കെഎസ്ആര്‍ടിസി ലാഭത്തിലാവാന്‍ 45000 ജീവനക്കാരില്‍ പകുതിപ്പേരെ പിരിച്ചു വിടണമെന്നു പറഞ്ഞ രാജമാണിക്യത്തോട് സര്‍ക്കാര്‍ പറഞ്ഞു ‘കടക്കു പുറത്ത്’; വരുമാനം കൂടിയിട്ടും കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്ന ഘടകങ്ങള്‍ ഇവയൊക്കെ…
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലമാണ് കെഎസ്ആര്‍ടിസി എന്നത് പരസ്യമായ രഹസ്യമാണ്. ഇച്ഛാശക്തിയുള്ള രണ്ടു മന്ത്രിമാര്‍ കോര്പ്പറേഷന് ഭരിച്ചത് ഒഴിച്ചാല്‍ ബാക്കി മന്ത്രിമാരെല്ലാം കോടികള്‍ കമ്മീഷനടിക്കുക എന്ന ദൗത്യം മാത്രം നിര്‍വഹിച്ചു.ഇങ്ങനെ നഷ്ടത്തിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്നതിനിടെയാണ് ആനവണ്ടിയുടെ രക്ഷകനായി രാജമാണിക്യം ഐഎഎസിനെ സര്‍ക്കാര്‍ നിയമിച്ചത്. കോര്‍പ്പറേഷനെ നന്നാക്കാന്‍ വേണ്ടിയുള്ള തീവ്രശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ സോളാര്‍ ബോംബ് പൊട്ടിയതോടെ രാജമാണിക്യത്തിന്റെ എംഡി സ്ഥാനം തെറിച്ചു. ക്രൈം ബ്രാഞ്ച് മേധാവിയായ ഹേമചന്ദ്രനെയാണ് പകരം നിയമിച്ചത്.രാജമാണിക്യം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ കനത്ത തിരിച്ചടിയായിരുന്നു ഇത്.
നഷ്ടത്തിലായ കെ.എസ്.ആര്.ടി.സിയെ കരകയറ്റാന്‍ എതിര്‍പ്പുകള്‍ മറികടന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് എം.ഡി സ്ഥാനത്തു നിന്ന് എം.ജി.രാജമാണിക്യത്തെ മാറ്റിയത്. അതോടെ വിവാദങ്ങളും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനാണ് രാജമാണിക്യത്തെ കെ.എസ്.ആര്.ടി.സി എം.ഡിയായി നിയമിച്ചത്. അന്ന് ഗതാഗത മന്ത്രിയുടെ ശുപാര്‍ശ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് രാജമാണിക്യത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. അദര്‍ ഡ്യൂട്ടികള്‍ ഒഴിവാക്കിയതും അവധികള്‍ നിയന്ത്രിച്ചതും ഭരണത്തില്‍ ട്രേഡ് യൂണിയന് ഇടപെടല്‍ ഒഴിവാക്കിയതും രാജമാണിക്യത്തിനെതിരേ എതിര്‍പ്പുകളുണ്ടാക്കി. സ്വകാര്യബസ് ഉടമകളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതും മുറുമുറുപ്പുണ്ടാക്കി.
സാമ്പത്തികബാദ്ധ്യത വരുത്തുന്ന രീതിയില്‍ പുതിയ സൂപ്പര്‍ തസ്തികള്‍ സൃഷ്ടിക്കാനുള്ള വകുപ്പുമന്ത്രി തോമസ്ചാണ്ടിയുടെ നീക്കത്തിന് രാജമാണിക്യം തടയിട്ടതും അതിനെതിരെ വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതിയതും വിവാദമായിരുന്നു. കോര്‍പ്പറേഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായകഘട്ടത്തിലാണ് രാജമാണിക്യത്തെ മാറ്റിയത്. തൊഴിലാളി വിരുദ്ധ നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് ആരോപണം ശക്തമായപ്പോഴും കോര്‍പ്പറേഷനെ നന്നാക്കുക എന്നത് മാത്രമായിരുന്നു രാജമാണിക്യത്തിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീവ്രശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പാളയത്തില്‍ പട ഒടുവില്‍ അദ്ദേഹത്തിന് വിനയായതും. ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ചില നീക്കങ്ങള്‍ക്ക് കൂട്ടു നില്ക്കാത്തതിനാണ് അദ്ദേഹത്തിന് ഇപ്പോള്‍ പുറത്തുപോകേണ്ടി വന്നതെന്ന ആരോപണവും ശക്തമാണ്.
എകെ ശശീന്ദ്രന് മന്ത്രിയായിരുന്ന വേളയില്‍ വകുപ്പില്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ രാജമാണിക്യത്തിന് സാധിച്ചിരുന്നു. എന്നാല്‍, കെഎസ്ആര്‍ടിസി ജീവനക്കാരുടെ തന്നെ ആത്മാര്‍ത്ഥയില്ലാത്ത പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും അദ്ദേഹത്തിന് വിനയായി. കാര്യമായ വരുമാന വര്‍ദ്ധനയും കെഎസ്ആര്‍ടിസിയില്‍ പരിഷ്ക്കരണങ്ങളും കൊണ്ടുവരാന്‍ രാജമാണിക്യത്തിന് സാധിച്ചിരുന്നു. എന്നാല്‍, ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടു വെച്ചതോടെയാണ് കാജമാണിക്യത്തിനെതിരേ പടയൊരുക്കമുണ്ടാകുന്നത്.
ഒരു വര്‍ഷം മുമ്പ് നാലരക്കോടി രൂപയായിരുന്ന പ്രതിദിന വരുമാനം രാജമാണിക്യത്തിന്റെ മിടുക്കില്‍ 6.5 കോടിയില്‍ വരുമാനം എത്തിക്കാന്‍ സാധിച്ചത് തന്നെയാണ് നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമത്തേത്. കൃത്യസമയത്ത് ബസുകള്‍ നിരത്തിലിറക്കുക എന്നതായിരുന്നു രാജമാണിക്യം നേരിട്ട പ്രധാന വെല്ലുവിളി. 6000 ബസുകള്‍ കെഎസ്ആര്‍ടിസിയില്‍ നിലവിലുണ്ട്. ഇതില്‍ സര്‍വീസ് നടത്തുന്നത് 5500 ബസുകളാണ്. ഈ ബസുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ പണിയെടുക്കുന്നത് 45,000 ജീവനക്കാരും. ഇത് കോര്പ്പറേഷന് അധികബാധ്യതയാണെന്നാണ് രാജമാണിക്യം വിലയിരുത്തിയത്.
ഒന്നുകില്‍ നിലവിലുള്ള അവസ്ഥയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കരുതെന്ന നിര്‍ദ്ദേശമായിരുന്നു രാജമാണിക്യത്തിന്റെ പ്രധാനം. 16000 ഡ്രൈവര്‍മാര്‍, അത്ര തന്നെ കണ്ടക്ടര്‍മാര്‍. മെക്കാനിക്കുകള്‍ 8000. രണ്ടായിരത്തോളം ഓഫിസ് സ്റ്റാഫ്. എന്തിന് ഇത്രയും ജീവനക്കാരെ വെച്ച് എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് രാജമാണിക്യം തന്നെ ചോദിക്കുനന്ത്. കേവലം പത്ത് വര്‍ഷം മാത്രം മതി സര്‍വീസ്. അപ്പോള്‍ തന്നെ പെന്ഷന് ലഭിക്കും. ഇത് ഗുണമാക്കി അവധിയെടുത്ത് ചിലര്‍ ഗള്‍ഫില്‍ പോകുന്നവരുമുണ്ട്. ഇത്തരക്കാരും കോര്പ്പറേഷന് ബാധ്യതയാണെന്നാണ് രാജമാണിക്യം ചൂണ്ടിക്കാട്ടിയത്.
സ്വകാര്യ ബസ് ഓടിക്കുന്നവരും വേറെ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരുമായ ആളുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ഇടംപിടിച്ചത് 4000 ആളുകള്‍. 2000 പേരെ പിരിച്ചുവിട്ടു. സ്ഥാപനത്തിന് ബാധ്യത ആയവരെ ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് തൊഴിലാളി സംഘടനകളില്‍ നിന്നും കടുത്ത എതിര്പ്പുമുണ്ടായത്. ജീവനക്കാരിലും യൂണിയന് നേതാക്കന്മാരിലും ഏറെയും ആത്മാര്ഥതയുള്ളവരാണെന്നാണ് പൊതുവിലയിരുത്തല്‍. ചെറിയ ശതമാനം മാത്രമാണ് ധാര്‍ഷ്ട്യം കാട്ടി കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നത്. ഭൂരിഭാഗം ജീവനക്കാരെയും കുറിച്ച് എനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളൂവെന്നാണ് രാജമാണിക്യം പറയുന്നത്.
സോഷ്യല്‍ മീഡിയയിലും രാജമാണിക്യം താരമായിരുന്നു. മാനേജിങ് ഡയറക്ടറായ ശേഷം തിരുവനന്തപുരം ആനയറ ഡിപ്പോയില്‍ പരിശോധന കഴിഞ്ഞു മടങ്ങുന്നതിനിടെയാണു വഴിയിലൊരു ബസ് പഞ്ചറായി കിടക്കുന്നതു കണ്ടത്. രണ്ടു മണിക്കൂറായിട്ടും മെക്കാനിക് എത്തിയില്ല. സ്പാനറെടുക്കാന്‍ പറഞ്ഞ് രാജമാണിക്യം മുന്നിട്ടിറങ്ങിയപ്പോള്‍ ജീവനക്കാര്‍ ചുറ്റും കൂടി, 15 മിനിട്ടിനകം ടയര്‍ മാറ്റിയിട്ട് വണ്ടി ഓടിച്ചു. കോര്‍പ്പറേഷനെ നല്ലരീതിയില്‍ നയിച്ചിരുന്ന രാജമാണിക്യത്തെ മാറ്റിയത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് പൊതുവിലയിരുത്തല്‍. യൂണിയന് നേതാക്കളില്‍ ചിലരും ഈ അഭിപ്രായം പങ്കുവെക്കുന്നു.
എന്നാല്‍, സര്‍ക്കാര്‍ നടപടിയില്‍ സന്തോഷിക്കുന്നവരാണ് മറ്റൊരു വിഭാഗം. കെഎസ്ആര്‍ടിയില്‍ പുരോഗമനം പാടില്ലെന്നതാണ് അവരുടെ നിലപാട്. ഇവര്‍ പറയുന്നത് രാജമാണിക്യം കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തിന് അവസാന വാക്കെന്നല്ലെന്നാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3000 കോടി രൂപ വായ്പയെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായിരുന്നു. പെന്ഷന് സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുക്കുന്നതടക്കം കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള നടപടികള്‍ നടന്നു വരികയായിരുന്നു. രാജമാണിക്യത്തിന്റെ പുറത്താകല്‍ ഇതെല്ലാം അവതാളത്തിലാക്കുകയാണ് എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
Source – http://www.rashtradeepika.com/ksrtc-md-rajamanickam-sacked-out-1/