കെഎസ്ആർടിസി ബസിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ചാനലുകാർ കൊടുക്കട്ടെയെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. മാനന്തവാടി സബ്റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെടർമാരിൽ ഒരാളുടേതാണ് ഈ ധാർഷ്ട്യം നിറഞ്ഞ പ്രതികരണം.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി മാനന്തവാടി ഡിപ്പോ നിരത്തിലിറക്കാൻ സജ്ജമാക്കിയ രണ്ട് ബസുകളിൽ ഒന്നിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചായിരുന്നു എംവിഐയുടെ ധിക്കാരം.
മാനന്തവാടി ഡിപ്പോയിൽനിന്നു ഉച്ചകഴിഞ്ഞ് 2.30നു ഇരിട്ടി വഴി വെള്ളരിക്കുണ്ടിലേക്ക് സർവീസ് നടത്തിയിരുന്ന ബസും വെള്ളമുണ്ട വഴി കുറ്റ്യാടിക്കുള്ള ബസും കുറച്ചുകാലമായി നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡിപ്പോ എൻജിനിയറുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയാണ് ഫിറ്റ്നസ് പരിശോധനയ്ക്കും സർട്ടിഫിക്കറ്റിനുമായി ബസുകൾ വ്യാഴാഴ്ച മോട്ടോർ വാഹന വകുപ്പിന്റെ കാര്യാലയത്തിലെത്തിച്ചത്. സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സെപ്റ്റംബർ ഒന്നു മുതൽ രണ്ട് സർവീസും പുനഃരാരംഭിക്കാനായിരുന്നു ഡിപ്പോ അധികൃതരുടെ പദ്ധതി.
ബസുകൾ എത്തിച്ച ജീവനക്കാരനെയും കോർപ്പറേഷനെയും പരിഹസിച്ച എംവിഐ രണ്ട് വാഹനങ്ങൾക്കും പരിശോധന പോലും നടത്താതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു. ഉത്സവകാല യാത്രയ്ക്ക് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടു കുറയ്ക്കുന്നതിനും എല്ലാ ബസുകളും അടിയന്തരമായി റോഡിൽ ഇറക്കണമെന്ന ഗവ. നിർദേദ്ദശത്തിന്റെ അടിസ്ഥാനത്തിലും കൊണ്ടുവന്ന വാഹനങ്ങൾക്ക് പരിശോധന നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കണെന്ന് കെഎ സ്ആർടിസി ജീവനക്കാരൻ അപേക്ഷിച്ചെങ്കിലും എംവിഐ ഗൗനിച്ചില്ല. തിരിച്ചയച്ച ബസുകളുമായി അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ മുന്പ് വന്ന ജീവനക്കാരനെയും കൂട്ടി വീണ്ടും എത്തിയിട്ടും ഈ ബസുകൾ നോക്കാൻ പോലും എംവിഐ തയാ റായില്ല. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ നേരിൽക്കണ്ട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ആർടിഒ നിർദേശിച്ചിട്ടും എംവിഐ അയഞ്ഞില്ല.
ഗതികേടിലായ കെഎസ്ആർടിസി ജീവനക്കാർ വിവരം അറിച്ചയതിനെത്തുടർന്ന് മാധ്യമപ്രർത്തകരിൽ ചിലർ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ടു. ഇതേത്തുടർന്ന് വൈകിട്ട് ഒരു ബസിനു മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ച ഉദ്യോഗസ്ഥൻ, ചാനലുകാർ നൽകട്ടെയെന്ന് പറഞ്ഞ് രണ്ടാമത്തെ ബസ് തിരിച്ചയയ്ക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ബസിനു എംവിഐ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് ഡിപ്പോ അധികൃതർ കോർപ്പറേഷൻ മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
Source – http://www.deepika.com/localnews/Localdetailnews.aspx?id=503997&Distid=KL12