ഈ യാത്രാവിവരണം നമുക്കായി എഴുതി തയ്യാറാക്കിയത് – Sameer Chappan എന്ന പ്രവാസി മലയാളിയാണ്. വായിക്കുക. ആസ്വദിക്കുക.. മാതൃകയാക്കുക…
ഈ കഴിഞ്ഞ മെയ് 9ന് ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്ര മദ്ധ്യേ ലഭിച്ച 8 മണിക്കൂർ ട്രാൻസിറ്റ് ആണ് സന്ദർഭം. ടിക്കറ്റ് കൺഫേം ചെയ്ത് നേരെ ശ്രീലങ്കൻ എംബസിയിൽ വിളിച്ച് ഇന്ത്യ ഉൾപ്പെടുന്ന സാർക്ക് (SAARC) രാജ്യങ്ങളിലെ പൗരൻമാർക്ക് അനുവദിച്ചിട്ടുള്ള 48 മണിക്കൂർ ഫ്രീ ഇ.ടി.എ (ETA) യെ കുറിച്ച് ചോദിച്ചറിഞ്ഞു. സാധാരണ ഓൺലൈൻ വഴി ഇ.ടി.എയ്ക്ക് അപേക്ഷിച്ചാൽ മണിക്കൂറുകൾ എടുക്കുമെങ്കിലും എന്തോ ഇവിടെ എനിക്ക് അപേക്ഷിച്ച് 20 മിനിറ്റിനുള്ളിൽ തന്നെ ഇടിഎ ലഭിച്ചു.
(ഈ ഇ.ടി.എ (ETA) എന്ന് പറഞ്ഞാൽ എട്ട് മണിക്കൂറോ അതിൽ കൂടുതലോ കൊളംബോ എയർപ്പോർട്ടിൽ ട്രാൻസിറ്റുള്ള യാത്രക്കാർക്ക് പുറത്തിറങ്ങാനുള്ള പാസാണ്. മുൻകൂട്ടി ഓൺലൈനായോ അല്ലെങ്കിൽ എയർപ്പോർട്ടിൽ ചെന്ന് ഇ.ടി.എ കൗണ്ടർ വഴിയോ ഈ പാസ് ലഭിക്കുന്നതാണ്. ഓൺലൈൻ തന്നെയാണ് എന്ത് കൊണ്ടും നല്ലത്. എയർപ്പോർട്ടിൽ ചെന്ന് ക്യൂ നിൽക്കുന്ന സമയം ലാഭിക്കാം. ഇടിഎ ഫോമിൽ “Address in Sri Lanka” എന്ന ഭാഗത്ത് കൊളംബോ എയർപ്പോർട്ടിന് അടുത്തായി കിടക്കുന്ന ഏതെങ്കിലും ഒരു തുക്ക്ടാ ഗസ്റ്റ് ഹൗസിന്റെയൊ ഹോട്ടലിന്റെയൊ പേര് മാത്രം കൊടുത്താൽ മതിയാകും.)
അങ്ങനെ പ്ലാൻ ചെയ്ത പ്രകാരം രാവിലെ കൃത്യം 05:50 ന് ബഹ്റൈനിൽ നിന്നും ശ്രീലങ്കൻ എയർ ലൈൻസിൽ കൊളംബോയിലെത്തിയ ഞാൻ സമയം കളയാതെ നേരെ എമിഗ്രേഷൻ ഡെസ്കിൽ ചെന്ന് പാസ്പോർട്ടും ഉച്ചയ്ക്ക് 2 ന് കൊച്ചിയിലേക്കുള്ള റിട്ടേൺ ടിക്കറ്റും ഇ.ടി.എ പ്രിന്റും കാണിച്ച് കൊടുത്തു. 48 മണിക്കൂർ വരെയുള്ള ട്രാൻസിറ്റ് വിസ ട്പ്പേന്ന് അടിച്ച് തന്ന ലങ്കൻ ഉദ്യോഗസ്ഥന്റെ 12 മണിക്ക് എയർപ്പോർട്ടിൽ തിരിച്ചെത്തണെമെന്ന ഉപദേശവും സ്വീകരിച്ച് നേരെ പുറത്തേക്ക്. സമയം 06.30, പന്ത്രണ്ട് മണിയ്ക്ക് ഇനി അഞ്ചര മണിക്കൂർ ബാക്കി. കൈയ്യിലാണെങ്കിൽ 2000 ലങ്കൻ റുപ്പീസ് മാത്രം (ഏകദേശം 850 INR). ഇത് കൊണ്ടുള്ള യാത്ര മതിയെന്ന് ഉറപ്പിച്ച് നേരെ എയർപ്പോർട്ടിൽ നിന്നും ഇറങ്ങി വലത്തോട്ട് കതുനായക് ബസ് സ്റ്റാന്റ് (Air Port Bus Stand) ലക്ഷ്യമാക്കി നടന്നു.
പത്ത് മിനിറ്റ് കൊണ്ട് എയർപ്പോർട്ടിന് പുറത്തുള്ള പാർക്കിന് അരികിലൂടെ നടന്ന് ബസ് സ്റ്റാൻഡിൽ എത്തി. 100 രുപയ്ക്ക് ചായയും ദോശയും കഴിച്ച് സ്റ്റാൻഡിന്റെ ഒരു മൂലയ്ക്കുള്ള ബഞ്ചിൽ ഇത്തിരി നേരം കിടന്നു. എയർപോർട്ട് ബസ് സ്റ്റാൻഡാണെന്നുള്ള പേരെയുള്ളു. തനി ലോക്കലാണ്. ബസുകളുടെ അവസ്ഥയാണ് അതിലും കഷ്ടം. എട്ട് മണിയോട് കൂടി ബസ് സ്റ്റാൻഡും പരിസരവും തിരക്കായി തുടങ്ങും. അപ്പോഴാണ് എന്നെ പോലെ ചുളുവിൽ ട്രാൻസിറ്റും അടിച്ച് ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങാൻ വന്ന മറ്റ് ചിലരെ പരിചയപ്പെട്ടത്. അവരോട് ഇത്തിരി നേരം സംസാരിച്ച ശേഷം എട്ടരയോട് കൂടി നെഗംബോ പട്ടണത്തിലേക്ക് ബസിൽ (25₹)പുറപ്പെട്ടു.
അരമണിക്കൂർ ബസ് യാത്രക്കൊടുവിൽ ഒൻപതു മണിയോടുകൂടി നെഗംബോ എന്ന ചെറിയ സിറ്റിയിലെത്തി. അത്യാവശ്യം എല്ലാ ആധുനിക സൗകര്യങ്ങളും ഈ സിറ്റിയിൽ ലഭ്യമാണ്. അരമണിക്കൂറോളം സിറ്റിയിലൂടെ തേരാപാര നടന്ന് നേരെ ബീച്ചിലേക്കുള്ള ബസിൽ കയറി. ബസിന് കൊടുത്ത 20₹ യും സമയവും നഷ്ടമാണെന്ന് പറഞ്ഞാൽ മതി. ചുമ്മാ നീണ്ട് കിടക്കുന്ന ഒരു ബീച്ച്. ചൂടാണെങ്കിൽ സഹിക്കാവുന്നതിനും അപ്പുറം. വന്ന സ്ഥിതിക്ക് അരമണിക്കൂറോളം ബീച്ചിൽ കറങ്ങി നേരെ വന്ന വഴി എയർപോർട്ട് ബസ് സ്റ്റാൻഡിലേക്ക് തിരിച്ചു.
തിരിച്ച് കതുനായക് ബസ് സ്റ്റാൻഡിൽ എത്തുംമ്പോഴേക്കും സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. എയർപ്പോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ ഇനി ഒരു മണിക്കൂർ മാത്രം ബാക്കി. അധികം സമയം കളയാതെ വയറ് നിറച്ച് ഉച്ചഭക്ഷണവും കഴിച്ച് മെല്ലെ എയർപോർട്ടിലേക്ക് നടന്നു. അങ്ങനെ 2000 ശ്രീലങ്കൻ റുപ്പീസുമായി എയർപ്പോർട്ടിന് പുറത്തിറങ്ങിയ ഞാൻ 400 ശ്രീലങ്കൻ റുപ്പീസിന് ( ഏകദേശം 172 INR) ന് ചുളുവിൽ ശ്രീലങ്കയും കണ്ട് കൊച്ചിയിലേക്ക് തിരിച്ചു.
കൊളംബോ എയർപ്പോർട്ടിൽ മണിക്കൂറുകളോളം ട്രാൻസിറ്റ് സമയം കുത്തിയിരുന്ന് തീർക്കുന്നതിലും നല്ലതാണ് ഇതുപോലെ ഫ്രീയായി ഇ.ടി.എ എടുത്ത് പുറത്തിറങ്ങുന്നത്. ഇനി കറങ്ങാൻ തീരെ താൽപര്യമില്ലാത്തവർക്ക് വിശ്രമിക്കാനായി കതുനായക് ബസ് സ്റ്റാൻഡിന്റെ അടുത്തായി തുച്ഛമായ നിരക്കിൽ റൂമുകളും യഥേഷ്ടം ലഭ്യമാണ്.
ഇ.ടി.എയ്ക്ക് അപേക്ഷിക്കുവാനുള്ള ലിങ്ക് – https://www.eta.gov.lk/slvisa/visainfo/center.jsp?locale=en_US.