കടപ്പാട് – ഷറഫുദ്ധീൻ മുല്ലപ്പള്ളി.
ഇന്ത്യയിൽ ഗോസംരക്ഷണവും അതിനെത്തുടർന്നുണ്ടാകുന്ന ആൾക്കൂട്ട അക്രമണങ്ങളും വാർത്തകളിൽ ഇടം പിടിക്കുന്നതിന് മുൻപേ ഗോസംരക്ഷണത്തിന്റെ ത്രസിപ്പിക്കുന്നൊരു ചരിത്രം പറയാനുണ്ട് അമേരിക്കൻ ജനതക്ക്. ഇന്ത്യക്കാർ മാതൃകയാക്കേണ്ട ഒരു പശു സംരക്ഷണത്തിന്റെ മനോഹര ചരിത്രം. 1995 നവംബർ 14. അമേരിക്കയിലെ ‘ഹോപ്കിൻടോൺ’ എന്ന സ്ഥലത്തെ ‘അറീന’ എന്ന പ്രശസ്ത മാംസ സംസ്കരണ ശാലയിൽ തന്റെ മരണത്തിലേക്കുള്ള ഊഴം കാത്ത് നിൽക്കുകയാണ് ”എമിലി” എന്ന സുന്ദരിയായ പശു. മൂന്ന് വയസ്സ് പ്രായമുള്ള എമിലിയുടെ തൂക്കം 730 കിലോഗ്രാം ആയിരുന്നു. മരണത്തിന് കീഴടങ്ങാനായി ഇനി ബാക്കിയുള്ളത് മിനുട്ടുകൾ മാത്രമാണ്. യന്ത്രത്തിൽ ഘടിപ്പിച്ച മൂർച്ചയേറിയ വാൾ തന്റെ കണ്ഠത്തിലമരാൻ ഇനി വെറും മൂന്ന് പശുക്കളുടെ ദൂരം മാത്രം ബാക്കി.
തൊട്ട് മുൻപിൽ നീങ്ങിയവരുടെ കഴുത്തിൽ മൂർച്ചയേറിയ വാൾ ആഴ്ന്നിറങ്ങുന്നത് നേരിൽ കണ്ട എമിലി അസ്വസ്ഥയായി. അവരുടെ കണ്ഠത്തിൽ നിന്നും പൈപ്പിൽ നിന്നെന്ന പോലെ ചീറ്റിത്തെറിക്കുന്ന രക്തം കണ്ട് എമിലി രക്ഷപ്പെടാനുള്ള പഴുതുകൾക്ക് വേണ്ടി ശ്രമിച്ചു. ഇനി തന്റെ മരണത്തിലേക്ക് കേവലം രണ്ടാൾ മാത്രമേ ദൂരമുള്ളൂ. എമിലിയുടെ മുഖം ഭയത്താൽ വലിഞ്ഞു മുറുകി. കണ്ണിൽ കണ്ണുനീർ നനവ് പടർന്നു. അത് ധാരയായി പുറത്തേക്കൊഴുകി. എമിലി ചെറുതായൊന്ന് നിശ്വസിച്ചു. ദീർഘശ്വാസമെടുത്ത് പതിയെ പുറത്തേക്ക് വിട്ടു. കൺമുന്നിൽ പിടഞ്ഞു തീർന്ന കൂടെയുള്ളവരുടെ ദുര്യോഗം നേരിൽ കണ്ട എമിലിയിൽ ഒരു പ്രത്യേകതരം ഊർജ്ജം രൂപം കൊണ്ടു.
കാവൽക്കാരനെ നിഷ്പ്രഭമാക്കിക്കൊണ്ട് അറവ്ശാലയിൽ നിന്നും എമിലി പുറത്തേക്കോടി. തന്റെ മുൻപിൽ മാർഗതടസ്സം സൃഷ്ടിച്ച അഞ്ചടി ഉയരമുള്ള സുരക്ഷാമതിൽ കാലിൽ ആവാഹിച്ചെടുത്ത സർവ്വ ശക്തിയുമെടുത്ത് എടുത്തു ചാടി. സ്വന്തം ജീവനും കൊണ്ട് ലക്ഷ്യമില്ലാതെ മുന്നിൽ തെളിഞ്ഞ വഴിയിലൂടെ അവൾ ഓടി. അറവ് ശാലയിലെ അപായ സൈറൺ വൻ ശബ്ദത്തിൽ മുഴങ്ങി. കാവൽക്കാരെല്ലാം ഓടിയെത്തി. അറവിനായി കൊണ്ടു വന്ന ഒരു പശു രക്ഷപ്പെട്ടിരിക്കുന്നു. ഇത്രയും വലിയ ഒരു മതിൽ പശു എടുത്തു ചാടിയത് കമ്പനി ഉടമക്കും കാവൽക്കാർക്കും വിശ്വസിക്കാനായില്ല. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം.
എമിലിയെ തിരഞ്ഞ് കമ്പനി തൊഴിലാളികൾ നാലുപാടും ഓടാൻ തുടങ്ങി. എന്നാൽ എമിലിയെ കണ്ടെത്താനായില്ല. എമിലി കമ്പനിയിൽ നിന്നും രക്ഷപ്പെട്ട വാർത്ത ജനങ്ങൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു. കമ്പനി അധികൃതർ എമിലിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ മാർഗവും നോക്കി. അതിനായി അവർ ഊർജിത ശ്രമം നടത്തി. എന്നാൽ സമഗ്രാന്വേഷണത്തിന്റെ രണ്ടു ദിനം പിന്നിട്ടിട്ടും എമിലിയെ കണ്ടെത്താനായില്ല. എന്നാൽ മൂന്നാം ദിവസം തൊട്ടടുത്ത ഗ്രാമത്തിൽ നിന്ന് എമിലിയെ കണ്ടെത്തി. ഗ്രാമവാസികൾ നൽകിയ വെള്ളവും ഭക്ഷണവും എമിലി നിരാകരിച്ചു. ആരോടും ഇണങ്ങാൻ എമിലി കൂട്ടാക്കിയില്ല. ഇണക്കാൻ ശ്രമിച്ച ഓരോരുത്തരും പരാജയപ്പെട്ടു പിൻവാങ്ങി.
അടുത്തേക്ക് ചെല്ലുന്നവരിലൊക്കെ തന്റെ ജീവനെടുക്കാൻ പാകത്തിലൊരു ആയുധം ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി എമിലിക്കു തോന്നി. മനുഷ്യരുമായുള്ള സമ്പർക്കം എമിലി പാടെ ഉപേക്ഷിച്ചു. രാത്രിയിൽ ആളുകൾ ഉറങ്ങി കഴിയുമ്പോൾ അവൾ വീടുകളിൽ കയറി ആവശ്യത്തിന് വെള്ളം കുടിക്കും. പുൽമേടുകളിൽ രാത്രി ഇറങ്ങി മേയും. അറവു ശാലയിൽ നിന്നും രക്ഷപ്പെട്ട എമിലി കൂടുതൽ അക്രമകാരിയാകുമെന്നും, അത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും കമ്പനി അധികൃതർ ബോധപൂർവ്വം പ്രചരണം നടത്തി. ഇതേ വാദം അവർ ഭരണകൂടത്തിന് മുൻപിലും അവതരിപ്പിച്ചു. ഈ വാദത്തിന്റെ ചുവട് പിടിച്ച് എമിലിയെ കണ്ടാൽ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കി.
എന്നാൽ കമ്പനിയുടേയും, ഭരണകൂടത്തിന്റെയും പ്രതീക്ഷകൾ തകിടം മറിച്ചു കൊണ്ട് എമിലിയുടെ പിന്നിൽ ജനങ്ങൾ ഒന്നടങ്കം അണി നിരന്നു. അവർ എമിലിയുടെ ജീവന് വേണ്ടി ശക്തമായി നിലകൊണ്ടു. ഒരു ഭാഗത്ത് കമ്പനി അധികൃതരും, ഭരണകൂടവും മറുഭാഗത്ത് ജനങ്ങളും യഥാക്രമം പ്രതികൂലിച്ചും അനുകൂലിച്ചും എമിലിക്കു വേണ്ടി ശക്തമായി പോരാടി. ക്രമേണ ജനങ്ങളുടെ പ്രതിഷേധത്തിന് ശക്തി കൂടിക്കൂടി വന്നു. അവർക്കൊപ്പം പ്രകൃതിസ്നേഹികളും, മൃഗ സ്നേഹികളും, സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നവരും പിന്തുണച്ച് രംഗത്തെത്തി. ഏതാണ്ട് നാൽപത് ദിവസത്തോളം എമിലി ആ ഗ്രാമത്തിൽ മരണത്തെ തോൽപ്പിച്ച് വിഹാരം നടത്തി. വലിയ രൂപത്തിലുള്ള പ്രതിഷേധത്തിന്റെ ഫലമായി എമിലിയെ വധിക്കുകയെന്ന തീരുമാനത്തിൽ നിന്നും ഭരണകൂടത്തിന് പിൻവാങ്ങേണ്ടി വന്നു.
ഒടുവിൽ “പീസ് അബ” എന്ന കൃസ്ത്യൻ സംഘടന എമിലിയുടെ സംരക്ഷണം ഏറ്റെടുത്തു. ഈ സംഭവ വികാസങ്ങളെല്ലാം എമിലിയെ ഒരു അമാനുഷിക പരിവേഷത്തിനുടമയാക്കി. എമിലിയെ ഒരു നോക്ക് കാണുവാനായി ഹിന്ദു വിശ്വാസികളും, ടൂറിസ്റ്റുകളുമടക്കം ജനങ്ങളുടെ ഒഴുക്ക് തന്നെ പീസ് അബേയിലേക്കുണ്ടായി. ഹിന്ദു വിശ്വാസികൾ എമിലിയെ ദൈവീക പരിവേഷം നൽകി ആരാധിക്കാൻ തുടങ്ങി. അവർ എമിലിയുടെ പേരിൽ അസ്ലാന്റ് എന്ന സ്ഥലത്ത് മനോഹരമായൊരു ക്ഷേത്രം പണി കഴിപ്പിച്ചു.
2002ൽ ഗർഭാശയ ക്യാൻസർ മൂലം എമിലി ക്ഷീണിതയായി. ചികിൽസയൊന്നും ഫലിക്കാതെ വന്നു. ഒടുവിൽ 2003 മാർച്ച് 30ന് എമിലി ഈ ലോകത്തോട് വിട പറഞ്ഞു. മരണത്തിന് ഓരാഴ്ച മുൻപ് ” മസാച്യുസെറ്റ്” ലെ ലക്ഷ്മി ക്ഷേത്രത്തിലെ പുരോഹിതനായ കൃഷ്ണഭട്ടിനെ എമിലി സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹം സ്വർണ്ണ നിറത്തിലുള്ള ഒരു നൂല് കാലിന് ചുറ്റും, മറ്റൊന്ന് അറവ് ശാലയിലെ ടാഗ് ചെയ്തത് മൂലം ചെവിയിലുണ്ടായിരുന്ന ദ്വാരത്തിലും അണിയിച്ചു. ആ നൂല് മുൻപ് അവളെ അറവ് ശാലയിലേക്ക് കൊണ്ടു പോയപ്പോൾ അടയാളപ്പെടുത്താനായി ഉപയോഗിച്ചതായിരുന്നു. എമിലിയുടെ മരണശേഷം ഭൗതികശരീരം മറവ് ചെയ്തത് “പീസ് അബെ”യിലാണ്. ഗാന്ധിജിയുടെയും, മദർ തെരേസയുടേയും പ്രതിമകളുടെ ഇടയിൽ ഏപ്രിൽ 2 – 2003നാണ് അടക്കം ചെയ്തത്.
അമേരിക്കൻ പൗരൻമാരായ രണ്ട് പേർ ചേർന്ന് എമിലിയുടെ ശിൽപം നിർമ്മിക്കാൻ ഒരു ശിൽപിയെ ചുമതലപ്പെടുത്തി. ആ വെങ്കല പ്രതിമ പൂക്കളാലും, ഹിന്ദുമത ചിഹ്നങ്ങളാലും അലങ്കരിച്ച് അവളുടെ കുഴിമാടത്തിൽ സ്ഥാപിച്ചു. ഒരു ഭൗമദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. മരണശേഷം, അവളുടെ കാതിലും കാലിലും അണിഞ്ഞിരുന്ന സ്വർണ്ണവർണ്ണത്തിലുള്ള നൂലെടുത്ത് പുരോഹിതൻമാർ ഇന്ത്യയിലെ പുണ്യനദിയായ ഗംഗയിലൊഴുക്കി. ഇന്നും ഹിന്ദുവിശ്വാസികളുടേയും ടൂറിസ്റ്റുകളുടേയും ഒഴുക്കാണ് എമിലിയുടെ കല്ലറയിലേക്ക്.