നെയായാലും ഒരു കുരങ്ങൻ ഇത്ര ബഹളം വെക്കണമെങ്കിൽ കാര്യമായ എന്തോ അവനെ അലട്ടുന്നുണ്ടെന്ന കാര്യമുറപ്പാണ് ഞങ്ങൾ തമ്മിൽ നല്ല അകലമുണ്ടെങ്കിലും അവൻ എന്നേ ആക്രമിക്കാനുള്ള സകല ഭാവവും കാണുന്നുണ്ട് അതൊഴിവാക്കണമെങ്കിൽ ഞാൻ വന്ന കാര്യം അവനെ പറഞ്ഞു മനസ്സിലാക്കണം, അല്ലെങ്കിൽ അവന്റെ ബെഹളത്തിനുള്ള കാരണം എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നോട് പറയണം ഇതിന് രണ്ടും സാധ്യത ഇല്ലാത്തത് കൊണ്ട് കാര്യമറിയാതെ ഒരുപോലെ ഭയപ്പെടുന്ന രണ്ട് ജീവനുകൾ പരസ്പരം നോക്കി നിന്നു… അഡ്വെഞ്ചർ ട്രെക്കിങ്ങിനിടക്ക് ഇങ്ങനെ ചിലതും അനുഭവിക്കേണ്ടി വരും, അത് തന്നെയാണല്ലോ കാടുകയറ്റത്തിന്റെ പിന്നിൽ ഒളിഞ്ഞു കിടക്കുന്ന ഗൂഡലക്ഷ്യം…. ഒരു നിമിഷം തന്നിലേക്കൊന്നുറ്റു നോക്കൂ… നി ഇപ്പോൾ കുരങ്ങന്റെ സാമ്രാജ്യത്തിൽ അവന്റെ അനുവാദമില്ലാതെ കടന്നതാണ്, എത്രയും പെട്ടന്ന് പുറത്തിറങ്ങണം എന്ന ആജ്ഞ തന്നെയാണ് അവന്റെ ഓരോ ഭാവങ്ങളിലും നിഴലിട്ട് നിൽക്കുന്നതെന്ന തിരിച്ചറിവ് എന്നിലുണ്ടായി…
ഞാനെൻ സ്വര്ഗ്ഗം തേടുന്നുവെന്നു നീ അറിയുന്നുവോ വീരനായ വാനര പുത്രാ നിന്റെ രാജ്യത്തിൽ കൂടി കടന്നുപോകാൻ ഈ സഞ്ചാരിയെ അനുവദിച്ചാലും പ്രഭോ..!! എന്ന് പറഞ്ഞു ഞാൻ വഴി മാറി നടന്നു. ഒറ്റ ഭാഷയെ അറിയേണ്ടതൊള്ളൂ കാട് കയറുമ്പോൾ, കാട്ടിലെനിക്ക് പ്രവേശനത്തിന് നിയമപരമായ അനുമതി മാത്രം പോര… കാടിന്റെ അവകാശികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വഴി മാറി നടന്നോണം. കാട് കയറുന്നവർ അറിഞ്ഞിരിക്കേണ്ട, പാലിക്കേണ്ട ബാലപാഠം അവനെനിക്ക് വീണ്ടും ഓർമിപ്പിച്ചു തന്നു… ഞാൻ അകലുന്നത് കണ്ട കുരങ്ങൻ പതിയെ ശാന്തമായി, ഞങ്ങൾക്കുള്ളിൽ അകാരണമായി കടന്നു വന്ന ഭയത്തെ ഞാൻ തന്നെ ഇല്ലാതാക്കി…
കാറ്റുകൊണ്ടുവരുന്ന ചൂളം വിളി മാത്രമായി കാതിൽ… നടപ്പ് തുടർന്നു, കാലങ്ങൾ കൂടി ട്രെക്കിങ്ങിന് ഇറങ്ങിയതിന്റെ ക്ഷീണം തോന്നിത്തുടങ്ങി… കുറച്ചകലെയൊരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ഉണ്ടെങ്കിലും സമയം കുറവായത് കൊണ്ട് അടുത്തവരവിന് കാണാം എന്ന് തീരുമാനിക്കേണ്ടി വന്നു…. മുൻപെങ്ങും കണ്ടിട്ടില്ലാത്ത സഹ്യന്റെ സൗന്ദര്യം നോക്കി നീണ്ടുനിവർന്നു കിടന്നു കുറച്ചു നേരം… അങ്ങകലെ തമിഴ്നാടിന്റെ ഏതോ ഭാഗങ്ങളിൽ സ്ഥാപിച്ച കാറ്റാടിപ്പാടങ്ങൾ കാണാമായിരുന്നു… തേനി ജില്ലയിലെ കൊരങ്ങിണി വരെയെത്തുന്ന 15km കാട്ടുപാതയുണ്ട് ടോപ് സ്റ്റേഷനിൽ നിന്നും മുൻപ് കൊരങ്ങിണി വരെയും കൊളുക്കുമല വഴി ട്രെക്കിങ് അനുവദിച്ചിരുന്നു, തിരഞ്ഞെടുത്തവർക് മാത്രമായി ഇപ്പോളത് ചുരുക്കിയിട്ടുണ്ട് ഫോറെസ്റ്റ് ഡിപ്പാർട്ടമെന്റ്. പ്രദേശവാസികൾ ഇന്നും ഈ വഴി ഉപയോഗിക്കാറുണ്ട്, തേനിയിലെത്താൻ 15 km ഈ മലകൾ താണ്ടി നടന്ന് പോയി തിരിച്ചെത്തുന്നവരെ സമ്മതിക്കണം ഞാനിവിടെ എങ്ങനെ തിരിച്ചു കയറും എന്ന ചിന്തയിലാണ്…
സമയം കടന്നുപോകുന്നത് കൊണ്ട് തിരിച്ചു നടന്നു, ഇറങ്ങിയ വഴികളിലൂടെ ആയിരുന്നില്ല തിരിച്ചുള്ള നടപ്പ് തിരിച്ചെത്താറായപ്പോൾ പുതിയ ബഹളം കേട്ട് നിന്നു, ഏതോ റിസോർട്ടിന്റെ പണികൾ രാപകലില്ലാതെ നടക്കുന്നുണ്ടിപ്പോൾ ടോപ് സ്റ്റേഷൻ പരിസരത്ത്… മലവെട്ടിയിറക്കിയ വഴിയിൽ മനോഹരമായി അവർ കൂടാരങ്ങളൊരുക്കുന്നുണ്ട് പുതിയ സീസൺ മുന്നിൽ കണ്ട്… കുറച്ചുകൂടി നടന്നപ്പോൾ പ്രദേശവാസികൾ എന്നേ തടഞ്ഞു, താങ്കൾ ആരാണ് എന്താണുദ്ദേശം എന്ന ചോദ്യങ്ങളുമായി… കാര്യമറിഞ്ഞപ്പോൾ വേണ്ട നിർദേശങ്ങൾ തന്നാണവർ എന്നെ യാത്രയാക്കിയത്…
ഇന്നലെ കണ്ടതൊക്കെയും ഓര്ത്തെടുക്കാന് ശ്രമിക്കുമ്പോൾ ഓര്മ്മയില് തെളിയുന്നുണ്ട് കൊഴിഞ്ഞ ഹേമന്തങ്ങളിൽ മറഞ്ഞുപോയ നിഴല് പെരുക്കങ്ങളിൽ
കണ്ടതൊക്കെയും മൃഗാദികളിലും, മനുഷ്യരിലും രക്ത ബന്ധങ്ങളില്ലാതെ, ഭാഷയില്ലാതെ പ്രവഹിക്കുന്നത് സ്നേഹമെന്നത് മാത്രമാണെന്ന്… പലതവണ എന്നെ കൊതിപ്പിച്ച പശ്ചിമഘട്ട മലനിരകളുടെ മടിയിലൂടെ നടന്ന് തീർത്തു തിരിച്ചെത്തിയ എന്നെ കണ്ട് അനുവാദം തന്ന ഓഫീസർ ഒറ്റവരി മറുപടിയിലൊതുക്കി… “ഉനക്ക് പൈത്യം ജാസ്തി തമ്പി, നി കണ്ടിപ്പാ പോകമാട്ടെന്നു താൻ നാൻ നിനച്ചത്, പേര് സൊല്ലിട്ടു പോയി തൂങ്കറുതുക്കുള്ള വഴിയേ പാർ ”
ഏതോ മരീചകളില് ചെന്ന് കൂടണയും മുൻപ് ഋതുഭേദങ്ങളുടെ തലോടലുമായി മുന്നേറും ദേശാടകൻ മാത്രമാണ് ഞാൻ… പനിനീര്പ്പൂ ഗന്ധമുള്ള എന്റെ യാത്രയെ ഭ്രാന്തമെന്നു വിളിച്ചല്ലോ താങ്കൾ… കേട്ട് നിന്നവർക്കൊപ്പം ചിരിച്ച് ഞാനും നടന്നകന്നു സമാന്തരങ്ങളിൽ സമാനതകൾ തേടി… ശുഭം.
NB: മൂന്നാർ/ടോപ് സ്റ്റേഷൻ ട്രെക്കിങ് ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുവാദം വാങ്ങി മാത്രം യാത്രക്കൊരുങ്ങുക.
കാടുകയറാനിറങ്ങുന്നവർ വനനിയമങ്ങൾ എന്തൊക്കെയാണെന്ന് കൂടി അറിഞ്ഞിരിക്കണമെന്ന് ഓർമിപ്പിക്കുന്നു… പുകവലി ഒഴിവാക്കുക, ഒരു തീപ്പൊരി നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ മാത്രം ജീവനായിരിക്കില്ല. നീലക്കുറിഞ്ഞി സീസൺ ആണല്ലോ, മൂന്നാർ പലയിടത്തും പൂത്തിട്ടുണ്ട് ടോപ് സ്റ്റേഷനിലാണ് ആദ്യം വിരിഞ്ഞത് പറിക്കുന്നത് ശിക്ഷാര്ഹമാണെന്നറിയുക…