ടി.വി. യിലും പത്രങ്ങളിലും മാത്രം കണ്ടും കേട്ടുമറിഞ്ഞ കോവിഡ് 19 സ്വന്തം കണ്‍മുമ്പിലെത്തിയപ്പോള്‍ ആദ്യം ഞെട്ടി… കൂട്ടിന് ആശങ്കയും ടെന്‍ഷനും… പിന്നെ തങ്ങളുടെ മുന്നിലെത്തിയവരെ എങ്ങനെയും രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന ചിന്തയും… അതില്‍ വിജയിച്ച പത്തനംതിട്ടയില്‍ നിന്നുള്ള മൂവര്‍ ഡോക്ടര്‍ സംഘം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുകയാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറ്റലി കുടുംബത്തെ രക്ഷപ്പെടുത്താനായത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ മൊത്തം വിജയമാണെന്ന് ഡോ.ശരത് തോമസ് റോയ്, ഡോ.ടി.ആര്.ജയശ്രീ, ഡോ.നസ്ലിന് എ സലാം എന്നിവര്‍ ഒന്നിച്ചു പറയുന്നു. ജില്ലയില്‍ ആദ്യമായി കോവിഡ് ബാധിച്ചെത്തിയ ഇറ്റലി കുടുംബത്തിലെ അഞ്ചു പേരില്‍ മൂന്നുപേരും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, ഹൃദയസംബന്ധമായ പ്രശ്നങ്ങളുമൊക്കെയുള്ളവര്‍.
“ഇതിവിടെ ചികില്സിക്കണോ…?” എല്ലാവരും ഭീതിയോടു ചോദിച്ചു. ധൈര്യമായി മുന്നോട്ടു പോകൂ…എല്ലാ സഹായങ്ങളും ലഭ്യമാക്കി ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍, ജില്ലാ കലക്ടര്‍ പി.ബി.നൂഹ് ,ഡി.എം.ഒ:ഡോ. എ.എല്‍ ഷീജ തുടങ്ങിയവരുടെ വാക്കുകള്‍ ധൈര്യം പകര്‍ന്നു. ഒപ്പം ആശുപത്രി സൂപ്രണ്ട് ഡോ.സാജന് മാത്യു, ആര്.എം.ഒ: ഡോ.ആഷിഷ് മോഹന്‍കുമാര്‍ എന്നിവര്‍ സര്‍വ്വപിന്തുണകളുമായി രംഗത്ത് വന്നു.
പിന്നെ ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ അടിയന്തര യോഗങ്ങള്‍. എംപിയും എംഎല്‍എയുടെയും നഗരസഭാധ്യക്ഷ ഉള്‍പ്പെടെയുള്ളവരുടെ പ്രോല്‍സാഹനങ്ങള്‍. ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നിരന്തര ജാഗ്രതയോടെയുള്ള പ്രവത്തനങ്ങള്‍.കൂടെയുള്ള സഹപ്രവര്‍ത്തകരുടെ പിന്തുണ.. എല്ലാം കൂടിയായപ്പോള്‍ കൊറോണ പരാജയപ്പെട്ടു.
ആശൂപത്രിയില്‍ പ്രവേശിപ്പിച്ച ഇറ്റലി കുടുംബത്തിനും ബന്ധുക്കള്‍ക്കും ആദ്യം അവരുടെ രോഗം സംബന്ധിച്ച വ്യക്തതയില്ലായുരുന്നു. പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ കുടുംബം ഒരാഴ്ചയോളം പൂര്‍ണമായി നിരാശയിലായി. മാനസികമായി തകര്‍ന്നതിനാല്‍ സംസാരിക്കുന്നതിനുപോലും അവര്‍ക്കു താല്പര്യമില്ലാതായി. മരിക്കുമെന്നുള്ള ഭയം. പിന്നീട് ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും കൗണ്‍സിലിംഗിലൂടെ ഇവരുടെ മാനസികാരോഗ്യനില ഉയര്‍ത്തി.
അപ്രതീക്ഷിതമായ സാഹചര്യമായതിനാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരെയാകാന്‍ ഒരാഴ്ച വേണ്ടിവന്നു. ഇതിനിടയില്‍ ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഡോക്ടര്‍മാര്‍ സ്വന്തം ചെലവില്‍ നിര്‍വഹിച്ചു. ആശുപത്രിയില്‍ അടുക്കള പ്രത്യേകമായി ആരംഭിച്ചു. ശാസ്ത്രീയമായ രീതിയില്‍ കോവിഡ് രോഗികള്‍ക്കു ഭക്ഷണം നല്കി. ചികിത്സിക്കുന്നവര്‍ സ്വന്തം വീടുകളില്‍നിന്നുപോലും പഴവര്‍ഗങ്ങള്‍ ലഭ്യമാക്കി. 48 മണിക്കൂറുകള്‍ ഇടവിട്ട് ഇവരുടെ സാമ്പിള്‍ പരിശോധിച്ചുകൊണ്ടിരുന്നു.
പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ് (പി.പി.ഇ കിറ്റ്) ഡ്രസ് ധരിക്കുന്നതാണ് ഡോക്ടര്‍മാരെ എറ്റവും ബുദ്ധിമുട്ടിച്ചിരുന്നത്. ഡ്രസ് ധരിക്കണമെങ്കില്‍ 20 മിനിറ്റ് വേണം. മറ്റുള്ളവരിലേക്ക് വൈറസ് ബാധിക്കാതിരിക്കാന്‍. മണിക്കൂറുകളോളം അത്യുഗ്രമായ ചൂടില്‍ ഇതിനിടയില്‍ വിയര്‍ത്തു കുളിച്ചിരിക്കും. ഇവ അഴിച്ചുമാറ്റുന്നതും വളരെ സൂക്ഷമതയോടെ ആകണം.
ഓരോ സാമ്പിള്‍ പരിശോധനയിലും വൈറസിന്റെ അളവ് കുറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ പൂര്‍ണമായി കുറയാത്തതിനാല്‍ രോഗികള്‍ വീണ്ടും മാനസികമായി തകര്‍ന്നു. ദിവസവും ഇവരുടെ മുറികളില്‍ പത്രം എത്തിച്ചിരുന്നു. കൂടാതെ മലയാള സാഹിത്യവും ബൈബിളും ഒക്കെ വായിക്കുന്നതിനു നല്‍കിയിരുന്നു. തകരാറിലായ കണ്ണടയ്ക്കുപകരം പുതിയതു വാങ്ങി നല്കി.
പത്രങ്ങളിലൂടെ മരണവാര്‍ത്തകള്‍, നാട്ടിലെ പ്രശ്നം, സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ്, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ എന്നിവയൊക്കെ അറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങള്‍ വീണ്ടും മാനസികമായി തകരാന്‍ തുടങ്ങി. പിന്നീട് ഡോ.ബോധിയുടെ സഹായത്താല്‍ കൗണ്‍സിലിംഗിലൂടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നും സ്നേഹവും സാന്ത്വനവും നല്കി പരിചരിച്ചു. ആദ്യഘട്ടത്തില്‍ ദേഷ്യഭാവം പുലര്‍ത്തിയിരുന്ന ഇവര്‍ പിന്നീട് ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇടപെടാന്‍ തുടങ്ങി. മുതിര്‍ന്നവര്‍ മക്കളോടെന്ന പോലെയുള്ള പെരുമാറ്റം.
ഇവരെ ചികില്സിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സാമ്പിളുകളും പരിശോധിച്ചുകൊണ്ടിരുന്നു. പരിശോധനാഫലം പുറത്തുവരുന്നതുവരെ ആരോഗ്യപ്രവര്‍ത്തകരും ഭയന്നു ജീവിക്കുന്ന അവസ്ഥ. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സ്വന്തം വീടുകളിലും നാട്ടിലും എത്തുന്നതിനും ബുദ്ധമുട്ടായി. വീടുകളില്‍ പ്രായമായ മാതാപിതാക്കളും കൊച്ചുകുഞ്ഞുങ്ങളും എല്ലാമുണ്ട്. അതിനാല്‍ വീടുകളില്‍ എത്താന്‍ ഭയം. ആരോഗ്യപ്രവര്‍ത്തകര്‍ തിരിച്ചെത്തുമ്പോള്‍ നാട്ടുകാര്‍ക്ക് ഭയം. വേദനിപ്പിക്കുന്ന വാക്കുകള്‍…
രോഗം പൂര്‍ണമായി ഭേദമായി എന്നറിഞ്ഞപ്പോള്‍ രോഗികളെക്കാള്‍ ഏറെ സന്തോഷിച്ചത് അവരെ ചികില്‍സിച്ച ഡോക്ടര്‍മാരും നഴ്സുമാരുമാണ്. ഓരോ തവണ സാമ്പിള്‍ എടുക്കുമ്പോഴും മരുന്ന് നല്കുമ്പോഴുമെല്ലാം ഇവരുടെ അസുഖം ഭേദമാകണമെന്ന് മനസുരുകി പ്രാര്‍ഥിച്ചിരുന്നു. ഒന്‍പതാമത്തെ തവണയിലെ സാമ്പിള്‍ പരിശോധാഫലമാണ് നെഗറ്റീവായി മാറിയത്.
രോഗവിമുക്തരായി പുറത്തിറങ്ങിവന്ന ഇറ്റലി കുടുംബത്തിലെ മുതിര്‍ന്നവര്‍, “മോനെ നീ ഞങ്ങളെ രക്ഷിച്ചു” എന്നുപറഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞത് ഡോ.ശരത് തോമസ് റോയിയുടെ മനസില്‍ നിന്നും ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോള്‍ കോവിഡിന് എതിരെ പോരാടാന്‍ ആത്മവിശ്വാസം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷിന്റെ പ്രവര്‍ത്തനം എത്ര പ്രശംസിച്ചാലും മതിയാകില്ല. ഒപ്പം നഴ്സുമാരായ അനുഗീത്, ജയകൃഷ്ണന്, ആര്യ, മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകരും നന്നായി സഹകരിച്ചു. ഇത് ഒരു കൂട്ടായ യത്നമായിരുന്നു. അതിന്റെ ഫലവും ലഭിച്ചു. ജനറല്‍ ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളില്‍ ഇത്രയുംപേരെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിച്ചത് വലിയൊരു വിജയമാണ്.
ഭക്ഷണം എത്തിക്കുന്നതില്‍ പുറത്തുള്ള സന്നദ്ധ സംഘടനകളും, നഗരസഭയും മറ്റു കേന്ദ്രങ്ങളും വളരെ നല്ല രീതിയില്‍ സഹകരിച്ചു. കോവിഡ് സംബന്ധിച്ച് ജനങ്ങളില്‍ ആവശ്യമായ ബോധവല്‍ക്കരണം നല്കുന്നതില് മാധ്യമങ്ങള്‍ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കടപ്പാട് – Information and Public Relations Department.