ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിന്‍ (bullet train) സർവീസ് ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾക്ക് സെപ്റ്റംബറിൽ തുടക്കമാകുമെന്ന് റിപ്പോർട്ട്. ബുള്ളറ്റ് ട്രെയിന്‍ മേഖലയിലെ അതികായകന്മാരായ ജപ്പാന്റെ സഹകരണത്തോടെയാണ് ഇന്ത്യയിൽ പദ്ധതി നടപ്പിലാക്കുന്നത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദർശനത്തിൽ ഈ പദ്ധതിയ്ക്ക് ആരംഭം കുറിക്കും.
ഇന്ത്യൻ പ്രധാനമന്ത്രി ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഷിന്‍സോ ആബെയുമായി ചർച്ച ചെയ്യും. മുംബൈ-അഹമ്മദാബാദ് റൂട്ടാണ് പദ്ധതിയിൽ ആദ്യമായി പരിഗണിക്കുക. മണിക്കൂറിൽ 350 കിലോ മീറ്ററാണ് ഈ റൂട്ടിൽ സർവീസ് നടത്താനായി വിഭാവനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗത.
അടുത്ത ആറ് വർഷങ്ങൾക്കുളളിൽ തന്നെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിന്‍ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ സൂചന നൽകി. നിലവിൽ അഹമ്മദാബാദിൽ നിന്ന് മുംബൈയിൽ എത്തിച്ചേരാനായി ഏഴ് മണിക്കൂർ ആവശ്യമാണ്. എന്നാൽ ബുള്ളറ്റ് ട്രെയിന്‍ സർവീസ് ആരംഭിക്കുന്നതോടെ അഹമ്മദാബാദിൽ നിന്ന് മുംബൈയിൽ എത്തിച്ചേരാനായി വെറും രണ്ട് മണിക്കൂറുകൾ മാത്രം മതിയാകും.
എലവേറ്റഡ് ട്രാക്കുകളിൽ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ക്കായി 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ തുകയിൽ നല്ലൊരു ശതമാനം ജപ്പാന് സ്പോണ്സര് ചെയ്യുമെന്ന് റെയില്‍വേ മന്ത്രി നേരത്തെ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. മുംബൈ-അഹമ്മദാബാദിനു പുറമെ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
© B Live News