വിവരണം – രാഹുൽ രാജ്.
ബിസിനെസ്സ് അവശ്യത്തിനാണെങ്കിലും വയനാട് പോകുമ്പോൾ ഇത്തവണ മനസിൽ ഒരുലക്ഷ്യം ഉണ്ടാരുന്നു കാടിന്റെ വന്യത ആസ്വദിച്ച് ബന്ദിപൂർ വനത്തിലൂടെ ഒരു ഏകാന്ത യാത്ര.. ഇതും സ്വപ്നം കണ്ട് രാവിലെ ഉണർന്ന് നേരെ തൃശൂർ-കോഴിക്കോട്- മീനങ്ങാടി. ബസ് പിടിച്ചു അനിയൻ അവിടെ കാത്തു നില്പുണ്ടാരുന്നു. മഴയത് മ്മടെ താമരശ്ശേരി ചുരംവഴിയുള്ള യാത്ര മനോഹരം തന്നെ നേരെ റിസോർട്ടിലേക്ക്.
ട്വിസ്റ്റ് എവിടാണ്… റിസോർട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉള്ളത്കൊണ്ട് അമ്മയോടും അച്ഛനോടും മാത്രേ പോകുന്ന കാര്യം പറഞ്ഞുള്ളു. അവിടെച്ചെന്ന് സമയം പോകാൻ വേണ്ടി ലുഡോയും കളിച്ചിരുന്ന ഞങ്ങളുടെ നേരെ ദാ വരുന്നു രണ്ടു ടീമിസ് കസിനും വൈഫും.. ഗഡി കൾ കോഴിക്കോട് ഒരു വിവാഹത്തിന് പോയിട്ട് ചുമ്മാ ഇങ്ങോട്ട് ഇറങ്ങിയതാണ്. പിന്നെ ഒരു ഓട്ടം ആരുന്നു. ചിക്കൻ വാങ്ങാൻ പോകുന്നു.. ചപ്പാത്തി ഉണ്ടാക്കുന്നു.. ബെഡ് സെറ്റ് ചെയുന്നു. ആകെമൊത്തം ജകപൊക..
കഴിക്കാൻ ഇരുന്നപ്പോൾ പിള്ളേര് കാര്യം അവതരിപ്പിച്ചു നാളെ അവർക്ക് ഇവിടെ ഒന്നു കറങ്ങണം ഞങ്ങളും കൂടെ വേണം.. മ്മടെ സ്ഥലത്ത് വന്നിട്ട് ഒരു നല്ല ട്രിപ്പ് കൊടുത്തില്ല മോശം നമ്മക്കല്ലേ.. അവരാണെങ്കിൽ മാപ്പ് നോക്കുന്നു ഗൂഗ്ൾ സെർച്ച് ചെയുന്നു പ്ലാൻ ഉണ്ടാക്കുന്നു പൊളിയുന്നു.. അവസാനം എന്റെ ബന്ദിപൂർ പ്ലാൻ അങ്ങു കാച്ചി അവർക്കും സന്തോഷം.. രാവിലെ 6am എനീറ്റോണം 7am നു ഇറങ്ങണം എന്നുപറഞ്ഞു കിടന്നു..
രാവിലെ 7ആയീ 8ആയീ 9ആയീ അവസാനം ഫുഡും കഴിച്ച് ഇറങ്ങിയപ്പോ മണി 10:30 കാറിൽ കേറാൻ നേരം മ്മടെ RE എന്നെ ഒരുനോട്ടം.. ഹാ… നേരെ വിട്ടു ബന്ദിപൂർ ലക്ഷ്യംആക്കി ചെറിയ തണുപ്പ് ഉണ്ട് കാട് തുടങ്ങിയതും എല്ലാരും സൈഡിലേക്ക് നോക്കി ഇരിപ്പായി കുറച്ചു ചെന്നപ്പോള്തന്നെ മാൻ കുട്ടം ഞങ്ങളെ സ്വാഗതം ചെയ്തു പിന്നെ അങ്ങോട്ട് മാൻ കൂട്ടങ്ങളുടെ ചാകരായരുന്നു പിന്നെ അങ്ങോട്ട് ആഗ്രഹസാക്ഷാൽക്കരത്തിന്റെ നിമിഷങ്ങളരുന്നു സുഹൃത്തുക്കളെ ഇടക്ക് ഏട്ടതിയുടെ ഒരു കമെന്റ് മാൻ മാത്രമേ ഉള്ളോ ഇവിടെ നു… അപ്പോഴേക്കും സഫാരി ടിക്ക്ററ് കൗണ്ടറിനരികെ എത്തിയിരുന്നു. ഞാൻ പോയീ റേറ്റ് നോക്കി കാര്യങ്ങൾ തിരക്കി.
പാർക്ക് എന്ററി = 250, സഫാരി ചാർജ് = 100, ടോട്ടൽ 350/ ഹെഡ്. സഫാരി പ്ലാൻ ഉപേക്ഷിച്ചു വണ്ടി മുന്നോട്ട് വിട്ടു ഒരു അര കിലോമീറ്റർ കഴിഞ്ഞില്ല റോഡ് സൈഡിൽ കാട്ടാന കൂട്ടം വിലസുന്നു 2 കുട്ടികളും ഉണ്ട് ഒരു കൊമ്പൻ എല്ലാം നോക്കി മുന്നിൽ നിൽപ്പുണ്ട്. അവന്റെ നിൽപ്പ് അത്ര പന്തിയല്ല. പതിയെ കുറച് ഫോട്ടവും പകർത്തി അവിടുന്നു നീങ്ങി. ഇടക്ക് മായിലും വാനരന്മാരും കടന്നുവന്നു യാത്ര മനോഹരമാക്കി കൊണ്ടിരുന്നു. കാട്ടുപോത്തിനെ കണ്ടത് എല്ലാരിലും ആവേശം ഉണർത്തി. മാനും മായിലും മലയണ്ണനും ഞങ്ങളുടെ യാത്രയുടെ മിഴിവ് കൂട്ടി.
ഇടക്ക് മഴ തുടങ്ങി മഴയിൽ കാട് കൂടുതൽ സൗന്ദര്യം കൈവരിച്ചു.. മഴയിൽ കാട്ടിലൂടെ യാത്ര അതൊരു
അടാർ ഫീൽ തന്നെയാണ്. മഴ ഒന്നു കുറഞ്ഞു കുറച്ചു മുന്നോട്ട് പോയപ്പോ ഒരു മ്ലാവ് നിൽക്കുന്നു. എന്തിന്റെയോ ആക്രമണത്തിൽനിന്നു രക്ഷപെട്ടു വന്നതാണെന്ന് തോന്നി. കഴുത്തു പൊട്ടി രക്തം വരുന്നുണ്ട്. യാത്രയിൽ വിഷമം തോന്നിയ നിമിഷം.
കാട്ടില്നിന്നു പുറത്തിറങ്ങി നേരെ ഗുണ്ടൽപ്പെട്ട്.. കൃഷിസ്ഥലം എവിടെ നോക്കിയാലും പച്ചപ്പും പച്ചക്കറി തോട്ടങ്ങളും. ബന്ദി, സൂര്യകാത്തി, വാടാമുല്ല, മുല്ല, തോട്ടങ്ങൾ കണ്ണിനു കുളിർമ പകരുന്ന വിസ്മയ സ്ഥലം. ഹൈവെ സൈഡിൽ തന്നെ ഉള്ള ഹോട്ടൽ തനി നാടൻ. നല്ല ആഹാരം ന്യായമായ റേറ്റ്. ഉച്ചക്ക് ആഹാരവും കഴിച്ച് നേരെ മുതുമല നാഷണൽ പാർക്കിലേക്ക്. Rs: 30/- ടിക്ക്ററ് ഉണ്ട്. വനപലകരോട് കാര്യങ്ങൾ തിരക്കി. 4km പോയാൽ തേപ്പക്കാട് ആന താവളം ഉണ്ട്. 7km പോയാൽ ഡാമും ഫോസ്റ് സഫാരിയും ഉണ്ട് വളരെ ഇടുങ്ങിയ വഴി മോശം അല്ലാത്ത റോഡ്. മസിനഗുഡി സഫാരി പോയിന്റിൽ എത്തി ഡാംമെവിടെന് ചോദിച്ചപ്പോ ഇനിയും 7km ഉണ്ടത്രേ..
അവിടെ പ്രൈവറ്റ് ജീപ്പുകൾ എടുത്ത് ഫോസ്റ് സഫരിക്കു പോകാം .. വൈകുന്നേരം ആയിരിക്കുന്നു തിരിച്ച് പോരേണ്ടതിനാൽ ഞങ്ങൾ അതിനു പോയില്ല.. ഗുഡല്ലൂർ വഴി തിരിച്ചു പോരാൻ പ്ലാൻ ചെയ്ത ഞങ്ങൾ പ്ലാൻ മാറ്റി. വന്ന വഴി തന്നെ തിരിച്ചു പോരാം എന്നായി.. തിരിച്ചു പോരുമ്പോൾ കാടിന്റെ മറ്റൊരു ഭാവമാണ് ഞങ്ങൾ അനുഭവിച്ചത്. വീണ്ടും ബന്ദിപൂർ വനത്തിലേക്ക് കടക്കുമ്പോൾ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. “റോഡിൽ ആന ഉണ്ടാകും സൂക്ഷിച്ചു പോകൂ..” ഗാർഡ് നിർദേശം നൽകി..
ഇടക്ക് ചേട്ടന് ഒരു ആഗ്രഹം കാട്ടുപോത്തിന്റെ കൂട്ടത്തെ കണ്ടിരുന്നെങ്കിൽ എന്നു. ഞങ്ങൾ മുൻപോട്ട് നീങ്ങി .. കുറച്ചു പോയതും അതാ മേയുന്നു കാട്ടുപോത്തിന്റെ കൂട്ടം. ഇരുട്ട് കൂടും തോറും കാടിന്റെ രൗദ്ര ഭാവം കൂടി കൊണ്ടേ ഇരുന്നു.. ഇടക്ക് ഞാൻ ലൈറ് ഓഫ് ചെയ്ത് നോക്കി. ജീവിതത്തിൽ മുന്പേങ്ങും അനുഭവിക്കാത്ത അത്ര ഇരുട്ട്.. കുറെ ഓടിയിട്ടും മുന്പിൽനിന്നു ഒരുവാഹനം പോലും വരുന്നില്ല. കാര്യം മനസിലാക്കാൻ കുറെ മുന്നോട്ട് പോവേണ്ടി വന്നു. മുന്നിൽ ആനക്കൂട്ടം റോഡിൽ നിൽക്കുന്നു കുട്ടിയും ഉണ്ട്.. വണ്ടി സൈഡ് അക്കാനായീ സ്റ്റിയറിങ് ഇടത്തോട്ടു തിരിച്ചപ്പോ കോർണർ ലൈറ്റിന്റെ വെളിച്ചത്തിൽ സൈഡിൽ കണ്ട കിടുക്കാച്ചി ചില്ലികൊമ്പൻ..
എല്ലാം കണ്ട് മനംനിറഞ്ഞു തിരിച്ച് റൂമിലേക്ക്. കാട് പല വിസ്മയങ്ങളും നമുക്കായീ കരുതി വെച്ചിട്ടുണ്ടാവും.
ആസ്വദിക്കുക.അനുഭവി.ക്കുക.. തിരിച്ചുപോരുക.. കാടിനും വന്യജീവികൾക്കും കോട്ടം വരുത്തുന്ന ഒരു പ്രവർത്തിയും ചെയ്യാതിരിക്കുക. വഴിയിൽ ചെക്ക് പോസ്റ്റിനടുത്ത് പോലീസ് കാശ് വാങ്ങാൻ നിൽപ്പുണ്ട്. പേപ്പേഴ്സ് ശരിയാണെങ്കിൽ പത്തുപൈസ കൊടുക്കരുത്.
എന്റെ റൂട്ട്: : മീനങ്ങാടി – സുൽത്താൻ ബത്തേരി- മുത്തങ്ങ- ബന്ദിപൂർ-ഗുണ്ടൽപ്പെട്ട്- മുതുമലയ് – തേപ്പക്കാട് -മസിനഗുഡി. ഇതേ വഴി നേരെ തിരിച്ചും.