ദേവ് ഭൂമിയായ ഹിമാചല്‍ പ്രദേശിലെ കുളു, മണാലി.. എന്നും എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ഥലം. ഒത്തിരി നാളുകളായുള്ള എന്റെ ആഗ്രഹം 2018 ഫെബ്രുവരി മാസത്തില്‍ അങ്ങ് സാധിച്ചു. പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഈസി ട്രാവല്‍സ് മുഖേനയാണ് ഞാന്‍ യാത്ര പ്ലാന്‍ ചെയ്തത്. മലേഷ്യ ട്രിപ്പിന്റെ ക്ഷീണം തീര്‍ക്കുവാനും കുറച്ചു ജോലികള്‍ ചെയ്യുവാനും ഉള്ളതിനാല്‍ ഇത്തവണ പ്രശാന്ത് എന്റെ കൂടെ ഉണ്ടായിരുന്നില്ല. പകരം എന്റെ അനിയന് അഭിജിത്ത് ഭക്തനായിരുന്നു ഈ യാത്രയില്‍ എന്റെ കൂട്ടാളി.
കൊച്ചിയില്‍ നിന്നും ഡല്‍ഹി വരെ വിമാനത്തില്‍… പിന്നീട് അവിടെ നിന്നും മണാലിയിലേക്ക് വോള്‍വോ ബസ്സില്‍ യാത്ര… ഇതാണ് അങ്ങോട്ടുള്ള ട്രിപ്പ്. അഭിയുടെ ആദ്യത്തെ വിമാനയാത്ര കൂടിയായിരുന്നു ഇത്. കാറില്‍ എറണാകുളം വന്നിട്ട് എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്തു. ചെക്ക് ഇന്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞങ്ങള്‍ ലോഞ്ചില്‍ ചെന്ന് കാത്തിരിപ്പ് തുടങ്ങി. ഏകദേശം രണ്ടര മണിക്കൂറോളം ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ വിമാനം പുറപ്പെടുവാനായി കാത്തിരുന്നു. ആദ്യ യാത്രയായതിനാല്‍ അഭി ആകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു.
സ്പൈസ് ജെറ്റ് ആയിരുന്നു ഞങ്ങളുടെ വിമാനം. വിമാനത്തിലേക്കുള്ള യാത്രക്കാരുടെ ബോര്‍ഡിംഗ് ആരംഭിച്ചപ്പോള്‍ ഞങ്ങളും ആ ക്യൂവില്‍ നിന്നു. അങ്ങനെ ഞങ്ങള്‍ വിമാനത്തില്‍ കയറി. കൃത്യ സമയത്ത് തന്നെ ഞങ്ങളെയും വഹിച്ചുകൊണ്ട് സ്പൈസ് ജെറ്റ് വിമാനം ഡല്‍ഹി ലക്ഷ്യമാക്കി പൊങ്ങിപ്പറന്നു. അഭിയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കണ്ട് ആകെ നല്ല സന്തോഷത്തിലായിരുന്നു.
മണിക്കൂറുകള്‍ക്കകം ഞങ്ങളുടെ വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. വൈകീട്ട് അഞ്ചരയ്ക്കാണ് അവിടെ നിന്നും മണാലിയിലേക്കുള്ള ഞങ്ങളുടെ ബസ്. എയര്‍പോര്‍ട്ടില്‍ നിന്നും ട്രാവല്‍സ് ഞങ്ങള്‍ക്കായി ഒരു കാര്‍ അറേഞ്ച് ചെയ്തു തന്നിട്ടുണ്ടായിരുന്നു. ആ ഇന്നോവ കാര്‍ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം കാറിന്റെ പിന്നില്‍ ‘മലയാളീസ്’ എന്ന സ്റ്റിക്കര്‍ അടിച്ചിട്ടുണ്ടായിരുന്നു. പക്ഷെ കാര്‍ ഡ്രൈവര്‍ ഒരു ഹിന്ദിക്കാരന് ആയിരുന്നു. അങ്ങനെ ഡല്‍ഹി നഗരക്കാഴ്ചകള്‍ കണ്ടുകൊണ്ട് ഞങ്ങള്‍ കാറില്‍ യാത്രയായി.
ധാരാളം സമയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ അവിടെ കണ്ട ഒരു മലയാളി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. നല്ല കിടിലന്‍ ചിക്കന്‍ ബിരിയാണി. ഡല്‍ഹിയിലെ ഒരു മെട്രോ സ്റ്റേഷനടുത്തു നിന്നുമായിരുന്നു ഞങ്ങളുടെ ബസ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. ബസ് പുറപ്പെടാന്‍ സമയം വേണ്ടുവോളം ഉണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ മുട്ടന്‍ ട്രാഫിക് ബ്ലോക്ക് ഞങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. ട്രാവല്‍സുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുവേണ്ടി ബസ് അഞ്ചു മിനിറ്റ് കാത്തു നിര്‍ത്തിക്കേണ്ട അവസ്ഥ വരെയെത്തി. അങ്ങനെ ഓടിപ്പിടിച്ച് ഞങ്ങള്‍ ബസ്സില്‍ കയറി. പാക്കേജ് എടുത്തുകൊണ്ട് യാത്ര പോകുന്നതിന്റെ ഒരു ഉപകാരം ഞങ്ങള്‍ അന്ന് മനസിലാക്കി. അവരുടെ ഹെല്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ബസ് അവരുടെ പാട്ടിനു പോയേനെ.
ബസ് യാത്രയാരംഭിച്ചു. ഇനി 13 മണിക്കൂര്‍ നേരം ബസ് യാത്രയാണ് മണാലിയിലേക്ക്. പോകുന്ന വഴിയില്‍ ഒരിടത്ത് രാത്രിഭക്ഷണം കഴിക്കുവാനായി ഒരു സ്ഥലത്ത് ബസ് നിര്‍ത്തി. ഭയങ്കര തണുപ്പായിരുന്നു അവിടെ. ഞങ്ങള്‍ രണ്ടുപേരും ജാക്കറ്റ് ഒക്കെയിട്ടു നിന്നു. ഭക്ഷണത്തിനു ശേഹ്സം ബസ് വീണ്ടും യാത്ര തുടര്‍ന്നു. ഞങ്ങള്‍ പതിയെ ഉറക്കത്തിലേക്കും വഴുതിവീണു.
രാവിലെ ഏഴുമണിയോടെയാണ് പിന്നെ ഞങ്ങള്‍ എഴുന്നേറ്റത്. അപ്പോള്‍ ബസ് ഏകദേശം മണാലി എത്താറായിരുന്നു. ചുറ്റും മഞ്ഞുമലകള്‍. അങ്ങനെ മണാലി എത്തി. ഞങ്ങള്‍ ബസ്സില്‍ നിന്നും ബാഗുമെടുത്തുകൊണ്ട് ഇറങ്ങി. പേടിച്ചയത്രയും തണുപ്പ് ഉണ്ടായിരുന്നില്ല. ബസ് നിര്‍ത്തിയ സ്ഥലത്ത് ഞങ്ങളെ ഹോട്ടലിലേക്ക് പിക് ചെയ്യുവാനായി ഒരു കാറും ഡ്രൈവറും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാറില്‍ക്കയറി ഞങ്ങള്‍ ഹോട്ടലിലേക്ക് യാത്രയായി.
റോയല്‍ റീജന്‍സി എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. റൂമില്‍ എത്തിയപ്പോള്‍ തണുപ്പിന്റെ അളവ് കുറച്ചുകൂടി ഉയര്‍ന്നിരുന്നു. നല്ല കിടിലന്‍ റൂം ആയിരുന്നു. മനാലിയിലെ അന്നേരത്തെ തണുപ്പ് അഞ്ച് ഡിഗ്രി ആയിരുന്നു. ഞങ്ങളുടെ റൂമിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വളരെ മനോഹരമായിരുന്നു. ചുറ്റിനും മഞ്ഞുമലകള്‍… ഹോ… സ്വര്‍ഗ്ഗം കണ്ടതുപോലെ…
ഇനി ഞങ്ങള്‍ക്ക് ഒന്ന് റസ്റ്റ് ചെയ്യണം. ഉച്ചകഴിഞ്ഞിട്ടാണ് ഞങ്ങളുടെ കറക്കം ആരംഭിക്കുന്നത്. ആ കാഴ്ചകള്‍ ഇനി അടുത്ത എപ്പിസോഡില്‍.