വിവരണം – തുഷാര പ്രമോദ്.
തണുത്ത പ്രഭാതത്തിലെ സുഖമുള്ള നിദ്ര.. അതിരാവിലെ തന്നെ പുറത്തു കിളികളുടെ പാട്ട് കേൾക്കാമായിരുന്നു.. കണ്ണുകൾ തുറക്കാതെതന്നെ ആ പ്രഭാതം എത്ര സുന്ദരമാണെന്നു അറിയുവാൻ കഴിയും.. അലാറം പോലും ഇല്ലാതെ പ്രകൃതി തന്നെ ആ സുന്ദരമായ ദിവസത്തിലേക്ക് മനസ്സിനെ വിളിച്ചുണർത്തി.. മലമുകളിൽ നിന്ന് പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങി കണ്ണുകളിലേക്ക് പതിച്ചു..
പ്രകൃതി മുഴുവൻ മഞ്ഞിൽ പുതച്ചു നിൽക്കുന്നു.. മുറ്റത്തെ പുൽത്തകിടിയിൽ മഞ്ഞു കണങ്ങൾ ഇറ്റുവീഴാൻ കാത്തു നിൽക്കുന്നു.. അവ കാൽപാദങ്ങളിൽ തട്ടി തലോടുമ്പോൾ ഹൃദയത്തിൽ ആനന്ദത്തിന്റെ മഞ്ഞു കണങ്ങൾ പെയ്യുന്നത് പോലെ.. മരങ്ങളിൽ നിറയെ ബുൾബുൾ പക്ഷികൾ കലപില ശബ്ദം ഉണ്ടാക്കികൊണ്ട് ഇരിപ്പുണ്ട്. അവരാണ് പ്രഭാതത്തിന്റെ പാട്ടുകാരായി എത്തി ഞങ്ങളെ വിളിച്ചുണർത്തിയത്. നാട്ടിലൊക്കെ കാണുന്നപോലെയുള്ള ബുൾബുൾ പക്ഷികൾ അല്ല കെട്ടോ, കാന്തല്ലൂരിലെ ശുദ്ധമായ പഴങ്ങൾ ഒക്കെ കഴിച്ചു തടിയന്മാരായ ബുൾബുൾ പക്ഷികളാണ്.
പ്ലം മരച്ചോട്ടിൽ നിൽകുമ്പോൾ ഇലകളിൽ തങ്ങി നിന്നിരുന്ന മഞ്ഞുത്തുള്ളികൾ മെല്ലെ ഇറ്റുവീഴുന്നുണ്ടായിരുന്നു.. മഞ്ഞിൽ പൊതിഞ്ഞ ആ പ്ലം പഴങ്ങൾ പറിച്ചെടുത്തു അങ്ങനെ നിക്കുമ്പോഴാണ് പൗലോസേട്ടൻ ആവിപറക്കുന്ന ചായയുമായി വരുന്നത്. ആ തണുപ്പിൽ മുറ്റത്തെ മരത്തടിയിൽ ഇരുന്നുകൊണ്ട് മലമുകളിൽ നിന്നും പ്രകാശിക്കുന്ന പ്രഭാത സൂര്യനെയും ആസ്വദിച്ചു ചൂട് ചായ ഊതികുടുകുമ്പോൾ, ഉസ്താദ് ഹോട്ടലിൽ തിലകൻ ചേട്ടൻ പറഞ്ഞപോലെ ലോകം മുഴുവൻ ആ നിമിഷത്തിലേക്ക് വന്നു നിക്കുന്ന പോലെ ഒരു ഫീൽ ആണ്. വെയിൽ കനക്കും മുൻപ് പുറത്തേക്ക് പോകണം കാന്തലൂർ കാഴ്ച്ചകൾ ഇനിയും ഏറെ കാണാൻ ബാക്കി ഉണ്ട് .
പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി, ബ്രേക്ഫാസ്റ് കഴിക്കാൻ രമണിയേച്ചിയുടെ അടുത്ത് പോണം. അതിനു മുൻപ് കാർ ഒന്ന് ക്ലീൻ ചെയ്യാമെന്ന് വിചാരിച്ചു പോയതാണ് നല്ല എട്ടിന്റെ പണി കിട്ടി. കഷ്ടകാലമെന്നല്ലാതെ എന്ത് പറയാനാണ് അബദ്ധവശാൽ കാർ കീ അകത്തു വച്ച് ഡോർ ക്ലോസ് ചെയ്ത് പോയി. സന്ധ്യയ്ക്കു മുൻപ് മൂന്നാർ ടോപ്സ്റ്റേഷൻ എത്തുകയും വേണം, എന്ത് ചെയ്യണമെന്ന് അറിയാതെ കിളി പോയി നിൽക്കുകയായിരുന്നു. പൗലോസേട്ടനും അവിടെ ബിൽഡിംഗ് വർക്കിന് വന്ന ചേട്ടന്മാരും ഒക്കെ വന്നു. ശ്രീജിത്തേട്ടനും കൂടെ ഒരു പയ്യനും എത്തി.
എല്ലാരും കൂടെ പഠിച്ച പണി പതിനെട്ടും നോക്കി .ഒരു രക്ഷയുമില്ല. ഗ്ലാസ്സ് പൊളിക്കാതെ ഇനി നിവർത്തിയില്ലെന്ന ഘട്ടമായി. അപ്പോഴാണ് ശ്രീജിത്തേട്ടൻ മറയൂരിൽ നിന്ന് ഒരു ടെക്നീഷനെ വിളിച്ചത്. ഇനി മൂപ്പർ വന്നുകൂടെ ഒന്ന് ശ്രമിക്കണം. വണ്ടി ഒക്കെ കിട്ടി പുളിക്കാരൻ എത്താൻ കുറച്ചു സമയം എടുക്കും. എന്നാപ്പിന്നെ അപ്പോഴേക്കും ബ്രേക്ഫാസ്റ് കഴിച്ചു വന്നോളൂ എന്ന് ശ്രീജിത്തേട്ടൻ പറഞ്ഞു. ടെക്നീഷൻ വന്നാൽ ഉറപ്പായിട്ടും ശരിയാകും എന്ന് പറഞ്ഞു അവർ ഞങ്ങളെ സമാധാനിപ്പിച്ചു. അങ്ങനെ ഗുരുജി ഹോട്ടലിലേക്ക് മെല്ലെ നടന്നു.
സുകുമാരേട്ടൻ ഞങ്ങളെ സന്തോഷത്തോടെ അകത്തേക്ക് വിളിച്ചു. രമണിയേച്ചി എന്തോ പണി തിരക്കിലാണ്. ചേട്ടൻ ഞങ്ങൾക്ക് ഇഡ്ഡലിയും ചട്ണിയും കടല കറിയും കൊണ്ടുതന്നു.അപ്പോഴേക്കും രമണിയേച്ചിയും എത്തി,കടുപ്പത്തിൽ ഒരു ചായയും ഇട്ടു തന്നു. രാവിലെ ഉണ്ടായ സംഭവങ്ങളൊക്കെ പറഞ്ഞു ഇങ്ങനെ ഇരിക്കുമ്പോഴാണ് പ്രായം ചെന്നൊരു മനുഷ്യൻ അവിടേക്ക് വന്നത്. കാഴ്ചയിൽ ഒരു 90 വയസ്സൊക്കെ തോന്നിക്കും. സുകുമാരേട്ടനാണ് അദ്ദേഹത്തെകുറിച്ചു പറഞ്ഞു തന്നത്.
മലയാള രാജു സ്വാമി എന്നാണ് അദ്ദഹത്തെ എല്ലാരും വിളിക്കുന്നത്. 100 വയസ്സിനു മുകളിൽ പ്രായം ഉണ്ട്. പഴയ കാലത്തു ആ നാട്ടിൽ മലയാളം എഴുതാനും വായിക്കാനും പഠിച്ച ഒരേ ഒരാളാണ് അദ്ദേഹം. അതുകൊണ്ടാണ് ആ പേര് വന്നത്. തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന ഗ്രാമമാണ് ഇത്. സ്വാമി ഇപ്പോ അവിടത്തെ മലയാള ഭഗവതി ക്ഷേത്രത്തിൽ പൂജ ഒക്കെ ചെയ്തു കഴിയുകയാണ്. അദ്ദേഹത്തിന് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങിച്ചു. ഭസ്മവും തൊട്ടു തന്നു.
അപ്പോഴാണ് രമണിയേച്ചി അവിടെ ഉള്ള രാമൻ ക്ഷേത്രത്തെ പറ്റി പറഞ്ഞത്. കാട്ടിനുള്ളിൽ പ്രകൃത്യാ പാറക്കല്ലുകൾ കൊണ്ട് നിർമ്മിതമായ ഒരു ക്ഷേത്രമാണ് അത്. കൂടിചേർന്നു നിൽക്കുന്ന പാറക്കലുകളുടെ മുകൾഭാഗത്തെ വിടവിൽ കൂടെ മുകളിലേക്ക് നോക്കിയാൽ വിശാലമായ കാട് കാണാമത്രെ. അവിടുത്തുകാർക്ക് വളരെ അധികം വിശ്വാസമുള്ള പ്രതിഷ്ഠ ആണ് അത്. മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നതെന്തും കനിഞ്ഞു നൽകുന്ന ദേവനാണത്രെ. ഞങ്ങളോട് ഉറപ്പായും അവിടെ പോകണമെന്ന് രമണിയേച്ചിയും സുകുമാരേട്ടനും പറഞ്ഞു. കാർ ശരിയായ ഉടനെ അങ്ങോട്ടേക്ക് പോകാമെന്നു ഞങ്ങൾ ഉറപ്പു പറഞ്ഞു.
മൂന്നാറിലേക്കുള്ള എളുപ്പവഴി സുകുമാരേട്ടനോട് ചോദിച്ചപ്പോഴാണ് പറയുന്നത് ആനമുടി ഷോല നാഷണൽ പാർക്ക് വഴി മൂന്നാർ ടൗൺ ടച്ച് ചെയ്യാതെ കുണ്ടല ഡാം വഴി ടോപ്സ്റ്റേഷനിൽ എത്തുന്ന ഒരു ഷോർട് കട്ട് ഉണ്ട്. മൂന്നാർ ടൗൺ ടച്ച് ചെയ്തിട്ട് പോകുന്ന ഇപ്പോഴുള്ള വഴിയിലൂടെ പോകുമ്പോൾ ഏകദേശം 3 മണിക്കൂർ വേണ്ടി വരും ടോപ്സ്റ്റേഷൻ എത്താൻ, എന്നാൽ ആനമുടി ഷോല നാഷണൽ പാർക്ക് വഴി പോകുമ്പോൾ വെറും 1 മണിക്കൂർ 10 മിനുട്ടിന്റെ കൊണ്ട് എത്താൻ കഴിയും. പക്ഷെ അതിപ്പോൾ വനം വകുപ്പ് അടച്ചിട്ടിരിക്കുകയാണ്. സഞ്ചാരികൾ പ്രകൃതിയെ മലിനപ്പെടുത്താൻ തുടങ്ങിയതിനാലാണ് അങ്ങനെ ചെയ്തത്.
ആ നാട്ടുകാരുടെ ആയുസ്സിന്റെ രഹസ്യം തന്നെ കാട്ടിലെ ഔഷധ ഗുണമുള്ള മരങ്ങളുടെയും ചെടികളുടെയും വേരുകളിലൂടെ ഉറവയായി വരുന്ന ശുദ്ധ ജലമാണെന്നാണ് പറയപ്പെടുന്നത്. അവിടത്തുകാർ നിധിപോലെ സൂക്ഷിക്കുന്ന ആ പ്രകൃതിയെയും ജലസ്ത്രോതസ്സിനെനും സഞ്ചാരികൾ മലിനപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് വനം വകുപ്പ് അങ്ങനെ ഒരു നടപടി സ്വീകരിച്ചത്. വളരെ നല്ല തീരുമാനം, ആളുകൾ സ്വയം തിരുത്താൻ തയ്യാറാകാത്ത അവസരങ്ങളിൽ പ്രകൃതിയെ സംരക്ഷിക്കാൻ ഇത്തരം തീരുമാനങ്ങൾ തന്നെയാണ് നല്ലത്. പുതിയ പുതിയ റിസോർട്ടുകളുടെ ഒക്കെ നിർമ്മാണം ആ പ്രകൃതിയെ വല്ലാതെ അലോസരപെടുത്തുന്നുമുണ്ട്. പകരം വയ്ക്കാനില്ലാത്ത ഈ സ്വപ്ന ഭൂമിക്ക് അതിന്റെ പവിത്രത വൈകാതെ തന്നെ നഷ്ടമാകുമോ എന്ന ഭയം തീർച്ചയായും ഉണ്ട്.
ഒരായിരം തവണ വന്നാലും വീണ്ടും ഒരിക്കൽ കൂടി വരണമെന്ന് മനസ്സിൽ കുറിച്ചിട്ടു പോകാൻ തോന്നുന്ന പ്രീയപ്പെട്ട ഈ ഇടത്തെ ഒരിക്കലും നഷ്ടമാവാല്ലേ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. രമണിയേച്ചിയോടും സുകുമാരേട്ടനോടും യാത്ര പറഞ്ഞു ഇറങ്ങാനുള്ള സമയം ആയിരിക്കുന്നു. മനസില്ലാമനസോടെ ഇനിയും വരുമെന്ന ഉറപ്പോടെ ഞങ്ങൾ പോയി വരാമെന്നു പറഞ്ഞു.
പെട്ടന്നാണ് രമണിയേച്ചി ഒരു നിമിഷം നിൽക്കാൻ പറഞ്ഞു അകത്തേക്ക് പോയത്, തിരിച്ചു വന്നത് കയ്യിൽ കുറച്ചു സ്ട്രോബെറി പഴങ്ങളുമായാണ്. സുകുമാരേട്ടന്റെ ചേട്ടന്റെ തോട്ടത്തിൽ ഉണ്ടായതാണ്. ചേച്ചിയെ കെട്ടിപിടിച്ചു യാത്ര പറയുമ്പോൾ എനിക്ക് അറിയാമായിരുന്നു ആ സ്ട്രോബെറികൾക്ക് സ്നേഹത്തിന്റെ മധുരം ആയിരിക്കുമെന്ന്. പിരിഞ്ഞു പോവാൻ നേരം കണ്ണുനീരിന്റെ നനവുണ്ടാക്കുന്ന ബന്ധങ്ങൾ വളരെ കുറച്ചേ ഉണ്ടാകു. ഹൃദയത്തിൽ ഒരു കണ്ണുനീർ തുള്ളിയോടെ ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി. ചേട്ടന്റെ ഫോൺ നമ്പർ വാങ്ങി വക്കാനും മറന്നില്ല.
മിനിസ്റ്റേഴ്സ് മാന്ഷനിൽ എത്തിയപ്പോഴേക്കും ടെക്നീഷനും എത്തിയിരുന്നു. പുള്ളിക്കാരൻ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ കീ എടുത്തു തന്നു. ഇതിനാണ് ഇത്രയും നേരം നമ്മൾ എല്ലാം കൂടി ഇവിടെ കിടന്ന് മലമറിച്ചത് എന്ന് ഓർക്കുമ്പോൾ ചിരി വരുന്നു. എന്ത് തന്നെ ആയാലും ഒരു ആവശ്യം വന്നപ്പോൾ ഞങ്ങൾക്ക് ആരുമാരും അല്ലാത്തവർ ഓടിയെത്തി അവരെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്തുതന്നു ആരൊക്കെയോ ആയിമാറി. നന്മവറ്റാത്തൊരു നാട്ടിലെ ഹൃദയം മുഴുവൻ നന്മയുള്ള കുറെ മനുഷ്യർ.
പിന്നീട് നേരെ പോയത് രാമൻ ക്ഷേത്രത്തിലേക്കാണ്. പെട്ടന്നാണ് റോഡിൽ ഒരാൾ കാറിനു കൈ കാണിച്ചത്. രാമൻ ക്ഷേത്രത്തിലേക്കുള്ള വഴി കാണിച്ചു തരാമെന്നും അങ്ങേർക്ക് ഒരു 100 രൂപ കൊടുത്താൽ മതിയെന്ന് പറഞ്ഞു. പാവം, പ്രായമുള്ളൊരു മനുഷ്യൻ തന്നെക്കൊണ്ട് കഴിയുന്ന ജോലി ചെയ്യാൻ ശ്രമിക്കുവല്ലേ. ഗൂഗിൾമാപ് ഉണ്ടെങ്കിലും ഞങ്ങൾ അദ്ദേഹത്തെയും കൂട്ടി. സംസാരിച്ചു വന്നപ്പോഴാണ് മനസിലായത് ഇന്നലെ ആ കൂരിരുട്ടിൽ കോടമഞ്ഞു പൊതിഞ്ഞ ആ രാത്രയിൽ ഇരുളിൽ നടന്നുപോയ ആ മനുഷ്യൻ ഇദ്ദേഹമായിരുന്നെന്നു. അപ്പോൾ കണ്ട ഞങ്ങളെ ഈ പകലും അദ്ദേഹം തിരിച്ചറിഞ്ഞു. അതാണ് കാറിനു കൈ കാണിച്ചത്. അങ്ങനെ രാമൻ ക്ഷേത്രത്തിൽ എത്തി.
നടന്നുപോകുന്ന വഴിയിൽ താഴെക്കൂടെ ഒരു നീർച്ചാൽ ഒഴുകി പോകുന്നു. അതിന്റെ അരികിലായി കല്ലിൽ കൊത്തിയ ചില പ്രതിഷ്ഠകൾ മഞ്ഞൾ തേച്ചു വച്ചിരിക്കുന്നു. കുറച്ചൂടെ മുന്നോട്ട് പോയാൽ ഒരു സ്റ്റെപ് കാണാം, അത് കയറി ചെന്നാൽ എത്തുന്നത് ക്ഷേത്രത്തിലാണ്. പൂജയുള്ള ദിവസങ്ങളിൽ മാത്രമേ അവിടെ നട തുറക്കാറുള്ളു.ഇപ്പോൾ അടച്ചിട്ടിരിക്കുയാണ്. പാറക്കല്ലുകൾ ചേർത്ത് വച്ച് പ്രകൃതി തന്നെ നിർമിച്ച ഒരു ഗുഹാക്ഷേത്രം. പുറത്തു നിന്നും തൊഴുത് ഇനി വരുമ്പോൾ തീർച്ചയായും നട തുറക്കുന്ന സമയം വരണമെന്ന് വിചാരിച്ചു അവിടെ നിന്നും ഇറങ്ങി. കൂടെ വന്ന ചേട്ടനെ അവിടെ ജംഗ്ഷനിൽ ഇറക്കികൊടുത്തു.
അപ്പോഴാണ് അവിടെ ചെറിയ കടകളിൽ സ്ട്രോബെറി വൈൻ ഒക്കെ വിൽക്കുന്നത് കണ്ടത്.ചേട്ടനും കൂടെ വന്നു ഞങ്ങൾക് നല്ല വൈൻ ഒക്കെ നോക്കി വാങ്ങിച്ചു തന്നു. കുറച്ചു വെളുത്തുള്ളിയും വാങ്ങി. അവിടെ സുലഭമായി കിട്ടുന്ന ഒന്നാണ് വെളുത്തുള്ളി. ഗുണമേന്മ ഉള്ള വെളുത്തുള്ളി ആണെന്ന് കണ്ടാൽ അറിയാം. പിന്നെ കേടുകൂടാതെ ഇരിക്കുന്ന ഒരു ഐറ്റം ആണല്ലോ.അപ്പോ യാത്ര കഴിഞ്ഞു വീട്ടിൽ എത്തിയാലും ഉപയോഗിക്കാം എന്ന് കരുതി കൂടി വാങ്ങിയതാണ് .
അടുത്തതായി പോകാനുള്ളത് ഭ്രമരം ഷൂട്ടിംഗ് ഒക്കെ ചെയ്ത മനോഹരമായ സ്ഥലത്തേക്കാണ്. വഴിയിൽ വച്ച് ശ്രീജിത്തേട്ടനെ കണ്ടു. ചേട്ടൻ അങ്ങോട്ട് പോകാനുള്ള വഴി ഒക്കെ പറഞ്ഞു തന്നു . അങ്ങനെ അവിടെ എത്തി. ചുറ്റിലും മരങ്ങളാണ് , താഴേക്ക് കുത്തനെ ഇറക്കമാണ്, കുണ്ടും കുഴിയും നിറഞ്ഞ മൺപാത.കണ്ടിട്ട് ലാലേട്ടൻ ഭ്രമരത്തിൽ ജീപ്പ് ഓടിച്ചു പോയ വഴി ആണെന്നാ തോന്നുന്നേ. ഇനി എങ്ങോട്ട് പോകണമെന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് ഒരു ചേട്ടൻ ആ വഴി വന്നത്. ആ വഴി ഇറങ്ങി താഴേക്ക് ചെന്നാൽ എത്തുന്ന പുൽമേട്ടിലാണത്രെ ഷൂട്ടിംഗ് ലൊക്കേഷൻ. അങ്ങനെ കാർ അവിടെ നിർത്തി താഴേക്ക് നടന്നു. കുറച്ചു നടന്നപ്പോഴേക്കും ഒരു പുൽമേട്ടിൽ എത്തി.
അവിടെ അവിടെ ആയി കുറച്ചു കൂരകൾ കാണാം.പലപ്പോഴായി ഫിലിം ഷൂട്ടിങ്ങിനു വേണ്ടി നിർമ്മിച്ചതാണെന്ന് തോനുന്നു. തൊട്ടടുത്തു തന്നെ ഒരു ഏറുമാടം ഉണ്ട്. അതിന്റെ അരികിലായി ഒരു സ്ത്രീ പുല്ലുവെട്ടികൊണ്ട് നില്പുണ്ടായിരുന്നു. അവരടുത്തു പോയി സംസാരിച്ചു. അസലമ്മ എന്നാണ് പേര് , തൊട്ടടുത്ത ആദിവാസി ഊരിലാണ് അസലമ്മ താമസിക്കുന്നത്. പുൽതൈലം ഉണ്ടാക്കാനായി പുല്ലുവെട്ടുകയാണ് അവർ. തൊട്ടപ്പുറത്തു ഒരു കൊച്ചു പൂന്തോട്ടത്തിനു നടുവിൽ ഉള്ള കൂരയിൽ അസലമ്മയുടെ മകൻ പഴനി സ്വാമി പുൽത്തൈലം ഉണ്ടാക്കുന്നുണ്ട്.
അസലമ്മ ഞങ്ങളെ അവിടേക്കു കൂട്ടികൊണ്ടുപോയി പഴനി സ്വാമിയേ പരിചയപെടുത്തിത്തന്നു. പഴനി സ്വാമി, ഞങ്ങൾക്ക് പുൽത്തൈലം ഉണ്ടാക്കുന്ന രീതി ഒക്കെ കാണിച്ചു തന്നു. ആവിയിൽ ചൂടാക്കിയാണ് പുല്ലിൽ നിന്നും തൈലം ഉണ്ടാകുന്നത്. ഒരു മായവും ഇല്ലാത്ത നല്ല ഒറിജിനൽ തൈലം ഒരു ബോട്ടിൽ അവിടുന്ന് വാങ്ങിച്ചു. ഇത്ര ശുദ്ധമായതൊക്കെ എപ്പോഴും കിട്ടില്ലല്ലോ. അകത്തു കുറച്ചു കുട്ടികൾ ഇരിന്നു ഫോണിൽ ഗെയിം കളിക്കുണ്ടായിരുന്നു. അവരെല്ലാം കളിയിൽ മുഴുകി ഇരിക്കുകയാണ് ആരേം ശ്രദ്ധിക്കുന്നില്ല.
അപ്പോഴാണ് പഴനി സ്വാമി പുറത്തു ഒരേ ഒരു ചെടിയിൽ നീലക്കുറിഞ്ഞി പൂത്തു നിക്കുന്നത് കാണിച്ചു തന്നത്. ഹാ..അങ്ങനെ അതും കണ്ടു.. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ആ നീല വിസ്മയത്തെ അപ്രതീക്ഷിതമായി കാണാൻ പറ്റിയതിന്റെ സന്തോഷം കുറച്ചൊന്നുമല്ല ഉണ്ടായത്. പഴനി സ്വാമിക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഏറുമാടത്തിൽ കയറാമെന്നു അസലമ്മ പറഞ്ഞു .സത്യത്തിൽ അവരതിനെ ആനമാടം എന്നാണ് പറയുന്നത്. ഏകദേശം ഒരു 10-12 മീറ്റർ ഉയരം കാണും അതിനു. ഇടക്കിടെ ആന ഇറങ്ങുന്ന സ്ഥലമാണത്രെ, കാവൽ നിൽക്കാൻ വേണ്ടി ഉണ്ടാക്കിയ ഏറുമാടം ആണ്.
ഏറുമാടത്തിലേക്ക് കയറുമ്പോൾ കാറ്റിൽ ആ വലിയ മരം മെല്ലെ ഇളകിക്കൊണ്ടിരുന്നു. എങ്കിലും ഭയം തോന്നിയില്ല, മുകളിൽ എത്താനുള്ള ധൃതി ആയിരുന്നു , ഉയരങ്ങളിൽ നിന്നു വിശാലമായ ആ പുൽമേട്ടിൻ ഭംഗി ആസ്വദിക്കാൻ.അങ്ങനെ ഒടുവിൽ മുകളിൽ എത്തിയിരിക്കുന്നു .അപ്പോഴും മരം മെല്ലെ ഇളകി ആടിക്കൊണ്ടിരുന്നു. ചുറ്റിലും നോക്കി, നീലാകാശം മലകളെ തലോടി നിൽക്കുന്നു.. താഴെ നിറയെ പച്ചപ്പ്.. അവിടെ അവിടെ ആയി ചില കൂരകൾ.. പഴനി സ്വാമിയുടെ പൂന്തോട്ടം എത്ര സുന്ദരമാണ് ഈ ദൂരകാഴ്ച്ചയിൽ. പുൽമേടിനപ്പുറം വിശാലമായ പാറകൂട്ടമാണ്. കുറച്ചു നേരം അവിടെ ചിലവഴിച്ചതിനു ശേഷം പാറക്കൂട്ടത്തിലേക്ക് നടന്നു.
നല്ല വെയിലാണ് പക്ഷെ വെയിലിനു ചൂടറിയുന്നില്ല നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. പാറകൾക്കിടയിൽ കാട്ടുമുല്ല പൂത്തു നിൽക്കുന്നുണ്ട് . അതിന്റെ വശ്യ സുഗന്ധം കാറ്റിനൊപ്പം എങ്ങും പരന്നു നടക്കുന്നു.. താഴേക്ക് നോക്കിയാൽ കൃഷി പാടങ്ങളും പൊട്ടുപോലെ ചില കെട്ടിടങ്ങളും കാണാം. ഇവിടേം ഉണ്ട് ചില കൂരകൾ. അവ വടികൾ ഒക്കെ വച്ച അടച്ചിരിക്കുയാണ്. തിരിച്ചു നടന്നു മരങ്ങൾക്ക് നടുവിലുള്ള മറ്റൊരു കൂരയിൽ കയറി ഇരുന്നു. അപ്പോഴേക്കും പഴനി സ്വാമിയും കുട്ടികളും അങ്ങോട്ടേക്ക് വന്നു. പഴനി സ്വാമി ഞങ്ങൾക് കുറച്ചു പേരക്ക തന്നു. അവരുടെ തോട്ടത്തിൽ ഉണ്ടായതാണത്രേ. ഇത്ര ശുദ്ധമായതൊന്നും നിങ്ങൾക് നാട്ടിൽ കിട്ടില്ലലോ എന്ന് ചേട്ടൻ പറഞ്ഞു . കണ്ണൂരാണ് നടന്നൊക്കെ പറഞ്ഞു ചേട്ടനോട്. പക്ഷെ ചേട്ടന് കണ്ണൂരൊന്നും അത്ര പരിചയമില്ല. കുറച്ചു ദൂരം പോയിട്ടുള്ളത് കോട്ടയത്തേക്ക് മാത്രമാണത്രെ. ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും ആ വാക്കുകളിൽ ഉണ്ടായിരുന്നു.
അങ്ങനെ പലതും സംസാരിച്ചു കൊണ്ട് തിരിച്ചു നടക്കുമ്പോഴാണ് ഉച്ചഭാഷിണിയിൽ ഭക്തി ഗാനം കേട്ടുകൊണ്ടിരുക്കുന്നത് ശ്രദ്ധിച്ചത്. എന്താണെന്നു ചോദിച്ചപ്പോൾ അസലമ്മ പറഞ്ഞു അവരുടെ ഊരിലെ കോവിലിൽ ഉത്സവം നടക്കുകയാണെന്ന്. കണ്ണൂര് തെയ്യങ്ങളൊക്കെ അല്ലെ കണ്ടിട്ടുള്ളു, ഇവരുടെ കോവിലിലെ ഉത്സവം എങ്ങനെ ആയിരിക്കുമെന്ന് കാണാൻ കൗതുകം തോന്നി. ആവശ്യം പറഞ്ഞപ്പോൾ അസലമ്മ വളരെ സന്തോഷത്തോടെ കൊണ്ടുപോകാമെന്ന് സമ്മതിച്ചു .പക്ഷെ അമ്മയ്ക്ക് കുറെ പുല്ല് വെട്ടി തീർക്കാൻ ഉണ്ട്, എന്ത് ചെയ്യും.. ഞങ്ങൾക്ക് ആണേൽ അധിക സമയവും ഇല്ല.
അസലമ്മ പഴനിസ്വാമിയോട് കാര്യം പറഞ്ഞു. പഴനി സ്വാമിയും പണി തിരക്കിലാണ്. ഇനി ഉള്ളത് ആ കുട്ടികളാണ്. അവർ കളി മതി ആക്കി വരുന്ന ഒരു ലക്ഷണവും ഇല്ല. പക്ഷെ അതിലും വല്യ ഒരു കടമ്പ വേറെ ഉണ്ട്. ഊരിലെ മൂപ്പന്റെ സമ്മതം ഇല്ലാതെ ആർക്കും ഊരിലേക്ക് പ്രവേശനം ഇല്ല. സഞ്ചാരികളായി എത്തിയവരിൽ നിന്നും മുൻപ് കുറച്ചു ദുരനുഭവം ഉണ്ടായതിന്റെ ഫലമായാണ് മൂപ്പൻ അങ്ങനെ ഒരു നിയമം വച്ചത്. കാടിളക്കി വരുന്ന കാട്ടാനയെക്കാൾ അവർ ഭയപ്പെടുന്നത് പരിഷ്കൃതരെന്നു സ്വയം അഹങ്കരിച്ചു അവിടെ ചെല്ലുന്ന ക്രൂരരായ ചില മനുഷ്യരെ ആണ്. പഴനി സ്വാമി മൂപ്പനെ ഫോണിൽ കിട്ടാൻ കുറെ ശ്രമിച്ചു പക്ഷെ നടന്നില്ല.
ഒടുവിൽ ചോക്ലേറ്റ് ഒക്കെ കൊടുത്തു ഒന്ന് സോപ്പ് ഇട്ട് കുട്ടികളെ കൂടെ വരൻ സമ്മതിപ്പിച്ചു. പക്ഷെ അവർ ചോദിച്ചാൽ മൂപ്പൻ സമ്മതിക്കാൻ ഒരു ചാൻസും ഇല്ല . എന്നാലും ഒന്ന് ശ്രമിക്കാം എന്ന് കരുതി അവരേം കൂട്ടി ഞങ്ങൾ അവിടെ നിന്നും നടന്നു. കുട്ടികളും ഉണ്ട് കൂടെ. അവർ അധികമൊന്നും സംസാരിക്കുന്നില്ല. കൂട്ടത്തിൽ ചന്ത്രു ആണ് കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞത്. നടന്നു കാറിനു അടുത്തെത്തി. എത്ര നിർബന്ധിച്ചിട്ടും അവർ കാറിൽ കയറാൻ കൂട്ടാക്കിയില്ല. അവരുടെ പുറകെ കാറും എടുത്ത് ഞങ്ങൾ പോയി. ഊരിന് പുറത്തു നിൽക്കാനേ ഞങ്ങള്ക് അനുവാദം ഉള്ളു. മൂപ്പനെ കണ്ടിട്ടുവരാമെന്നു പറഞ്ഞു കുട്ടികൾ അകത്തേക്കുപോയി .
കുറച്ചു കഴിഞ്ഞപ്പോൾ ചന്ത്രു ഓടി വന്നു പറഞ്ഞു സമ്മതം കിട്ടിയില്ലെന്നു. അവർ എന്താണ് ചോദിച്ചതെന്നുപോലും അറിയില്ല. ഏതായാലും ഒരിക്കൽ കൂടി പഴനി സ്വാമിയേ കണ്ടു സംസാരിക്കാനുള്ള സമയം ഇല്ല. ഇനി ഒരിക്കൽ വരാമെന്നു കരുതി അവിടെ നിന്നും യാത്ര തിരിച്ചു. റൂമിൽ എത്തി ബാഗുകളൊക്കെ പായ്ക്ക് ചെയ്ത് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പൗലോസേട്ടനോട് ഒരു ഫോട്ടൊ എടുത്തുതരുമോന്ന് ചോദിച്ചത്. ചേട്ടൻ ഇത്രയും ഫോട്ടോഗ്രാഫി ഇഷ്ട്ടമുള്ള ആളാണെന്നു അറിഞ്ഞില്ല. പിന്നെ അവിടെ നടന്നത് ഒരു ഫോട്ടൊ ഷൂട്ട് തന്നെ ആയിരുന്നു. ചേട്ടൻ പല പല ആംഗിളിൽ ഞങ്ങളെ പല പോസിൽ നിർത്തി കുറെ അധികം ഫോട്ടോസ് എടുത്തു.
അങ്ങനെ ഉച്ചയോടുകൂടി മിനിസ്റ്റേഴ്സ് മാന്ഷനോടും പൗലോസേട്ടനോടും ശ്രീജിത്തെട്ടനോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. പകരം വയ്ക്കാനില്ലാത്ത കാന്തല്ലൂരിനെ ഹൃദയത്തിലേറ്റി ഇനിയും വരുമെന്ന പ്രതീക്ഷയോടെ മൂന്നാറിലേക്ക്.. മറയൂർ ശർക്കരയുടെ മധുരവും നുണഞ്ഞു നാച്ചിവയൽ കാടുകളിലൂടെ ടോപ്സ്റ്റേഷന്റെ ഉയരങ്ങളിലേക്കുള്ള യാത്ര തുടരുന്നു..