കുറച്ച് ദിവസം ആയിട്ട് കെഎസ്ആര്ടിസി ജീവനക്കാരുടെ സ്വഭാവവും യാത്രക്കാരുടെ സ്വഭാവവും സംബന്ധിച്ച് ഒരുപാട് പോസ്റ്റുകൾ വന്നതുകൊണ്ടാണു ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 2015 നവംബർ അവസാനം ബാംഗ്ലൂരിൽ എത്തിയ, കോഴിക്കോട്ടുകാരൻ ആയ ഞാൻ ഒരുപാട് യാത്രകൾ നമ്മുടെ കെ എസ് ആർ ടി സൂപ്പർഫാസ്റ്റ്,സൂപ്പർ ഡീലക്സ്, വോൾവോ സ്കാനിയ ക്ലാസ്സുകളിൽ എല്ലാം യാത്ര ചെയ്തിട്ടുണ്ട്. സിൽവർ ലൈൻ ജെറ്റിലും സൂപ്പർ എക്സ്പ്രെസ്സിലും യാത്ര ചെയ്യാൻ അവസരം കിട്ടിയില്ല. 3 യാത്രകളിൽ ഉണ്ടായ അനുഭവം ഒറ്റ പോസ്റ്റായി ഇടുന്നു.
സിറ്റുവേഷൻ 1 : കോഴിക്കോട് – ബാംഗ്ലൂർ 8:30 വോൾവോ : ബസ്സ് സമയത്ത് തന്നെ പുറപ്പെട്ടു, ബ്ലോക്കിൽ എല്ലാം പെട്ട് കുറച്ച് ലേറ്റ് ആവുകയും ചെയ്തു. കൽപ്പറ്റ എത്തിയ ശേഷം, കണ്ടക്റ്റർ ബത്തേരി സ്റ്റാൻഡിൽ വിളിച്ചു പറഞ്ഞു. വോൾവോയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ഉണ്ടെങ്കിൽ മലബാറിന്റെ അവിടേക്ക് ചെന്ന് നിൽക്കാൻ ഒന്ന് അനൗൺസ് ചെയ്യാൻ. അതിനിടയ്ക്ക് ബുക്ക് ചെയ്ത യാത്രക്കാർ ഒക്കെ വിളിച്ച് അന്വേഷിക്കുമ്പോഴും മലബാറിന്റെ മുന്നിൽ വന്ന് നിൽക്കാ ആവശ്യപ്പെട്ടു. മലബാറിന്റെ മുന്നിൽ എത്തി, അവിടെ നിന്ന് ആൾക്കാരെ എല്ലാം കയറ്റി ബസ്സ് യാത്ര തുടർന്നു. കുറച്ച് ദൂരം പോയതിനു ശേഷം കണ്ടക്റ്റർക്ക് കോൾ വന്നു ബസ് ബത്തേരി എത്താൻ ആയോ എന്നും ചോദിച്ച്. ബസ്സ് ബത്തേരി വിട്ടെന്നും, സ്റ്റാൻഡിൽ അനൗൺസ് ചെയ്തത് കേട്ടില്ലേ എന്നും ചോദിച്ചു. കണ്ടക്റ്റർ പറഞ്ഞു. ബത്തേരി കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയെന്നും, പെട്ടെന്ന് ഒരു ഓട്ടോ വിളിച്ച് വരാനും പറഞ്ഞു. ബസ്സ് അവിടെ ഒരു 5-10 മിനുട്ട് വെയ്റ്റ് ചെയ്തു. മറ്റേ ചേട്ടൻ വന്നു. ബസ്സ് യാത്ര തുടർന്നു.
സിറ്റുവേഷൻ 2 : തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട് എത്തുന്ന ബാംഗ്ലൂർ സ്കാനിയ. രാത്രി 11:30 ഒക്കെ ആയപ്പോ ഞാൻ കണ്ടക്റ്ററെ വിളിച്ചുനോക്കി. അപ്പോ അവിടുന്ന് കേട്ട മറുപടി “ബസ്സ് ലേറ്റാണു. കോഴിക്കോട് എത്തുമ്പോ എത്തും, ഇടക്കിടക്ക് വിളിച്ച് ശല്യം ചെയ്യരുത് എന്ന്” ഇപ്പോ എവിടെ എത്തി എന്ന് ചോദിക്കുന്നതിനു മുന്നേ ഫോൺ വെച്ചു. കുറേ കാത്തിരുന്ന് ബസ്സ് എത്തുമ്പോ ഏതാണ്ട് 1:10 കഴിഞ്ഞിട്ടുണ്ട്. ആൾക്കാരെ എല്ലാം എടുത്തതിനു ശേഷം ബസ്സ് സ്റ്റാർട്ട് ചെയ്തു.
ഇതിനിടയ്ക്ക് പുറകിലെ സീറ്റിൽ ഇരിക്കുന്ന ഒരു ചേട്ടൻ വന്ന് പറഞ്ഞു താമരശ്ശേരിയിൽ ഒരു സുഹൃത്ത് കേറാൻ ഉണ്ടെന്ന്. താമരശ്ശേരി എത്തിയാൽ റിസർവ്വ് ചെയ്യുമ്പോ കൊടുത്ത നമ്പറിൽ ഒന്ന് വിളിക്കാനും പറഞ്ഞു. ഇതൊന്നും വക വെക്കാതെ കണ്ടക്റ്റർ തന്റെ സീറ്റിൽ പുതച്ച് ഉറങ്ങാൻ തുടങ്ങി. താമരശ്ശേരി എത്തി ബസ് അഞ്ച് സെക്കന്റ് പോലും നിർത്തിയില്ല. ഒന്ന് സ്ലോ ചെയ്തതിനു ശേഷം വണ്ടി എടുത്തു. അങ്ങനെ ആദ്യം വന്ന് സംസാരിച്ച ചേട്ടൻ ഓടി വന്നിട്ട് പറന്നു വണ്ടി നിർത്ത് വണ്ടി നിർത്ത്. അവൻ ബസ്സ് കേറാൻ വന്നപ്പോഴേക്കും നിങ്ങൾ ബസ്സ് എടുത്തു എന്ന്. ഡ്രൈവർ ആണേൽ ഫുൾ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ച് പറയുന്നു. അങ്ങനെ താമരശ്ശേരിയിൽ നിന്ന് കേറാനുള്ള ചേട്ടൻ ബാഗും ചുമന്ന് ഒരു 400 മീറ്ററിനുമേലെ ഓടി വന്നു.
ദൂരെ നിന്ന് കണ്ടപ്പോഴും ബസ്സ് നിർത്താതെ കുറഞ്ഞ്സ് സ്പീഡിൽ ഓടിക്കുകയായിരുന്നു അദ്ദേഹം. അങ്ങേരു ബസ്സിൽ കേറിയപ്പോ അങ്ങേരെ മുട്ടൻ തെറിയും. ഇതേ ബസ്സിൽ കണ്ടക്റ്ററും ഡ്രൈവറും തമ്മിൽ ബസ്സ് എടുത്ത് ഏതാണ്ട് കുന്ദമംഗലംവരെ വൻ വാഴക്കായിരുന്നു. ഡ്രൈവർ കം കണ്ടക്റ്റർ സർവ്വീസ് ആയിരുന്നു അത്. കോഴിക്കോട് വരെ കണ്ടക്റ്റർ ആയി വന്ന പുള്ളിയ്ക്ക് കോഴിക്കോട് നിന്ന് ബസ്സ് ഓടിക്കാൻ കൊടുക്കാത്തതിനായിരുന്നു വഴക്ക്. പറയുന്ന ഡയലോഗുകൾ ഒക്കെ കേട്ടപ്പോൾ എൽ കേ ജി ലെവൽ.
സിറ്റുവേഷൻ 3 : 2017 ഡിസംബർ 23നു രാത്രി 10:30നു കോഴിക്കോട് പോകാനുള്ള വോൾവോ ബസ്സിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് 11 കഴിഞ്ഞു. ആകെ ദേഷ്യം പിടിച്ച് നിൽക്കുമ്പോ ആണു ഗ്രൂപ്പിൽ ആരോ പോസ്റ്റ് ഇട്ടത്. വയനാട് ചുരം ഒക്കെ ഒക്കെ വൻ ബ്ലോക്ക് ആണെന്നും എല്ലാ ബസും ലേറ്റായിട്ടാണു ഓടുന്നതെന്നും. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ബസ്സ് സ്റ്റാന്റിൽ നിർത്തിയിട്ടേക്കുന്നത് കണ്ടു.
ട്രാക്കിൽ എന്താ വരാത്തേ എന്ന് ചോദിക്കാൻ വേണ്ടി കെ എസ് ആർ ടി സി കൗണ്ടറിൽ ചെന്ന് ചോദിച്ചപ്പോൾ പറഞ്ഞു ബസ്സ് ഇപ്പോ എത്തിയതേ ഉള്ളൂ. ഡ്രൈവർ കുറച്ച് നേരം റസ്റ്റ് എടുക്കട്ടേ എന്ന്. ആവശ്യം ന്യായം ആയതുകൊണ്ട് ബസ് വരുമ്പോ വരട്ടെ എന്ന് വിചാരിച്ച് കാത്തിരുന്നു. 12.30 ആയപ്പോ ബസ് ട്രാക്കിൽ വന്നു. ആൾക്കാരെ എല്ലാം കേറ്റി 12:55 ആയപ്പോ ബസ്സ് എടുത്തു. ബത്തേരി എത്താൻ ആയപ്പോ കണ്ടക്റ്റർ ഇറങ്ങാൻ ഉള്ളവരെ ചെന്ന് വിളിച്ചു. എവിടാ ഇറങ്ങണ്ടേ എന്ന് ചോദിച്ചു നിർത്താം എന്ന് പറഞ്ഞു.
പോകുന്നതിനിടയ്ക്ക് പോലീസ് ചെക്കിംഗിൽ ഒരുത്തന്റെ ബാഗിൽ നിന്ന് കുപ്പി കിട്ടി. അവിടെ പോയി ഒരു അര മണിക്കൂർ. ചുരത്തിൽ എതോ ഭാഗ്യത്തിനു കുറേ നേരം ബ്ലോക്കിൽ. കുടുങ്ങിയില്ല. 8 മണിയൊക്കെ ആയപ്പോ ചുരം ഇറങ്ങി എല്ലാവർക്കും ചോദിച്ച സ്ഥലത്ത് നിർത്തിക്കൊടുത്തു. മലാപ്പറമ്പ് എത്താൻ ആയപ്പോ ഒരു അപ്പൂപ്പൻ വന്ന് ഏതോ ഒരു ബസ് സ്റ്റോപ്പിന്റെ പേരു പറഞ്ഞിട്ട് അവിടെ നിർത്താമോ എന്ന് ചോദിച്ചു. ഓ നിർത്തിത്തരാലോ എന്ന് ചിരിച്ചോണ്ട് കണ്ടക്റ്ററും പറഞ്ഞു. 2 മണിക്കൂർ കൂടുതൽ ലേറ്റ് ആയി വരുന്ന ബസ്സ് ആണെന്നോ, നിർത്താൻ പറ്റില്ല എന്നൊന്നും കണ്ടക്റ്റർ പറഞ്ഞില്ല.
ആകെ രണ്ട് തവണയാണു കോഴിക്കോട് വഴി വരുന്ന ബാംഗ്ലൂർ സ്കാനിയയിൽ യാത്ര ചെയ്തിട്ടുള്ളത്. ഒന്ന് കൗതുകം കൊണ്ടും മറ്റേത് നിവ്വൃത്തികേട് കൊണ്ടും. അതോടെ ആ ബസ്സിൽ പോക്ക് നിർത്തി.
എപ്പോഴും പോകാന് ഇഷ്ടമുള്ള സർവ്വീസ് കോഴിക്കോട് – ബാംഗ്ലൂർ – കോഴിക്കോട് വോൾവോ. ഒരു വോൾവോ മാത്രം കോഴിക്കോടിനു ഉള്ളതുകൊണ്ടും, ആ ബസിനോടുള്ള ഇഷ്ടം കൊണ്ടും, തിരിച്ച് വരുമ്പോ ആ ബസ്സാണു അധികവും ബുക്ക് ചെയ്യാറുള്ളത്. ഒരു പകൽ ഫുൾ ബസിൽ പോയാലും കുഴപ്പമില്ല. സമാധാനത്തോടെ എത്തിയാൽ മതിയല്ലോ.
അതുപോലെ വേറെ ഒരു കാര്യം കൂടെ പറയാൻ ഉള്ളത്, രണ്ടു തവണ സ്കാനിയയിൽ കേറിയപ്പോഴും ബസ്സ് ഹെയർ പിന്നിൽ കുടുങ്ങിയാൽ ഒന്ന് പോയി സൈഡ് പറഞ്ഞുകൊടുക്കാനോ മറ്റോ കണ്ടക്റ്റർ എണീറ്റ് പോയിട്ടില്ല. അതേ സമയം കോഴിക്കോട് വോൾവോയിൽ മെലിഞ്ഞ് നല്ല ഹൈറ്റ് ഉള്ള ഒരു ചേട്ടൻ ഒരുപാട് തവണ ഇറങ്ങി ഡ്രൈവറെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്.ആ ചേട്ടന്റെ പേരറിയില്ല . December 23nu കോഴിക്കോട് പോകുമ്പോഴും ആ ചേട്ടൻ ആയിരുന്നു കണ്ടക്ടർ
ഇതുകൊണ്ടൊക്കെയാണു കോഴിക്കോട് വോൾവോ ഏറ്റവും പ്രിയപ്പെട്ട സർവ്വീസുകളിൽ ഒന്നായി തുടരുന്നത്. ഇത്രയും നല്ല സർവ്വീസിനു പെയർ ബസ് കൊടുക്കാത്തത് വൻ ദ്രോഹം ആണു. കോഴിക്കോടുകാർക്ക് ഉപകാരപ്പെടുന്ന, രാത്രി കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബന്ദിപ്പൂർ പെർമ്മിറ്റ് ഉള്ള ഒരു Volvo/Scania ബസ് എന്നാണാവോ കിട്ടുക.
എഴുതിയത് – സുജിത്ത് കെ. സുനില്.