പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾ തന്നെ ഹണിമൂൺ ട്രിപ്പ് എവിടേക്ക് പോകണമെന്ന പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. കല്യാണം കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരിക്കും മിക്കവാറും ദമ്പതികൾ ഹണിമൂണിന് പോകുന്നത്. ചുമ്മാ രണ്ടു ദിവസം മുന്നേ പ്ലാൻ ചെയ്തിട്ട് പോകേണ്ട ഒന്നല്ല ഹണിമൂൺ. കൃത്യമായ പ്ലാനിംഗോടെയും മികച്ച പാക്കേജ് എടുക്കുക വഴിയും നിങ്ങളുടെ ഹണിമൂൺ യാത്രകൾ അവിസ്മരണീയമാക്കുവാൻ കഴിയും. ഹണിമൂൺ യാത്രകൾ എങ്ങനെ ചെലവുകുറച്ച് പ്ലാൻ ചെയ്യാം? ഇതിനായി ദമ്പതികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.
ആദ്യം തന്നെ എവിടേക്കാണ് പോകേണ്ടത് എന്ന് രണ്ടുപേരും കൂടി തീരുമാനിക്കുക. നിങ്ങൾ തിരഞ്ഞെടുത്ത സ്ഥലം രണ്ടുപേർക്കും ഒരേപോലെ ഇഷ്ടപ്പെട്ടതായിരിക്കണം. ഒരിക്കലും ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം ഹണിമൂൺ പ്ലാൻ ചെയ്യരുത്. ഇന്ത്യയ്ക്ക് പുറത്തേക്കാണ് നിങ്ങൾ പോകുവാൻ തീരുമാനിക്കുന്നതെങ്കിൽ പാസ്സ്പോർട്ടും മറ്റുമെല്ലാം നേരത്തെ തന്നെ എടുത്തു വെക്കണം. പാക്കേജിൽ വിസ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. തായ്ലാൻഡ് പോലുള്ള വിസ ഓൺ അറൈവൽ ലഭ്യമായ സ്ഥലങ്ങളിലേക്കുള്ള പാക്കേജുകൾ എടുക്കുകയാണെങ്കിൽ വിസ ചാർജ്ജ് നിങ്ങൾ തന്നെ എടുക്കേണ്ടി വരും.
അതുപോലെ തന്നെ ട്രാവൽ ഏജൻസികൾ തരുന്ന മികച്ച ഹണിമൂൺ പാക്കേജുകൾ ഏതൊക്കെയെന്നു മനസ്സിലാക്കി വെക്കണം. ചില പാക്കേജുകളിൽ വിമാന ടിക്കറ്റ് ഉൾപ്പെടുത്തിയിരിക്കില്ല. അങ്ങനെയുള്ള അവസരത്തിൽ വിമാന ടിക്കറ്റിന്റെ ചാർജ്ജ് മനസ്സിലാക്കിയതിനു ശേഷം ഈ പാക്കേജിന്റെ തുകയും വിമാന ടിക്കറ്റ് ഉൾപ്പെട്ട വേറെ പാക്കേജിന്റെ ചാർജ്ജും കൂടി ഒത്തു നോക്കണം. വിമാന ടിക്കറ്റ് നമ്മൾ ബുക്ക് ചെയ്യുന്നതിലും നല്ലത് സാധാരണയായി ട്രാവൽ ഏജൻസി ബുക്ക് ചെയ്യുന്നതായിരിക്കും. കാരണം അവർക്ക് ടിക്കറ്റ് ബുക്കിംഗിന് ഡിസ്കൗണ്ട് ലഭിക്കുകയും തൽഫലമായി നിങ്ങൾക്കും ചാർജ്ജ് കുറച്ച് ടിക്കറ്റ് ലഭിക്കുവാനും ഇടയാകുന്നു.
സ്വന്തമായി പ്ലാൻ ചെയ്തു പോകുന്നതിലും നല്ലത് ഒരു ട്രാവൽ ഏജൻസിയുടെ പാക്കേജ് എടുത്ത് പോകുന്നതായിരിക്കും. ഇതിലൂടെ നിങ്ങൾക്ക് കുറച്ചുകൂടി സുരക്ഷിതത്വം ഉറപ്പാക്കാം. എല്ലാ ട്രാവൽ ഏജൻസികളും പാക്കേജുകൾക്ക് ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അത്തരത്തിൽ ഓഫറുകൾ ലഭിക്കുന്ന പാക്കേജുകൾ നോക്കി തിരഞ്ഞെടുക്കുക. പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്തൊക്കെ ഉൾപ്പെട്ടിട്ടില്ലായെന്നും മനസ്സിലാക്കിയിരിക്കണം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം നേരത്തെ തന്നെ ട്രാവൽ ഏജൻസിക്കാരോട് ചോദിച്ചു മനസ്സിലാക്കണം. അതോടൊപ്പം തന്നെ നമ്മൾ ഒരിക്കലും ഒഴിവാക്കി കളയുവാൻ പാടില്ലാത്ത ഒന്നാണ് ട്രാവൽ ഇൻഷുറൻസ്. വിദേശ രാജ്യങ്ങളിൽ പോകുന്നവർ നിർബന്ധമായും ഇത് എടുത്തിരിക്കണം. പാക്കേജിനൊപ്പം ഇൻഷുറൻസ് കൂടി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ട്രാവൽ ഏജൻസിയോട് തിരക്കിയാൽ മതിയാകും. ഇല്ലെങ്കിൽ അവർ തന്നെ നിങ്ങൾക്ക് ഇൻഷുറൻസ് തരപ്പെടുത്തി തരും.
ചെലവ് ചുരുക്കുവാനുള്ള മറ്റൊരു വഴി കൂടിയുണ്ട്. ഗ്രൂപ്പ് ആയുള്ള ഹണിമൂൺ പാക്കേജുകൾ ബുക്ക് ചെയ്യുക എന്നതാണ് അത്. അതായത് നിങ്ങളെപ്പോലെ തന്നെ ഹണിമൂണിനായി വരുന്ന ഒരു കൂട്ടം ദമ്പതിമാരുടെ കൂടെയുള്ള ട്രിപ്പ്. സമാന ചിന്താഗതിക്കാരായിരിക്കും മിക്കവാറും നിങ്ങളുടെയൊപ്പം ടൂറിൽ ഉണ്ടായിരിക്കുക. അതുവഴി നിങ്ങൾക്ക് നിങ്ങളുടേതായ സ്വകാര്യത ലഭിക്കുകയും അല്ലാത്ത സമയങ്ങളിൽ മറ്റുള്ളവരുമായി ഒന്നിച്ച് അടിച്ചുപൊളിക്കുവാൻ സാധിക്കുകയും ചെയ്യും. ഇത്തരത്തിൽ ഗ്രൂപ്പ് ഹണിമൂൺ പാക്കേജുകളെക്കുറിച്ച് ട്രാവൽ ഏജസിയോട് തന്നെ തിരക്കുക. അല്ലെങ്കിൽ ഗ്രൂപ്പ് ഹണിമൂൺ പാക്കേജുകൾ ചെയ്യുന്ന ട്രാവൽ എജൻസിയെ ബന്ധപ്പെടുക. എന്തൊക്കെയായാലും ഹണിമൂൺ പോകുന്നതിനു ചുരുങ്ങിയത് ഒരു മാസം മുൻപെങ്കിലും നിങ്ങൾ പാക്കേജ് ബുക്ക് ചെയ്തിരിക്കണം.
ഇനി പോകേണ്ട ദിവസം തീരുമാനിക്കാം. നിങ്ങൾ പോകുന്ന സമയവും പോകുന്ന സ്ഥലത്തിന്റെ അപ്പോഴത്തെ അവസ്ഥയും മനസ്സിലാക്കി വേണം യാത്രാ ദിവസം തീരുമാനിക്കേണ്ടത്. പോകുന്ന സ്ഥലത്ത് നല്ല തിരക്കുള്ള സമയമാണെങ്കിൽ (season time) ഹണിമൂൺ യാത്രികർക്ക് അത് വളരെ ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാക്കുക. ഇതുമൂലം നിങ്ങൾക്ക് സ്വകാര്യത ഉറപ്പു വരുത്തുവാൻ സാധിക്കാതെ വരും. ഈ കാര്യത്തിലും നിങ്ങളെ ട്രാവൽ ഏജൻസികൾ സഹായിക്കും. അതല്ലെങ്കിൽ ആ സ്ഥലത്തെക്കുറിച്ച് അറിയാവുന്ന ആളുകളോട് തിരക്കിയാൽ മതിയാകും. അതുപോലെ തന്നെയാണ് പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥയും. പൊരിഞ്ഞ ചൂട് സമയത്ത് ഹണിമൂൺ എന്നും പറഞ്ഞു അവിടേക്ക് ചെന്നിട്ടു കാര്യമുണ്ടോ? ഹണിമൂൺ യാത്രകൾക്ക് എപ്പോഴും ഉത്തമം മൺസൂൺ അല്ലെങ്കിൽ വിന്റർ സീസൺ ആയിരിക്കും.
താമസവും യാത്രാച്ചെലവും (വിസ, ഫ്ളൈറ്റ് ടിക്കറ്റുകൾ, മറ്റു ട്രാൻസ്പോർട്ടേഷൻ) ബ്രേക്ക്ഫാസ്റ്റും ഗൈഡും ഒക്കെയായിരിക്കും പൊതുവായി ട്രാവൽ ഏജൻസികൾ നമുക്ക് തരുന്ന സേവനങ്ങൾ. ബാക്കിഎല്ലാം നമ്മൾ സ്വന്തം പോക്കറ്റിൽ നിന്നും എടുത്തു ചെലവാക്കേണ്ടി വരും. ഉദാഹരണത്തിന് പാക്കേജിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്തെങ്കിലും ആകിറ്റിവിറ്റികൾ നിങ്ങൾക്ക് ചെയ്യണം എന്നു തോന്നുകയാണെങ്കിൽ അതിന്റെ ചിലവ് നിങ്ങൾ തന്നെ വഹിക്കേണ്ടി വരും. മറ്റു സമയത്തെ ഭക്ഷണവും ഷോപ്പിംഗും ഒക്കെ ഇതിൽപ്പെടും. ഇത്തരത്തിലുള്ള ചെലവുകൾ കുറയ്ക്കുവാനായി ആ ടൂറിസ്റ്റു കേന്ദ്രത്തിലെ ഓഫ് സീസൺ സമയത്ത് പോകുകയാണെങ്കിൽ സാധിക്കും. ചെലവ് കുറയ്ക്കുവാനായി ഓഫ് സീസൺ വരെ നിങ്ങളുടെ ഹണിമൂൺ മാറ്റിവെക്കണം എന്നല്ല പറഞ്ഞു വരുന്നത് കേട്ടോ. ഇതെല്ലാം നിങ്ങൾക്കായുള്ള ടിപ്സ് മാത്രമാണ്. തീരുമാനം ഇപ്പോഴും നിങ്ങളുടേതു തന്നെയായിരിക്കും.
ഇനി ഇതുപോലെ പാക്കേജുകൾ എടുത്ത് യാത്ര പോകുവാൻ ഇഷ്ടമില്ലാത്തവർക്ക് സ്വന്തമായി ഹണിമൂൺ യാത്രകൾ പ്ലാൻ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ സാമ്പത്തികമായി ലാഭമുണ്ടായിരിക്കുമെങ്കിലും ഉത്തരവാദിത്തങ്ങൾ കൂടും എന്നൊരു നെഗറ്റിവ് പോയിന്റ് കൂടിയുണ്ട്. അതുകൊണ്ട് ഞങ്ങളുടെ അഭിപ്രായത്തിൽ യാതൊരു ടെൻഷനും കൂടാതെ ഹണിമൂൺ യാത്ര പോയി വരുന്നതിന് ഏറ്റവും അനുയോജ്യമായത് ഒരു ട്രാവൽ ഏജൻസിയുടെ പാക്കേജ് എടുത്ത് പോകുന്നതായിരിക്കും. അപ്പോൾ ഹണിമൂൺ പ്ലാൻ ചെയ്തു തുടങ്ങിക്കോളൂ.. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു…