ചെലവു വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം. ബസുകളുടെ ഷാസികള്‍ വാങ്ങി റീജ്യണല്‍ വര്‍ക് ഷോപ്പുകളില്‍ ബോഡി (ചട്ടക്കൂട്) നിര്‍മ്മിക്കുന്ന പരിപാടി അവസാനിപ്പിച്ച് ബസുകള്‍ ബോഡിയോടെ വാങ്ങാനാണ് തീരുമാനം. ഇത് പൂര്‍ണ്ണമായും നടപ്പായാല്‍ കെഎസ്ആര്‍ടിസിയുടെ ബോഡി ബില്‍ഡിങ് വര്‍ക്ക്ഷോപ്പുകള്‍ക്ക് പൂട്ടുവീഴും.
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നത് സുശീല്‍ഖന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. തീരുമാനം ചില യൂണിയന് നേതാക്കളെ എംഡി രാജമാണിക്യം അനൗദ്യോഗികമായി ധരിപ്പിച്ചിട്ടുമുണ്ട്. അഞ്ച് റീജ്യണല്‍ വര്‍ക്ഷോപ്പുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. പാപ്പനംകോട് സെന്‍ട്രല്‍ വര്ക്ഷാപ്പ്, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട്. എം പാനല്‍ ജീവനക്കാരുള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരുണ്ടിവിടെ.
ഓരോ വര്‍ഷവും എണ്ണൂറോളം ബസുകളാണ് നീക്കുന്നത്. പകരം ആയിരത്തോളം ബസുകള്‍ നിരത്തുകളില്‍ ഇറക്കും. ഷാസികള്‍ വാങ്ങി വിവിധ വര്‍ക്ഷോപ്പുകളില്‍ എത്തിച്ച് ബോഡി നിര്‍മ്മിക്കുകയായിരുന്നു ഇതുവരെ. ഒരു ബസ് നിര്‍മ്മിക്കാന്‍ 320 തച്ചാണ് (320 ദിവസം) ആവശ്യമായി വരുന്നത്. 1000 ബസുകള്‍ ബോഡി ചെയ്യുമ്പോള്‍ 3,20,000 തച്ച് വേണ്ടി വരും. ഒരു ബസ് ബോഡി നിര്‍മ്മിക്കാന്‍ പണിക്കൂലി (തച്ചിന് 600 രൂപ വച്ച്) മാത്രം 1,92,000 രൂപ വരും. ഇരുമ്പ് തകിട്, കമ്പി എന്നിവയടക്കമുള്ള വസ്തുക്കള്‍ക്ക് വരുന്ന ചെലവ് വേറെ. ഇത് ഒന്നര ലക്ഷത്തിലേറെയാകും. അങ്ങനെ മൊത്തം മൂന്നര, നാലു ലക്ഷം വരും. 17 ലക്ഷത്തോളം രൂപയാണ് ഒരു ഷാസിയുടെ വില. ബോഡിയോടെ ബസ് വാങ്ങുന്നതാണ് ലാഭകരമെന്നാണ് മാനേജ്മെന്റ് പറയുന്നത്. കുറഞ്ഞ വിലയില്‍ ബസുകള്‍ ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണണമെന്ന് ജീവനക്കാരും പറയുന്നു.
വിവിധ വര്‍ക്ഷോപ്പുകളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ജോലി നിര്‍വ്വഹിക്കുന്നത്. ബോഡി ചെയ്ത ബസുകള്‍ വാങ്ങാന്‍ തുടങ്ങിയാല്‍ ജീവനക്കാര്‍ക്ക് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നന്നാക്കുന്നതും ടെസ്റ്റിങ്ങിനായി വാഹനങ്ങള്‍ സജ്ജമാക്കുന്നതും മാത്രമാകും ജോലി. ഇതിന് അധികം ജീവനക്കാര്‍ വേണ്ടിവരില്ല. അതോടെ കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടിവരും.
പുതിയ നീക്കത്തിന്റെ മുന്നോടിയായി വര്‍ക്ഷോപ്പുകളില്‍ ജോലി നോക്കിയിരുന്ന 600 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിരവധി സ്ഥിരം ജീവനക്കാരെ വിവിധ ഡിപ്പോകളിലേക്ക് മാറ്റി നിയമിച്ചിട്ടുമുണ്ട്. വര്ഷാവര്ഷങ്ങളില് പെന്ഷന് പറ്റുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ നിയമനം നടത്തില്ല.
കടപ്പാട് – ജന്മഭൂമി