യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡീസൽ വില കുറഞ്ഞപ്പോൾ, കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ യാത്രക്കൂലി ഒരു രൂപ കുറച്ചതു നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണെന്നു മന്ത്രിസഭാ ഉപസമിതി. തീരുമാനം റദ്ദാക്കി മിനിമം യാത്രക്കൂലി പഴയതുപോലെ ഏഴുരൂപയാക്കാൻ ഉപസമിതി ശുപാർശ ചെയ്യും.
ബസ് നിരക്കിലെ മാറ്റങ്ങൾ തീരുമാനിക്കുന്നതു, വിദഗ്ധസമിതിയെയോ കമ്മിഷനെയോ നിയോഗിച്ച് അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നു സമിതി അംഗം കൂടിയായ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എന്നാൽ, കഴിഞ്ഞ മാർച്ചിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇതൊന്നുമില്ലാതെ നിരക്കു കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസിയും സ്വകാര്യബസുകളും രണ്ടു നിരക്ക് ഈടാക്കുന്ന കീഴ്‌വഴക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്ക് പ്രതിമാസം ഏഴുകോടി രൂപയുടെ നഷ്ടമാണു തീരുമാനം മൂലമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ വില വർധിച്ചതിനെത്തുടർന്ന് മിനിമം നിരക്ക് ഏഴുരൂപയായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആർടിസി മാനേജ്മെന്റ് നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു.
News : Malayala Manorama