കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര, അതും സർക്കാർ ബോട്ട്… ആരോ ഫേസ് ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് ആദ്യമായി ഈ യാത്രയെപ്പറ്റി അറിയുന്നത്, പ്രിയ സുഹൃത്തേ… നന്ദി… ഏതൊരു യാത്രയിലേയും പോലെ കുറേ നല്ല ഫ്രെയിംസ് പ്രതീക്ഷിച്ച് വെളുപ്പിന് 5 മണിക്ക് തന്നെ ബൈക്കുമായി ഇറങ്ങി.. രാവിലെ 6:45 ന് ആണ് ആലപ്പുഴക്കുള്ള ആദ്യ സർവ്വീസ് ആരംഭിക്കുന്നത്. ഞങ്ങൾ 6:30ന് തന്നെ കോട്ടയം പോലീസ് സ്റ്റേഷന് സമീപമുള്ള കോടിമത ബോട്ട് ജെട്ടിയിൽ എത്തി.
ജലറാണി ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ യാത്രക്ക് തയ്യാറെടുക്കുന്നു. ടിക്കറ്റ് ബോട്ടിൽ നിന്ന് തന്നെയാണ് എന്ന് അന്വേഷിച്ച് അറിഞ്ഞു.. ബൈക്കുകൾ ഭദ്രമായി പാർക്ക് ചെയ്ത് വേഗം തന്നെ ബോട്ടിൽ കയറി. ബുധനാഴ്ചയായതിനാൽ തിരക്ക് നന്നേ കുറവായിരുന്നു.. ഞങ്ങൾ മുൻ സീറ്റുകളിൽ തന്നെ സ്ഥാനം പിടിച്ചു. കൃത്യം 6:45 ന് തന്നെ ബോട്ട് യാത്ര ആരംഭിച്ചു. ആഫ്രിക്കൻ പായലുകൾ നിറഞ്ഞ കനാൽ പാത. തോടിനിരു വശങ്ങളിലും ഒരുപാട് ജീവിതങ്ങൾ. ജലറാണി ഹോൺ മുഴക്കി മുന്നോട്ട് നീങ്ങി.കണ്ടക്ടർ ടിക്കറ്റ് തന്നു, കോട്ടയം- ആലപ്പുഴ ഒരാൾക്ക് 18 രൂപ.യാത്രാ സമയം 2:30 മണിക്കൂർ. എകദേശം നാല്പതോളം സ്റ്റോപ്പുകൾ.ഇടയ്ക്കിടയ്ക്ക് തോടിനിരു കരകളേയും ബന്ധിപ്പിക്കുന്ന ബോട്ട് വരുന്ന സമയത്ത് ഉയർത്താവുന്ന ചെറു നടപ്പാതകൾ കാണാം.
ബോട്ടിൻ്റെ ഹോൺ കേൾക്കുമ്പോൾ തന്നെ പാലങ്ങൾ പ്രദേശവാസികളാൽ ഉയർത്തപ്പെടുന്നു, മനോഹര കാഴ്ച തന്നെയാണത്. അധികം താമസിയാതെ തന്നെ ആ ഇടുങ്ങിയ കനാൽ യാത്ര വിശാലമായ കായലിന് വഴിമാറി. സുഖ ശീതളമായ കാറ്റും നോക്കെത്താ ദൂരം കായലും ഏതൊരു സഞ്ചാരിയേയും പോലെ എന്നെയും ത്രസിപ്പിച്ചു. ഇടതൂർന്ന് കാണപ്പടുന്ന കേര വൃക്ഷം കായൽ ദൃശ്യങ്ങളുടെ മാറ്റ് കൂട്ടി. ബോട്ട് നിർത്തി നിർത്തി മുന്നേറുന്ന മനോഹരമായ കായൽ തുരുത്തുകൾ,ഈ ബോട്ട് മാത്രമാണ് അവരുടെ ഏക യാത്രാ മാർഗം എന്ന അറിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കൂറേപ്പേർ ചെറു വള്ളങ്ങളിൽ അങ്ങിങ്ങായി കക്ക വാരുന്നത് കാണാം.ഒരിടത്ത് വളരെ മനോഹരമായ ഒരു പള്ളി കണ്ടു.
പതിയെ പതിയെ ഹൗസ് ബോട്ടുകൾ കണ്ട് തുടങ്ങി. യാത്രയിൽ അത് കൂടി കൂടി വരുന്നതായി തോന്നി.പല വലുപ്പത്തിലും രൂപത്തിലുമുള്ളവ, പഞ്ചനക്ഷത്ര നൗകകൾ. വിദേശികളേയും വഹിച്ച് കായൽ സവാരി നടത്തുന്നു.ബോട്ടിൽ യാത്രക്കാരുടെ എണ്ണം കൂടി കൂടി വരുന്നു, യാത്ര ഏതാണ്ട് രണ്ട് മണിക്കൂർ പിന്നിട്ടിരിക്കുന്നു.ബോട്ട് പതിയെ തോടിലേക്ക് പ്രവേശിച്ചു. ഇരു വശങ്ങളിലും ചെറിയ സിത്താർ ബോട്ടുകൾ കാണാം. മനോഹരമായി അലങ്കരിച്ച മേൽക്കൂരയോട് കൂടിയ തുറന്ന ചെറു മോട്ടോർ ബോട്ടുകൾ. തീർച്ചയായും നയനമനോഹരമായ കാഴ്ച.
ബോട്ട് പതിയെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ പ്രവേശിച്ചു. പ്രസ്തുത ബോട്ട് ഉടൻ കോട്ടയത്തേക്ക് മടങ്ങും എന്ന് അറിയാൻ കഴിഞ്ഞു. അത് കഴിഞ്ഞാൽ പിന്നെ മടക്ക സർവ്വീസ് 11:30 ആണത്രേ. ഏതായാലും പ്രാതലിന് ശേഷം11:30ൻ്റെ ബോട്ടിൽ മടങ്ങാൻ തീരുമാനമായി. തിരികെ 14:00 മണിക്ക് ഞങ്ങൾ കോട്ടയം കോടിമാതയിലെത്തി.(ബോട്ട് സമയങ്ങൾ കൃത്യമായി ഗൂഗിൾ വഴി ലഭിക്കുന്നതാണ്.) ബൈക്കും എടുത്ത് നേരെ കിളിക്കൂട് ഷാപ്പ് ,കുമരകം റൂട്ട്(12കി.മീ). നല്ല അടിപൊളി ഭക്ഷണം. ഇത് ഒരു ഫാമിലി റെസ്റ്റോറന്റ് കൂടിയിയാണെന്ന് ഓർമിപ്പിക്കട്ടെ.
ഭക്ഷണശേഷം നേരെ കുമരകം പക്ഷി സങ്കേതം.(1കി.മീ) കാര്യമായി പക്ഷികളെയൊന്നും കണ്ടില്ലെങ്കിലും മനോഹരമായ ഒരു കാനന ഭംഗി ആസ്വദിക്കാനായി.അവിടെ പ്രവേശനം 17:30 വരെയാണ്. കൃത്യ സമയത്ത് തന്നെ ഗാർഡ് ഞങ്ങളെ പുറത്താക്കി.. മനം നിറച്ച യാത്രക്കൊടുവിൽ വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ അടുത്ത യാത്രക്കുള്ള കണക്ക് കൂട്ടലുകളായിരുന്നു.
കടപ്പാട് – രാഹുല് സതീഷ്.