ചെന്നൈയിലെ മലയാളികളികള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കെഎസ്ആര്‍ടിസി സര്‍വീസിനു കോര്‍പ്പറേഷന്റ പച്ചക്കൊടി. ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കും സര്‍വീസ് നടത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തുനിന്നും പാലക്കാടുനിന്നുമായിരിക്കും സര്‍വീസുകള്‍. യാത്രക്കാരുടെ പ്രതികരണം കണക്കിലെടുത്തു സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്ന് സര്‍വീസ് ആരംഭിക്കും.

കേരളത്തില്‍നിന്നു ചെന്നൈസിലേക്കു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് മെട്രൊ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സര്‍വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ സ്കാനിയ മഹാരാജ ബസുകള്‍ തന്നെയാവും ഇതിനായി ഉപയോഗിക്കുക.
എറണാകുളത്തുനിന്നു തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയുള്ള സര്‍വീസും കെഎസ്ആര്‍ടിസിയുടെ പരിഗണനയിലുണ്ട്. വിഴുപുരം വഴിയായിരിക്കും പുതുച്ചേരിയിലേക്കുള്ള സര്‍വീസ്.
ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സീസണ് കഴിയുന്നതോടെ ഇത് അവസാനിപ്പിക്കുകയാണു പതിവ്. എന്നാല്‍, തിരുവനന്തപുരം കൊല്ലം, ചങ്ങനാശേരി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നും തമിഴ്നാടിന്റെ സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും ദിവസേന ചെന്നൈയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.
കെഎസ്ആര്‍ടിസിയുടെ തമിഴ്നാട് സര്‍വീസുകള്‍ ഇപ്പോള്‍ നാഗര്‍കോവില്‍, കന്യാകുമാരി, തെങ്കാശി, മധുര, തേനി, പഴനി, പൊള്ളാച്ചി, ഉദുമല്‍പേട്ട, ഗൂഡല്ലൂര്‍, ഊട്ടി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, തിരുപ്പൂര്‍, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണുള്ളത്. കേരളത്തിലേക്ക് ഇതിന്റെ ഇരട്ടിയിലേറെ സര്‍വീസുകള്‍ തമിഴ്നാട് നടത്തുന്നുണ്ട്.
തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് എംഡിയുമായി കെഎസ്ആര്‍ടിസി കരാര്‍ ഒപ്പിട്ടു. എന്നാല്‍, തമിഴ്നാട് ഗതാഗത സെക്രട്ടറി ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
News : Metro Vartha
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog