ചെറുപ്പം മുതലേയുള്ള എന്റെ ഒരു ആഗ്രഹമായിരുന്നു വിമാനത്തില്‍ യാത്രചെയ്യുക എന്നതും ഏതെങ്കിലും വിദേശരാജ്യം സന്ദര്‍ശിക്കുക എന്നതും. 500 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ഏഷ്യ ഇന്ത്യയില്‍ വന്നതോടെ 2015 ല്‍ വിമാനയാത്രയുടെ രസം ഞാന്‍ അറിഞ്ഞു. ആ യാത്രയുടെ കഥ പിന്നീട് ഒരിക്കല്‍ പറയാം. അപ്പോള്‍ ഇനി ഒരു വിദേശയാത്രയാണ് മനസ്സില്‍ കിടക്കുന്നത്. എങ്ങനേലും കാശുണ്ടാക്കി വല്ല തായ്ലാന്‍ഡിലോ മറ്റോ പോകാം എന്നു മനസ്സില്‍ വിചാരിച്ചുനില്ക്കുന്ന സമയം…
2016 ഒക്ടോബര്‍ മാസമായി. വാട്സ് ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ തമാശയ്ക്ക് അയച്ച ഒരു മെസ്സേജ്… അതാണ് എനിക്ക് വിദേശയാത്രയ്ക്കുള്ള വാതില്‍ തുറന്നത്. വല്യമ്മയുടെ മകനും കുടുംബവും ഒമാനിലെ മസ്ക്കറ്റില്‍ താമസമാണ്. ചേട്ടന് അവിടെ ഒരു ഷിപ്പിംഗ് കമ്പനിയിലാണ് ജോലി. പിന്നെയുള്ളത് ഏടത്തിയും രണ്ടു ചെറിയ മക്കളും. വാട്സ് ആപ്പിലെ ചാറ്റിംഗിനിടയില്‍ ഞാന്‍ അങ്ങോട്ട് വരാന്‍ പ്ലാന്‍ ഉണ്ടെന്നു ചേട്ടനോട് ചുമ്മാ പറഞ്ഞു. അങ്ങനെയെങ്കില്‍ ഇങ്ങു പോരെന്നു പുള്ളിയും. ടിക്കറ്റ് എടുത്താല്‍ മതിയെന്നും വിസ ചേട്ടന് റെഡിയാക്കി തരാമെന്നും ഏറ്റു. അടിപൊളി.. ഏതാണ്ട് ലോട്ടറിയടിച്ചതുപോലെയായി എന്റെ അവസ്ഥ. പിന്നീട് അങ്ങോട്ട് ഒമാന്‍ സ്വപ്നം കാണലായി. അച്ഛന് പണ്ട് അവിടെയായതിനാല്‍ മസ്കറ്റിനോട് ചെറിയൊരു ഇഷ്ടമൊക്കെ പണ്ടുമുതലേയുണ്ടായിരുന്നു. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസോക്കെ പണ്ടേ നമുക്ക് അപ്പൂപ്പനെപ്പോലെയാ…(ലേശം തള്ളിയതാ..).
അങ്ങനെ നവംബര്‍ പത്താം തീയതി കൊച്ചി – മസ്ക്കറ്റ് ഇന്‍ഡിഗോ വിമാനത്തില്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. മടക്കയാത്രയുടെ ടിക്കറ്റും ഒപ്പം ബുക്ക് ചെയ്തു. രണ്ടുംകൂടി ആകെ 14000 രൂപയേ ആയുള്ളൂ. ഓഫ് സീസണ് ആയതുകൊണ്ടാകും. അങ്ങനെ യാത്രയ്ക്ക് ഒരാഴ്ച മുന്നേ എന്റെ വിസ കൊറിയറായി എത്തി. അപ്പോഴാണ് അടുത്ത പൊല്ലാപ്പ്. എന്റെ പാസ്സ് പോര്‍ട്ടിലെ പേര് SASI PRASANTH KATTIPARAMBIL എന്നാണു. വിസയില്‍ KATTIPARAMBIL എന്നതിനു പകരം HATTIPARAMBIL എന്നാണു അടിച്ചിരിക്കുന്നത്. പണിപാളിയോ? ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അത് വലിയ കുഴപ്പം ഒന്നും ഇല്ല എന്നാണു പറഞ്ഞത്. പക്ഷെ എനിക്കൊരു പേടി. പലയാളുകളോടും ഇതിനെക്കുറിച്ച് ഞാന്‍ തിരക്കിയപ്പോള്‍ പലതരത്തിലുള്ള മറുപടികളാണ് ലഭിച്ചത്. അതില്‍ ഒന്നു രണ്ടുപേരുടെ കുഴപ്പമില്ലെന്നുള്ള മറുപടി എനിക്ക് ആശ്വാസമായി.
14 ദിവസത്തേക്കുള്ള എക്സ്പ്രസ്സ് വിസയായിരുന്നു അത്. ഞാന്‍ അഞ്ചു ദിവസം മാത്രമേ അവിടെ താങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഓഫീസില്‍ ലീവൊക്കെ പറഞ്ഞ് ഒമാന്‍ യാത്ര സ്വപ്നം കണ്ടു നടക്കുന്ന സമയം. പോകുന്നതിന്റെ ഒരു ദിവസം മുന്‍പ് രാത്രി പതിവുപോലെ ഫേസ്ബുക്കില്‍ നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴാണ് വെള്ളിടി വെട്ടിയപോലെ അടുത്ത പണി അങ്ങു ഡല്‍ഹിയില്‍ നിന്നും വരുന്നത്. “മേരെ പ്യാരേ ദേശ്വാസിയോം…” കാര്യം പിടികിട്ടിക്കാണുമല്ലോ. യാത്രയ്ക്കായി കറന്‍സി മാറുവാനും മറ്റും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് എന്റെ കയ്യിലുണ്ടായിരുന്നത്. ഒന്നും ആലോചിച്ചില്ല അപ്പോള്‍ത്തന്നെ വണ്ടിയുമെടുത്ത് പറവൂര്‍ ടൌണിലേക്ക്.. സംഭവം ആളുകള്‍ അറിഞ്ഞു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. പറവൂര്‍ ചേന്ദമംഗലം കവലയിലെ ഫെഡരല്‍ ബാങ്കിലെ ATM ലെ ക്യൂവില്‍ മൂന്നോ നാലോ ആളുകളേ ഉണ്ടായിരുന്നുള്ളൂ. അവരും ഇതറിഞ്ഞു വന്നതാണ്. പറ്റാവുന്നത്ര തവണ 400, 400 വെച്ച് പണം പിന്‍വലിച്ചു. ഭാഗ്യം കാര്യം ഒക്കെയായി. കയ്യിലുള്ള പഴയനോട്ടുകള്‍ ഇനി വന്നിട്ടായാലും ബാങ്കില്‍ മാറിയെടുക്കാം.
അങ്ങനെ യാത്രയുടെ ദിവസമായി. രാവിലെ ലഗേജുമായി ഞാന്‍ ഓഫീസില്‍ എത്തി. അവിടെ ചെറിയ പണികള്‍ ഉണ്ടായിരുന്നതൊക്കെ കഴിച്ച് 11 മണിയോടെ ഒരു യൂബര്‍ ടാക്സി വിളിച്ച് നേരെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക്. കാശിന്റെ പ്രശ്നം സോള്‍വ് ആക്കിയെങ്കിലും അതിലും വലുത് ഇപ്പോഴും നില്ക്കുകയല്ലേ.. വിസയിലെ പിശക്. എയര്‍പോര്‍ട്ടിലെ ഇന്റര്‍നാഷണല്‍ Departure ലേക്ക് കയറാന്‍ നേരം അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി പാസ് പോര്‍ട്ടും ടിക്കറ്റും ഒക്കെ പരിശോധിച്ചു. വൈകീട്ട് 5.50 ന്റെ വിമാനത്തില്‍ പോകാന്‍ 12 മണിക്കേ വന്നു നില്‍ക്കണോ എന്നൊക്കെ പുള്ളി ചോദിച്ചു. ആദ്യമായത് കൊണ്ടാണെന്നും ടെന്‍ഷന്‍ ഉണ്ടെന്നുമൊക്കെ ഞാന്‍ പറഞ്ഞു. കൂളായിരിക്കാന്‍ പറഞ്ഞുകൊണ്ട് പുള്ളി എന്നെ അകത്തേക്ക് കയറ്റി. അതിനിടെ രണ്ടു മൂന്നു വാക്കുകളുടെ മലയാളം അര്‍ത്ഥം എന്നോട് ചോദിച്ചു പഠിക്കുവാനും ഹിന്ദിക്കാരനായ അങ്ങേരു സമയം കണ്ടെത്തി. ഓണത്തിനിടയ്ക്കാണ് അങ്ങേരുടെ ഒരു പൂട്ടുകച്ചവടം…
ഇനി ഏകദേശം അഞ്ചര മണിക്കൂര്‍ ഉണ്ട് വിമാനം യാത്രതുടങ്ങാന്‍. വെയിറ്റിംഗ് ലോഞ്ചില്‍ കാഴ്ചകളും കണ്ടിരുന്നു. അതിനിടെ നടന് നീരജ് മാധവ് ഓടിത്തുള്ളി വേഗത്തില്‍ അകത്തേക്ക് പോകുന്നത് കണ്ടു. ചെക്ക് ഇന്‍ കൌണ്ടര്‍ നോക്കിയപ്പോള്‍ പുള്ളി ദുബായിലേക്ക് ആണ് യാത്രയെന്ന് മനസ്സിലായി. ഇനിയെങ്ങാനും വിസ പ്രശ്നം പറഞ്ഞ് എന്നെ അവര്‍ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ വയനാട് – മൈസൂര്‍ – ബാംഗ്ലൂര്‍ ഒക്കെ അഞ്ചു ദിവസം കറങ്ങിവന്നിട്ട് ലുലു മാളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്നും സാധനങ്ങളും വാങ്ങി ഗള്‍ഫില്‍ നിന്നും വരുന്നപോലൊരു വരവ് വരണം എന്നും പ്ലാന്‍ ഉണ്ടായിരുന്നു. അമ്മാതിരി ഡയലോഗ് ഒക്കെയാണ് കൂട്ടുകാരോടൊക്കെ അടിച്ചു വന്നിരിക്കുന്നത്. എന്നിട്ട് അതു മുടങ്ങിയാള്‍ നാണക്കേടല്ലേ.. അങ്ങനെ ഇടവരുത്തരുതേ എന്നാണു എന്റെ പ്രാര്‍ത്ഥന.
സത്യം പറയാമല്ലോ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ സമയം പോകുന്നത് അറിയുകയേ ഇല്ല. പലതരം ആളുകള്‍.. സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍.. അങ്ങനെയങ്ങനെ നല്ല കാഴ്ചകളാണ്. എന്റെ വിമാനത്തിന്റെ ചെക്ക് ഇന്‍ സമയം ആയപ്പോള്‍ മറ്റുള്ളവരുടെ കൂടെ ഞാനും കൌണ്ടറില്‍ ക്യൂ നിന്നു. എന്റെ ബുക്കിംഗ് പേപ്പറും വിസയും ഒക്കെ പരിശോധിക്കുന്നതിനിടെ കൌണ്ടറിലിരുന്ന ഇന്‍ഡിഗോ സ്റ്റാഫ് വിസയിലെ തെറ്റ് ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ അവിടെ ഇത് പ്രശ്നമാകുമെന്നും അങ്ങനെ വന്നാല്‍ അടുത്ത വിമാനത്തില്‍ തിരികെ വരേണ്ടി വരുമെന്നും അതിനു അവര്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നും ഒക്കെ. ഒരു കുഴപ്പവുമില്ല ഭായ്.. ഞാന്‍ സഹിച്ചു എന്നു ഞാനും അങ്ങു കാച്ചി. സത്യത്തില്‍ ഉണ്ടായിരുന്ന ധൈര്യം ഒക്കെ ചോര്‍ന്നു പോയിരുന്നു അപ്പോള്‍.
പിന്നൊന്നും നോക്കിയില്ല. നേരെ ഇമിഗ്രേഷന്‍ കൌണ്ടറിലേക്ക്. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. പാസ് പോര്‍ട്ടില്‍ എക്സിറ്റ് സ്റ്റാമ്പ് പതിച്ചു തന്നു. ഹോ… അങ്ങനെ ഒരു കടമ്പ കടന്നു. അവര്‍ പ്രധാനമായും നോക്കുന്നത് വിസയിലെ പാസ് പോര്‍ട്ട് നമ്പറായിരുന്നു. വിമാനത്തിലേക്കുള്ള ഗേറ്റിനു മുന്നിലുള്ള ലോഞ്ചില്‍ കാത്തിരിക്കെ ഞാന്‍ എല്ലാവരെയും ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. ഇപ്പോള്‍ പകുതി ആശ്വാസമായി. ദൈവമേ… ഇതിനിടയില്‍ ഒരു കാര്യം മറന്നു. ടെന്‍ഷന്‍ കാരണം ഞാന്‍ അന്ന് ഒന്നും കഴിച്ചിട്ടില്ല. ആകെ കുറച്ച് വെള്ളം കുടിച്ചത് മാത്രം മിച്ചം. പകുതി ആശ്വാസമായതോടെ മാറിനിന്ന വിശപ്പ് ആമ തല പുറത്തിടുന്നതുപോലെ പതിയെ വരാന്‍ തുടങ്ങി. എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങി കഴിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ ആധാരം പണയം വെക്കേണ്ടിവരും. അതിനാല്‍ രണ്ടു ചോക്കളേറ്റുകള് വാങ്ങി കഴിച്ചു. പുറത്തെ വിലയുടെ ഇരട്ടി കൊടുക്കേണ്ടിവന്നെങ്കിലും വിശപ്പിനു തെല്ലൊരു ആശ്വാസമായി.
കുറച്ചു സമയത്തിനു ശേഷം വിമാനത്തിലേക്ക് ഞങ്ങളെ കയറ്റി. വിന്‍ഡോ സീറ്റ് ആയിരുന്നു ഞാന്‍ ബുക്ക് ചെയ്തിരുന്നത്. കൃത്യസമയത്തുതന്നെ വിമാനം പറന്നുയര്‍ന്നു. മുന്‍പ് രണ്ടുതവണ ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയിരുന്നതിനാല്‍ ടേക്ക് ഓഫ് അത്ര വലിയ സംഭവമായി എനിക്ക് തോന്നിയില്ല. എന്റെ അടുത്തുള്ള രണ്ടു സീറ്റുകളും കാലിയായിരുന്നു. സ്വസ്ഥമായി നീണ്ടു നിവര്‍ന്നു കിടക്കുന്നേല്‍ കിടക്കാം. എന്റെ മുന്നിലെ സീറ്റില്‍ ഇരുന്നിരുന്നത് ഒരു അങ്കിളും ആന്റിയും പിന്നെ അവരുടെ പ്രായമുള്ള അമ്മയുമായിരുന്നു. ആ അമ്മൂമ്മയ്ക്ക് കുറെ നേരം ഇരുന്നു യാത്രചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാല്‍ എയര്‍ഹോസ്റ്റസ് അവരുടെ കൂടെയുണ്ടായിരുന്ന അങ്കിളിനെ എന്റെ അരികില്‍ ഇരുത്തി. ഇപ്പോള്‍ ആ അമ്മൂമ്മയ്ക്ക് അവിടെ സീറ്റില്‍ കിടക്കാം. ഇവിടെയെല്ലാം ഇരുട്ട് വ്യാപിച്ചിരുന്നെങ്കിലും അങ്ങു പടിഞ്ഞാറു ഭാഗത്ത് സൂര്യന്റെ ചുവന്ന നിറം കാണാമായിരുന്നു. താഴെ അറബിക്കടലാണ്. കുറേക്കഴിഞ്ഞപ്പോള്‍ ആ ചുവന്ന ചക്രവാളവും അപ്രത്യക്ഷമായി. ഇപ്പോള്‍ ഫുള്‍ ഇരുട്ടാണ് പുറത്ത്. വിമാനത്തിന്റെ ചിറകിലെ ലൈറ്റ് മാത്രം മിന്നുന്നത് കാണാം.
ഇതിനിടെ മുന്നിലെ സീറ്റില്‍ നിന്നും വന്ന് എന്റെയടുത്തിരുന്ന ആ അങ്കിളുമായി ഞാന്‍ കമ്പനിയായി മാറിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ അദ്ദേഹം ഒരു റിട്ട. ശാസ്ത്രജ്ഞന് ആയിരുന്നു. കൂടെയുള്ളത് ഡോക്ടറായ ഭാര്യയും ഭാര്യയുടെ അമ്മയും. പുള്ളിയുടെ മകനും ഫാമിലിയും മസ്കറ്റില്‍ സ്ഥിരതാമസമാണ്. അവരുടെ അടുത്തേക്കാണ് ഈ യാത്ര. വളരെ നല്ലൊരു മനുഷ്യന്… അദ്ദേഹത്തിന്റെ പദവിയുടെ തലക്കനം ഒട്ടുംതന്നെ സ്വഭാവത്തില്‍ ഇല്ലായിരുന്നു. സമയം പിന്നെയും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം ഉറക്കമാരംഭിച്ചിരുന്നു. എയര്‍ഹോസ്റ്റസ് ലൈറ്റുകള്‍ എല്ലാം കെടുത്തുകയും ചെയ്തു. എനിക്കാണെങ്കില്‍ ഉറങ്ങണം എന്നുണ്ട്. പക്ഷെ ഉറക്കമൊട്ടു വരുന്നില്ലതാനും. കൊച്ചിയില്‍ നിന്നും കുഴപ്പമില്ലാതെ ഇവിടെവരെ എത്തി. ഇനി മസ്കറ്റ് എയര്‍പോര്‍ട്ടിലെ ഒമാനികളായ ഉദ്യോഗസ്ഥര്‍ പണിതന്നാലോ? അതിനു ചാന്സുണ്ടേ… വരുന്നതു വരട്ടെ.. എന്തും നേരിടാം..
കുറെ സമയം കഴിഞ്ഞു വെറുതെ ഒന്നു പുറത്തേക്ക് നോക്കിയതായിരുന്നു ഞാന്‍. അതാ താഴെ ചെറിയ പൊട്ടുകള്‍ പോലെ വെളിച്ചം. ദൈവമേ… ഞാന്‍ ഒമാനിന്റെ മുകളില്‍ എത്തിയിരിക്കുന്നു. വിമാനം പുറപ്പെട്ടിട്ട് അപ്പോള്‍ ഏകദേശം മൂന്നു മണിക്കൂര്‍ ആയിരുന്നു. ആദ്യമായി ഇന്ത്യയല്ലാതെ മറ്റൊരു രാജ്യം ഞാന്‍ നേരില്‍ക്കാണുകയാണ്. ഹോ.. ആ നിമിഷത്തെ ഒരു ഫീലിംഗ്… അതിപ്പോള്‍ ആലോചിക്കുമ്പോള്‍ പോലും ആ ഫീല്‍ എനിക്ക് കിട്ടാറുണ്ട്. താഴെ കണ്ട വെളിച്ചങ്ങള്‍ പിന്നീട് അടുത്തടുത്ത് വരികയാണ്. ഞങ്ങളുടെ വിമാനം താഴേക്ക് ചരിയുന്നത് ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു. ഇപ്പോള്‍ താഴെക്കൂടി പോകുന്ന വാഹനങ്ങള്‍ ഒക്കെ ഒരു പൊട്ടുപോലെ കാണാം. അതിനിടെ വിമാനത്തിനുള്ളില്‍ ലൈറ്റുകള്‍ തെളിഞ്ഞു. നമ്മള് ലാന്‍ഡ് ചെയ്യാന്‍ പോകുകയാണെന്നുള്ള പൈലറ്റിന്റെ സന്ദേശം വന്നു. യാത്രക്കാരെല്ലാം ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു. നിമിഷനേരങ്ങള്‍ക്കകം ഞങ്ങളുടെ വിമാനം മസ്ക്കറ്റ് എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ പതിയെ ലാന്‍ഡ് ചെയ്തു. കുറച്ചു സമയത്തെ ഓട്ടത്തിനുശേഷം വിമാനം നിന്നു. മുന്‍പ് പറഞ്ഞ അങ്കിളിനോടും കുടുംബത്തോടും യാത്രപറഞ്ഞ് ഞാന്‍ വേഗത്തില്‍ പുറത്തേക്ക് ഇറങ്ങി. വിമാനത്തിനടുത്തു നിന്നും എയര്പോര്ട്ടിലെക്കുള്ള ആദ്യത്തെ ബസ്സില്‍ത്തന്നെ ഞാന്‍ കയറിപ്പറ്റി.
ബസ്സില്‍ നിന്നുകൊണ്ട് ഞാന്‍ ലാന്‍ഡ് ചെയ്ത വിവരം ചേട്ടന് മെസ്സേജ് അയച്ചു. അവര്‍ പുറത്ത് കാത്തുനില്ക്കുന്നുണ്ടെന്ന് മറുപടി കിട്ടി. ഇനിയാണ് മക്കളേ ഒരു വന്‍ കടമ്പ… ഒമാന്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ചെക്കിംഗ് പൂര്‍ത്തിയാക്കണം. അവര്‍ വിസയിലേ തെറ്റ് എങ്ങാനും കണ്ടുപിടിച്ചാല്‍ ഞാന്‍ ഏത് ഭാഷയില്‍ പറഞ്ഞുമനസ്സിലാക്കും? പ്രാര്‍ഥനയോടെ ഞാന്‍ ഇമിഗ്രേഷന്‍ ക്യൂവില്‍ നിന്നു. ക്യൂ കൌണ്ടറിനോട് അടുക്കുന്തോറും എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഇത്രയും കഷ്ടപ്പെട്ട് ഇവിടെവരെ വന്നിട്ട് അവസാനം പണിയാകുമോ? ഞാന്‍ കണ്ട സ്വപ്നങ്ങള്‍..
പക്ഷെ പേടിച്ചതു പോലെയൊന്നും സംഭവിച്ചില്ല. ഒമാന്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഓഫീസർ എൻ്റെ മുഖത്തേക്ക് പോലും നോക്കാതെ പെട്ടെന്ന് പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തു തരികയാണുണ്ടായത്. അങ്ങനെ ആശ്വാസത്തോടെ ടെൻഷനെല്ലാം മാറി ഞാൻ ലഗ്ഗേജ് കളക്ട് ചെയ്യുവാനായി നീങ്ങി.
ബാഗുകളുമായി ടെർമിനലിന് പുറത്തെത്തിയപ്പോൾ അവിടെ ചേട്ടനും ഫാമിലിയും എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ടെൻഷനൊക്കെ മാറിയപ്പോൾ എന്നിലെ വിശപ്പ് പതിയെ തലപൊക്കാൻ തുടങ്ങി. എയർപോർട്ടിൽ നിന്നും ചേട്ടന്റെ വീട്ടിലേക്ക് പോകുന്നവഴി ഒരു ഓപ്പൺ റെസ്റ്റോറന്റിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു. അങ്ങനെ ഒരു വിദേശരാജ്യത്ത് പോകുകഎന്ന എൻ്റെ ഏറെനാളത്തെ ഒരാഗ്രഹം സാധ്യമായി..
വിവരണം – പ്രശാന്ത് എസ്.കെ.